Tuesday, January 20, 2015

പ്രഥമ ശുശ്രൂഷ


                                                                                                                  അനില്‍ കട്ടപ്പന


പ്രഥമ ശുശ്രൂഷ - വാഹനാപകടങ്ങളിൽ.
........................................................................
സൂര്യന് കീഴെ എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവ് ഉണ്ടെന്നു ഭാവിക്കുന്ന മലയാളിക്ക്, എന്നാൽ പ്രഥമശുശ്രൂഷയുടെ കാര്യത്തിൽ അങ്ങിനെയൊരു അവകാശവാദം ഉണ്ടാകാൻ ഇടയില്ല.ഒരു അപകടം ,പ്രത്യേകിച്ച് റോഡപകടം കണ്ടാൽ നമ്മുടെ പ്രിയപ്പെട്ടവരോ സുഹൃത്തുക്കളോ അതിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ കാഴ്ച്ചക്കാരായി നില്ക്കാനാണ് ഭൂരിഭാഗവും ആളുകളും ശ്രമിക്കുന്നത്.അപകടത്തിൽപ്പെട്ട ആളുകൾക്ക് കൃത്യസമയത്ത് പ്രഥമശുശ്രൂഷ നല്കി അവരെ ആശുപത്രിയിൽ എത്തിക്കുകയാണെങ്കിൽ നിരവധി മനുഷ്യജീവനുകൾ കേരളത്തിലെ നിരത്തുകളിൽ അകാലത്തിൽ പൊലിയുന്നത് തടയുവാനാകും. ദിനംപ്രതി സംഭവിക്കുന്ന വാഹനാപകടങ്ങളിൽ അകപ്പെടുന്നവരെ സഹായിക്കുവാൻ സന്നദ്ധരായ ആളുകൾ ഇനിയും മുൻപോട്ട് വരുമെന്ന് പ്രത്യാശിച്ചുകൊണ്ട് പ്രഥമശുശ്രൂഷയെ പറ്റിയും, റോഡ് അപകടങ്ങൾ ഉണ്ടായാൽ നല്കേണ്ട പ്രഥമ ശുശ്രൂഷയേയും പറ്റിയുള്ള ഈ ലേഖനം ആരംഭിക്കട്ടെ.
ജർമൻ സർജനായ 'എസ്മാർക്ക്' ആണ് പ്രഥമശുശ്രൂഷയുടെ ഉപജ്ഞാതാവ്. അത്യാഹിതങ്ങളിൽ ചെന്നുപെടുന്ന വ്യക്തിക്കോ വ്യക്തികൾക്കോ വിദഗ്ദ്ദ വൈദ്യസഹായം ലഭിക്കുന്നതിന് മുൻപ് നല്കുന്ന പ്രാഥമികമായ സഹായമോ ചികിത്സയോ ആണ് പ്രഥമശുശ്രൂഷ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രഥമ ശുശ്രൂഷയുടെ പ്രധാനലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്.
.....................................................................................
1)വിദഗ്ദ ചികിത്സ കിട്ടുന്നതുവരെ, അപകടങ്ങളിൽപ്പെട്ട വ്യക്തിക്കോ, വ്യക്തികൾക്കോ ജീവന് അപായം സംഭവിക്കാതെ നോക്കുക.
2)അപകടത്തിന്റെ അനന്തരഫലങ്ങൾ കുറയ്ക്കുക.
3)കൂടുതൽ അപകടം വരാതെ ശ്രദ്ധിക്കുക.
4)ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുക.
ഒരു പ്രഥമ ശുശ്രൂഷകനുണ്ടായിരിക്കേണ്ട ഗുണങ്ങൾ.
...................................................................................................
1)അടിയന്തിര ഘട്ടങ്ങളിൽ മനസ് പതറാതെ കഴിയുന്നതും വേഗം പ്രാഥമിക ചികിത്സ നൽകാനുള്ള മനസന്നിദ്ധ്യവും ധൈര്യവും ഉണ്ടായിരിക്കുക.
