Friday, January 23, 2015

ഒരാള്‍പ്പൊക്കം - സിനിമ നിരൂപണം

                                                                                                   രാംകുമാര്‍ മേനോന്‍

പ്രേക്ഷകര്‍ കണ്ട് ആസ്വദിക്കുകയും നിരൂപകര്‍ പല തരത്തില്‍ വിലയിരുത്തുകയും ചെയ്ത അനേകം നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പലതു കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന, കലാമൂല്യവും സാങ്കേതിക മികവും ഒത്തിണങ്ങിയ, ഒരു ചിത്രം കാണുവാനുള്ള അവസരം അവിചാരിതമായി ലഭിച്ചപ്പോള്‍, ആ അനുഭവം കൂട്ടുകാരുമായി പങ്കിടണം എന്ന് ആഗ്രഹിച്ചു. ഇത്തരം സിനിമകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് മലയാള സിനിമയുടെ തന്നെ ഒരാവശ്യമാണെന്നും തോന്നി.
മലയാള ചലച്ചിത്ര രംഗം എന്നും വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചിട്ടുണ്ട്. അര്‍ത്ഥരഹിതമായ വര്‍ണ്ണപ്പൊലിമകള്‍ക്കും കെട്ടുകാഴ്ചകള്‍ക്കും വേണ്ടി കോടികള്‍ ധൂര്‍ത്ത ടിച്ചു വ്യവസായം തന്നെ പ്രതിസന്ധിയിലാവുന്ന ഇക്കാലത്ത് പ്രതീക്ഷ ഉണര്‍ത്തുന്ന ഒരു ചിത്രമാണ് 'ഒരാള്‍പ്പൊക്കം'. പ്രേക്ഷകരില്‍ നിന്ന് സമാഹരിച്ച വെറും 24 ലക്ഷം രൂപ കൊണ്ട് നിര്‍മ്മിച്ച ചിത്രം(19 ലക്ഷം ജനങ്ങളില്‍ നിന്നും സമാഹരിച്ചത്!!). സനല്‍ ശശിധരന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത് കാഴ്ച ഫിലിം ഫോറം ആണ് ചിത്രം നിര്‍മ്മിച്ചത് . സിനിമ എന്ന മാദ്ധ്യമത്തോടുള്ള അഭിനിവേശവും, ഉറച്ച സാമൂഹിക പ്രതിബദ്ധ തയും കൈമുതലായുള്ള ഒരു കൂട്ടം കലാസ്നേഹികള്‍ ഒത്തു ചേര്‍ന്ന സിനിമ . പുരസ്കാരങ്ങളും ബഹുമതികളും ഏറ്റു വാങ്ങിക്കൊണ്ട് മേളകളില്‍ നിന്നും മേളകളിലേക്ക് ചിത്രം മുന്നേറുമ്പോള്‍ ഈ സിനിമയുടെ അണിയറ ശില്പ്പി കള്‍ എല്ലാവരും തന്നെ പുതുമുഖങ്ങള്‍ ആണെന്നത് അതിശയിപ്പിക്കുന്ന യാഥാര്ത്ഥ്യം.
സാധാരണക്കാരില്‍ സാധാരണക്കാരായ മായയും മഹേന്ദ്രനും, അവര്‍ തമ്മിലുള്ള പ്രണയത്തിന്റെ വിവിധ തലങ്ങള്‍, അവര്‍ സമൂഹത്തോടും പ്രകൃതിയോടും പുലര്ത്തുയന്ന ബന്ധങ്ങളുടെ തീവ്രത എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. മനസ്സിന്റെ സങ്കീര്ണ്ണതകളെ പ്രകൃതിയുടെ പ്രതീകാത്മകതയുമായി ചേര്ത്തു വായിക്കുകയാണ് ചിത്രത്തിലൂടെ. അഞ്ചു വര്ഷം തന്നോടൊപ്പം ജീവിച്ചു പിരിയേണ്ടി വന്ന മായയെ തേടി മഹേന്ദ്രന്‍ കേരളത്തില്‍ നിന്നും കേദാര്‍ നാഥി ലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിലെ മുഖ്യ പ്രതിപാദ്യം. പ്രളയം തകര്‍ത്ത കേദാര്‍ നാഥ്. ഉത്തരാഖണ്ട് പ്രളയത്തിന്റെ ബാക്കി പത്രത്തിലൂടെ ചിത്രം പുരോഗമിക്കുകയാണ്. മനുഷ്യന്‍ പ്രകൃതിക്കു മേല്‍ നടത്തുന്ന അധിനിവേശങ്ങളും ഇവിടെ പ്രതിപാദ്യങ്ങളാവുന്നു.
ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ ത്തകയും ആയി ഇതിനോടകം തന്നെ ശ്രദ്ധേയയായ മീന കന്തസാമിയാണ്. ദളിതര്ക്കും സ്ത്രീകള്ക്കും സമൂഹത്തിലെ പാര്ശ്വ പാര്‍ശ്വവല്‍ക്കരിക്കപെട്ടവര്ക്കും വേണ്ടി തൂലിക ചലിപ്പിച്ചിട്ടുള്ള യുവ കവയിത്രി. ഒരു പക്ഷിയെപ്പോലെ സ്വതന്ത്രയും, പുരുഷ അഹന്തയ്ക്ക് മുന്പിില്‍ തല കുനിക്കാത്തവളും, എന്തും വെട്ടിത്തുറന്നു പറയുവാനുള്ള തന്റേടം ഉള്ളവളുമാണ്‌ ചിത്രത്തിലെ നായിക. മായ എന്ന കഥാപാത്രം അവരുടെ വ്യക്തിത്വത്തോട് വളരെ ചേര്‍ന്നു തന്നെ നില്ക്കുന്നു.
'സൂഫി പറഞ്ഞ കഥ' യിലൂടെ മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വന്ന ശ്രീ. പ്രകാശ് ബാരെ, 'ഇവന്‍ മേഘരൂപന്‍' ലൂടെ സംസ്ഥാന അംഗീകാരം നേടിയ അനുഗൃഹീത കലാകാരനാണ്. പാപിലിയോ ബുദ്ധ, ജാനകി, അകം, അരികെ, ഷട്ടര്‍, ഒരു ഇന്ത്യന്‍ പ്രണയ കഥ തുടങ്ങി മലയാളം, കന്നഡ, മറാത്തി എന്നീ ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിലൂടെ, നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും, തന്റെ അതുല്യ പ്രതിഭ ഇതിനോടകം തന്നെ തെളിയിച്ച്ചു കഴിഞ്ഞിട്ടുണ്ട് ശ്രീ പ്രകാശ് ബാരെ . മഹേന്ദ്രനെ ജീവസ്സുറ്റതാക്കി കൊണ്ട് അദ്ദേഹം തന്റെ പക്വതയാര്‍ന്ന ഭാവവിഷ്കാര മികവിനാല്‍ വീണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു.
ആത്മീയതയും തത്വശാസ്ത്രവും പരിസ്ഥിതിയും സ്ത്രീശക്തിയും എല്ലാം ഇഴചേരുന്ന ഈ ചിത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഹിമാലയത്തില്‍ ആണ് . “സ്വയം പരാജയപ്പെടുത്തുന്ന ഒരു മത്സരമാണ് ഞാന്‍. എന്റെ ഉയരത്തിന്റെയും ആഴത്തിന്റെയും അളവുകോലുകള്‍ പരസ്പരം മത്സരിച്ചു തോല്ക്കുന്നു. എന്നെക്കാള്‍ വലിയൊരു എന്നെ അറിയാതെ വിഴുങ്ങിപ്പോയതിന്റെ അമ്പരപ്പുകളില്‍ ഞാന്‍ കുടുങ്ങുന്നു. ഞാന്‍ പിളര്ന്ന് ‍ ഞാന്‍ തന്നെ പുറത്ത് വരുന്നു.” സിനിമ തുടങ്ങുന്നത് മഹേന്ദ്രന്റെ ഈ ആത്മഗതത്തോടെ ആണ്.
യാത്ര കളിലൂടെയാണ്‌ ചിത്രത്തില്‍ കഥ വികസിക്കുന്നത്. മഹേന്ദ്രനും മായയും ഒരുമിക്കുന്നതും പിരിയുന്നതും ഓരോ യാത്രകളിലാണ്. പരസ്പരം സകലതും പങ്കുവെച്ച അഞ്ചുവര്‍ഷത്തെ ജീവിതത്തിന്റെ വാര്‍ഷികത്തില്‍ തന്നെ അവര്‍ പിരിയുമ്പോള്‍ കാറുമായി പോകുന്ന മായയും ഫ്ലാറ്റ് തന്റെതാണെന്ന ധാര്‍ഷ്ട്യവുമായി മഹേന്ദ്രനും തികച്ചും സാധാരണക്കാരായ പച്ചയായ മനുഷ്യരാകുന്നു. മായയെ ജീവിതത്തില്‍ നിന്നെന്നപോലെ മനസ്സില്‍ നിന്നും പറിച്ചു മാറ്റാന്‍ ശ്രമിക്കുന്ന മഹേന്ദ്രന്‍. ഫോണിലെ മായയുടെ പേരും നമ്പരും നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെയാണ് മായ വിളിക്കുന്നത്. മായ കേദാര്‍ നാഥിലാണ്. മഞ്ഞണിഞ്ഞ ഗിരിനിരകള്‍ അവളില്‍ മഹിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടും സജീവമാക്കി. അടുത്ത പ്രഭാതം മഹിയെ ഉണര്ത്തുന്നത് കേദാര്‍ നാഥിലെ പ്രളയ രംഗങ്ങളുടെ ടെലിവിഷന്‍ ദൃശ്യങ്ങളിലേക്കാണ്.
