Friday, January 16, 2015

യു. പി ജയരാജ്












                                                                                       എസ്സ് ദത്തന്‍

രാഷ്ട്രീയ നിശ്ചയദാര്‍ഡ്യം ഉള്ള, ജനപക്ഷ നിലപാടുള്ള ഒരു എഴുത്തുകാരന്‍ എങ്ങിനെ തഴയപ്പെടുന്നു, ഒതുക്കപ്പെടുന്നു എന്നതിന്റെ ഏറ്റവും വലിയ ചൂണ്ടുപലകയാണ് യു. പി, ജയരാജ് എന്ന സാഹിത്യകാരന്‍.
നിരൂപക മൂടുതാങ്ങികള്‍ വാനോളം വാഴ്ത്തപ്പെടുന്ന ടി. പത്മനാഭനെപോലുള്ള എഴുതുക്കാര്‍ക്കും ഒട്ടും പിന്നിലല്ലാത്ത ഒരു പക്ഷെ അവരെക്കാളും ഉയര്‍ന്ന തലത്തില്‍ തന്നെയാണ് വായനയെ ഗൌരവമായ്‌ എടുത്തിട്ടുള്ള ഏതൊരാളും യു.പി.ജയരാജ് എന്ന സാഹിത്യകാരനു നല്‍കിയ സ്ഥാനം. സ്തുതിഗീതവും രാഷ്ട്രീയ കാലാവസ്ഥ മാറ്റങ്ങള്‍ക്കനുസൃതമായി ചിന്തകളുടെയും വാക്കുകളുടെയും മൂര്‍ച്ച ഒന്നു പരുവപ്പെടുത്താനുള്ള വിട്ട് വീഴ്ചയും മെയ് വഴക്കവും യു.പി. കാണിച്ചിരുന്നെങ്കില്‍ സാഹിത്യ അക്കാദമി തലവന്‍ സ്ഥാനങ്ങള്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഓച്ഛനിച്ചു നിന്നേനെ.
വ്യവസ്ഥാപിതതത്വങ്ങളോട് കലഹിക്കുന്നതും എന്നാല്‍ ഒട്ടും ആരാജകമല്ലാത്ത കുറിക്കുകൊള്ളുന്ന നിലപാടുതറ അദ്ദേഹത്തിന്റെ കഥകളുടെ മുഖമുദ്രയായിരുന്നു. അതുകൊണ്ട്; അതുമാത്രമാണ് സര്‍ക്കാരും കുത്തക മാധ്യമങ്ങളും അദ്ദേഹത്തെയും കൃതികളെയും തിമിരകാഴ്ച്ചയുടെ അവ്യക്തതകളില്‍ മറച്ചുവെച്ചത്.
എന്തുകൊണ്ടു ഇങ്ങനെ തഴയപ്പെട്ടുവെന്നതിനുത്തരം അദ്ദേഹത്തിന്റെ കഥകള്‍ വാചാലമായ് സംസാരിക്കും. നിരര്‍ത്ഥകവും ജഡിലവുമായ അസ്തിത്വവാദ പ്രകടനങ്ങളും സ്വയംരതിയുടെ വികാരപ്രകടന എഴുന്നുള്ളിപ്പല്ല, മോശമായ വ്യാകുലതകള്‍ കൊണ്ടായിരുന്നില്ല അതൊരിക്കലും. കാല്‍പ്പനികതയുടെയും ഉത്തരാധുനികതയുടെയും ആലസ്യ-നിരാശ തിരനോട്ടങ്ങളില്‍ തളച്ചിടാതെ കൃത്യമായ് ലക്‌ഷ്യം തുളയ്ക്കുന്ന ശരംതൊടുക്കുന്നതുകൊണ്ടും തെളിവും നിറവോടെയുമുള്ള വര്‍ണ്ണശഭളമായ വിപ്ലവ പക്ഷപാതിത്വം കൊണ്ടുതന്നെയാണ്. ഒരുപ്രാവശ്യമെങ്കിലും അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുന്ന ഏതൊരു അനുവാചകനും സ്വയം ചോദിച്ചുപോകും എന്തുകൊണ്ടു; എന്തുകൊണ്ടു ഞാനിതു നേരത്തെ കണ്ടെടുത്തില്ല. എന്തുകൊണ്ടാണ് ഇദ്ദേഹം തിരശീലയുടെ മറവില്‍ മറയ്ക്കപ്പെട്ടത്.