2)തികഞ്ഞ പക്വതയോടും ശാന്തമായും സൗമ്യമായും രോഗികളോട് പെരുമാറാനും അവരെ അശ്വസിപ്പിക്കുവാനുമുള്ള കഴിവ്.
3)സമയമൊട്ടും കളയാതെ ബുദ്ധിപൂർവം ക്ഷമയോടെ പ്രഥമ ശുശ്രൂഷ തുടങ്ങുക.
4)അർപ്പണ മനോഭാവവും ഉത്തരവാദിത്വവും ഉണ്ടായിരിക്കുക.
5)സാമാന്യബുദ്ധിയും വകതിരിവും ഉണ്ടായിരിക്കുക.
7)ഡോക്ടർക്ക് പകരമല്ല താൻ ചികിത്സ നടത്തുന്നതെന്ന് മനസിലാക്കി തന്റെ കഴിവിനും അറിവിനും അതീതമായ ചികിത്സകൾ നടത്താതിരിക്കുക.
പ്രഥമശുശ്രൂഷകന്റെ കടമകളും ഉത്തരവദിത്വങ്ങളും.
................................................................................................
1) അത്യാഹിതത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പെരുമാറുക.
2)അപകടത്തിനിരയായ വ്യക്തിക്കോ വ്യക്തികൾക്കോ തനിക്ക് നല്കാൻ കഴിയുന്ന പ്രാഥമിക ചികിത്സ നല്കിയതിനു ശേഷം കഴിയുന്നതും വേഗം ആശുപത്രിയിൽ എത്തിക്കുക.
3)വിദഗ്ദ ചികിത്സ ലഭിക്കുന്നത് വരെ അപകടം സംഭവിച്ച ആളുടെ കൂടെ ധൈര്യം പകർന്നുകൊണ്ട് നിൽക്കുകയും കഴിയുന്ന സഹായങ്ങൾ ചെയ്യുകയും ചെയ്യുക.
4)പ്രഥമ ശുശ്രൂഷ നൽകുമ്പോൾ സ്വയരക്ഷ കൂടി നോക്കെന്ടതാണ്.
5)അത്യാഹിതത്തിന്റെ സാഹചര്യം നോക്കി പ്രവർത്തിക്കുക.ഉദാഹരണത്തിന് നീന്തൽ അറിയാത്ത ഒരാൾ വെള്ളത്തിൽ അകപ്പെട്ട ആളുകളെ രക്ഷിക്കാൻ ശ്രമിക്കരുത്.
6)അത്യാഹിതത്തിന്റെ സാഹചര്യം മനസിലാക്കി പ്രവർത്തിക്കുക
7)അത്യാഹിതം സംഭവിച്ച ഇടത്തേക്കുറിച്ചും ഏകദേശം എത്രപേർക്ക് അപകടം സംഭവിച്ചു എന്നുള്ള വിവരങ്ങൾ ആശുപത്രി,ആംബുലൻസ്,പോലീസ് സഹായസംഘങ്ങൾ,ആവശ്യമെങ്കിൽ അഗ്നിശമന സേന എന്നിവരെയെല്ലാം വിളിച്ചറിയിക്കുക.
നിത്യജീവിതത്തിൽ സംഭവിക്കുന്ന റോഡ് അപകടങ്ങളിൽ ഇരയായവർക്ക് നൽകേണ്ടുന്ന അടിയന്തിര പ്രഥമ ശുശ്രൂഷകൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.
.................................................................................................................
