Friday, January 16, 2015

ജയകാന്തം- പുസ്തക പരിചയം
















                                                                                                                             തെക്കേക്കര രമേശ്‌




നീയും നിന്റെ ഭാര്യയും മക്കളും ഇന്നിവിടന്ന് ഇറങ്ങണം”
അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ രമണിയുടെ മുഖത്തേയ്ക്കു
നോക്കി.
രമണിയുടെ സങ്കടം കണ്ണീരായി പുറത്തേക്ക് വന്നില്ല.
സ്വരം നല്ലപ്പോഴേ പാട്ടു നിര്‍ത്തണമെന്ന് ഞാന്‍ രമണിയോട് നേരത്തേ പറഞ്ഞിരുന്നതാണ്. അവള്‍ കേട്ടില്ല.
തറവാട്ടില്‍ നിന്ന് ഇറങ്ങിപ്പോടാ എന്നുപറയാന്‍ അമ്മയ്ക്കെന്തവകാശം..?
തറവാട് അമ്മ ഉണ്ടാക്കിയതല്ല.അച്ഛന്‍ ഉണ്ടാക്കിയതല്ല.
അപ്പൂപ്പന്‍ ഉണ്ടാക്കിയതാണ്.ആ വീട് ഇടിഞ്ഞുപൊളിഞ്ഞു തകര്‍ന്നുപോയി.
അതിനുശേഷം കുറെക്കാലം ഞങ്ങള്‍ കുടിലു കെട്ടി താമസിച്ചു.
ആ കുടിലില്‍ വച്ചായിരുന്നു രമണിയുടെയും എന്റെയും വിവാഹം.
പിന്നീട് കുടിലിന്റെ സ്ഥാനത്ത് വേറെ വീടു പണിതു.പ്രധാനമായും എന്റെ പണം മുടക്കിയാണ് വീട് പണിതത്.
ആ വീട്ടില്‍ നിന്നാണ് ഇറങ്ങിപ്പോകാന്‍ അമ്മ പറഞ്ഞത്.
വീടല്ല പ്രധാനം.കുടുംബവും കുടുംബാന്തരീക്ഷവുമാണ് പ്രധാനം.
വളരെക്കുറച്ചു സാധനങ്ങള്‍ മാത്രമേ വീട്ടില്‍ നിന്നും എടുത്തുള്ളു.
അത്യാവശ്യം വസ്ത്രങ്ങളും കുറച്ച് പുസ്തകങ്ങളും. പിന്നെ ഇരുമ്പിന്റെ
മേശയും കസേരയുമെടുത്തു. ആ രാത്രിയില്‍ കോരിച്ചൊരിയുന്ന മഴയില്‍
ഇരുമ്പിന്റെ മേശ തലച്ചുമടായി രമണി ഏറ്റി.
ആ മേശയ്ക്കകത്ത് നിറയെ ഞങ്ങളുടെ ദുഃഖങ്ങളായിരുന്നു.......”

ആര്‍.എന്‍.ഹോമര്‍ എഴുതിയ ജയകാന്തം എന്ന പുസ്തകത്തിലെ
ആത്മകഥാ കുറിപ്പില്‍ നിന്നാണ് മുകളില്‍ ഉദ്ധരിച്ച ഭാഗം. കണ്ണുകള്‍ ഈറനണിയുന്ന അനുഭവം. പലരും ജീവിതത്തില്‍ അഭിമുഖീകരിച്ച നിമിഷത്തിന്റെ നേര്‍ ചിത്രം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിച്ച് ഒടുവില്‍ ജീവിതവും ബന്ധങ്ങളും നഷ്ടമായ ധാരാളം ഹതഭാഗ്യരിലൊരാളിന്റെ ഗദ്ഗദങ്ങള്‍.
36കഥകള്‍,ഏതാനും ആത്മകഥാ കുറിപ്പുകള്‍, കത്തുകള്‍, കാഴ്ച്ചപ്പാട്, ലേഖനങ്ങള്‍ എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി പുസ്തകത്തെ തിരിച്ചിരിക്കുന്നു . ഗ്രന്ഥകര്‍ത്താവുതന്നെയാണ് അവതാരകനും പ്രസാധകനും എന്നൊരു സവിശേഷത കൂടി ജയകാനതത്തിന് അവകാശാപ്പെടാനുണ്ട്. മറ്റൊരാളിന്റെ പരിചയപ്പെടുത്തലിന്റെ പിന്‍‌ബലമില്ലാതെ ഈ പുസ്തകത്തിലൂടെ ഹോമര്‍ വായനക്കാരനുമായി നേരിട്ട് സംവദിക്കുന്നു വേണമെങ്കില്‍ കുറേ നേരമിരുന്നാല്‍ വായിച്ചു തീര്‍ക്കാവുന്ന വലിപ്പമേ പുസ്തകത്തിനുള്ളു.
പക്ഷേ വായിച്ചു തുടങ്ങിയപ്പോള്‍ ഇത് അങ്ങനെ വായിച്ചു തീര്‍ത്തു വഴിപാടു നടത്തേണ്ടതല്ല എന്നു തോന്നി. കാരണം ഇത് വെറുമൊരു സാഹിത്യ കൃതിയല്ല. ഒരു മനുഷ്യന്‍ തന്റെ ജീവിതാനുഭവങ്ങളിലൂടെ ആര്‍ജ്ജിച്ച കരുത്തും ദൌര്‍ബല്യവും പകര്‍ത്തിയ ജീവിതഗന്ധിയായ പുസ്തകമാണിത് എന്നതുതന്നെ.ജീവിതയാത്രയില്‍ പിന്നിടേണ്ടിവന്ന കനല്‍ വഴികളും തണല്‍ മരങ്ങളും ഇതില്‍ നമുക്കു വായിച്ചറിയാം, വായനയിലൂടെ അനുഭവിച്ചറിയാം.