1950-ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തു ജനിച്ചു. കതിരൂര്‍ ഗവണമെന്റ് ഹൈസ്കൂളിലെ പഠനത്തിനുശേഷം ഐടി.ഐ ഡിപ്ലോമ നേടി. മഹാരാഷ്ട്രയിലെ അംബര്‍നാഥ് ആയുധനിര്‍മ്മാണശാലയിലെ ഇലട്രീഷ്യനായ് ജോലിയില്‍ പ്രവേശിച്ചു.
ഒരുകാലത്തു കേരളീയ യുവതയുടെ സിരകളിലും തലച്ചോറിലും തീപടര്‍ത്തിയ ജനകീയ സാംസ്ക്കാരിക വേദിയുടെ സഹയാത്രികനായിരുന്നു യു.പി.ജയരാജ്. കഥയെഴുത്തു ജയരാജിനു കേവലം ഒരു സാംസ്ക്കാരിക പ്രവര്‍ത്തനം ആയിരുന്നില്ല. തന്‍റെ ശക്തമായ രാഷ്ട്രീയ നിലപാടുകളും സാമൂഹ്യവീക്ഷണങ്ങളും വിളിച്ചുപറയാനുള്ള ഇടം എന്നനിലയില്‍ തന്നെയാണ് ജയരാജ് കഥ എന്ന സാഹിത്യ മാധ്യമത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അങ്ങിനെ ഉപയോഗിക്കുമ്പോള്‍ തന്നെ കഥ എന്ന സാംസ്ക്കാരിക രൂപത്തിന്റെ ഘടനാപരമായ പ്രത്യേകതളെ മിഴിവുറ്റതാക്കാന്‍ ശ്രദ്ധിച്ചതുകൊണ്ടാണ് അനുപമമായ ജീവിതദര്‍ശനങ്ങളാല്‍ തുല്യതകളില്ലാതെ ജയരാജ് കഥകള്‍ ജ്വലിച്ചു നില്‍ക്കുന്നത്.
എഴുത്തുകാരന്‍ കാലത്തെ അടയാളപ്പെടുത്തുന്നവന്‍. അങ്ങിനെ അല്ലാത്ത ഏതൊരു കൃതിയും പൈങ്കിളിതന്നെയാണ് ജീവിച്ചിരുന്ന കാലത്തെ അപാരമായ സത്യസന്ധതയാല്‍ ജീവിക്കയും ആ അതിജീവനത്തെ എഴുത്തിലേക്ക്‌ സന്നിവേശിപ്പിക്കയും ചെയ്ത ജയരാജ് അതങ്ങേയറ്റം കൃത്യമായ് നിര്‍വ്വഹിച്ചു എന്നതിന്റെ ശക്തമായ വായനയാണ് അദ്ദേഹത്തിന്‍റെ ഓരോ കഥയും നമുക്കു മുന്നില്‍ വരച്ചിടുന്നത്.
നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്, സ്മരണ, ഒക്കിനാവിലെ പതിവ്രതകള്‍. എന്നീ മൂന്നു കഥാ സമാഹാര കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞുപോയ ആ രക്തതാരകത്തില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും ഈ മൂന്നു സാമാഹൃത കൃതികളില്‍ മൊത്തമായി നാല്‍പ്പത്തി ഒന്‍പതോളം കഥകള്‍ ഉണ്ട് അവയോരോന്നും വ്യത്യസ്തമായ ജീവിതപാഠങ്ങളുടെ അഗ്നിസാക്ഷ്യം. ജീവിതസമര ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ കണ്ണീരുപ്പുകള്‍ വെന്ത നോവുപാടങ്ങളുടെ പൊള്ളുന്ന വെക്ക രേഖപ്പെടുത്തിയ താപമാപിനികളാണ് ഓരോ കഥയും.
മഞ്ഞ് എന്ന ഒറ്റകഥ ധാരാളമാണ് ജയരാജ് എന്ന കഥാകാരന്റെ സര്‍ഗ്ഗവൈഭവം കണ്ടെടുക്കാന്‍. ഒക്കിനാവിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കൃതികളില്‍ മുന്നിലാണ്.
