Friday, January 23, 2015

ഒരാള്‍പ്പൊക്കം - സിനിമ നിരൂപണം

                                                                                                   രാംകുമാര്‍ മേനോന്‍

പ്രേക്ഷകര്‍ കണ്ട് ആസ്വദിക്കുകയും നിരൂപകര്‍ പല തരത്തില്‍ വിലയിരുത്തുകയും ചെയ്ത അനേകം നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പലതു കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന, കലാമൂല്യവും സാങ്കേതിക മികവും ഒത്തിണങ്ങിയ, ഒരു ചിത്രം കാണുവാനുള്ള അവസരം അവിചാരിതമായി ലഭിച്ചപ്പോള്‍, ആ അനുഭവം കൂട്ടുകാരുമായി പങ്കിടണം എന്ന് ആഗ്രഹിച്ചു. ഇത്തരം സിനിമകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് മലയാള സിനിമയുടെ തന്നെ ഒരാവശ്യമാണെന്നും തോന്നി.
മലയാള ചലച്ചിത്ര രംഗം എന്നും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചിട്ടുണ്ട്. അര്‍ത്ഥരഹിതമായ വര്‍ണ്ണപ്പൊലിമകള്‍ക്കും കെട്ടുകാഴ്ചകള്‍ക്കും വേണ്ടി കോടികള്‍ ധൂര്‍ത്ത ടിച്ചു വ്യവസായം തന്നെ പ്രതിസന്ധിയിലാവുന്ന ഇക്കാലത്ത് പ്രതീക്ഷ ഉണര്‍ത്തുന്ന ഒരു ചിത്രമാണ് 'ഒരാള്‍പ്പൊക്കം'. പ്രേക്ഷകരില്‍ നിന്ന് സമാഹരിച്ച വെറും 24 ലക്ഷം രൂപ കൊണ്ട് നിര്‍മ്മിച്ച ചിത്രം(19 ലക്ഷം ജനങ്ങളില്‍ നിന്നും സമാഹരിച്ചത്!!). സനല്‍ ശശിധരന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് കാഴ്ച ഫിലിം ഫോറം ആണ് ചിത്രം നിര്‍മ്മിച്ചത് . സിനിമ എന്ന മാദ്ധ്യമത്തോടുള്ള അഭിനിവേശവും, ഉറച്ച സാമൂഹിക പ്രതിബദ്ധ തയും കൈമുതലായുള്ള ഒരു കൂട്ടം കലാസ്നേഹികള്‍ ഒത്തു ചേര്‍ന്ന സിനിമ . പുരസ്കാരങ്ങളും ബഹുമതികളും ഏറ്റു വാങ്ങിക്കൊണ്ട് മേളകളില്‍ നിന്നും മേളകളിലേക്ക് ചിത്രം മുന്നേറുമ്പോള്‍ ഈ സിനിമയുടെ അണിയറ ശില്പ്പി കള്‍ എല്ലാവരും തന്നെ പുതുമുഖങ്ങള്‍ ആണെന്നത് അതിശയിപ്പിക്കുന്ന യാഥാര്ത്ഥ്യം.
സാധാരണക്കാരില്‍ സാധാരണക്കാരായ മായയും മഹേന്ദ്രനും, അവര്‍ തമ്മിലുള്ള പ്രണയത്തിന്റെ വിവിധ തലങ്ങള്‍, അവര്‍ സമൂഹത്തോടും പ്രകൃതിയോടും പുലര്ത്തുയന്ന ബന്ധങ്ങളുടെ തീവ്രത എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. മനസ്സിന്റെ സങ്കീര്ണ്ണതകളെ പ്രകൃതിയുടെ പ്രതീകാത്മകതയുമായി ചേര്ത്തു വായിക്കുകയാണ് ചിത്രത്തിലൂടെ. അഞ്ചു വര്ഷം തന്നോടൊപ്പം ജീവിച്ചു പിരിയേണ്ടി വന്ന മായയെ തേടി മഹേന്ദ്രന്‍ കേരളത്തില്‍ നിന്നും കേദാര്‍ നാഥി ലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിലെ മുഖ്യ പ്രതിപാദ്യം. പ്രളയം തകര്‍ത്ത കേദാര്‍ നാഥ്. ഉത്തരാഖണ്ട് പ്രളയത്തിന്റെ ബാക്കി പത്രത്തിലൂടെ ചിത്രം പുരോഗമിക്കുകയാണ്. മനുഷ്യന്‍ പ്രകൃതിക്കു മേല്‍ നടത്തുന്ന അധിനിവേശങ്ങളും ഇവിടെ പ്രതിപാദ്യങ്ങളാവുന്നു.
ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ ത്തകയും ആയി ഇതിനോടകം തന്നെ ശ്രദ്ധേയയായ മീന കന്തസാമിയാണ്. ദളിതര്ക്കും സ്ത്രീകള്ക്കും സമൂഹത്തിലെ പാര്ശ്വ പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്ക്കും വേണ്ടി തൂലിക ചലിപ്പിച്ചിട്ടുള്ള യുവ കവയിത്രി. ഒരു പക്ഷിയെപ്പോലെ സ്വതന്ത്രയും, പുരുഷ അഹന്തയ്ക്ക് മുന്പിില്‍ തല കുനിക്കാത്തവളും, എന്തും വെട്ടിത്തുറന്നു പറയുവാനുള്ള തന്റേടം ഉള്ളവളുമാണ്‌ ചിത്രത്തിലെ നായിക. മായ എന്ന കഥാപാത്രം അവരുടെ വ്യക്തിത്വത്തോട് വളരെ ചേര്‍ന്നു തന്നെ നില്ക്കുന്നു.
'സൂഫി പറഞ്ഞ കഥ' യിലൂടെ മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വന്ന ശ്രീ. പ്രകാശ് ബാരെ, 'ഇവന്‍ മേഘരൂപന്‍' ലൂടെ സംസ്ഥാന അംഗീകാരം നേടിയ അനുഗൃഹീത കലാകാരനാണ്. പാപിലിയോ ബുദ്ധ, ജാനകി, അകം, അരികെ, ഷട്ടര്‍, ഒരു ഇന്ത്യന്‍ പ്രണയ കഥ തുടങ്ങി മലയാളം, കന്നഡ, മറാത്തി എന്നീ ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിലൂടെ, നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും, തന്റെ അതുല്യ പ്രതിഭ ഇതിനോടകം തന്നെ തെളിയിച്ച്ചു കഴിഞ്ഞിട്ടുണ്ട് ശ്രീ പ്രകാശ് ബാരെ . മഹേന്ദ്രനെ ജീവസ്സുറ്റതാക്കി കൊണ്ട് അദ്ദേഹം തന്റെ പക്വതയാര്‍ന്ന ഭാവവിഷ്കാര മികവിനാല്‍ വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു.
ആത്മീയതയും തത്വശാസ്ത്രവും പരിസ്ഥിതിയും സ്ത്രീശക്തിയും എല്ലാം ഇഴചേരുന്ന ഈ ചിത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഹിമാലയത്തില്‍ ആണ് . “സ്വയം പരാജയപ്പെടുത്തുന്ന ഒരു മത്സരമാണ് ഞാന്‍. എന്റെ ഉയരത്തിന്റെയും ആഴത്തിന്റെയും അളവുകോലുകള്‍ പരസ്പരം മത്സരിച്ചു തോല്ക്കുന്നു. എന്നെക്കാള്‍ വലിയൊരു എന്നെ അറിയാതെ വിഴുങ്ങിപ്പോയതിന്റെ അമ്പരപ്പുകളില്‍ ഞാന്‍ കുടുങ്ങുന്നു. ഞാന്‍ പിളര്ന്ന് ‍ ഞാന്‍ തന്നെ പുറത്ത് വരുന്നു.” സിനിമ തുടങ്ങുന്നത് മഹേന്ദ്രന്റെ ഈ ആത്മഗതത്തോടെ ആണ്.
യാത്ര കളിലൂടെയാണ്‌ ചിത്രത്തില്‍ കഥ വികസിക്കുന്നത്. മഹേന്ദ്രനും മായയും ഒരുമിക്കുന്നതും പിരിയുന്നതും ഓരോ യാത്രകളിലാണ്. പരസ്പരം സകലതും പങ്കുവെച്ച അഞ്ചുവര്‍ഷത്തെ ജീവിതത്തിന്റെ വാര്‍ഷികത്തില്‍ തന്നെ അവര്‍ പിരിയുമ്പോള്‍ കാറുമായി പോകുന്ന മായയും ഫ്ലാറ്റ് തന്റെതാണെന്ന ധാര്‍ഷ്ട്യവുമായി മഹേന്ദ്രനും തികച്ചും സാധാരണക്കാരായ പച്ചയായ മനുഷ്യരാകുന്നു. മായയെ ജീവിതത്തില്‍ നിന്നെന്നപോലെ മനസ്സില്‍ നിന്നും പറിച്ചു മാറ്റാന്‍ ശ്രമിക്കുന്ന മഹേന്ദ്രന്‍. ഫോണിലെ മായയുടെ പേരും നമ്പരും നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെയാണ് മായ വിളിക്കുന്നത്. മായ കേദാര്‍ നാഥിലാണ്. മഞ്ഞണിഞ്ഞ ഗിരിനിരകള്‍ അവളില്‍ മഹിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും സജീവമാക്കി. അടുത്ത പ്രഭാതം മഹിയെ ഉണര്ത്തുന്നത് കേദാര്‍ നാഥിലെ പ്രളയ രംഗങ്ങളുടെ ടെലിവിഷന്‍ ദൃശ്യങ്ങളിലേക്കാണ്.
പുരുഷനെ പൂരിപ്പിക്കുന്ന, പലതിനും പ്രേരക ശക്തിയാവുന്ന ഒരു മായത്തം ഓരോ സ്ത്രീയിലും ഉണ്ട്. മഹേന്ദ്രന്റെ ജീവിതത്തിലെ ആദ്യ സ്ത്രീയോ ഏക സ്ത്രീയോ അല്ല മായ.മഹേന്ദ്രന്റെ യാത്രയ്ക്ക് കാരണമാകുന്നതും അതിനു മാനങ്ങള്‍ നല്കു്ന്നതും മായയാണ് ദുര്‍ഘടമാണ് കേദാര്‍ നാഥിലേക്കുള്ള യാത്ര. ഒരു അപകടം വഴി മഹിയോടൊപ്പം ചേരുന്ന ഒരു അപരിചിതന്‍. യോഗീ സമാനനായ അയാളുമായുള്ള സംഭാഷണങ്ങള്‍ തത്വശാസ്ത്രസംഘര്‍ഷ സംവാദങ്ങളുടെ തലത്തിലേക്ക് ഉയരുന്നു. എങ്ങോട്ടാണ് യാത്ര എന്ന അയാളുടെ ചോദ്യത്തിനു അറിയില്ല എന്നാണ് മഹിയുടെ മറുപടി ഗംഗാ തീരത്തേയ്ക്കുള്ള യാത്രയില്‍ അയാളോടൊപ്പം നദീ തീരത്തെ പടവുകളില്‍ കാല്‍ നനയ്ക്കുമ്പോഴാണ് ‘കാണാനില്ല’ എന്ന മേല്‍ക്കുറിപ്പോടെ ഒരു യുവതിയുടെ ചിത്രം മഹി കാണുന്നത്. പിന്നെ മഹിയുടെ സഹായാത്രികനാകാനുള്ള യോഗം അണക്കെട്ട് വിഴുങ്ങിയ ഒരു ഗ്രാമത്തിന്റെ ശേഷിപ്പായ ഒരു ഗ്രാമീണനാണ്.
തികച്ചും യാദൃശ്ചികമായിട്ടാണ് കറുപ്പും വെളുപ്പും കള്ളികളുള്ള ഒരു ഷര്ട്ട് നദിയിലൂടെ ഒഴുകി വരുന്നത് മഹി കാണുന്നത് . ഫിഷ്‌ ടാങ്ക് പൊട്ടിയ വെള്ളം തുടക്കാന്‍ മായ ഉപയോഗിച്ച ഷര്ട്ട് !ടെറസ്സിലെ അയയില്‍ ഈ ഷര്ട്ട് കുറെ ദിവസമായി കാണുന്നു എന്ന് അയല്ക്കാ രന്‍! മഹി ആ ഷര്ട്ട് വെള്ളത്തില്‍ നിന്നെടുത്ത് പാലത്തിന്റെ കൈവരിയില്‍ ഉണക്കാനിട്ടു. പ്രതീകാത്മകത ഈ ചിത്രത്തെ വേറിട്ട്‌ നിര്ത്തുന്നു പലപ്പോഴും. കുപ്പായവും പാദ രക്ഷയും നദീതീരത്ത് അഴിച്ചു വെയ്ക്കുന്ന വൃദ്ധനായ മഹി. അലച്ചിലുകളില്‍ തന്നെ തന്നെ ഉരച്ചു കഴുകി തന്നിലേക്ക് എത്തുകയാണ് അയാള്‍. ഒരേ സമയം അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള മനസ്സിന്റെ യാത്രയുടെ പ്രതീകം പോലെ.
പ്രേക്ഷകനും പലപ്പോഴും യാത്രയില്‍ ആവുന്നു, ബൌദ്ധികമായും തത്വശാസ്ത്രപരമായും ചിത്രത്തോടൊപ്പം. കഥയില്‍ തങ്ങളുടെ വകയായി ചിലതെല്ലാം പൂരിപ്പിക്കുവാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട് സംവിധായന്‍ .കഥാകാരനും കവിയുമായ സനല്‍ ഒരുക്കുന്ന സംഭാഷണങ്ങള്‍ പലപ്പോഴും കവിതയ്ക്ക് അടുത്ത് നില്ക്കു്ന്നു. ക്രിസ്തോഫ് കിശ്ലോസ്കിയുടെ 'ക്യാമറ ബഫ്' എന്ന ചിത്രത്തിലെ ഒരു രംഗം ഓര്‍മ്മയില്‍ എത്തുന്നു. സിനിമാ സ്വപ്നങ്ങളില്‍ മുഴുകി പോയ നായകനെ തനിച്ചാക്കി അയാളുടെ ഭാര്യ പോകുകയാണ് . ആരെയും ഞെട്ടിക്കുന്ന ആ ഇറങ്ങിപ്പോക്കിനോടുള്ള നായകന്‍റെ പ്രതികരണം വിചിത്രമാണ്. നൊടിയിടയില്‍ അയാള്‍ തന്റെ വിരലുകള്‍ ചതുരാകൃതിയിലാക്കി തന്റെ ഭാര്യ ഇറങ്ങിപ്പോകുന്ന സീനിന്റെ ഫ്രെയിം നോക്കുകയാണ്. ജീവനെക്കളും ജീവിതത്തെക്കളും സിനിമയെ സ്നേഹിക്കുന്ന സനല്‍ ശശിധരന്റെയും പ്രകാശ് ബാരെയുടെയും അതു പോലെയുള്ള കുറെ കലാകാരന്മാരുടെയും നിഗൂഢ മനസ്സുകളുടെ ബാക്കി പത്രം കൂടിയാണ് ഒരാള്‍പ്പൊക്കം എന്ന ഈ സിനിമ
പ്രശസ്ത പത്രപ്രവര്‍ത്തകനായ ശ്രീ വെങ്കിടേഷ് രാമകൃഷ്ണന്‍, ബംഗാളിലെ യുവ സംവിധായകന്‍ ബിക്രം ജിത് ഗുപ്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്, ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളും ചിത്രത്തില്‍ സന്ദര്‍ഭാനുസാരം ഉപയോഗിക്കുന്നു.
മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത സാങ്കേതിക തികവ് അവകാശപ്പെടാവുന്ന ചിത്രം കൂടിയാണ് ഒരാള്‍പ്പൊക്കം.
കൊച്ചി, ദല്‍ഹി , കേദാര്‍ നാഥ്, ഹരിദ്വാര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരിക്കപ്പെട്ട ചിത്രത്തിലെ ദൃശ്യങ്ങളിലൂടെ ഹിമാലയന്‍ താഴ് വാരങ്ങളുടെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്തു നമുക്കു മുന്പില്‍ അവതരിപ്പിക്കുകയാണ് ചായാഗ്രാഹകന്‍ ശ്രീ എസ്. ഇന്ദ്രജിത്ത്. കണ്ണില്‍ നിന്നും മറഞ്ഞാലും മനസ്സില്‍ നിന്നും മായാത്ത ഒരുപാടു ഫ്രെയിമുകള്‍ ചിത്രത്തില്‍ ഉടനീളം ചിതറിക്കിടക്കുന്നു. പ്രകൃതി വെറും പശ്ചാത്തലം എന്നതിലുപരിയായി സിനിമയുടെ ഒരു ഭാഗം തന്നെയായി പ്രേക്ഷകന് അനുഭവവേദ്യമാക്കുവാന്‍ ശ്രീ. ടി. കൃഷ്ണനുണ്ണിയുടെ ശബ്ദവിന്യാസ മികവിന് കഴിഞ്ഞു. ശ്രീ.ബേസില്‍ ഒരുക്കുന്ന പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടത് തന്നെയാണ്.
ഇതിനോടകം ഇന്റര്‍നാഷനല്‍ ഫിലിം ഫെസറ്റിവല്‍ ഓഫ് കേരളയില്‍ (IFFK '14) ഏറ്റവും നല്ല മലയാളം ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ( മലയാള ചിത്രത്തിനുള്ള ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌ക്കാരങ്ങള്‍ ഈ ചിത്രത്തിനായിരുന്നു) വിപണനത്തിലും പുതിയ പാത തെളിയിക്കുകയാണ്. കാഴ്ച ഫിലിം ഫോറത്തിന്റെ സിനിമാവണ്ടി കാസര്‍ഗോഡ്മുതല്‍ തിരുവനന്തപുരം വരെയുള്ള മലയാളി പ്രേക്ഷകരിലേക്ക് ഈ സിനിമയുമായി എത്തുന്നു.
-------------------------------------------------------------------------------------------
PS: 'ഒരാള്‍പ്പൊക്ക'ത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപിച്ച ശ്രീ പ്രകാശ് ബാരെയേ ഓണ്‍ലൈനില്‍ പ്രതീക്ഷിക്കുന്നു . സിനിമയെ കുറിച്ചും അതിന്റെ നിര്‍മാണ പ്രക്രിയയില്‍ ഉണ്ടായ അനുഭവങ്ങളും അദ്ദേഹം നമ്മളുമായി പങ്കുവെക്കുന്നു.

