Tuesday, January 13, 2015

അക്ഷരങ്ങളിലെ അഗ്നിനാളം – ശ്രീ രാം മോഹന്‍ പാലിയാത്











                                                                             
                                                                                                                രാംകുമാര്‍ മേനോന്‍

സമകാലീന കാലഘട്ടത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് സാഹിത്യ ലോകത്ത് കാലഘട്ടം ആവശ്യപെടുന്ന നല്ല ഇടപെടലുകള്‍ നടത്തുന്ന വിരലില്‍ എണ്ണാവുന്ന എഴുത്തുകാരില്‍ ആശയപരമായ വ്യത്യസ്ഥതയും രചനാ ശൈലിയിലെ വൈവിദ്ധ്യവുംകൊണ്ട് ഏറെ ശ്രദ്ധിക്കപെടുന്ന എഴുത്തുകാരനാണ് ശ്രീ രാം മോഹന്‍ പാലിയാത് . ഭാഷാപോഷിണി, സമകാലീക മലയാളം , മാതൃഭൂമി തുടങ്ങീയ പ്രസിദ്ധീകരണങ്ങളില്‍ വന്ന ചില രചനകളാണ് ആണ് അദ്ദേഹത്തെ സാഹിത്യ ആസ്വാദകരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തീവ്രമായസാമൂഹികപ്രതിബദ്ധത ഉള്ള ബ്ലോഗര്‍ എന്ന നിലയിലും ‘മുഖപുസ്തകത്തില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ട്. .അവതരണ രീതിയില്ലുള്ള പുതുമ അദ്ദേഹത്തെ വേറിട്ട്‌ നിര്ത്തുന്നതിന്നു ഒരു ഉദാഹരണമാണ് നാല് പഴത്തൊലികള്‍ എന്ന കവിതയിലെ ചില വരികള്‍.
“പുഴുങ്ങാനിട്ട മുട്ടകള്‍
ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍
ഒരു നിമിഷം കൊതിച്ചു പോയ്
അമ്മയുടെ
അടിവയറിന്റെ
സ്നേഹമാണെന്ന്.
കടുകുവറുത്തതിലേയ്ക്ക് വീഴുമ്മുമ്പ്
മുളപ്പിച്ച ചെറുപയര്‍
വള്ളിക്കൈകള്‍ നീട്ടി
പടര്ന്നു കയറുന്നത്
ഒരു നിമിഷം
സ്വപ്നം കണ്ടു.”
– എന്നെഴുതുമ്പോള്‍ വായനക്കാരില്‍ സൃഷ്ട്ടിക്കുന്ന നൊമ്പരം വാക്കുകള്ക്കും അതീതം.
രാഷ്ട്രീയ , മതപരമായ കഴ്ച്ചപാടുകളിലും അദ്ധേഹത്തിന്റെ സമീപനം യാഥാര്‍ഥ്യത്തോട് ഏറെ ചേര്ന്നു നില്‍ക്കുന്നതായി, ' "ആണുങ്ങളും പര്‍ദ്ദയിടുന്നുണ്ട്" (മാതൃഭൂമി നവ 27,2010) എന്ന ലേഖനത്തില്‍ കാണാം. “കാലാവസ്ഥയുടെ കളിയാണ് അറെബ്യയിലെ ആണിനേയും പെണ്ണിനേയും ഒരു പോലെ പര്‍ദ്ദയുടുപ്പിച്ചത്.പക്ഷെ ആ ഭൂമിശാസ്ത്രം മതശാസനകളിലും ചരിത്രത്തിലും അന്യായമായി ഇടപെട്ടു എന്നും പറയാം” എന്ന് എഴുതുമ്പോള്‍ ചെറു ചൂടിലും ഷര്ട്ട് ഊരുന്ന മലയാളി അറിയാതെ തലയാട്ടും! അവിടെയാണ് എഴുത്തുകാരന്റെ നീരിക്ഷണം അർത്ഥവത്താകുന്നത് .
“യേശു, മാര്ക്സ് , നാരായണഗുരു, ഗള്ഫ് മലയാളി” എന്ന മറ്റൊരു ലേഖനത്തില്‍ കാണുന്ന ആക്ഷേപഹാസ്യം രാം മോഹന്റെ ഭാഷയിലുള്ള വൈവിധ്യത്തിന് മറ്റൊരു ഉദാഹരണമായി കാണാം. “മലയാളികള്ക്ക് ഗള്‍ഫ്‌ പോലെയാണ്ഗുജറാത്തികള്ക്ക് ആഫ്രിക്ക.