സാമൂഹ്യമാറ്റത്തിന്റെ സമൂര്‍ത്ത പ്രശ്നങ്ങളെ സൂഷമമായി പരിശോധിക്കയും എന്നാല്‍ അതിവൈകാരികതയുടെയോ അതിവാചാലതയുടെയോ അവതരണങ്ങളില്‍ നിന്നും തികച്ചും മുക്തമായ ഭാഷാശൈലിയും; തന്‍റെ സൃഷ്ടികളെ മുഴുവന്‍ സമൂഹത്തിന്റെയും ചലനക്രമങ്ങളുമായി പക്വമായി കണ്ണിചേര്‍ക്കണമെന്ന നിര്‍ബന്ധബുദ്ധിയും ജയരാജിനുണ്ടായിരുന്നുവെന്നു നമുക്കു വായിച്ചെടുക്കാനാവും.
ആരെയും ആകര്‍ഷിക്കുന്ന കഥകളായ “മഞ്ഞ്” “തെയ്യം” “ബീഹാര്‍” “നിരാശാഭരിതനായ സുഹൃത്തിനൊരു കത്ത്” “ഒക്കിനാവയിലെ പതിവ്രതകള്‍” എന്നീ നാലു കഥകള്‍ ഈ പ്രതിഭയുടെ കിരീടത്തിലെ പൊന്‍തൂവലുകളാണ്. ഒരു സാഹിത്യകാരന്റെ കടമയും മുന്‍പേ പറക്കലിന്റെ ചിറകടിയും ഈ കൃതികളില്‍ നമുക്കു വ്യക്തമായും മുഴങ്ങികേള്‍ക്കും.
അടിയന്തിരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണമായ “മഞ്ഞ്” എന്ന കഥയില്‍ ഹെമിംഗ്വേയുടെ കിഴവനായ സാന്തിയാഗോ നിവര്‍ന്നുനിന്നു പൊട്ടിച്ചിരിക്കുന്നുണ്ട്. ഇന്നിന്റെ മനുഷ്യാവസ്ഥയെ പറ്റി ഒരു നരിച്ചീറിന്റെ നഖമുനപോലെ വായനക്കാരനെ മൌലികമായി അസ്വസ്ഥനാകാന്‍ പ്രേരിപ്പിക്കുന്ന ഈ കഥ ധീരതയുടെ ചുവപ്പുചാലിച്ച മുദ്രകള്‍ ആവാഹിച്ചു തിരിച്ചറിവിനോടുള്ള സംവേദനം സുതാര്യമാക്കിയ രചനയാണ്. “മഞ്ഞ്” അവസാനിക്കുന്നതും സാന്തിയാഗോയിലാണ്.
സാമൂഹ്യ ജീവിതത്തിനുമുകളില്‍ പടരുന്ന മഞ്ഞിനെ അല്ലെങ്കില്‍ വെളുപ്പിനെ ഉപയോഗിക്കുമ്പോള്‍ ഇന്ത്യന്‍ പരിസരത്തെ വര്‍ണ്ണവുമായ് ചേര്‍ത്തുവായിക്കുന്നുണ്ടീ സര്‍ഗ്ഗസംവാദം. രചനാപരമായ കൈയ്യടക്കവും പറയാനുള്ള വിരുതും ധൈര്യവും ചരിത്രത്തോടുള്ള അകംപോള്ളുന്ന സത്യസന്ധതയും അന്തര്‍ലീനമായൊരു കൃതിയാണ് മഞ്ഞ്
വേദങ്ങളിലെ സമത്വസങ്കല്‍പനങ്ങളില്‍ ഇഴയുകയും തന്‍റെ ശരീര സൗന്ദര്യസംരക്ഷണത്തിനുവേണ്ടിയുള്ള വ്യായാമങ്ങളിലും സ്ത്രീ സൗന്ദര്യസ്വാദനത്തിലും മുഴുകിയിരിക്കുന്ന അവനവനിസ്റ്റുകള്‍ അപ്പോള്‍ മഞ്ഞിന്റെ തണുപ്പില്‍ സൌഖ്യതിലായിരുന്നു. ഒരാള്‍ മാത്രം, ഒരാള്‍മാത്രം മഞ്ഞിന്റെ ഭീകരമായ വളര്‍ച്ചയും ശവം തീനി പക്ഷികളുടെ ആഗമനവും തെല്ലു ഭയത്തോടെ നോക്കുകാണുന്നു . അയാള്‍, അയാള്‍ മാത്രമാണ്‌ എക്കാലത്തെയും യുദ്ധസമാനമായ ഈ ഭൂമിയെ വാസയോഗ്യമാക്കുന്ന പണിയില്‍ ഏറ്റവും ജാഗ്രത്തായുള്ളവന്‍. സര്‍വ്വലോക മനുഷ്യര്‍ക്കുംവേണ്ടി തൊഴിലെടുക്കുന്നവന്‍.