അനുഭവ കുറിപ്പ്


                                                                                                         ലവിലി നിസാര്‍

അനുഭവങ്ങൾ അതു നല്ലതും ചീത്തതുമാകട്ടെ,നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന പാതകളാണവ,കല്ലും മുള്ളും നിറഞ്ഞ പാതയെങ്കിൽ പാദങ്ങൾ ദൃഢമാകും!മനസ്സും!ഇതാ.. ഒരനുഭവത്തിലേക്ക്.....
വളരെ പാടുപെട്ടാണ് കണ്ണുതുറന്നത് ,തുറന്നു എന്നു പറയുന്നതല്ല മിഴിച്ചു എന്നതാവും ശരി,ചുഴറ്റിനോക്കിയ കണ്ണുകളിൽ വെളുപ്പു മാത്രം!ഞാൻ???മനസ്സ് എന്നെ തിരഞ്ഞു,എന്നെ ആരാണീ വെള്ളതുണിയിൽ പൊതിഞ്ഞത്?? മരിച്ചുവോ?ഉള്ളിൽ ചോദ്യങ്ങളും നിറഞ്ഞ ഭയവും..കൈകൾ ചലിപ്പിച്ച് മുഖാവരണം നീക്കാൻ ഒരു ശ്രമം നടത്തതി,ബന്ധിച്ചിരിക്കുന്നൂ,ഞാൻ മരിച്ചൂ,വീണ്ടും മനസ്സു പറഞ്ഞു,ഇടത്തെ കൈവിരൽകൊണ്ട് വലത്തെ കൈതണ്ടയിൽ നുള്ളിനോക്കി നോവുന്നുണ്ടല്ലോ?ജീവനുണ്ട്!എനിക്കു ജീവനുണ്ട്!എവിടെയാണു ഞാൻ???
എന്തൊക്കെയോ ശബ്ദങ്ങൾ പുറത്തു കേൾക്കുന്നൂ.. ആരൊക്കെയോ ഖുർആൻ ഓതുന്നൂ,എവിടെയൊക്കെയോ തേങ്ങലുകളും...
ആ........ ആ......
ഞാൻ അലറി വിളിച്ചൂ!!!!
ആകെ ബഹളമായീ.ഞാൻ ഉണർന്നത് അവരറിഞ്ഞിരിക്കുന്നൂ....''അവളുണർന്നൂ,തിരിയെവിടേ?തേങ്ങയെവിടേ...ഒരുപരുക്കൻ ശബ്ദം...അടുത്ത ചടങ്ങ് ഒഴിപ്പിക്കലാണ്....
എല്ലാം തയ്യാറായി കഴിഞ്ഞൂ,എനിക്കു ചുറ്റും കാൽപെരുമാറ്റം,മരണവീടിനെ ഓർമിപ്പിക്കുന്ന കുന്തിരിക്കത്തിൻറെ ഗന്ധം,ആരോ എൻറെ അരികിലിരുന്ന് തലയ്ക്കുപിടിച്ച് ഓതുന്നൂ..കുറേപേർ നടക്കുന്നൂ,എനിക്കുചുറ്റുമാണോ?ദേഹത്തുവീണ ചൂരൽതാളങ്ങൾ വേദനിപ്പിച്ചത് മനസ്സിനെയായിരുന്നൂ... അറിയാതെ മനസ്സ് തിരിഞ്ഞു നടന്നൂ...സ്വയം ന്യായീകരിച്ചു രക്ഷപെടാൻ ആരൊക്കെയോ തീർത്ത കെണിയിലാണു ഞാൻ,കുറ്റാരോപണങ്ങൾ ഏറിയപ്പോൾ അലറിപ്പോയതു സത്യമാണ്,മനസ്സിൻറ പിരിമുറുക്കം ശ്വാസംമുട്ടിച്ചൂ,ആത്മനിയന്ത്രണം വിട്ടപ്പോൾ ബോധം നഷ്ടപെട്ടിരുന്നൂ...പിന്നീട്,പിന്നീട് എന്തുണ്ടായീ???
ഒന്നുകൂടി കാതോർത്തു,ആരോ മുഖത്തെ തുണി മാറ്റി തന്നു,എൻറെ കണ്ണുകൾ പരതി,എവിടെ എൻറെ ശ്വാസം?എൻറ രക്ഷകൻ?എൻറെ ബലം? ഇരുകൈകളും ഉയർത്തി എന്നിലാവാഹിക്കപെട്ട ബാധയെ ഒഴിവാക്കാൻ നിറഞ്ഞ മിഴികളുമായി പ്രാർത്ഥിക്കുന്ന ആമുഖം ഞാനൊന്നേ നോക്കിയുള്ളൂ,തകർന്നുപോയീ,ഞാൻ കണ്ണുകൾ മുറുക്കിയടച്ചൂ...
''ഞാൻ പ്രകൃതിയാണ്,ജനനവും നിഗ്രഹവും എന്റെ കൈകളിൽ,മതങ്ങളും അന്ധവിശ്വസങ്ങളും ചവിട്ടിമെതിച്ച് ഉണരുവിൻ സഖാക്കളേ..''
എപ്പോഴാണ് എന്നിലെSFIകാരി മരിച്ചു തുടങ്ങിയത്???
ചില നിമിഷങ്ങളിൽ നമ്മൾ നിസ്സഹായരാണ്,''സ്ത്രീ ശക്തിയും രുദ്രയും എന്നതിനുപരി സർവ്വം സഹയുമാണു മോളേ...''മരിച്ചുപോയ ഉപ്പയുടെ വാക്കുകൾ കാതിൽ മുഴങ്ങികൊണ്ടിരുന്നൂ.....