പുസ്തക പരിചയം എന്നുപറയുമ്പോള്‍ വിപുലമായ ഒരു വിഷയമാണു മുന്നിലുള്ളത്. മഹാന്മാരായ എഴുത്തുകാരുടെ മഹദ് ഗ്രന്ഥങ്ങള്‍. പക്ഷേ ഈ മുഖപുസ്തകത്തിലുള്ള ഒരു സാധാരണ മനുഷ്യന്റെ ആദ്യ പുസ്തകം തന്നെ ഈ പരിചയപ്പെടുത്തലിലേക്ക് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 
ഹോമര്‍ ഈ പുസ്തകമെഴുതിയിരിക്കുന്നത് വെറും അക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ വാക്കുകള്‍കോണ്ടല്ല. സാങ്കേതികമായി അത് അങ്ങനെതന്നെയല്ലേ എന്നൊരു ചോദ്യമുയര്‍ന്നേക്കാം. പക്ഷേ സ്വന്തം ജീവിതം തന്നെ നമ്മുടെ മുന്നിലേക്ക് ഒരു പുസ്തകത്തില്‍ വച്ചു നീട്ടുമ്പോള്‍ ആ അക്ഷരങ്ങളെ ഹ്രദയസ്പന്ദനങ്ങളായി, ശ്വാസ നിശ്വാസങ്ങളായി, സ്നേഹത്തിന്റെയും തിരസ്കരണത്തിന്റെയും മധുരവും കൈയ്പ്പുമായി കാണുകയാവും കൂടുതല്‍ അഭികാമ്യം എന്നു തോന്നുന്നു.



ഒരു ദിവസം മല്ലിക ചോറു കഴിച്ചശേഷം ചോറ്റുപാത്രം കൊണ്ടുവന്നെനിക്കു തന്നു.മല്ലിക മൃദുവായി പറഞ്ഞു:
“പാത്രത്തില്‍ ഒരു കുറിപ്പുണ്ട്.“
എന്റെ മനസ്സില്‍ ആയിരം സ്വപ്നങ്ങളുടെ തേരോടി.
പ്രിയപ്പെട്ട ഹോമര്‍, നിന്നെ ഞാന്‍ പ്രേമിക്കുന്നു. എന്ന് സ്വന്തം മല്ലിക.
എന്നായിരിക്കും കുറിപ്പെന്ന് ഞാന്‍ ഊഹിച്ചു.
ചോറ്റുപാത്രം തുറന്ന് ഞാന്‍ കുറിപ്പ് വായിച്ചു.
“ജയപ്രകാശ് നാരായണനെ അറസ്റ്റ് ചെയ്തിരിക്കുന്നു”.
അടിയന്തരാവസ്ഥയെക്കുറിച്ച് അദ്ദേഹം തന്റെ ചോറ്റുപാത്രം എന്ന കഥയില്‍ അങ്ങനെയാണെഴുതിയിരിക്കുന്നത്. ഒരു വറ്റുപോലും അവശേഷിക്കാതെ ശൂന്യമായ അടച്ച ആ ചോറ്റുപാത്രം അന്നത്തെ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നു. സാംസ്കാരിക രംഗത്തും രാഷ്ട്രീയ രംഗത്തും ഇന്ത്യന്‍ ജനതയുടെ മസ്തിഷ്കങ്ങളെ ശൂന്യമാക്കാന്‍ ശ്രമിച്ച ഇരുണ്ട നാളുകളുടെ ഓര്‍മ്മപ്പെടുത്തലായി ആ ചോറ്റുപാത്രം.

ഓരോ കഥകളായി എടുത്തുപറയാന്‍ ഇവിടെ സാദ്ധ്യമല്ലാത്തതുകൊണ്ട് വിവരണം ഇവിടെ ചുരുക്കുന്നു.
ഒന്നുമാത്രം പറയാം. ജയകാന്തം എന്ന പുസ്തകത്തിന്റെ വായന
ഒരു അനുഭവം തന്നെയായിരുന്നു.ആദ്യ പതിപ്പിറങ്ങി ഒരു വര്‍ഷമാകുമ്പോഴേക്കും രണ്ടാം പതിപ്പും ഇറങ്ങുന്നത് ആ പുസ്തകം വായനക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു എന്നതിനു തെളിവാണല്ലോ. ശ്രീ. ഹോമറില്‍ നിന്നും ഇനിയും വിലപ്പെട്ട സംഭാവനകള്‍ നമുക്കു പ്രതീക്ഷിക്കാം. 

[ജയകാന്തം സ്വന്തമാക്കാന്‍ RN Homar എന്ന ഫെയ്‌സ് ബുക്ക് ഐ.ഡിയിലോ 8547829138 എന്ന മൊബൈല്‍ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. 268 പേജുകളുള്ള ഈ പുസ്തകത്തിന്റെ വില 230 രൂപയാണ്.]

No comments:

Post a Comment