മഞ്ഞ് പോയകാലത്തെയും വന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭീകരതയെ ഒരുള്‍ക്കിടിലത്തോടെ പറഞ്ഞുവെക്കുന്നു "പുറത്ത് കൊടുംശൈത്യമുണ്ടു-മഞ്ഞുണ്ടു. ശവംതീനികളായ ഡിറ്റന്‍റസ് പക്ഷികളുണ്ട്.എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ മനസ്തൈര്യത്തോടെ നേരിടുകയും പരാജയങ്ങള്‍ക്കുമുന്നില്‍ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്‍റെ പൌരുഷവും കൂസലില്ലായമയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളില്‍ പിന്നെയും പൊട്ടിചിതറുകയാണ്"
"തെയ്യം" ഉത്തരകേരളത്തിലെ തെയ്യങ്ങളുടെ രാഷ്ട്രീയം സ്പഷ്ടമാണ്, ഒരെയൊരുദിവസം ദൈവമാകുന്ന മനുഷ്യന്‍ ഒരേയൊരു ദിവസം മനുഷ്യന്റെ നൈതികമായ സ്വാതന്ത്യം നേടിയെടുക്കുന്നത് ഇനി അടുത്ത കോലം കെട്ടുന്ന ദിവസമാണ്. മാത്രമല്ല പ്രാദേശികമായി കെട്ടിയാടുന്ന തെയ്യങ്ങള്‍ അതാതു പ്രദേശങ്ങളിലെ സമരജീവിതങ്ങളോ രക്തസാക്ഷികളോ തന്നെയാണ്. ഇത്തരം പ്രാദേശിക ദൈവങ്ങളെ, തെയ്യങ്ങളെ അതിന്റെ സത്വപരിസരത്തുടര്‍ച്ചകളില്‍ പരിമിതപ്പെടുത്താതെ എങ്ങിനെ കൂടുതല്‍ രാഷ്ട്രീയവത്കരിക്കാമെന്ന ആലോചന ജയരാജിന്റെ "തെയ്യങ്ങള്‍" മുന്നോട്ടുവെക്കുന്നു, പുതിയകാലത്തും വിവിധ സത്വകല്‍പ്പനകള്‍ നിലനിക്കണമെന്ന തീര്‍ത്തും അമാനവികമായ പാരമ്പര്യ യജമാന- ദാസ്യബോധം നിലനില്‍ക്കുമ്പോഴാണ് ജയരാജിന്റെ കഥയില്‍ അപകടപ്പെടുന്ന തെയ്യം 'വിപ്ലവ മുദ്രവാക്യം' വിളിച്ചുകൊണ്ടു ജനങ്ങളുടെ സംരക്ഷണ കവചം കൊണ്ടു പടച്ചട്ടയണിയുന്നത്. അതൊരു വിരല്‍ ചൂണ്ടാലാണ്. യജമാന-ദാസ്യബോധം ജയിക്കാനുള്ള സാംസ്ക്കാരിക ഉണര്‍വ്വിലേക്കു ജനതയുടെ ആത്മബോധത്തിന്റെ തിരി കത്തിച്ചു വെക്കുന്നതിനുള്ള പടവുകള്‍ കെട്ടുന്ന പോരാട്ടം.
"ബീഹാര്‍' ആരുടേയും ആത്മബോധങ്ങളെ അതിദ്രുതം കടന്നാക്രമിക്കും. തീവ്രമായ വേഗത്തിലും ആഴത്തിലും തീക്കനല്‍കൊണ്ട് പൊള്ളിക്കയും ചെയ്യുന്ന അനുവാജ്യമായൊരനുഭവമാണ്.