                                                                                                 എസ്സ് ദത്തന്‍


ഇത് ആദിമകാലം മുതലുള്ള കഥയാണ്. ഈ കഥയില്‍ ചോദ്യമുന്നയിക്കുകയോ അത് ആലോചിക്കുകയോ ചെയ്താല്‍ തൂവലുകൊണ്ട് ഇക്കിളിപ്പെടുത്തി ചിരിപ്പിക്കും. അല്ലാതെ ഇതുവായിച്ച് ഓസിന് ചിരിക്കാം എന്നാരും കരുതണ്ട. മാത്രവുമല്ല ഇതിലെ കഥാപാത്രങ്ങളെല്ലാം ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരായതുകൊണ്ട് ഇതൊരു തമാശയായി എടുത്ത് പരസ്പരം കുത്തി ചാകേണ്ടതാണ്. അതുപോലെ വായിക്കുന്നവരോട് രണ്ട് വാക്ക്.. അടി... ചക്കരേ... എന്നാല്‍ തുടങ്ങട്ടെ.. കമന്‍റിടുന്നവര്‍ക്ക് ഞങ്ങളെ ഏതുവിധേനയുള്ള ദേഹോപദ്രവും ഏല്‍പിക്കാവുന്നതാണ്.....
--------------------------
കൊടുംകാട്ടില്‍ ചോനാഞ്ചേരി മഴയത്ത് കൈകള്‍ ആകാശത്തേക്ക് കൂപ്പി ഒറ്റക്കാലില്‍ കുമാര്‍ തപസ്സുചെയ്തു. ദൈവം പ്രത്യക്ഷപ്പെടും എന്നയാള്‍ക്കുറപ്പുണ്ടായിരുന്നു. എങ്കിലും ഇടമുറിയാതെ അയാള്‍ ജപിച്ചുകൊണ്ടിരുന്നു. ദൈവമേ കൈതൊഴാം കെ.കുമാറാക്കണേ അല്ലെങ്കിലെന്നെ നീ കാല്‍ക്കുമാറാക്കണേ (കുമാര്‍ ഒരു വലിയ പണക്കാരനാണ്). ദൈവത്തിന്‍റെ മനസ്സലിഞ്ഞു. അദ്ദേഹം പ്രത്യക്ഷനായി..
അല്ലയോ ഭക്താ സുക്കുമാറെ നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. നിനക്ക് ഏതു വരമാണ് ഞാന്‍ നല്കേണ്ടത്. 
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ കണ്ണടിച്ചുപോയ കുമാര്‍ തെല്ലമ്പരപ്പോടെ പറഞ്ഞു... എനിക്ക് രണ്ട് ലാര്‍ജ്... അല്ല.. സോറി... ഈലോകത്തിലെ എല്ലാവരെയും എന്നില്‍ സംപ്രീതനാക്കുന്ന തരത്തില്‍ ഒരു പുതിയലോകം സൃഷ്ടിക്കാന്‍ അങ്ങെന്നെ സഹായിക്കണേ...
അങ്ങനെയാകട്ടെ ഭക്താ... ദൈവം അപ്രത്യക്ഷനായി... കുമാര്‍ ദൈവവിളിയാല്‍ സുക്കുമാറായി... പുതിയലോകത്തിന്‍റെ നിര്‍മ്മാണവേളയില്‍ അദ്ദേഹം പേരിനെ ചുരുക്കി സുക്കറാക്കി... പുതിയ സാമ്രാജ്യത്തിന് ഫേസ്ബുക്ക് എന്ന് നാമകരണവും ചെയ്തു. ആദ്യകാലങ്ങളില്‍ എത്തിപ്പെട്ടവരെയെല്ലാം സുക്കറണ്ണന്‍ പല പുതിയ വാഗ്ദാനങ്ങളും നല്കി പുളകിതരാക്കി. ഒടുവില്‍ എല്ലാവര്‍ക്കും സ്വന്തമായി സ്ഥലം പതിച്ചുകൊടുത്തു. അതും പോരാഞ്ഞ് ഭരണഘടനയില്‍ തിരുത്തലുകള്‍ വരുത്തി ഗ്രൂപ്പുകളായി സംഘടിക്കാനും മാളോകര്‍ക്ക് അദ്ദേഹം അവസരം നല്കി. അങ്ങനെ ഫെയ്സ്ബുക്ക് എന്ന സാമ്രാജ്യത്തില്‍ പ്രജകളെക്കൂടാതെ ഗോത്രങ്ങളും നിലവില്‍ വന്നു.
ഈ ഗോത്രങ്ങളില്‍ മലയാളം അരച്ചു കലക്കികുടിച്ച് പേരെടുത്തവരുമുണ്ടായിരുന്നു. അമീബയെന്നപോലെ ഒന്നില്‍ നിന്നും മുറിഞ്ഞ് മറ്റൊന്നായി വളര്‍ന്നുതുടങ്ങിയ ഗോത്രങ്ങള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചെടുക്കാനായി മത്സരങ്ങളും ഉത്സവങ്ങളും സംഘടിപ്പിച്ചു. ഇത്തരത്തില്‍ ഉത്സവം കൊണ്ടാടുന്ന ഒരു ഗോത്രമാണ് താളിയോല. നമുക്ക് അവിടേക്ക് പോകാം. എന്താ..
ഉത്സവത്തിന്‍റെ ബാനര്‍ വലിച്ചുകെട്ടുകയാണ് ഹെഡ്മിസ്ട്രസ് ആയ ശ്യാമളയദ്ദേഹം. കൈയ്യില്‍ ഒരു ചൂരല്‍ വടിയുമുണ്ട്. എന്തിനും ഒരു ബയോളജി ടച്ചിലാണ് പുള്ളിക്കാരി ഓരോന്ന് ചെയ്യുന്നത്. എന്താ ബാനറില്‍ എഴുതിയിരിക്കുന്നത്... ഗജേന്ദ്രമോക്ഷം ഏകാങ്കനാടകമത്സരം. ആര്‍ക്കും പങ്കെടുക്കാം...
ങേ... ഏതു മത്സരത്തിനും കുതിരവാലുമായി എടുത്തുചാടുന്ന കുഞ്ഞുലക്ഷ്മി എന്ന പ്രിയയ്ക്ക് ആകെ സങ്കടമായി. ഇതിപ്പം എങ്ങനാ.. തന്നെക്കൊണ്ടാണെങ്കില്‍ ആനയെ ഒറ്റക്കെടുക്കാനുമൊക്കില്ല. അവള്‍ മരണവീട്ടിലെന്നപോലെ കൂക്കുവിളി തുടങ്ങി... അതുകേട്ട് മഹിളാമണികളില്‍ മഹിളയായ മഹിത ഓടിയെത്തി.. എന്താ കുഞ്ഞേ... നീയിങ്ങനെ കരയണെ...
തേങ്ങി തേങ്ങിയിരുന്ന കുഞ്ഞു ഒരു പിടിവള്ളിപോലെ മഹിതയുടെ കൊരവളയിലൊരു പിടുത്തം. അല്ലേച്ചി... എന്നെക്കൊണ്ട് ഒറ്റക്കിതു പറ്റൂല.. വല്ല ടീം വര്‍ക്കും... ങേ.. ങേ...
ഇതുകേട്ടതും കഴിഞ്ഞമത്സരത്തിലെങ്ങാണ്ടെ താളിയോലയില്‍ താളിതേച്ച് മുന്നിലെത്തിയ റീന ഒരു രഹസ്യം കുഞ്ഞുവിനോട് പറഞ്ഞു.. അതൊക്കെ എളുപ്പമാ ചേച്ചീ... ആനയുടെ പുറത്തുകേറി തലകുത്തിനിന്നൊരു ഫോട്ടം പിടിക്കണം എന്നിട്ട് അത് തലതിരിച്ച് പോസ്റ്റിയാല്‍ പോരെ.. ആനയെ നമ്മ ചുമക്കണതായി തോന്നില്ലേ... കുഞ്ഞുലക്ഷ്മിയുടെ തലയില്‍ ഒരു വെളിച്ചം വന്നടിച്ച്, ഫ്യൂസായി അവള്‍ നിലത്തു വീണു.
താളിയോലയിലെ പ്രമുഖര്‍ ഓടിക്കൂടി. അടിയന്തിര യോഗം വിളിച്ചു.. ഏകാങ്ക നാടകമത്സരത്തില്‍ ടീമുകളായി പങ്കെടുക്കാമെന്ന് നിര്‍ദ്ദേശവും വച്ചു...
കുഞ്ഞുലക്ഷ്മി തുള്ളിച്ചാടി. അവള്‍ അപ്പോഴാണ് അതോര്‍ത്തത് .. ഒരു തോര്‍ത്തുമുടുത്ത് കുത്തിയിരുന്നു ചിന്തിച്ചു.. ആരെ വിളിക്കും.. ഒടുവില്‍ ഗജപോക്കിരിയും ലോകത്തിലെ കറുത്ത മുത്തെന്നറിയപ്പെടുന്നവനുമായ ബ്ലാക്കിയെത്തന്നെ ആദ്യം വിളിക്കാമെന്നു കരുതി.. പിന്നെ താമസിച്ചില്ല നേരെ അമ്പലത്തില്‍ പോയി ഒരു മണിയടിച്ചു.. തിരിഞ്ഞു നോക്കുമ്പോഴുണ്ട് അതാ മണിയടിയില്‍ ബിരുദാനന്തര ബിരുദമെടുത്ത് മണി നില്‍ക്കുന്നു. കുഞ്ഞുലക്ഷ്മി പിന്നെ ഒന്നും ആലോചിച്ചില്ല.. അവനോട് പറഞ്ഞു
എടാറുക്കാ... നീ കൂടുമോ എന്‍റെ ടീമില്‍.. ബോഞ്ചിവെള്ളോം മറ്റും വാങ്ങിത്തരാം .. ബ്ലാക്കിയെയും വിളിക്കാം..
ബോഞ്ചിവെള്ളം മാത്രംപോര അയ്യമ്പുഴയിലേക്കൊരു ടിക്കറ്റുകൂടി കൊടുത്താലെ വരുകയുള്ളെന്നായി മണി.. നിവൃത്തിയില്ലാതെ അതും സമ്മതിച്ച് ഒരു ബോഞ്ചിയും കുടിച്ച് ദത്തനെന്ന ബ്ളാക്കിയെത്തേടി അവര്‍ മറൈന്‍ ഡ്രൈവിലെത്തി.. 
ചുംബനസമരത്തില്‍ അറിയാതെപെട്ടുപോയ ബ്ലാക്കിയുടെ ചുണ്ട് പട്ടികടിച്ചുപറിച്ചതുപോലെ രക്തമിറ്റിച്ചു നില്‍ക്കുന്നു...
അനുരാഗ ഗാനം പാടി.. കരളിലെ.... 
അറിയാതെ മനസ്സും കരളും അലിഞ്ഞുപോയ കുഞ്ഞുലക്ഷ്മി അവനെ നോക്കി പാടി... ബ്ലാക്കിക്കും അടക്കാനായില്ല അവൻ പട്ടി മോങ്ങുന്നതുപോലെ കരഞ്ഞു സ്കൂള്‍ക്ലാസ്സുമുതല്‍ മനസ്സിന്‍റെ ഉള്ളിന്‍റെയുള്ളില്‍ കുടിയിരുത്തിയിരുന്ന കുഞ്ഞുലക്ഷ്മിയെക്കണ്ടതും ബ്ലാക്കി സകല നിയന്ത്രണങ്ങളും വിട്ട് പാടി... 
അലാരെ.. ഗോവിന്ദാ .. അയാരെ ഗോവിന്ദാ...
കാര്യങ്ങളെല്ലാം അവനെ ധരിപ്പിച്ച്, ഇനിയടുത്തതാര് എന്ന് കരുതി നില്‍ക്കുമ്പോള്‍ ദത്തന്‍ പറഞ്ഞു നമുക്ക് ഗ്രാമീണനെ വിളിക്കാം. ഉടനെ കുഞ്ഞു ഫോണെടുത്ത് കുത്തി വിളിച്ചു... ഗ്രാമീണനെടുത്തില്ല...
ഉടനെ ദത്തന്‍ പറഞ്ഞു അങ്ങനൊന്നും വിളിച്ചാല്‍ അവന്‍ വരില്ല... ചാത്തന്‍ സേവ ചെയ്യണം... ദത്തന്‍ അതിനുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.. മണി മണിയടിച്ചുകൊണ്ടേയിരുന്നു. 
ഒരു ഉണക്കമീനെടുത്ത് സിഗററ്റുലാമ്പുകൊണ്ട് കത്തിച്ചു ആകാശത്തേക്ക് ഉയര്‍ത്തിപിടിച്ച് ദത്തന്‍ വിളിച്ചു... എടാ ഒടിയാ....... എവിടെ നിന്നെന്നറിഞ്ഞില്ല കൈയ്യില്‍ കെമിക്കല്‍ കലക്കിയ കള്ളുമായി ഗ്രാമീണന്‍ പാഞ്ഞെത്തി.. വന്നപാടെ അവന്‍ പറഞ്ഞു എനിക്കു വിശക്കുന്നു. നാലുപേരുംകൂടി അടുത്തുള്ള ഹോട്ടലില്‍ക്കയറി. ബിരിയാണി ഓര്‍ഡര്‍ചെയ്തു. പേഴ്സ് തട്ടിയിട്ട് എണ്ണിനോക്കിയപ്പോള്‍ തികയില്ല കൈമടക്കിലെവിടെയോ ഓളിപ്പിച്ചിരുന്ന ചില്ലറത്തുട്ടുകള്‍ എല്ലാംകൂടി പെറുക്കിയെടുത്തപ്പോള്‍ കഷ്ടിച്ച് ഒരെണ്ണത്തിനേ തികയൂ.. ഉള്ളതുകൊണ്ട് ഓണംപോലെ... അവര്‍ ഒരെണ്ണം ഓഡര്‍ചെയ്തു.. കൊണ്ടുവച്ചതും മണി എന്തോ ഒന്നെടുത്ത് പോക്കറ്റിലിട്ടു. തിന്നു കഴിഞ്ഞപ്പോള്‍ മണിയെ കാണാനില്ല. ബ്ലാക്കി പുറത്തിറങ്ങി നോക്കി . അവന്‍ ദൂരെ നില്‍പ്പുണ്ട് ഗ്രാമീണന്‍ ചെന്ന് അവനോട് ചോദിച്ചു നീ എന്ത് പണിയാണ് കാണിച്ചത്. അവന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. നീ വേഗം വാ നമുക്കു പോകാം , ഡാ നീ കാര്യം പറ . അവന്‍ മറവില്‍ കൊണ്ടു പോയി നിറുത്തി പോക്കറ്റില്‍ നിന്നു ഒരു മുട്ട എടുത്തു . എന്നിട്ട് പറയുകയാ " ഡാ ഇതു ആ ബിരിയാണിയില്‍ ഉണ്ടായിരുന്നതാ . അവര് കണ്ടാല്‍ അത് തിരികെ ചോദിച്ചാലോ അത് കാരണം ഞാന്‍ അത് പോക്കറ്റില്‍ ഇട്ടു തടി തപ്പിയതാ.