ആഫ്രിക്കയില്‍ നിന്ന് തിരിച്ചു വന്ന ഗാന്ധിജിയും അംബാനിയും രണ്ടു കാലഘട്ടങ്ങളില്‍ ഇന്ത്യയെ രണ്ടുരീതിയില്‍ മാറ്റി മറിച്ചു. വിവിധ കാരണങ്ങളാല്‍ ഒട്ടേറെ ഗള്‍ഫ്‌ മലയാളികള്‍ തിരിച്ചു വന്നു തുടങ്ങിയിരിക്കുന്നു. അതിലുപരിയായി ഗള്ഫി്ല്‍ വന്‍ വിജയങ്ങള്‍ രചിച്ച ഒട്ടേറെപ്പേര്‍ നാട്ടിലും വന്‍തോതില്‍ തന്നെ അവരുടെ ബിസിനസ് സാമ്രാജ്യങ്ങള്ക്ക് അടിത്തറയിടുന്നു. ഗാന്ധിജിയും അംബാനിയും ഇന്ത്യയെത്തന്നെ മാറ്റിമറിച്ചപോലെ തിരിച്ചുവരുന്ന ഗള്ഫ് മലയാളികള്‍ ഇന്ത്യയെ വീണ്ടും മാറ്റിമറിച്ചില്ലെങ്കിലും കേരളത്തെയെങ്കിലും പോസീറ്റീവായി മാറ്റുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.”
ഒരു വായനക്കാരൻറ പക്ഷത്തു നിന്ന് സ്വന്തം രചനകളെ നിരീക്ഷിക്കുക കൂടി ചെയ്യുന്നതുകൊണ്ട് ഈ സമീപനത്തിലൂടെ, ഭൂമിയില്‍ നിലയുറപ്പിച്ചു എഴുതുന്ന മുന്‍ പ്രവാസിയായ അദ്ദേഹം, ചില കവിതകളില്‍ വായനക്കാരനെ വേറൊരു തലത്തില്‍ ചിന്തിപ്പിക്കുവാനും മടി കാണിക്കുന്നില്ല –
“എന്താ ഇങ്ങനെ നോക്കുന്നെ?”
“നിങ്ങൾക്ക് എന്റെ അമ്മയുടെ ഛായയുണ്ട്”
“മോന്റെ പേരെന്താ?“
“ഈഡിപ്പസ്”
– ഒരു ഞെട്ടലോടുകൂടി നാം ഇന്നിന്റെ വേദന തിരിച്ചറിയുന്നു .
"മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍" എന്ന ലേഖനത്തില്‍ രസകരമായ ഒരു സംഭവം, 'മുഖപുസ്തക'ത്തിലെ ചില സംവാദങ്ങളുടെ അപ്രസക്തിയാണ് ഈ ലേഖകനെയുംഓര്‍മ്മിപ്പിക്കുന്നത്.
" അമേരിക്കയുടെ ഒരു വലിയ വിമാനവാഹിനിക്കപ്പല്‍ ഏതോ കടലിലൂടെ പൊയ് ക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് റഡാറില്‍ ഒരു വെളിച്ചം കണ്ടുപിടിയ്ക്കപ്പെട്ടു. ഉടനെ കപ്പലില്‍ നിന്ന് സന്ദേശം പോയി - ഒരു കപ്പല്‍ വരുന്നുണ്ട്, വഴി മാറിക്കോളൂ.
വെളിച്ചം വഴി മാറുന്നില്ല. വീണ്ടും സന്ദേശം പോയി - യുദ്ധക്കപ്പലാണ് വരുന്നത്, വേഗം വഴി മാറിക്കോളൂ. എന്നിട്ടും വെളിച്ചത്തിന് കുലുക്കമില്ല. വീണ്ടും സന്ദേശമയച്ചു - അമേരിക്കയുടെ കപ്പലാണ്, വേഗം വഴി മാറുന്നതാണ് നല്ലത്. വെളിച്ചം അനങ്ങുന്നില്ല. ഒടുവില്‍ അന്ത്യശാസനം പോയി - അമേരിക്കയുടെ ഏറ്റവും നൂതന സജ്ജീകരണങ്ങളുള്ള ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ് നിങ്ങള്‍ക്കു നേരെ വരുന്നത്, വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം. ഇനിയൊരു സന്ദേശം അയക്കുകയില്ല. ഉടനെ മറുപടി വന്നു - ഇതൊരു ലൈറ്റ് ഹൌസാണ്. നിങ്ങള്‍ വഴി മാറുന്നതാണ് നല്ലത്. വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം."
കൊച്ചിയില്‍ താമസിക്കുന്ന രാം മോഹന്‍ പാലിയത്ത് ഇപ്പോള്‍ 10 Degree North Communications എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്നു.
ഭാര്യ : ലക്ഷ്മി
മകള്‍ : രചന
http://rammohanpaliyath.blogspot.in/ ,http://boolokam.com/archives/tag/rammohan-paliyath,,https://twitter.com/rampaliyath
അദ്ദേഹത്തിൻറ രചനകളെ പരിചയപ്പെടുവാൻ ഈ ലിങ്കുകൾ നിങ്ങളെ സഹായിക്കും

No comments:

Post a Comment