നാട്ടിലെ പെണ്ണുങ്ങള്‍ തമ്പ്രാനൂ തോന്നുമ്പോള്‍ ഉഴുതുമറിക്കാനുള്ള വയല്‍ മാത്രമായ്‌ ചുരുങ്ങിപ്പോയ അധികാര മാടമ്പി പ്രമത്തതയുടെ മുക്രയിടലാണ് "ബീഹാര്‍"
തമ്പ്രാനു ശേഷം പടുകിഴവന്‍ മാടമ്പിമാരാലും പിച്ചിചീന്തപ്പെട്ടു അലങ്കോലാപ്പെടാതെ രക്ഷപെട്ടുപോരാന്‍ തന്‍റെ പെണ്ണു പൂര്‍ണ്ണതൃപ്തിയാകും വിധം തന്‍റെ അമ്മയുടെ അതിബുദ്ധിപോലെ സഹകരിച്ചെങ്കിലെന്ന കല്യാണ ചെറുക്കന്റെ നിസ്സാഹായതയുടെ രാഷ്ട്രീയഭൂമിക ബീഹാര്‍ അടയാളപ്പെടുത്തുന്നു.
സീതയുടെ പാതിവ്രത്യത്തെ മഹത്വവത്കരിക്കയും, പാതിവ്രത്യം ദൈവീകതുല്ല്യം തീനാളങ്ങള്‍ പോലും കരഞ്ഞുപോകും അവളെ പരീക്ഷിച്ചാലെന്നു ഊറ്റംകൊള്ളുന്നവര്‍ അടിയാത്തി കുടിലിന്റെ ചെറ്റപൊക്കുന്ന പണ്ഡിത ശ്രേഷ്ഠരായ വിശ്വാസികളുടെ ബീഹാര്‍, ധര്‍മ്മാധര്‍മ്മ പരിപാലനത്തില്‍ പൈതൃകം അവകാശപ്പെടുന്ന അവതാരങ്ങളില്‍ സ്വയംകല്‍പ്പിത രൂപങ്ങളായ മാന്യദേഹങ്ങളാല്‍ മണ്ണും പെണ്ണും അപഹരിക്കപ്പെട്ട നേരവകാശികളുടെ ദൈന്യതയുടെ നൊമ്പരങ്ങള്‍ പറഞ്ഞുള്ളൂപൊള്ളിക്കുന്നു ജയരാജ്. മനസ്സില്‍ ഒരുതേങ്ങലായ് ഇക്കഥ നമ്മളെ വേട്ടയാടും.
പുരാതനമായ ഒരു നിലവിളിയായ് അതിഭീകരമായ ദൈന്യംമുറ്റിയ ഹൃദയതാളം പ്രകടമാക്കുമ്പോള്‍ തന്നെ അടിസ്ഥാന വര്‍ഗ്ഗ ഉയര്‍ത്തെഴുന്നെല്‍പ്പിന്റെ 'ബോജ്പ്പൂര്‍' കഥയിലേക്ക്പറന്നിറങ്ങുന്നു.
തമ്പ്രാന്റെ വരവും കാത്തു ആലയിലെ ഇരുമ്പ് കണക്കെ പഴുത്തുനില്‍ക്കുന്ന തന്‍റെ പെണ്ണിനോട് വയല്‍ മുറിച്ചു ഇക്കരെ വരമ്പത്ത് നില്‍ക്കുന്ന തന്നിലേക്ക് സമരമാകാന്‍, ധൈര്യം കാണിക്കുന്ന വിപ്ലവവീര്യം "ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്" ജയരാജ് കരുതിവെക്കുന്ന തിരിച്ചറിവിന്റെ പാഠമാണിത്.
പോയകാല മുത്തശ്ശിക്കഥളിലെ ഒരു ചൊല്ലിപ്പറയലല്ല എന്നും സമാനമായ അതിക്രമങ്ങള്‍ ഇരയാക്കലുകള്‍ അധികാരപ്രയോഗങ്ങള്‍ ഈ അടുതകാലങ്ങളിലെ ഡിജിറ്റില്‍ കലണ്ടറുകളിലും ബീഹാര്‍ അടക്കം പല ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും എപ്പോഴും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ കഥ കഥമാത്രമല്ല ഇന്ത്യന്‍ യാദാര്‍ത്ഥ്യത്തിനു നേരെ പിടിച്ച കണ്ണാടിയാവുകയാണ്‌.