ബ്ളാക്കി മണിയെ കൈക്ക് പിടിച്ച് ബിരിയാണിയിലെ മുട്ട വാങ്ങി ഹോട്ടലില്‍ തിരിച്ചേല്‍പ്പിച്ച് സത്യസന്ധത കാട്ടി..
ഹോ വിശപ്പു മാറി ഇനിയും വേണമല്ലോ ആള് . !വീണ്ടും കുഞ്ഞുലക്ഷമി ബഹളം തുടങ്ങി.. അവര്‍ ഹബ്ബില്‍ നിന്നും വണ്ടികയറി മിനിയുടെ വീട്ടിലേക്കു പോയി. ആള് മുനിയാണെങ്കിലും ഭയങ്കര ബുദ്ധിമതിയാണ്. നാട്ടുമരുന്നുകളും കണക്കും അരച്ചു കലക്കിക്കുടിച്ച്....! അങ്ങനെ.... വണ്ടി മുനിയുടെ വീട്ടിനടുത്ത സ്റ്റോപ്പില്‍ എത്തി. ഇറങ്ങാന്‍ നേരം ഗ്രാമീണന്‍ കണ്ടക്ടറുടെ കോളറില്‍ കടന്നുപിടിച്ച് ബഹളമുണ്ടാക്കി. എന്താ കാരണമെന്ന് അന്വേഷിച്ചവരോട് അവന്‍ പറഞ്ഞു "ഞാന്‍ കയറുന്നതിനു മുന്നെ ഈ ചവിട്ടു പടിയുടെ താഴെ ചെരുപ്പ് ഊരി ഇട്ടതാ ഇപ്പോള്‍ കാണാനില്ല," 
ഞങ്ങള്‍ കയറിയത് എറണാകുളത്ത് നിന്നാണെ!!
ഏയ് മുനീ. കുഞ്ഞു നീട്ടിവിളിച്ചു.. ദാകിടക്കുന്നു പൊത്തോന്നു മിനി റോഡില്‍. ഓ സാരല്യ എന്നു പറഞ്ഞ് ചാടിയെഴുന്നേറ്റ് ജ്യോമട്രിപ്പെട്ടിതുറന്ന് ചുട്ട പുളിങ്കുരു മണിക്കൊഴികെ എല്ലാവര്‍ക്കും നീട്ടി അവള്‍ ചിരിച്ചു. 
ടീ പൊട്ടീ നീ വേണം കേട്ടോ നമ്മുടെ ടീമില്. 
എന്താ.. 
അല്ലേ താളിയോലയിലെ ഒരു മത്സരം നടക്കണു. 
ബാക്കി പറഞ്ഞത് മണിയാണ് ഗജേന്ദ്രമോക്ഷപാഞ്ചാലിവസ്ത്രാക്ഷേപ ഏകാങ്കനാടകമത്സരം.. 
ഓ മണിയുണ്ടായിരുന്നോ ഞാന്‍ മറന്നുപോയതാ നേരത്തെ പുളിങ്കുരു തരാന്‍.. പോട്ടെ.. സോറി...സോറി..സോറി... അവള്‍ പെട്ടിതുറന്ന് എന്തോ എടുത്തു.. മണി ആര്‍ത്തിപൂണ്ട് കൈനീട്ടിയതും കോമ്പസിനിട്ടൊരു കുത്തുകൊടുത്തു. അവള്‍.. നിന്നെ ഞാന്‍ നോക്കി വച്ചിരിക്കുകയായിരുന്നു...
അപ്പഴിനി അടുത്തത് ആരാ.. നമുക്ക് ശ്രീജേനെ വിളിച്ചാലോ ബ്ലാക്കി പറഞ്ഞതും, കുഞ്ഞുവിന്‍റെ ഫോണ്‍ ശബ്ദിച്ചു... നിങ്ങള്‍ മനസ്സില്‍ വിചാരിക്കുമ്പോള്‍ ഞാനവിടെ എത്തും.. ആനയെ സംബന്ധിക്കുന്ന കഥയാകുമ്പം ഈ പല്ലനയില്ലാതെ എന്തോരു നാടകം. ഇപ്പോഴും ഭക്ത പ്രഹ്ളാദനിലെ പ്രധാന നടനാ ഞാന്‍...
അയ്യടാ ഒരു പ്രഹ്ളാദന്‍ എന്നാലും നീ വായോ.. അപ്പൊ ഇനിയും വേണമല്ലോ.. ഹോ വയ്യ..... ഇനി മുത്തുണ്ടല്ലോ അവനാണേ നാടകത്തില്‍ തയക്കോം പയക്കോം വന്നവനാ അവനേം ചേര്‍ത്തേര്. ഗ്രാമീണനാണ് അത് പറഞ്ഞത്. അങ്ങനെ എണ്ണാനറിയാത്ത കുഞ്ഞലക്ഷ്മി വല്ലജാതിയും പത്തുപേരെ തികച്ച് താളിയോലയുടെ പറമ്പില്‍കൊണ്ടു നിര്‍ത്തി.
അവിടെ ബാനറുകളുടെ ബഹളം ..നാരായം , മഷിത്തണ്ട് , അക്ഷരശ്രീ,സ്നേഹതൂലിക എന്നുവേണ്ട.. ഹോ... ഇടയ്ക്കിടയ്ക്ക് പിറകില്‍ കൈയ്യുംകെട്ടി ശ്യാമള അദ്ദേഹം തെക്കുവടക്കു നടക്കുന്നുണ്ട്. ഇങ്ങനെ കറങ്ങുമ്പോഴും ഒറു ചൂരല്‍ വടി കൈയ്യില്‍ മുറുക്കി പിടിച്ചിട്ടുണ്ട്. സാജന്‍ സാറാണ് സ്റ്റാഫ് സെക്രട്ടറി.. യുവജനോത്സവവേദിയിലെ ചട്ടങ്ങള്‍ പഠിപ്പിക്കുകയാണ് അദ്ദേഹം... പെട്ടെന്നാണ് രണ്ടു ചാവാലിപട്ടികള്‍ അപ്പുറത്തെ പറമ്പില്‍ കിടന്നു കടികൂടുന്നത് ബ്ലാക്കി കണ്ടത്... പിന്നെ താമസിച്ചില്ല വീരശൂര പരാക്രമിയായ അദ്ദേഹം ഒരു കല്ലെടുത്ത് നല്ലൊരു കീച്ചു കീച്ചി. പട്ടി... അരൊക്കെയോ കരയണപോലെ മോങ്ങി സ്ഥലം കാലിയാക്കി. അടുത്തുനിന്ന ഗ്രാമീണന്‍ ബ്ലാക്കിയോട് ചോദിച്ചു നീയെന്തിനാടാ ആ പാവുത്തുങ്ങളെ ഉപദ്രവിച്ചത്. പെട്ടെന്നായിരുന്നു ബ്ലാക്കിയുടെ മറുപടി. ഒന്നുകില്‍ നിന്നെ കൊല്ലണം അല്ലെങ്കില്‍ അവറ്റകളെ ഓടിക്കണം മൂന്നുപട്ടികളുംകൂടി ഇങ്ങനെ ചിലച്ചാല്‍ പിന്നെ ഞാനെന്തുചെയ്യാനാ. നിന്നെ കൊല്ലാന്‍ പറ്റാത്തോണ്ടാ അവറ്റകളെ ഞാനോടിച്ചത്.
ഞങ്ങ നിന്ന പറമ്പില്‍ നല്ല കാറ്റായിരുന്നു. പാവാട പറത്തി കാറ്റാണ്. മിനി ഒരുവിധം രണ്ടുകൈകൊണ്ടും പാവാട അടുക്കിപിടിച്ചു വച്ചിരിക്കുകയാണ് . അപ്പോഴാണ് അവളുടെ ശ്രദ്ധയില്‍ അതുപെട്ടത് നാടകത്തിനായി ഒരുക്കിയിരിക്കുന്ന അരങ്ങിലെ കര്‍ട്ടന്‍. കര്‍ട്ടന്‍ പെട്ടെന്ന് താഴേക്ക് വരാനായി കല്ലുകള്‍ സഞ്ചിയിലാക്കി കെട്ടിയിരിക്കുന്നു. അവള്‍ക്ക് ഐഡിയ സേഠ്ജി.... എവിടുന്നൊക്കെയോ അമ്പതുപൈസയുടെ പ്ലാസ്റ്റിക് കീസുകള്‍ പെറുക്കിയെടുത്ത് അതില്‍ കല്ല് നിറച്ച് പാവാടയുടെ ചുവട്ടില്‍ അങ്ങിങ്ങായി കെട്ടി. ങ്ങഹാ ..ഇനി പറക്കുന്നതു കാണാമല്ലോ.!!
സാജന്‍ സാര്‍ ഹാജരു വിളിച്ചു. കുഞ്ഞുലക്ഷ്മി ഒരോരുത്തരുടെ ഫോട്ടം കാണിച്ച് പരിചയപ്പെടുത്തി. ബ്ലാക്കിയുടെ ഫോട്ടം കണ്ട് സാജന്‍സാര്‍ ഞെട്ടി. ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തില്‍ ഒരു സെറ്റ് പല്ലുമാത്രം വെളുത്തു നില്‍ക്കുന്നു. ഇതാരാ ?..... ഇതാ നമ്മുടെ ദുര്യോദനന്‍... 
ഫഷ്ട്.. അപ്പൊ എത്ര വാട്ട് ബള്‍ബു കൊണ്ടുവന്നിട്ടുണ്ട് ഇവനെയൊന്നു കാണിക്കാന്‍.... അപ്പോഴും ദത്തന്‍ ചിരിച്ചു ആ പ്രകാശത്തില്‍ സാജന്‍സാര്‍ പരുങ്ങി. 
നിങ്ങള് ഏതു നാടകമാ കളിക്കണത് പാഞ്ചാലിവസ്ത്രാക്ഷേപ ഗജേന്ദ്രമോക്ഷ ഭക്ത പ്രഹളാദന്‍.. ഒരു വെറൈറ്റി ആയിക്കോട്ടെ പല്ലനയും മുത്തും ചേര്‍ന്നാണ് കോറസ് പോലെ പറഞ്ഞു . 
നാടകം തുടങ്ങി. ദ്രവിച്ച പലകയില്‍ത്തീര്‍ത്ത നാടകത്തട്ടിനടിയില്‍ എതിര്‍ ചേരിക്കാര്‍ സ്ഥാനം പിടിച്ചു. റീനയും വേണുഗോപാലും സിന്ധുവും എന്നുവേണ്ട ഒരു പടതന്നെ... കുറ്റിച്ചൂലീന്നു പറിച്ചെടുത്ത ഈര്‍ക്കിലികൊണ്ട് സ്റെജിനടിയില്‍ കയറി നടീനടന്‍മാരുടെ കാലുകളില്‍ ഇക്കിളിപ്പെടുത്തുകയാണ് അവര്‍. ദുര്യോദനനായ ബ്ലാക്കി ഗമയില്‍ ചാക്കുകഷണത്തില്‍ ഇരുന്നുറങ്ങുകയാണ്. ഒരു കരിം കുരങ്ങുപോലെ ഒരു മൂലയ്ക്ക്. പാഞ്ചാലിയായി വേഷമിട്ട മണി സമയമില്ലാത്തതിനാല്‍ ആറുസാരിക്കുപകരം അഞ്ചെണ്ണം ഉടുത്ത് അഡ്ജസ്റ്റുചെയ്തു. അഴിക്കുമ്പോള്‍ ഒന്നു കുറച്ചഴിക്കണമെന്ന് മുത്തിനോട് പറഞ്ഞെങ്കിലും ആ അവേശത്തില്‍ അവന്‍ അഞ്ചെണ്ണവും അഴിച്ചു. കളസപ്പാടെ നിന്ന മണിയുടെ തുടയില്‍ അമ്മ ചട്ടകം വച്ച അടയാളം നിന്നു മിന്നി. എന്‍റെ കൃഷ്ണാ എന്നുറക്കെ വിളിക്കുമ്പോള്‍ കൈയ്യില്‍ ഗദയുമായി പല്ലന കടന്നുവന്നു. തോഴിയായ ശ്രീജയും മുനിയും റീനയുടേയും കൂട്ടരുടേയും അടിയില്‍ ഇരുന്നുള്ള ഈര്‍ക്കിലി പ്രയോഗത്തില്‍ പുളകിതാരയി ഡാന്‍സു കളിച്ചു. 
എവിടെയാടാ നിന്‍റെ ദൈവം.... കാണട്ടെ..... ഏതു തൂണിലാ ഇതിലോ അതിലോ.... ഏതിലാണെന്ന് കണ്‍ഫ്യൂഷനായ പ്രഹ്ളാദവേഷത്തിലെ കുഞ്ഞുലക്ഷ്മി ഒരു നിമിഷം ആലോചിച്ചു. വെളിയിലെ കൂക്കിവിളിയില്‍ ഷുഭിതനായി പല്ലന ആഞ്ഞ് ഒരു തൂണില്‍ അടിച്ചു. തൂണു പിളര്‍ന്നു ദൈവത്തിനെ കണ്ടില്ല.. 
എന്നാ പിന്നെ അതിലായിരിക്കും.. തൂണുമാറിക്കയറിയതിന് ബ്ലാക്കി ഗ്രാമീണന്‍റെ കഴുത്തിനുപിടിക്കാനോടി... ലൈറ്റ് ഓഫ്.. ബ്ലാക്കിയെ ആര്‍ക്കും കാണാന്‍ വയ്യ പക്ഷേ അവന് എല്ലാവരേയും കാണാം... എല്ലാം അറിയുന്നവന്‍ ബ്ലാക്കി.... സാഗര്‍ ഏലിയാസ് ബ്ലാക്കി....