റോഡ് അപകടങ്ങൾ എവിടെവെച്ചും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.റോഡപകടങ്ങൾക്ക് ദൃക്സക്ഷി ആകേണ്ടി വരുമ്പോൾ ഒട്ടും പതറാതെ സമചിത്തതയോടെ സാഹചര്യങ്ങളെ നേരിടുന്നതിൽ ഒരു പ്രഥമശുശ്രൂഷകന്റെ പങ്ക് വളരെ വലുതാണ്. അപകടം ഉണ്ടാകുമ്പോൾ ചുറ്റും കൂടി നിൽക്കുന്നവർ പരിഭ്രമം കാണിക്കുകയും പലതും പറയുകയും നിർദ്ദേശിക്കുകയും ചെയ്യും. പക്ഷെ ഉത്തരവാദിത്വബോധമുള്ള ഒരു പ്രഥമ ശുശ്രൂഷകൻ ചെയ്യേണ്ടത് പെട്ടന്ന് മുൻകൈ എടുത്ത് പ്രാഥമിക ചികിത്സ തുടങ്ങുക എന്നുള്ളതാണ്.ഡോക്ടറേയും ആംബുലൻസിനേയും ഏറ്റവുമാദ്യം വിവരമറിയിക്കുക.പിന്നീട് ബന്ധുക്കളെയും പോലീസിനേയും വിവരമറിയിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിനായി കാണികളിൽ സഹായ സന്നദ്ധത ഉള്ളവരുടെ സേവനം ഉപയോഗിക്കുക.രോഗിയെ പെട്ടെന്ന് എഴുന്നേൽപ്പിക്കനോ ഇരുത്താനോ കുലുക്കി വിളിച്ചുണർത്താനോ ശ്രമിക്കരുത്.ഇങ്ങിനെ ചെയ്താൽ രോഗിയുടെ തലയ്ക്കോ കഴുത്തിനോ നട്ടെല്ലിനോ ക്ഷതം സംഭവിച്ചേക്കാം.അതുകൊണ്ട് നട്ടെല്ലും കഴുത്തും വളയാതെയും തല ഇരുവശങ്ങളിലേക്കും ചെരിയാതെയുമാണ് രോഗിയെ എടുത്തു മാറ്റേണ്ടത്.കഴിയുന്നതും സ്ട്രെച്ചറിലോ സ്ട്രെച്ചർ കിട്ടാൻ സാദ്ധ്യത ഇല്ലെങ്കിൽ നീണ്ട പലകയിലോ നിവർത്തികിടത്തികൊണ്ടു വേണം രോഗിയെ മാറ്റാൻ. രോഗിക്ക് കൂടുതൽ അപകടമുണ്ടാകുന്ന സ്ഥിതികളിൽ ഒഴിച്ച് (ഉദാ: തീപിടുത്തം,വാതകച്ചോർച്ച) ആംബുലൻസും ഡോക്ടറും എത്തുന്നതുവരേയും തുടർന്നു വാഹനത്തിൽ കയറ്റുമ്പോളും തുടർന്നുള്ള യാത്രയ്ക്കിടയിലും രോഗിയുടെ തലയും കഴുത്തും നട്ടെല്ലും ഇളകാതെ ശ്രദ്ധിക്കണം.നട്ടെല്ലിനു പരിക്ക് പറ്റിയ രോഗിയെ അശ്രദ്ധയോടെ ഓട്ടോ റിക്ഷയിലോ മറ്റോ ഇരുത്തികൊണ്ടു പോയാൽ രോഗി മരിച്ചുപോവാനിടയുണ്ട് എന്ന് പറയേണ്ടതില്ലല്ലോ.കൈകാലുകളിലെ എല്ലുകൾ പൊട്ടിയിട്ടുണ്ടെങ്കിൽ അവ അനങ്ങാതിരിക്കാൻ മരക്കഷണമോ പലക കഷണമോ വെച്ചു കെട്ടണം.തലയ്ക്കും താടിയെല്ലിനും മുറിവ് പറ്റിയിട്ടുണ്ടെങ്കിൽ തല ഒട്ടും അനങ്ങാതിരിക്കാൻ ബാൻഡേജ് കൊണ്ട് കെട്ടണം.രോഗി ചർദ്ദിക്കുന്നുണ്ടെങ്കിൽ ചെരിച്ചു കിടത്തണം.
പ്രഥമ ശുശ്രൂഷയുടെ മുൻഗണനക്രമം.
....................................................................
പ്രഥമ ശുശ്രൂഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടതായ ഒരു മുൻഗണനക്രമം ഉണ്ട്.
