Friday, January 16, 2015

മഹാകവിയിലേക്കൊരു ( പി. കുഞ്ഞിരാമന്‍ നായര്‍ ) തീര്‍ത്ഥയാത്ര











                                                                                               ശ്രീനാരായണന്‍ മുത്തേടം

ക്വ സൂര്യപ്രഭവോ വംശ:
ക്വ ചാല്പ വിഷയ മതി:
തിതീര്‍ ഷൂര്‍ ദുസ്തരം
മോഹാദുഡുപേനാസ്മി സാഗരം
( സൂര്യനില്‍ നിന്നുളവായ വംശമെവിടെ, അല്പം വല്ലതും മനസ്സിലാക്കിയ ( എന്‍റെ ) ബുദ്ധിയെവിടെ, ഞാന്‍ മോഹവശാല്‍ കടക്കാന്‍ പണിയുള്ള കടലിനെ പൊങ്ങുതടിയിലേറി കടക്കുവാന്‍ നോക്കുകയാണ് )
രഘുവംശ മഹാകാവ്യമെഴുതുമ്പോള്‍ രണ്ടാം ശ്ലോകമായി കവി കാളിദാസന്റെ വാക്കുകള്‍ ഇവിടെ പ്രയോഗിച്ചത് എത്രത്തോളം ശരിയെന്നറിയില്ലെങ്കിലും മലയാള കവിതാ സാഗരത്തില്‍ നീന്തി തുടിച്ച അല്ല സാഗരം തന്നെയായ ആ മഹാനുഭാവനെ പറ്റി പറയാന്‍ തുടങ്ങുന്ന എന്നെ എങ്ങിനെ പറയാനാണ്. അതെ മലയാള കവിതാ സാമ്രാജ്യത്തിന്റെ കിരീടം വെച്ച ചക്രവര്‍ത്തി തന്നെയായിരുന്നു മഹാകവി കുഞ്ഞിരാമന്‍ നായര്‍ .
1905 മലയാള സാഹിത്യത്തിലെ ശുക്രനക്ഷത്രം പിറന്നു. ആകാശ താരകങ്ങള്‍ കൂടുതല്‍ മിഴിതുറന്നു ആ പവിത്ര ജനനം നോക്കിക്കണ്ടു. കൂടെ പിറന്ന ദാരിദ്ര്യത്തെ കവി ഒരിക്കലും തട്ടിയകറ്റാന്‍ ശ്രമിച്ചതായറിയില്ല, എന്തെന്നാല്‍ സമ്പന്നമായിരുന്നു ആ ഹൃദയം എത്ര എടുത്താലും വീണ്ടും വീണ്ടും കവിഞ്ഞൊഴുകുന്ന കവിതയുടെ അക്ഷയപാത്രം. കൂടെപിറപ്പായ ദാരിദ്ര്യവും ജീവിതയാത്രയില്‍ വഴുതിവീണ പടുകുഴികളും സമ്മാനിച്ച സര്‍ഗ്ഗ വസന്തത്തിന്റെ നിലക്കാത്ത സുഗന്ധം തന്റെ മരണം വരെയും പ്രസരിപ്പിച്ച അത്ഭുത പ്രതിഭ.
സമുദായം കല്പ്പിച്ച സകല സദാചാര വേലികളെയും ലംഘിക്കുകയും, തന്റെ നിത്യ കാമുകിയെ തേടി തോന്നിയ വഴികളിലൂടെ സഞ്ചരിച്ച ഒരു അരാജകവാദി തികച്ചും ഒരു താന്തോന്നി.
കവിയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ: " ഏതാണ് ആ ലക്‌ഷ്യം? - പൂര്‍ണ്ണാ നന്ദ കവിത, നിത്യ കാവ്യാനുഭൂതി, പുഴയും കടലും പോലെ ജീവിതവും കവിതയും ഒന്നായലിഞ്ഞു അന്തരാത്മാവില്‍ നിന്നും തിളച്ചു പൊന്തുന്ന മധുര കാവ്യാനുഭൂതി"
" ആകാശം പറഞ്ഞു : ഭ്രാന്തന്‍
ഭൂമി പറഞ്ഞു : വിഡ്‌ഢി
ആയിരിക്കാം എന്ത് സഹിച്ചും എനിക്കവനെ കാണണം സാക്ഷാല്‍ കവിയെ. എല്ലാം പോയാലും എനിക്കവളെ കണ്ടുപിടിക്കണം സാക്ഷാല്‍ കവിതയെ"