രണ്ടായിരത്തി പതിനാലു ജനുവരിമാസത്തിലെ പത്രം സാക്ഷി; അന്യമതത്തില്‍പ്പെട്ട ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ കൂട്ടമായി, അതും ലൈംഗീകമായി ആക്രമിക്കാന്‍ വിധി നടപ്പാക്കുന്ന നാട്ടുക്കൂട്ടം ഇന്നും നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്നു എന്നുള്ളത് കഥയ്ക്ക്‌ പുറത്തുള്ള വര്‍ത്തമാനയാഥാര്‍ത്ഥ്യം എത്ര ഭീകരമാണെന്നു ചൂണ്ടിക്കാട്ടുന്നു.
"നിരാശാഭരിതനായ സുഹൃത്തിനു ഒരു കത്ത്' ബി എന്ന നഗരത്തില്‍ നൈരാശ്യംപൂണ്ടു വിഷാദരോഗത്തിനു അടിമപ്പെട്ടുപോയ സി എന്ന സുഹൃത്തിനു ടി എന്ന നഗരത്തില്‍ നിന്നും വി എഴുതുന്നതു ............ ഇന്ത്യയടെ പൊതു യുവതയെ ബാധിച്ചിരിക്കുന്ന നരച്ച നിരാശബോധത്തെ പങ്കുവെയ്ക്കുന്ന ഈ കഥ സമകാലീക രാഷ്ട്രീയത്തെയും സാംസ്ക്കാരിക ചലനങ്ങളെയും ഭരണകൂട ഭീകരതയുടെയും മുഖങ്ങളെ അനാവരണം ചെയ്യുന്നു. വിപ്ലവസ്വപ്നങ്ങളെ താലോലിക്കുന്ന ദൃഡമായൊരു മനസ്സ് ഒളിച്ചുവച്ചുകൊണ്ടു നിരാശാഭരിതനായ സുഹൃത്തിന്റെ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണു
'നിലംപതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സുപോലെ പുതുതായി മറ്റൊരാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്. സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ യോദ്ധാവും രാമബാണം പോലെ സഹസ്രങ്ങളായി പെരുകുന്നുണ്ട്.
വെയില്‍ ചിന്നുന്നുണ്ട്, ഓര്‍മ്മകള്‍ ഉണരുന്നുണ്ട്, കാക്കകള്‍ കരയുന്നുണ്ട്, മരങ്ങള്‍ ഉലയുന്നുണ്ട്, കാടിളകുന്നുണ്ട്, ചൂഷണം പെരുകുന്നുണ്ട്, അതുകൊണ്ട് തന്നെ സമരം തുടരുന്നുണ്ട്".


ഒരു കഥാകാരന്‍ എന്ന നിലയില്‍ കാലത്തിന്റെ കണക്കെടുപ്പില്‍ ഒരു ശിഷ്ടവും വരാത്ത വൈഡൂര്യത്തിളക്കമുള്ള ഈ പ്രതിഭയെ തിരസ്ക്കാരത്തിന്റെ ഒറ്റവിരല്‍മറകൊണ്ടെത്ര മറച്ചാലുമീ പ്രകാശത്തെ തടഞ്ഞുവെക്കാനാവില്ല. അതു സ്വയം കണ്ടെത്തുകയും സ്വയം പ്രകാശിക്കുകയും ചെയ്യും.
ചിന്തകളില്‍ അഗ്നിയും കൊടുംകാറ്റും കൊണ്ടു നടന്നിരുന്ന ഈ എഴുത്തുകാരനെ ഞാനെന്നേ പ്രണയിക്കാന്‍ തുടങ്ങിയതാണ്‌.ഗൌരവമായ ചിന്തകള്‍ ഇഷ്ടപ്പെടുന്ന പ്രിയ വായനക്കാരാ, ഒരിക്കലെങ്കിലും നിങ്ങളുടെ വായനയുടെ താളുകളില്‍ ജയരാജ് കടന്നു വന്നാല്‍ അതൊരിക്കലും നഷ്ടമാകില്ല. നിങ്ങളുടെ ചിന്തകളെയെടുത്തുപറക്കും കുതിരയാണത് . ഉറപ്പ്.

No comments:

Post a Comment