ഏറ്റവുമാദ്യം രോഗിക്ക് ശ്വാസോച്ഛ്വാസം ഉണ്ടോ എന്ന് പരിശോധിച്ച് ശ്വാസനാളം തുറക്കാൻ സഹായിക്കുന്ന വിധത്തിൽ കിടത്തുക. ശ്വാസോച്ഛ്വാസം ഇല്ലെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നല്കാൻ വേഗം തുടങ്ങുക.കാരണം തലച്ചോറിനവശ്യമായ ഓക്സിജൻ ലഭിച്ചില്ലെങ്കിൽ മൂന്നുമിനുട്ടിനുള്ളിൽ തലച്ചോറിലെ കോശങ്ങൾ നശിച്ചുപോകും.അടുത്തതായി രക്തസ്രാവം നിരത്താൻ ശ്രമിക്കുക.ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് പ്രാണവായു(ഓക്സിജൻ) ലഭിക്കുന്നത് രക്തത്തിലൂടെയാണ.രക്തം കൂടുതൽ നഷ്ടപ്പെട്ടാൽ രോഗി ഷോക്ക് എന്ന അവസ്ഥയിൽ എത്തിച്ചേരുകയും ചികിത്സ കിട്ടിയില്ലെങ്കിൽ മരിക്കുകയും ചെയ്യും.രോഗിക്ക് മാനസികാഘാതമുണ്ടാവുന്നത് തടയാനായി രോഗിയുടെ കൂടെനിന്ന് ധൈര്യവും പിന്തുണയും നൽകുക.
പ്രഥമ ശുശ്രൂഷയുടെ ABC പാഠങ്ങൾ
......................................................................
പ്രഥമ ശുശ്രൂഷയിലെ ABC പാഠങ്ങൾഎന്നറിയപ്പെടുന്നത് ഇവയാണ്
1)തുറന്ന ശ്വാസനാളം (AIRWAY)-രോഗിയുടെ ശ്വസനാളം തുറന്നാണ് ഇരിക്കുന്നത് എന്ന് പ്രഥമ ശുശ്രൂഷകൻ ഉറപ്പു വരുത്തേണ്ടതാണു.ശ്വാസനാളം അടഞ്ഞാണിരിക്കുന്നതെങ്കിൽ രോഗിയുടെ താടി ഉയർത്തി തല അല്പം പുറകോട്ടാക്കുക.ഇങ്ങിനെ ചെയ്യുമ്പോൾ ശ്വാസനാളം തുറക്കപ്പെടും.
2)ആവശ്യമുള്ള ശ്വാസോച്ഛ്വാസം (BREATHING)-രോഗി ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ട് എന്നുറപ്പുവരുത്തുക.ഇല്ലെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക.
3) വേണ്ടത്ര രക്തചംക്രമണം.(CIRCULATION) -രോഗിക്ക് വേണ്ടത്ര രക്തചംക്രമണം ഉണ്ടെന്നു പ്രഥമ ശുശ്രൂഷകൻ ഉറപ്പു വരുത്തുകയും ബ്ലീഡിങ്ങ് ഉണ്ടെങ്കിൽ അത് തടയാൻ നടപടി സ്വീകരിക്കുകയും വേണം.
ഏറെ കാര്യങ്ങൾ ഇനിയും പ്രതിപാദിക്കാൻ ഉണ്ടെങ്കിലും സ്ഥലപരിമിതി മൂലം ഇവിടെ ചുരുക്കുകയാണ്.വാഹനാപകടങ്ങളിൽപ്പെടുന്നവരെ പ്രഥമശുശ്രൂഷ നൽകി രക്ഷപെടുത്തി, ആശുപത്രികളിൽ എത്തിക്കുന്നതിനുള്ള ഉദ്യമങ്ങൾക്ക് ഒരു ചെറിയ ശതമാനമെങ്കിലും ഈ ലേഖനം സഹായിച്ചാൽ ഞങ്ങൾ കൃതാർതഥരായി.

No comments:

Post a Comment