ജയം. തോല്‍വി


                                                                                                  ഷാജി കുന്നിക്കോട്


ജയം. തോല്‍വി എന്നൊക്കെ പറഞ്ഞു കേള്‍ക്കാറില്ലേ? ജയപരാജയങ്ങളെപ്പറ്റി ലോകര്‍ പറയുന്നത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കഴിവുള്ള എല്ലാവര്‍ക്കും വിജയം ഉണ്ടാകുന്നില്ലല്ലോ?
സമൂഹത്തിന്റെ ദൃഷ്ടിയില്‍ വിജയി എന്നു തോന്നുന്നവന്‍ യഥാര്‍ഥത്തില്‍ പരാജിതനായിരിക്കാം..
വിത്ത് കുഴിച്ചിട്ടശേഷം ദിവസവും അത് മുളച്ചുവോ എന്നറിയാന്‍ പുറത്തെടുത്ത് പരിശോധിക്കുന്നവരാകരുത് നമ്മള്‍. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് ഉടന്‍ ഫലം കണ്ടില്ലന്ന് വരാം.തുടക്കത്തില്‍ ഫലം കണ്ടില്ലെങ്കിലും ക്ഷമയോടെ മുന്നോട്ട് നീങ്ങിയാല്‍ നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കും. നമ്മുടെ ജീവിത വൃക്ഷം തളിരിടുകയും ചെയ്യും തോല്‍വിയെക്കുറിച്ചുള്ള ഭയത്തെ അതിജീവിക്കാന്‍ കഴിയുന്നത് തന്നെ വലിയൊരു വിജയമാണ്. അപ്പോള്‍ പിന്നെ പരാജയത്തിന്റെ ഇരുട്ടിലും വിജയത്തിന്റെ വെളിച്ചം നമുക്ക് കാണുവാന്‍ കഴിയും.
ജീവിതത്തില്‍ ഉണ്ടാകുന്ന വലിയ കാര്യങ്ങളാണ് നമ്മുടെ വിജയങ്ങള്‍ എന്നു നമുക്ക് പലപ്പോഴും തോന്നാറുണ്ട്. നമ്മള്‍ ഒരു മത്സര പരീക്ഷയില്‍ വിജയിക്കുമ്പോള്‍ ഇതൊക്കെ ജീവിതത്തില്‍ ഏറ്റവും വലിയ വിജയമായി നമ്മള്‍ കാണരുത്.
അര്‍ഹമായ വിജയമാണോ നമ്മള്‍ നേടിയതെന്നുള്ള ആത്മ പരിശോധന നടത്തുക.വിജയത്തിലേക്കുള്ള എളുപ്പവഴി തേടുന്നത് സത്യത്തെ മറികടന്നാവരുത്.കാണുന്ന സത്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ഒടുവില്‍ അന്ധകാരത്തില്‍ തന്നെ അഭയം തേടും..കാരണം അവള്‍ വെളിച്ചത്തെ ഭയക്കുന്നു.കഴിവിനോപ്പം ചെയുന്ന കര്‍മ്മത്തെ കുറിച്ച് ശരിയായ അവബോധം മനസ്സില്‍ ഉണ്ടായിരിക്കണം.ഇല്ലെങ്കില്‍,
ലക്ഷ്യപ്രാപ്തി ഒരിക്കലും കൈ വരിക്കാന്‍ സാധിക്കില്ല..
ഓട്ടമത്സരത്തില്‍ പങ്കെടുത്തു വിജയിച്ച കുട്ടിയുടെ മനസ്സില്‍ അതാണ്‌ ഏറ്റവും വലിയ വിജയമെന്ന് തോന്നിയേക്കാം,യഥാര്‍ത്ഥത്തില്‍ അതാണോ ജീവിത വിജയം..?
സത്യം എപ്പോഴും ഒരുപാട് ദൂരത്തായിരിക്കും ..അവിടേക്ക് ചെന്നത്താന്‍ കാതങ്ങളോളം ദുര്‍ഘടപാതയിലൂടെ സഞ്ചരിക്കണം.കാരണം ശരിയായ ജീവിത വീക്ഷണങ്ങള്‍ക്ക് മീതെ സഞ്ചരിക്കുമ്പോള്‍ പാദങ്ങളില്‍ അനുഭവങ്ങളാകുന്ന മുള്‍മുനകള്‍ തറച്ചു രക്തം ചിന്തും.ആ രക്തബിന്ദുക്കള്‍ ഹൃദയത്തില്‍ നിന്നുതിരുന്ന അശ്രുകണങ്ങളാല്‍ കഴുകിക്കളഞ്ഞ് വീണ്ടും യാത്ര ചെയുമ്പോള്‍ യാത്രയുടെ ദൈര്‍ഖ്യം കൂടുന്നു,
വിജയങ്ങളുടെ പിന്നാലെ പരക്കം പായുമ്പോള്‍ സേവനത്തിന് കൂടി മുന്‍ തൂക്കം നല്‍‍കണം. ഓരോ കൂട്ടായ്മയിലെയും അംഗങ്ങള്‍ തമ്മിലും ഈ സേവന മനോഭാവം ഉണ്ടാകണം. പരസ്പരം അറിഞ്ഞുള്ള സേവനം, സ്നേഹം, വിശ്വാസം എന്നിവ ഉണ്ടാകണം. എങ്കില്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകൂ....!

Thursday, January 22, 2015

മരണം രംഗബോധമില്ലാത്ത കോമാളി.