കവിതയെ തന്റെ നിത്യ കാമുകിയെ തേടിയലഞ്ഞ ഒരു അവദൂത ജന്മം. ദാരിദ്ര്യവും ജീവിത ദുരിതങ്ങളും പരാജയങ്ങളും ആ യാത്രയില്‍ അദ്ദേഹത്തിനു കൂട്ടായി. മലയാളത്തിന്റെ മഹാ ഭാഗ്യം തെളിഞ്ഞു. ഒരു മഹാകവിയുടെ സാന്നിധ്യം മലയാളത്തെ ധന്യമാക്കി.
കളിയച്ഛന്‍
---------------------
"സ്മേര മനോഹര വേഷങ്ങള്‍ കച്ചുപോയ്
ഘോരഗുരുഷാപകാമില ബാധയാല്‍ "
ഒറ്റപാലം സാഹിത്യ പരിഷത്തില്‍ പി. വായിച്ച കവിത കളിയച്ഛന്‍ . കവിത പാരായണമല്ല നടന്നത് ഒരു ചാക്യാർകൂത്ത് തന്നെയായിരുന്നെന്ന് സദസ്യർ. മഹാകവി വള്ളത്തോളിന്റെ സാനിധ്യത്തിൽ ആ കാൽത്തൊട്ടു അനുഗ്രഹം വാങ്ങി വായിച്ച കവിത. ചൊല്ലിയറങ്ങിയതും മാതൃഭൂമി പത്രാധിപർ എൻ. വി. കൃഷണ വാരിയർ മുന്നില്നിന്നും കൈനീട്ടിയത്രേ ആ കവിതക്കുവേണ്ടി.
അന്തരാത്മാവിന്റെ നിഗൂഢതകളിൽ വെച്ച് ഈട്ടം കൂടിയ ഒരു വ്യക്തി ദു:ഖമാണ് കളിയച്ഛനിലെ സ്ഥായീഭാവമെന്ന് എം.പി. ശങ്കുണ്ണിനായർ . പിതാവിനോടും, ഗുരുനാഥനോടും തിരുത്താനാവാത്ത തെറ്റുചെയ്തു എന്ന് വിശ്വസിക്കുന്ന കവിയുടെ ആത്മനൊമ്പരം, മറ്റൊരു ശ്രീകൃഷണ വിലാസം അതായിരുന്നു കളിയച്ഛന്‍ .
വിശുദ്ധമായ കാല്പനികതയുടെ തെളിഞ്ഞ നീരുറവകളാണ് കുഞ്ഞിരാമൻ നായര്‍ കവിതകൾ. ആ കാല്പനിക പ്രതിഭക്കുമുന്നിൽ മലയാളത്തിലെ കാല്പനികച്ചക്രവർത്തി ചങ്ങമ്പുഴപോലും പലപ്പോഴും നിറം മങ്ങിപോകുന്നതായി തോന്നിപോകും.
തന്റെ നിത്യകന്യകയായ നിത്യകാമുകി കവിതയെ തേടിയുള്ള യാത്ര നിളാ മണൽപരപ്പുകൾ മഹാകവിയുടെ പാദസ്പർശം കൊണ്ട് പവിത്രമായി.
ബിംബാവലിയുടെ ഒടുങ്ങാത്ത ഘോഷയാത്രയാണ് പി.യുടെ കവിത. പൂഴിയും, പു ൽക്കൊടിയും, നിലാവും, നാലുകെട്ടും, ആ ഘോഷയാത്രയിലെ അംഗങ്ങളാകുന്നു . കൈവിട്ടുപോയ ശൈശവത്തെയും, ധിക്കരിച്ചുപേക്ഷിച്ച തറവാടിനെയും കുറിച്ച് നിരവധി ഈരടികൾ. മരണത്തിലും, ഇരുട്ടിലും പെട്ടുഴലുന്ന മനുഷ്യാത്മാവിന്റെ മോചനത്തിന് വേണ്ടിയുള്ള രോദനം അതായിരുന്നു പി.യുടെ കവിതകൾ. രഥോത്സവം, നിറപറ, പടവാൾ, ശംഖനാദം, അനന്തൻകാട്ടിൽ , കളിയച്ഛന്‍ , മൻകുടത്തിന്റെ വില, താമരത്തോണി, തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. ഇതിൽ താമരത്തോണി കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്ക് അർഹമായി . താമരത്തോണിയിലെ ആദ്യകവിത "ദീപം" മനുഷ്യന്റെ ജീവിതയാത്രയെ ചുരുക്കം ചില വരികളിൽ വരച്ചുകാട്ടുമ്പോൾ അതിനു സാക്ഷിയാകുന്ന പ്രകാശം "ദീപം" നിറ ദൈവ സാന്നിധ്യത്തെ കാണിക്കുന്നു. പിറവിമുതൽ മരണം വരെയുള്ള ഓരോ സാഹചര്യങ്ങളിലും ഉള്ള ദീപസാന്നിധ്യം ആ അഭൌമ ശക്തിയുടെ സാന്നിധ്യത്തെ ബിംബവത്ക്കരിക്കുന്നു.
