Tuesday, January 20, 2015

ചിന്താവിഷ്ടയായ ശ്യാമള -സിനിമാ നിരൂപണം











                                                                                                                 ഷാജി കുന്നിക്കോട്

"...ഈ ലോഡ് ഷെഡിംഗ് ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ..? അല്ല ...,നാളെയോ മറ്റെന്നാളോ അവസാനിക്കുന്നതാണോ അതും അല്ല....അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യണം..ഇരുട്ടത്ത്‌ ജീവിക്കാന്‍ പഠിക്കണം..."
ശ്യാമളെ....വിജയേട്ടന്‍ ഉണ്ടോ....?
ഇല്ല ..മീന്‍ വാങ്ങാന്‍ പുറത്തു പോയതാ..
എപ്പോഴാ പോയത്..?
കഴിഞ്ഞ വെള്ളിയാഴ്ച.
ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ ഒരു ശരാശരി വീട്ടമ്മയുടെ മാനസിക വ്യാകുലതകള്‍ പ്രേക്ഷക മനസ്സില്‍ എത്തിക്കാന്‍ ശ്രീനിവാസനു കഴിഞ്ഞു.നായകന്‍റെയും വെളിച്ചത്തിന്‍റെയും തിരോധാനത്തിലാണ്‌ ചിന്താവിഷ്ടയായ ശ്യാമള ആരംഭിക്കുന്നത്‌.
പിന്നീട് മലയാളി മദ്ധ്യവര്‍ഗ്ഗത്തിന്റെ ബുദ്ധിഹീനത..അലസത..ഉത്തരവാദിത്തമില്ലായ്മ..കഴിവുകേട് മുതലായവ വിജയന്‍ എന്ന കഥാപാത്രത്തിലൂടെ നമുക്ക് കാട്ടിത്തരുന്നു.യാഥാര്‍ത്യബോധങ്ങളില്‍നിന്നും മാറി നിന്ന് നിരുത്തരവാദിത്തത്തോടെ കുടുംബത്തെ കാണുന്ന അലസനായ വിജയന്‍...എന്ന കഥാപാത്രം ഇന്ന് സമൂഹത്തില്‍ കാണപ്പെടുന്ന ചില യാഥാര്‍ത്യങ്ങളെ നമ്മുടെ മുന്നില്‍ തുറന്നു കാട്ടുന്നു..
പലകാരണങ്ങളാല്‍ പലപ്പോഴും വീടുവിട്ടുപോകുന്ന നായകന്‍ തിരികെ വീട്ടിലേക്കുള്ള മടക്കത്തിലല്ല ..വീട് വിടാനുള്ള കാരണങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.പുരുഷന്റെ അസാന്നിദ്ധ്യത്തില്‍ കരഞ്ഞു കാത്തിരിക്കുന്ന സ്ത്രീ എന്ന കാഴ്ചപ്പാട് ശ്യാമള എന്ന കഥാപാത്രത്തിലൂടെ തിരുത്തിയെഴുതി.അവിടെയാണ് ഈ ചിത്രത്തിന്‍റെ വിജയം.പുരുഷന്റെ അസാന്നിധ്യമാണ് പലപ്പോഴും സ്ത്രീയെ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നത്.കുടുംബത്തിന്റെ കഷ്ടതകള്‍ ഏറ്റെടുത്തു ജീവിക്കാനുള്ള തിരക്കില്‍ വീടൊരു തൊഴില്‍ശാലയാക്കിമാറ്റി ശ്യാമള. ഭര്‍ത്താവ് എങ്ങനെയുള്ള ആളായാലും താലികെട്ടിയ മനുഷ്യനോടുള്ള ആദരവും സ്നേഹവും കാത്തു സൂക്ഷിക്കുന്ന നാടന്‍ വീട്ടമ്മയെ ശ്യാമള എന്ന കഥാപാത്രത്തിലൂടെ അനായാസം അവതരിപ്പിച്ചു വിജയിപ്പിക്കാന്‍ സംഗീത എന്ന നടിയ്ക്ക് കഴിഞ്ഞു.
വീട് കുടുംബം എന്നിവ നടത്തി കൊണ്ട് പോകുക എന്നത് സ്ത്രീയുടെ മാത്രം ചുമതല ആണെന്നും പുരുഷന്‍ സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടക്കാരന്‍ ആണെന്നും ഉള്ള ചിന്താഗതിയെ ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രം . അതുപോലെ തന്നെ ഭക്തി മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ എല്ലാ ചുമതലകളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയും എന്ന ഒരു ചിന്താഗതിയും ഈ ചിത്രം സമൂഹത്തിനു നല്‍കുന്നു . സ്ത്രീത്വം അടിച്ചമര്‍ത്തപ്പെടെണ്ടത് അല്ല എന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ അവള്‍ പ്രാപ്തയാണെന്നും ഈ ചിത്രം നമുക്ക് കാട്ടി തരുന്നു.
ഇന്നിന്റെ ചില പ്രതീകങ്ങൾ ,അല്ലെങ്കിൽ കാലഹരണപ്പെട്ട് പോകാത്ത ചിലത്... ഈ സിനിമയെ ഏത് ജെനറേഷനെയും ചിന്തിപ്പിക്കും എന്നുറപ്പ്.
ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞു മാറി നടക്കാൻ ശ്രമിക്കുന്ന പൊതുവേയുളള മനുഷ്യരുടെ ത്വര,ഒപ്പം അത് മൂലമുണ്ടാകുന്ന പരാജയങ്ങൾ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്.
അദ്ധ്യാപകനായ കഥാനായകൻ ,താന്‍ പഠിച്ച സാമ്പത്തിക ശാസ്ത്രം ഒന്ന് കൊണ്ട്തന്നെ ബിസിനസ്സില്‍ തനിക്ക് ശോഭിക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ ലീവെടുത്ത് പലതരം ബിസിനസ്സുകളുമായി കറങ്ങി നടക്കുന്നു.പക്ഷെ അദ്ദേഹംപഠിച്ച സാമ്പത്തിക ശാസ്ത്രം നിത്യജീവിതത്തില്‍ വന്‍ പരാജയമാകുമ്പോള്‍ ഭക്തിയെ കൂട്ട് പിടിക്കുന്നു.
സ്ത്രീയുടെ സഹനശക്തി,ഭൂമിയോളം ക്ഷമിക്കുന്നവൾ എന്ന ലേബൽ,അതിന്റെ എക്സ്പെയറി ഡേറ്റ്,അവൾ സ്വയം മനസ്സിലാക്കി വരിക്കുന്ന ശക്തി,തകർന്നു എന്ന് കരുതിയ ജീവിതം രക്ഷപ്പെടുത്തുന്നു.ഇക്കാരണം കൊണ്ട് തന്നെ ഈ ചിത്രത്തിൽ നിന്ന് ഏറെ സാമൂഹിക സത്യങ്ങൾ ഏവർക്കും പഠിക്കാനുണ്ട്
സ്വന്തം കഥയും സംവിധാനവും ആയതുകൊണ്ടാവും നായികയുടെ വൈകാരിക സംഘര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ നായകന്‍റെ ചപലതയിലേക്കാണ് ക്യാമറ തിരിയുന്നത്.അതൊരു ന്യൂനതയാണ്.എങ്കിലും മലയാള സിനിമ ഒരു പറ്റം നായക സങ്കല്പ്പങ്ങളിലേക്ക് നീങ്ങി ക്കൊണ്ടിരുന്ന സമയം ഗ്ലാമര്‍ പരിവേഷമില്ലാതെ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമളയെ പ്രേക്ഷകര്‍ ഇരുകൈകള്‍ നീട്ടി സ്വീകരിച്ചു.
എടുത്തു പറയേണ്ട മേന്മ തിരക്കഥയാണ്.സമകാലിക പ്രശ്നങ്ങള്‍ വളരെ തന്മയത്വത്തോടെ വരച്ചുകാട്ടുന്നു. കരുണന്‍ എന്ന കഥാപാത്രത്തിലൂടെ തിലകന്‍ പലപ്പോഴും ഒരു അച്ഛന്റെ ധര്‍മ്മ സങ്കടങ്ങളും മകനെ കുറിച്ചുള്ള പ്രതീക്ഷകളും പ്രേക്ഷകരുടെ ഉള്ളില്‍ പാകത്തില്‍ ആഴ്ത്തി അവിസ്മരണീയമാക്കി.
ഓരോതവണ വീട് വിട്ടു പോകാന്‍ ഒരുങ്ങുമ്പോഴും വിജയന്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്ത നാടകീയമായ പിന്‍വിളി
അയ്യോ..അച്ഛാ പോകല്ലേ..അയ്യോ..അച്ഛാ പോകല്ലേ.. ഇത് പ്രേക്ഷക മനസ്സില്‍ ചിരി പടര്‍ത്തുന്നു.
1998 ലെ ജനപ്രീതി നേടിയ ചിത്രം , മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ....എന്നിവ ലഭിച്ചു.
ഇന്നസെന്റ്..സിദ്ദിക്ക്..മാമുക്കോയ തുടങ്ങി പ്രഗല്‍ഭരായ അഭിനേതാക്കള്‍ അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി.
ഗിരീഷ്‌ പുത്തെഞ്ചേരി രചിച്ച രണ്ടു ഗാനങ്ങള്‍ക്ക് ജോണ്‍സന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. യേശുദാസ് പാടിയ ആരോടും മിണ്ടാതെ ..എന്ന ഗാനം കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്.
ശ്രീഗര്‍ പ്രസാദ് എഡിറ്റിംഗ്..., എസ്. കുമാര്‍ ക്യാമറ..., കാള്‍ട്ടന്‍ ഫിലിംസ്ന്‍റെ ബാനറില്‍ കരുണാകരന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംവിധാനം..ശ്രീനിവാസന്‍.
അലസന്മാരായ ഭര്‍ത്താക്കന്മാര്‍ക്കും..ചെറുപ്പക്കാര്‍ക്കും കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു ഉപദേശം ഇതാണ്...
"...ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമ കഴിവതും മൂന്നു പ്രാവശ്യമെങ്കിലും കാണുക...."

No comments:

Post a Comment