                                                                            ജ്യോതി മാനുഷികം

രാവിലെ സംസ്ഥാന സ്കൂൾ കലോൽസവവാർത്തകളിലുടെ കണ്ണോടിച്ചുകൊണ്ടിരിക്കവെ നാടക മത്സരത്തിൽ സമ്മാനാർഹമായ ടീമിന്റെ പടം കണ്ടപ്പോൾ ഓർമ്മകൾ എന്നെ ഒരു 12-13 വർഷം പുറകിലേക്ക് കൊണ്ടുപോയി.
അന്ന് അഛ്ചന്റെ ജോലി സംബന്ധമായി കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. നാട്ടിൽ നിന്നുള്ള ബന്ധുക്കളോ,സുഹൃത്തുക്കളോ ആരെങ്കിലും മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തുകയാണെങ്കിൽ അവരെ പോയി കാണുക എന്നത് അഛ്ചന്റെ ഒരു പതിവായിരുന്നു.മിക്കവാറും അഛ്ചനോടൊപ്പം ഞാനും മെഡിക്കൽ കോളേജിൽ പോയിരുന്നു..പിന്നെ പിന്നെ അഛ്ചന്റെ ബന്ധുക്കളോ,സുഹൃത്തുക്കളൊ,അവരുടെ കുടുംബാംഗങ്ങളോ അവിടെ വന്നാൽ അഛ്ചനു തിരക്കുള്ള അവസരങ്ങളിൽ അവരെ സന്ദർശിക്കുക എന്നത് എന്റെ ചുമതല ആയി തീർന്നു.ആദ്യദിവസം അഛ്ചൻ എന്നെയും കൂട്ടി മെഡിക്കൽ കോളേജിൽ പോയി രോഗി കിടക്കുന്ന റൂമോ,വാർഡോ കാണിച്ചുതരും.പിന്നീടുള്ള ദിവസങ്ങളിൽ മിക്കവാറും കോളേജിൽ നിന്നും തിരികെ വരുന്ന സമയത്താണ് ഞാൻ മെഡിക്കൽ കോളേജിൽ കയറി അവരുടെ സുഖവിവരം അന്വേഷിക്കുന്നത്.നാട്ടിൽ നിന്നും ദൂരെ പട്ടണത്തിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന അവർക്ക് ഞങ്ങളുടെ സന്ദർശനം വലിയ ആശ്വാസമാണെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്നും ഞങ്ങൾക്ക് മനസിലാകാറുണ്ട്. പിന്നീട് അവർ ഡിസ്ചാർജ് ആയി പോകുന്നത് വരെ വൈകുന്നേരങ്ങളിൽ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ ഞാൻ അവിടെ കയറി വിവരങ്ങൾ അന്വേഷിച്ചു ചെല്ലണം .അത് അച്ഛന്റെ ഒരു തീരുമാനം ആയിരുന്നു. പിന്നീട് ആര് ഹോസ്പിറ്റലിൽ കിടന്നാലും അറിയാതെ ഞാൻ അവിടെയെത്താൻ തുടങ്ങി. അച്ഛൻ ചോദിച്ചാലും ഇല്ലെങ്കിലും അവരോടൊപ്പം നില്ക്കുന്നവരോട് കുറച്ചു നേരം സംസാരിച്ചു ഇരിക്കുക എന്ന ശീലം എന്നിലേക്ക് അറിയാതെ വന്നു ചേർന്നതായിരുന്നു.എന്റെ വരവും കാത്തു നിൽക്കുന്ന അവരെ കാണുമ്പോൾ അറിയാതെ പിറ്റെ ദിവസവും ഞാൻ അവിടെയെത്തിപ്പോവും
ഒരിക്കൽ അസുഖമായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ അഛ്ചന്റെ ഒരു ബന്ധുവിനെ കണ്ട് മടങ്ങുമ്പോൾ ഐ .സി യു വിന്റെ മുന്നിൽ വച്ച് ഒരു അമ്മയെയും മോനെയും കണ്ടു . നിർവികാരമായ മുഖത്തോടെ ആ അമ്മ പതിനഞ്ച് വയസ്സോളം പ്രായമുള്ള മകനെ ഒരു വീൽ ചെയറിൽ ഇരുത്തി തള്ളികൊണ്ടുവരുന്നു. വിളറി വെളുത്തു വീൽ ചെയറിൽ ചുരുണ്ട് കൂടിയിരുന്ന ആ കുട്ടി പെട്ടന്ന് അച്ഛനെ തിരിച്ചറിഞ്ഞു ..അച്ഛന്റെ കൈയിൽ പിടിച്ചു ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു."മാഷെ ....മാഷാണ് എന്റെ നാടകത്തിനു ഫസ്റ്റ് തന്നത് എന്നെ മികച്ച നടനായി തെരഞ്ഞെടുത്തത്" ..ആ മിടുക്കനെ ഒറ്റനോട്ടത്തിൽ തന്നെ അച്ഛൻ തിരിച്ചറിഞ്ഞു.മുമ്പ് അഛ്ചൻ പഠിപ്പിച്ചിരുന്ന താമരശ്ശേരി സ്കൂളിലെ വിദ്ധ്യാർത്ഥി പ്രവീണ്.രോഗവിവരം ആരാഞ്ഞപ്പോളാണു ആ അമ്മ തകർന്ന ഹൃദയത്തോടെ, നിറമിഴികളോടെ ആ ഞെട്ടിപ്പിക്കുന്ന വിവരം പറഞ്ഞത്. പ്രവീണിന്റെ അസുഖം ലുക്കീമിയ. കുറെ ദിവസമായി മെഡിക്കൽ കോളേജിൽ അഡ്മിറ്റായി ചികിത്സയിലാണ്.അഛ്ചൻ നേരത്തെ മരിച്ച പ്രവീണിന്റെ കുടുംബത്തിൽ അമ്മയും മോനും മാത്രം.മധ്യ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയ ആ കുടുംബത്തിനു കാര്യമായി ബന്ധുക്കൾ ആരും തന്നെ താമരശ്ശേരിയിലില്ല . അമ്മക്ക് മോനും, മോന് അമ്മയും മാത്രം. .രക്തം വാർന്നു തളരുന്നതിനും മുൻപ്, വാശി പിടിച്ചു കാഴ്ച്ചകൾ കാണാനായി ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു അവൻ . അടുത്ത കുപ്പി രക്തത്തിനും,മരുന്നുകൾക്കുമുള്ള കാശ് എങ്ങനെയുണ്ടാക്കും എന്ന ചിന്തിച്ചു നിൽക്കുന്ന ആ അമ്മയ്ക്ക് കയ്യിലേക്ക് പേഴ്സിൽ ഉണ്ടായിരുന്ന ചില്ലറ അടക്കമുള്ള കാശ് മുഴുവൻ കൊടുത്തു, നിറമിഴികളോടെ അച്ഛൻ എന്റെ കയ്യും പിടിച്ച് പടികൾ ഇറങ്ങിപ്പോരുമ്പോൾ "നാളെയും അവനെ കാണണം" എന്ന് മാത്രം പറഞ്ഞു.എന്റെ കൈയ്യിൽ മുറുകെ പിടിച്ച് അച്ഛൻ മുൻപോട്ടു നടക്കുമ്പോൾ, ആ അച്ഛന്റെ മകളായി പിറന്നതിൽ ഏറെ അഭിമാനിച്ച് ,നിറമിഴികളോടെ ആ കാലടികൾ ഞാൻ പിന്തുടർന്നു.
പിറ്റെദിവസവും ഞാൻ പതിവുപോലെ ബന്ധുവിനെ കണ്ടു യാത്ര പറഞ്ഞു.പ്രവീണിനെ കാണാനായി ഐ.സി.യുവിന്റെ മുൻപിൽ എത്തിയപ്പോൾ പരിചയമുള്ള ഒരു നേഴ്സ് ചേച്ചി ആയിരുന്നു അവിടെ ഡ്യൂട്ടിയിൽ.അവരോട് വിവരങ്ങൾ തിരക്കിയപ്പോളാണു കരളലിയിക്കുന്ന ആ വിവരങ്ങൾ അറിഞ്ഞത്.പ്രവീണിനെ ഏതു സമയവും മരണം തട്ടിയെടുത്തേയ്ക്കാം.ഇനി ദിവസങ്ങൾ മാത്രമേ അവന് ഈ ഭൂമിയിൽ അവശേഷിച്ചിട്ടുള്ളു.വിങ്ങുന്ന ഹൃദയത്തോടെയാണു ഞാൻ പ്രവീണിന്റെയും അമ്മയുടെയും അടുത്തേയ്ക്ക് ചെന്നത്.വിതുമ്പുന്ന മനസ്സിനെ ഞാൻ നിയന്ത്രിച്ചുകൊണ്ടിരുന്നു.അവിടെ നിന്നും ഇറങ്ങുന്നത് വരെ എന്റെ മിഴികൾ നനയരുതെന്ന് ഞാൻ സ്വയം എന്നോടു തന്നെ മന്ത്രിച്ചുകൊണ്ടിരുന്നു. .അല്പനേരം സംസാരിച്ചു കഴിഞ്ഞപ്പോൾ ആ അമ്മ "മോള് കുറച്ചു നേരം നിൽക്കുമെങ്കിൽ എനിക്ക് ആ തുണിയൊക്കെ ഒന്ന് കഴുകിയെടുക്കാമായിരുന്നു" എന്നുപറഞ്ഞു.അമ്മ തുണികൾ എടുത്തു പുരത്തേയ്ക്ക് പോയപ്പോൾ,എന്നെ ചിരിപ്പിക്കാൻ അവൻ പല തമാശകളും പറഞ്ഞു കൊണ്ടേയിരുന്നു.. സ്കൂളിലെ വിശേഷം ,കലോത്സവ വിശേഷം,അച്ഛന്റെ സ്നേഹമസൃണമായ പെരുമാറ്റം,കലോൽസവത്തിനായി അച്ഛൻ നാടകം പഠിപ്പിച്ചതും കേന്ദ്ര കഥാപാത്രമായി അവനെ തീരുമാനിച്ചതും അങ്ങിനെ അങ്ങിനെ ഒത്തിരി. ഓരോ നിമിഷവും ഉരുണ്ടു കൂടിയ കണ്ണുനീർ അവൻ കാണാതെ തടഞ്ഞു നിർത്താൻ ഞാൻ നന്നേ പാടുപെട്ടു .
മരണം തന്റെ കൂടെയുണ്ടെന്നു അറിഞ്ഞിട്ടും ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുകയാണെന്നറിഞ്ഞിട്ടും കൊണ്ടിരിക്കയാനെന്നും അറിഞ്ഞിട്ടും ഒരു നിമിഷം പോലും മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. മരണത്തെ സ്വീകരിക്കാൻ അവൻ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു.തുണിയൊക്കെ കഴുകി തിരികെയെത്തിയ അമ്മയുടെ കണ്ണുകൾ കരഞ്ഞുകരഞ്ഞ് വീർത്തിരിക്കുന്നത് ഞാൻ കണ്ടു.തുണികഴുകിക്കൊണ്ടിരുന്ന സമയം മുഴുവൻ അവർ കരയുകയായിരുന്നെന്നു എനിക്ക് മനസിലായി.അവരോടു യാത്ര പറഞ്ഞ വെളിയിൽ ഇറങ്ങിയപ്പോളെയ്ക്കും എന്റെ മിഴികൾ ഞാനറിയാതെ പെയ്യാൻ തുടങ്ങിയിരുന്നു.പിന്നീട് ഞാൻ എത്തുന്നവേളയിൽ ഒക്കെ അമ്മ എന്നെ അവന്റെ അരികിലിരുത്തി ലാബിൽ,ചായ വാങ്ങാൻ,മരുന്ന് വാങ്ങാൻ എന്നൊക്കെ പറഞ്ഞ് പോകുമായിരുന്നു.ഒരു ദിവസം ഞാൻ പോകാനിറങ്ങിയപ്പോൾ എന്റൊപ്പം വെളിയിലേക്ക് വന്നു ആ അമ്മ പറഞ്ഞു."മോളെ ഞാൻ മോള് വരുമ്പോൾ വെളിയിലേക്ക് പോകുന്നത് ഒന്നുമുണ്ടായിട്ടല്ല, ഒന്ന് മനസ്സ് തുറന്നു കരയാനാ.അവന്റെ മുന്നില് വച്ച് എന്റെ കണ്ണ് നിറഞ്ഞാൽ പോലും അവനെന്നെ വഴക്ക് പറയും".
അച്ഛന്റെ ബന്ധു അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടും ഞാൻ പ്രവീണിനെ കാണാൻ എല്ലാ ദിവസവും ചെന്നുകൊണ്ടിരുന്നു.ബന്ധുക്കൾ ആരും തന്നെ അവരെ അന്വേഷിച്ചു വന്നതായി എനിക്ക് അറിയാൻ കഴിഞ്ഞില്ല.പ്രവീണിനെയോ,പതിനഞ്ച് വയസ്സുവരെ പൊന്നുപോലെ നോക്കി വളർത്തിയ ഏകമകൻ മരിക്കാൻ പോകുന്നു എന്നറിഞ്ഞിട്ടും എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി നില്ക്കുന്ന ആ അമ്മയെയോ ആശ്വസിപ്പിക്കാനോ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല.ഓരോ ദിവസം കഴിയുംതോറും
പ്രവീണിന്റെ കൂട്ടുകാരും അധ്യാപകരും നാട്ടുകാരുമൊക്കെ അവനെ കാണാൻ വന്നു തുടങ്ങി.തിരക്കില്ലാത്ത ദിവസങ്ങളിൽ ഡോക്ടറുടെ പ്രത്യേക അനുവാദം വാങ്ങി എനിക്ക് പാട്ടുകൾ പാടിതരും.ഒരു ദിവസം ആരോ കൊടുത്ത ഒരു ചെറിയ കീ ബോർഡ് എന്നെ വായിച്ചു കേൾപ്പിക്കാൻ അവൻ കാത്തിരുന്നു.എന്നാൽ അന്ന് ക്ലാസ്സില്ലാത്ത ദിവസമായതിനാൽ എനിക്ക് പകരം അച്ഛനും അനിയത്തിമാരുമായിരുന്നു ആശുപത്രിയിൽ പോയത്. പിറ്റെ ദിവസം ഞാൻ ചെല്ലുമ്പോഴേക്കും ബ്ലഡ് കയറ്റാൻ കിടത്തിയിരുന്നു.കരഞ്ഞു വീർത്ത കണ്ണുമായി നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല.
പിന്നീടൊരു ദിവസം പോലും പുറത്തേക്കു വരാനോ, പാടാനോ,കീ ബോർഡ് ഒരുതവണയെങ്കിലും എന്നെ വായിച്ചു കേൾപ്പിക്കാനോ അവനു കഴിഞ്ഞില്ല...ചില്ല് കൂട്ടിലെ കർട്ടൻ മാറ്റി കൈ കൊണ്ട് ആംഗ്യം കാണിക്കുന്ന അവന്റെ മുന്നിൽ എന്നും മുടങ്ങാതെ പോയി,ആ അമ്മയെ കണ്ടു തിരിച്ചു പോരും.ഒരു ദിവസം എനിക്ക് കോളേജിൽ പോകാൻ തോന്നിയില്ല,പകരം ആശുപത്രിയിൽ പോയി പ്രവീണിനെ കാണണമെന്ന് തോന്നി.എന്തോ ഒരുൾവിളി പോലെ. അച്ഛനോടു പറഞ്ഞപ്പോൾ അച്ഛനും വരാമെന്ന് പറഞ്ഞു.ഞങ്ങൾ ചെല്ലുമ്പോൾ ഭൂമിയെന്ന രംഗവേദിയിലെ നാടകം മതിയാക്കി അവൻ വിണ്ണിലെ രാജകുമാരന്റെ വേഷം കെട്ടിയാടുന്നതിനായി മാലാഖമാരുടെ ചിറകിലേറി യാത്രയായിരുന്നു.