നഗ്നകേരളം ഇന്നത്തെ കേരളത്തിന്റെ സംസ്കാരികപചയത്തിന്റെ പൂർണ്ണചിത്രം വരയ്ക്കുന്നു. മോക്കാളെയുടെ പ്രേത ബാധ ഇന്നുമൊഴിയാത്ത കേരളം. കേരളത്തേക്കാൾ ഞങ്ങള്ക്കിഷ്ടം നരകമാണ് എന്ന് പറഞ്ഞു കേഴുന്ന ദേവൻമാർ കവിതയെ കാല്പനികതയിലും യഥാതഥമാക്കുന്നു.
കവിത മാത്രമല്ല സംഗീതം പൊഴിക്കുന്നത് ഗദ്യവും സംഗീതസാന്ദ്രമാണെന്ന് " കവിയുടെ കാല്പാടുകൾ "
" നാലുപാടും നീലമേലാപ്പു കെട്ടിയ അനന്തചാക്രവാളം, മേഘമാലകൾക്ക് എത്തിപിടിക്കാൻ കഴിയാത്ത അഗാധ നീലിമ"
" സമ്മാനം കിട്ടിയ പട്ടുസാൽവ , വിലപ്പെട്ട കസവുമുണ്ടുകൾ, സ്വർണമാലകൾ, സുവര്‍ണ്ണ മുദ്രകൾ, വെള്ളിത്താലങ്ങൾ, വെള്ളിവിളക്കുകൾ, സ്റ്റീൽ പാത്രങ്ങൾ , എല്ലാം ഇരുളടഞ്ഞ വാടകവീടിന്റെ മാറാല മൂടിയ മുറിയിൽ തളര്‍ന്നു കിടക്കുന്നു. അവതമ്മിൽ സ്വകാര്യം പറഞ്ഞു ഈ കവിക്ക്‌നമ്മളോട് ഒരു മമതയുമില്ല. ഇനിയെത്രനാൾ ഇവിടെ കഴിയേണ്ടിവരും! ആര് കണ്ടു?
വെള്ളിത്താമ്പാളം പറഞ്ഞു ഇനി വളരെനാൾ വേണ്ടിവരില്ല
ആ വാക്ക് ഫലിച്ചു ചില നാളുകൾക്കകം അവരെല്ലാം കാണാതെ പറയാതെ ഓരോ വഴിക്കുപോയി. "
( കവിയുടെ കാൽപ്പാടുകളിൽ നിന്ന്)
ഗദ്യസംഗീതത്തിന്റെ മാസ്മരിക പ്രഭാവം ഇങ്ങനെ ഈ ഗ്രന്ഥത്തിലെ ഓരോ പദത്തിലും, ഓരോ പദ സംയോഗത്തിലും വീണാപാണിയായ വാണിയുടെ സംഗീത സുരഭിലമായ ഗംഗയായൊഴുകുന്നു
മേഘരൂപൻ ആറ്റൂർ കണ്ട മേഘരൂപൻ മലയാളത്തിലെ നിരൂപകവൃന്ദം മുഴുവൻ തൂമ്പയും,കത്തിയുമായി അപ്പാടെ കിളച്ചു മറിച്ചിട്ടും കണ്ടെത്താനാകാത്ത ആ കാവ്യപ്രതിഭ, ആ സപര്യ, കുരുടന്മാർ ആനയെ കണ്ടപോലെ. അതെ ശരിക്കും മേഘരൂപൻ. കാളിദാസന്റെ മേഘസന്ദേശത്തിലെ മേഘരൂപനോ. അല്ലായിരുന്നു അതിലും മേലെ കവിതയുടെ അനന്ത വിഹായസ്സിൽ പാറിപറന്ന ആ സുവർണ മേഘത്തിനു വര്‍ണ്ണം മാത്രമല്ല സൗരഭ്യവും ഉണ്ടായിരുന്നു. ആര്‍ക്കും പിടികൊടുക്കാത്ത ആ കാല്പനിക വൈഭവം. മലയാള കവിതയിലെ മഹാപ്രഭു. സർവംഗ പരിത്യാഗിയായ ഋഷിവരൻ ശ്രീരാമ പാദങ്ങൾ അഹല്ല്യക്കെപ്രകാരമാണോ മോക്ഷം നൽകിയത് അങ്ങിനെ ഒരു മോക്ഷപ്രാപ്തിക്കായി മനസ്സുകൊണ്ട് ആ പാദപത്മങ്ങളിൽ സർവാഗം അവനീസ്പർശമായി സമര്‍പ്പിക്കുന്നു.

No comments:

Post a Comment