ഫലിത ബിന്ദുക്കള്‍


                                                                                                  ടീം സ്നേഹ തൂലിക

കരി പുരട്ടിയ ജീവിതങ്ങള് - ദീപു
കാലം എന്റെ തലമുടികളിലും മീശരോമങ്ങളിലും വെളുത്ത വരകള് വരച്ചുതുടങ്ങിയിട്ട് കുറച്ചു നാളായി.കണ്ണാടിയില് നോക്കുമ്പോള് ഒരു ചെറിയ വിഷമം,സാരമില്ല.
ഞാനും ഭാര്യയും ഒന്നര വയസ്സുള്ള മകനും കൂടി പുറത്തേയ്ക്കുപോകുവാനുള്ള തയ്യാറെടുപ്പിലാണ്. മകനെ സുന്ദരനാക്കി,അവള് 'വീണ്ടും' സുന്ദരിയാകാന് തുടങ്ങിയപ്പോഴാണ് അലമാരയില് ഇരിക്കുന്ന കരിപെന്സില് ഞാന് കണ്ടത്, അതെടുത്ത് വെളുത്ത മുടികള് കറുപ്പിച്ച് പ്രായത്തെ അതിജീവിച്ചു.ചെറുപ്പം വീണ്ടെടുത്ത ഞാന് മകന് ഒന്നുരണ്ട് ഉമ്മകള് കൊടുത്ത് അടുക്കള ഭാഗത്തേയ്ക്ക് പോയി. അപ്പോഴാണ് ഭാര്യയുടെ വിഷമത്തോടെയുള്ള ശകാരം കേള്ക്കുന്നത്,'ഞാന് ഒളിച്ചു വന്നു നോക്കി,ഭാഗ്യം എന്നെയല്ല,അവള് മകന്റെ കയ്യൊക്കെ പിടിച്ചു നോക്കുന്നു, 'ഹോ ഞാന് എത്ര നന്നായിട്ട് ഒരുക്കി നിര്ത്തിയതാ..ഈ കൊച്ചിന്റെ മുഖത്തൊക്കെ ആരാ ഇങ്ങനെ കരി വാരി തേച്ചുകൊടുത്തത്'.എനിക്ക് ഒന്നും മനസ്സിലായില്ല.'ശരിയാണ് ഇവന്റെ മുഖത്ത് ഈ കരിയെങ്ങനെ വന്നു!'അവള് സങ്കടത്തോടെ എന്നെ നോക്കി,എന്റെ മുഖത്തുനിന്നും കണ്ണുകള് പിന്വലിച്ചിട്ട് വീണ്ടും എന്നെ നോക്കി,എന്റെ മീശയില്,എന്റെ തലമുടികളില്,'നിങ്ങളീ കരിപെന്സില് എടുത്ത് മീശ കറുപ്പിച്ചിട്ട് എന്റെ മോനെ ഉമ്മവച്ചോ..?'അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്.എനിക്ക് ചിരിവന്നു.ബഹളം കേട്ട് പാത്രം കഴുകികൊണ്ടിരുന്ന ജോലിക്കാരി അവിടേയ്ക്കു വന്നു.'ഈശ്വരാ അവളുടെ മുഖത്തും കരിയുടെ പാടുകള്',എന്റെ ഭാര്യയും അതു കണ്ടു,എന്നെ രൂക്ഷമായി ഒന്നു നോക്കി,ഞാന് മുകളിലേയ്ക്കു നോക്കി "സത്യമായിട്ടും ഈ പാടുകളില് എനിക്ക് പങ്കില്ല"
__________________________________________________

ടോണി കുട്ടന്‍ - ലൗലി
സുവോളജി പ്രാക്ടിക്കൽ ലാബ് ,,അന്നു അലങ്കാരങ്ങൾ കൊണ്ടു നിറഞ്ഞൂ..
ആകെയുള്ള 3ആൺസിംഹങ്ങൾ ഇരയ്ക്കുള്ള വക ഹോട്ടലിൽ നിന്നു വാങ്ങാൻ പോയീ...
ഞങ്ങൾ 3rd year .BSc സുവോളജി സ്റ്റുഡൻസ്,ഞങ്ങളുടെ ഫെയർവെൽ ആണ്. . എല്ലാവരും നിറകണ്ണുകളോടെ ഓട്ടോഗ്രാഫും പിടിച്ച് കൂട്ടമായിരിക്കുന്നു.
കേസരികൾ ആഹാരവുമായി എത്തി അദ്ധ്യാപകരും മുന്നിൽ നിരന്നു ..കൈമൾ സാർ,പഞ്ചാരപണിക്കർ ഗോപൻ സാർ ഗീതടീച്ചർ അങ്ങനെ എല്ലാരും ചടങ്ങുകൾ തുടങ്ങീ ..
ഞാനൊരു ചെറിയപാട്ടു കാരിയായതുകൊണ്ട് ഏതു ചടങ്ങിനും എനിക്കതാണു പണി .ഇന്നും അതുതന്നെ .ഒരു വ്യത്യാസം ഇന്നു കൂട്ടുകാരാണ് എനിക്കു പട്ടു സെലക്ട് ചെയ്തത് ..'നിറങ്ങൾ തൻ നൃത്തം.....മറ്റേത് വിപഞ്ചികേ...വിടപറയും മുമ്പൊരു വിഷാദ ഗീതം കൂടി....്
ഇതു പറഞ്ഞപോഴേ എല്ലാരും കരച്ചിലായീ...
കൈമൾ സാർ വിളിച്ചൂ ലൗലീ....
ഞാൻ ചെന്നു മുന്നിൽ നിന്നൂ ,...കരച്ചിലടക്കി പിടിച്ച് ഞാൻ കണ്ണടച്ച് ഒറ്റ പാട്ട്...
അഴകാന നീലിമയിൽ
മരുഭൂമി പോലെവെരും കണ്ണാടി പോലെ വെരും ടോണിക്കുട്ടാാാാാ
ഒരു വെടിക്കെട്ടായിരുന്നൂ....
__________________________________________________________________________
മൂടല്‍ മഞ്ഞു – രാജേഷ്‌
''നല്ല തണുത്തുറഞ്ഞ ഡൽഹി'' ഇതൊരു വിശേഷണം മാത്രമല്ല അവിടെ ജീവിച്ചവർക്കറിയാം,മരണം വിതയ്ക്കുന്ന തണുപ്പ് അവിടെ വർഷംതോറും തെറ്റാതെ വന്നുകൊണ്ടിരുന്നൂ
2006ൽ ആണെന്നു തോന്നുന്നൂ ഞാൻ അവിടെ garment export ൽ ജോലി ചെയ്യുന്നൂ ..അന്നു പതിവിലും മഞ്ഞു വീണിരുന്നൂ.ഒരു ചായ കുടിച്ചു കിറുങ്ങിയിരുന്നൂ..
ഒരു ബീഹാറി കട്ടിംഗ് മാസ്റ്റർ അന്ന് എന്നോടൊപ്പം ജോലിക്കുണ്ടായിരുന്നൂ...
ചിരി മറന്ന മുഖം,കപ്പട മീശ, ആറടി ഉയരം,ഒത്ത വണ്ണം ,നിത്യവും സൈക്കിളിലായിരുന്നൂ ആശാന്റെ വരവ്. അന്ന് പതിവിലും താമസിച്ചെത്തിയ അയാളോട് ഞാൻ കാരണം തിരക്കി..
ആശാന്റെ മറുപടി''സാഹിബ്ജീ റോഡിൽ മഞ്ഞാണ്''
''അപ്പോൾ നീ എങ്ങിനെ വന്നൂ''എന്നു ഞാൻ
മുഖം ഒന്നു കൂടി ഗൗരവത്തിലാക്കി അയാൾ..''ഞാൻ 10മിനിറ്റ് സൈക്കിൾ ചവിട്ടും എന്നിട്ട് നിർത്തി കുറേ ദൂരം നടന്നു നോക്കും തിരികെ വന്നു സൈക്കിളെടുത്ത് അവിടം വരെ ചവിട്ടും വീണ്ടും നിർത്തി നടന്നു നോക്കും...
എൻറെ കയ്യിലെ ചായ കുലുങ്ങി തെറിച്ചൂ..
നടന്നും ചവിട്ടിയും ..പാവംക്രൂരൻ.....

ആവിഷ്കാരങ്ങളിൽ സദാചാരം കുത്തിയൊലിക്കുമ്പോൾ

                                                                                                                         ടീം മഷിതണ്ട്


ഒരു ചിന്ത അല്ലെങ്കില്‍ ഒരു വിചാരം രൂപപ്പെടുക നല്ല രീതിയില്‍ അതിനെ സംവദിക്കാന്‍ പാകപ്പെടുത്തിക്കൊണ്ടാണ്.ഈ കൈമാറല്‍ ആണ് ആവിഷ്കാരം എന്നതിന്റെ സാമാന്യരൂപം.അതുകൊണ്ട് തന്നെ ആവിഷ്കാരം വസ്തുതാപരവും വാസ്തവപരവും ആകുന്നു.വാസ്തവങ്ങള്‍ അടിസ്ഥാനബന്ധിയാണ്.അതില്‍ മൂല്യമൂലകങ്ങള്‍ സമരസപ്പെടണം.
അതിനാല്‍ തന്നെ അബദ്ധങ്ങള്‍ വന്നുകൂടാ എന്നൊരു ശാസ്ത്രവീക്ഷണം
ഉണ്ടാവും ഏതൊരു ആവിഷ്കാരത്തിനും.
എന്നാല്‍ ഇന്ന് അത്യന്തം പ്രയാസകരമായിരിക്കുന്നു സത്യാവിഷ്കാരങ്ങള്‍.
അതില്‍ വെള്ളം ചേര്‍ക്കുക ആത്മഹത്യാപരം തന്നെയാണ്. ഒരര്‍ത്ഥത്തില്‍ ഒന്നും ആവിഷ്കരിക്കുക വയ്യ എന്ന നിലയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഒരു കാര്യവും നേരെ ചൊവ്വെ പറയുക വയ്യ എന്നായിരിക്കുന്നു.എത്ര മുഖങ്ങള്‍ അപ്രീതി കൊണ്ട് അകലും എന്നൊരു ഉള്‍ഭയം സദാ ഒരു ആവിഷ്കാരകര്‍ത്താവിനെ വേട്ടയാടുന്നുണ്ട്‌.വന്ന ജീവന് രണ്ടുവട്ടം മരണമില്ല എന്ന ഉള്ളുറപ്പില്‍ രൂപം കൊള്ളുന്ന ആശയങ്ങള്‍ കഥയായും കവിതയായും ചിത്രങ്ങളായും നാടകമായും സിനിമയായും ഒക്കെ നമ്മുടെ മുന്നില്‍ എത്തുന്നുണ്ട് ഏതു കൊടും ഭീഷണികള്‍ക്കിടയിലും എന്നത് മാത്രമാണ് ഏക ആശ്വാസം. ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷാബോധം കൊണ്ട് മാത്രം ഒരു സൃഷ്ടിക്ക് പിടിച്ചു മുന്നേറാന്‍ കഴിയുന്നില്ല എന്നതും പരമാര്‍ത്ഥം.നമ്മള്‍ കാണുന്നുണ്ട് നിത്യവും അത്തരം ആവിഷകാരങ്ങളുടെ പൊള്ളും പൊരുളും.
ഒരു കാര്‍ട്ടൂണ്‍ വരച്ചത് ആവിഷ്കാരത്തിന്റെ കൊടും നിഷേധമായി കത്തിപ്പടരുന്ന ഒരു സമയത്താണ് ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്.
ഏതു വിഭാഗത്തിന്റെ രോഷമാണോ ജ്വലിക്കുന്നത് എന്നും അതിലെ തന്നെ
സഹനവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ആശ്വാസകരമായി വരുന്നു എന്നുള്ളതും നമ്മള്‍അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
നമുക്കറിയാം...അരുന്ധതിയെ , തസ്ലീമയെ ,ഹുസൈന്‍ എന്ന
വിശ്വോത്തര ചിത്രകാരനെ ,മലാല യൂസഫ്‌ സയിയെ ....
അങ്ങനെ ഏറെ പേരെദൂരം ഏറെ പോവേണ്ടതില്ല നമ്മള്‍.
വിശ്വരൂപം എന്ന സിനിമയുടെ ആവിഷ്കാരം കൊണ്ട് കമലഹാസൻ
എന്ന പ്രതിഭ അനുഭവിച്ച മാനസിക വ്യഥ നാം കണ്ടതാണ്.
മണി രത്നത്തിന്റെ ബോംബെ ഇങ്ങനെ വിസ്തരിക്കപ്പെട്ട മറ്റൊന്നാണ് .
സാത്താന്റെ മുറിവുകള്‍ ,'ശ്രീധരന്റെ മുറിവുകള്‍' ആയി നമ്മള്‍ കണ്ടു.
നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എന്ന രമേശന്‍ നായരോട് പ്രതികരിച്ചത്
നിന്റെ തന്തയെ കമ്മ്യൂണിസ്റ്റാക്കി എന്ന മറുനാടകം കൊണ്ടാണ്.
ഇവിടെയും സഹിഷ്ണുത പരിശോധിക്കപ്പെടേണ്ടതാണ്.
ഇതിനിടയിലും ദൃശ്യമാധ്യമങ്ങളില്‍ അപൂര്‍വ്വമായെങ്കിലും ചിലമൂല്യങ്ങളെ ഡോക്യുമെന്‍ററികളായി ആവിഷ്കരിക്കപ്പെടുന്നുണ്ട്‌. മതം വിവാദങ്ങളുടെ വെടിപ്പുരയാണ്‌ ഏതുകാലത്തും. ഇന്ത്യന്‍ മതനിരപേക്ഷതയുടെ അടുപ്പത്തു പാചകം ചെയ്ത ഒരു ചിത്രമാണ്‌ ശ്രാവണ്‍ കട്ടിക്കനേനിയുടെ ക്രോണിക്കിള്‍ ഓഫ്‌ എ ടെമ്പിള്‍ പെയിന്‍റര്‍. വര്‍ഗ്ഗീയകലാപം രൂക്ഷമായ ഒരു ഘട്ടത്തില്‍ അതില്‍ പെട്ടുപോയ ഒരു മുസ്ലിം പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ ചിത്രം വരയ്ക്കുന്ന ഒരാള്‍ രക്ഷിക്കുന്നു. മുസ്ലിം യാഥാസ്ഥിതികര്‍ ഇടപെടുന്നതും വിഭാഗീയതയുടെ വിഷലിപ്തമായ അവസ്ഥയില്‍ പെണ്‍കുട്ടിയും അവളെ രക്ഷിച്ചയാളും അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളാണ്‌ ഈ സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നത്‌. ഇതേരീതിയില്‍ സ്ഫോടനം തീര്‍ത്ത ഒരു പ്രമേയമാണ്‌ നമ്പൂതിരിസമുദായത്തിലെ അരുതായ്കകളുടെ പച്ചയായ ആവിഷ്ക്കാരം മാടമ്പ് കുഞ്ഞുകുട്ടന്‍ ഭ്രഷ്ടിലൂടെ നമ്മിലെത്തിച്ചത്‌. ഒരു കൊടുങ്കാറ്റായി മാറി ആ പുസ്തകം. തന്നെ പ്രാപിച്ചവരുടെ പേര്‌ പറയുമ്പോള്‍ വിചാരണക്കാരനായ തിരുമേനിയോട്‌ ആദ്യം അങ്ങയുടെ പേരു തന്നെ എഴുതാം എന്നു പറയുമ്പോള്‍ ഞെട്ടിത്തരിക്കുന്നത്‌ ഒരു സമുദായം മാത്രമല്ല.
ഇങ്ങനെയുള്ള ഒരു നാട്ടിലാണ്‌ ആവിഷ്ക്കാരസ്വാതന്ത്ര്യം ഭയപ്പാടിന്‍റെ കൂട്ടിലിട്ടിരിക്കുന്നത്‌.
ആണും പെണ്ണും പരസ്പരം മിണ്ടിയാല്‍ , ഒപ്പം നടന്നാല്‍, ഒരുമിച്ച് ഒരു കാപ്പി കുടിച്ചാല്‍ , ഒന്നു കെട്ടിപ്പിടിച്ചാല്‍ വരെ 'സദാചാരത്തിന്റെ' അപ്പോസ്തല ന്മാരാവുന്നവര്‍. ഇതിനു ബദലായി രോഷം മുറുകുന്നതും ചുംബനങ്ങള്‍ ആവിഷ്ക്കരിക്കപ്പെടുന്നതും നാം കാണുന്നുണ്ട് ഇപ്പോള്‍. അതില്‍ അമിതമായ
ചില കടന്നുകയറ്റങ്ങള്‍ ആ സന്ദേശത്തെ നിഷ് പ്രഭ മാക്കുന്നുണ്ട്
എന്നും നമ്മള്‍ അറിയുക. ഇവിടെ ആവിഷ്കാരം ചൂഷണം ചെയ്യപ്പെടുന്നു
എന്നത് ശരിയാണ് ഒരറ്റം വരെ.
ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ റെയില്‍ഗേറ്റില്‍ വാഹനം നിര്‍ത്തിയ നേരത്ത്
കുലുങ്കില്‍ കുന്തിച്ചിരിക്കുന്ന അടിവസ്ത്രം ഇല്ലാത്ത പ്രായമായ ഒരു പുരുഷന്റെ
ശുഷ്കമായ വൃഷണം ചുങ്ങുന്നതും വികസിക്കുന്നതും ക്രമത്തിലധികം തൂങ്ങി നില്‍ക്കുന്നതും വര്‍ണ്ണിക്കുന്ന ഒരു ഭാഗം അരുന്ധതിയുടെ നോവലില്‍ ഒരിടത്ത്
വായിച്ചത് ഓര്‍മ്മ വരുന്നു. ഇതും ആവിഷ്കാരമാണ്.
പേരറിയാത്ത ആ മനുഷ്യന്റെ പേരില്‍ ഇമ്മാതിരി ഒരു ആവിഷ്കാരത്തിനു
ഒരു കലാപം പൊട്ടി പുറപ്പെട്ടിട്ടില്ല നമ്മുടെ നാട്ടില്‍.
എന്നാല്‍ ഇന്ന് ഏറെ ഭിന്നമാണ്‌ കാര്യങ്ങള്‍.
ആവിഷ്കാരങ്ങള്‍ ഭയപ്പാടിന്റെ മുഖത്താണ് സമകാലിക സമൂഹത്തില്‍.
കൈ വെട്ടിയും തലവെട്ടിയും വിഗ്രഹങ്ങള്‍ ഉടച്ചും അന്യങ്ങളെ വേദനിപ്പിച്ചും
ആവിഷകാരത്തിനു ഇരുമ്പു മറകള്‍ തീര്‍ക്കുന്നുണ്ട് ഒരു അറ്റത്ത് .എന്നാല്‍ അതിജീവനങ്ങള്‍ ഉണ്ടാവാതെ വയ്യ, അത് ഉണ്ടായിക്കൊണ്ടേയിരിക്കും.
ഒറ്റപ്പെട്ടാണെങ്കിലും സത്യങ്ങള്‍ ആവിഷ്കരിക്കാന്‍ പോന്ന ഉശിരുള്ള ഒരു തലമുറ ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്‌ .
ഒരു കവിത എഴുതിയതിനു ലോകസമക്ഷം വെടിയേറ്റു വീണു മരിച്ച ഒരു പ്രസ്ഥാനത്തില്‍ ഊറ്റം കൊണ്ട ഒരു വിപ്ലവവര്ഗ നേതാവിന്റെ കാര്‍ട്ടൂണ്‍ വിവാദപരാമര്‍ശം നമ്മെ അതിശയിപ്പിക്കാതെ വയ്യ. ഇസ്ലാമിന് എതിരാണ്
ക്രിസ്ത്യാനികളുടെ ആ പത്രവീക്ഷണം എന്നുവരെ തട്ടിവിട്ടു ആ വിദ്വാന്‍.
കഷ്ടം എന്നേ നമുക്ക് പറയാനാവൂ.കാരണം ആ 'ഇരയായ' മതത്തില്‍നിന്ന് തന്നെ അനേകം സദ്‌ ചിന്തകര്‍ അതിനെ സമചിത്തതയോടെ കണ്ടു. അതിന്റെ സാരം ഗ്രഹിച്ചു.അപ്പോള്‍ ഇവിടെ ആവിഷ്കാരത്തിനു എതിര് ആര് എന്ന ചോദ്യം ഉയരുന്നു.
രാഷ്ട്രീയം എന്നും ഒരു വിലയിടാപ്പെട്ടിയാണ്.
ആണും പെണ്ണും പുണര്‍ന്നാലും അഥവാ അതിനപ്പുറത്തെ ഒരു വികൃതി തന്നെ
രൂപം കൊണ്ടാലും ആകെ കുത്തിയൊലിച്ചു പോവുന്ന മട്ടിലല്ല നമ്മുടെ
നാട്ടിലെ ദാര്‍ശനിക സദാചാര രീതികള്‍ .ഒരു കാര്യം ഉറപ്പായും പറയാനാവും നമുക്ക്. പണ്ടുമുണ്ടായിരുന്നു എല്ലാം. ഒരു നിഴല്‍ മറയില്‍ തന്നെ സര്‍വ്വഅരുതായ്കകളും കുത്തിമറിഞ്ഞിരുന്നു പഴംപുരകളില്‍. സത്യത്തില്‍ ഇന്നത് ഏറെ കുറഞ്ഞു എന്ന് വേണം പറയാന്‍. കൃഷിയിടങ്ങളും കുന്നും മലകളും ഇല്ലാതായ കാരണം ഒളിയിടങ്ങള്‍ ഇല്ലാതായി.അത് കൊണ്ട് തന്നെ ഇല്ലാത്ത ധാര്മ്മിക ബോധങ്ങളും മനുവും കാട്ടി ഒരു തലമുറയെ നിഷേധങ്ങളുടെ മുൾമുനയിൽ നിർത്തുമ്പോൾ അവർ സ്വാഭാവികമായും ഒരു പോരാട്ടവീര്യവുമായി പ്രതിഷേധിക്കും. ഇത്തരത്തിലാണ് ചുംബനങ്ങൾ ആവിഷ്കരിക്കപ്പെട്ടതും.
എന്നാൽ ഇതൊന്നുമല്ല പ്രശ്നം. സ്വാതന്ത്ര്യത്തിന്റെ അളവാണ്
അത് നിയന്ത്രിതമാണ്‌.അരുതായ്കകളുടെ ഒരു കാലത്ത് അനീതികളും അസംബന്ധങ്ങളും കണ്ടു അല്പ്പം വിവേകം ഉള്ള തീരെ ബുദ്ധി നശിക്കാത്ത
ഉള്ളുറപ്പുള്ള ഒരു തലമുറ ഇവിടെ ഉണ്ടാവുന്നു എന്നത് ഏറെ ആശ്വാസകരം.
ഒരു പാഠഭാഗത്തിലെ പരാമര്ശമോ ഒരു പെയിന്റിങ്ങോ കാര്ട്ടൂണോ ഒരു ആശയാവിഷ്കരണത്തിന്റെ ഭാഗമാവുമ്പോൾ അതിൽ സര്ഗ്ഗാത്മകത ഉണ്ടെങ്കിൽ മരണം രണ്ടുവട്ടം എത്തില്ല ആര്ക്കും.
അതിനാൽ ആവിഷ്കാരങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അതിജീവനങ്ങളും.
--------------------------------------------------------------------------------------------
പ്രിയ കൂടുകാരെ നിങ്ങള്‍ക്കും പ്രതികരിക്കാം, സമചിത്തതയോടെ - ആത്മസംയമനത്തോടെ