പുരുഷനെ പൂരിപ്പിക്കുന്ന, പലതിനും പ്രേരക ശക്തിയാവുന്ന ഒരു മായത്തം ഓരോ സ്ത്രീയിലും ഉണ്ട്. മഹേന്ദ്രന്റെ ജീവിതത്തിലെ ആദ്യ സ്ത്രീയോ ഏക സ്ത്രീയോ അല്ല മായ.മഹേന്ദ്രന്റെ യാത്രയ്ക്ക് കാരണമാകുന്നതും അതിനു മാനങ്ങള്‍ നല്കു്ന്നതും മായയാണ് ദുര്‍ഘടമാണ് കേദാര്‍ നാഥിലേക്കുള്ള യാത്ര. ഒരു അപകടം വഴി മഹിയോടൊപ്പം ചേരുന്ന ഒരു അപരിചിതന്‍. യോഗീ സമാനനായ അയാളുമായുള്ള സംഭാഷണങ്ങള്‍ തത്വശാസ്ത്രസംഘര്‍ഷ സംവാദങ്ങളുടെ തലത്തിലേക്ക് ഉയരുന്നു. എങ്ങോട്ടാണ് യാത്ര എന്ന അയാളുടെ ചോദ്യത്തിനു അറിയില്ല എന്നാണ് മഹിയുടെ മറുപടി ഗംഗാ തീരത്തേയ്ക്കുള്ള യാത്രയില്‍ അയാളോടൊപ്പം നദീ തീരത്തെ പടവുകളില്‍ കാല്‍ നനയ്ക്കുമ്പോഴാണ് ‘കാണാനില്ല’ എന്ന മേല്‍ക്കുറിപ്പോടെ ഒരു യുവതിയുടെ ചിത്രം മഹി കാണുന്നത്. പിന്നെ മഹിയുടെ സഹായാത്രികനാകാനുള്ള യോഗം അണക്കെട്ട് വിഴുങ്ങിയ ഒരു ഗ്രാമത്തിന്റെ ശേഷിപ്പായ ഒരു ഗ്രാമീണനാണ്.
തികച്ചും യാദൃശ്ചികമായിട്ടാണ് കറുപ്പും വെളുപ്പും കള്ളികളുള്ള ഒരു ഷര്ട്ട് നദിയിലൂടെ ഒഴുകി വരുന്നത് മഹി കാണുന്നത് . ഫിഷ്‌ ടാങ്ക് പൊട്ടിയ വെള്ളം തുടക്കാന്‍ മായ ഉപയോഗിച്ച ഷര്ട്ട് !ടെറസ്സിലെ അയയില്‍ ഈ ഷര്ട്ട് കുറെ ദിവസമായി കാണുന്നു എന്ന് അയല്ക്കാ രന്‍! മഹി ആ ഷര്ട്ട് വെള്ളത്തില്‍ നിന്നെടുത്ത് പാലത്തിന്റെ കൈവരിയില്‍ ഉണക്കാനിട്ടു. പ്രതീകാത്മകത ഈ ചിത്രത്തെ വേറിട്ട്‌ നിര്ത്തുന്നു പലപ്പോഴും. കുപ്പായവും പാദ രക്ഷയും നദീതീരത്ത് അഴിച്ചു വെയ്ക്കുന്ന വൃദ്ധനായ മഹി. അലച്ചിലുകളില്‍ തന്നെ തന്നെ ഉരച്ചു കഴുകി തന്നിലേക്ക് എത്തുകയാണ് അയാള്‍. ഒരേ സമയം അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള മനസ്സിന്റെ യാത്രയുടെ പ്രതീകം പോലെ.
പ്രേക്ഷകനും പലപ്പോഴും യാത്രയില്‍ ആവുന്നു, ബൌദ്ധികമായും തത്വശാസ്ത്രപരമായും ചിത്രത്തോടൊപ്പം. കഥയില്‍ തങ്ങളുടെ വകയായി ചിലതെല്ലാം പൂരിപ്പിക്കുവാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട് സംവിധായന്‍ .കഥാകാരനും കവിയുമായ സനല്‍ ഒരുക്കുന്ന സംഭാഷണങ്ങള്‍ പലപ്പോഴും കവിതയ്ക്ക് അടുത്ത് നില്ക്കു്ന്നു. ക്രിസ്തോഫ് കിശ്ലോസ്കിയുടെ 'ക്യാമറ ബഫ്' എന്ന ചിത്രത്തിലെ ഒരു രംഗം ഓര്‍മ്മയില്‍ എത്തുന്നു. സിനിമാ സ്വപ്നങ്ങളില്‍ മുഴുകി പോയ നായകനെ തനിച്ചാക്കി അയാളുടെ ഭാര്യ പോകുകയാണ് . ആരെയും ഞെട്ടിക്കുന്ന ആ ഇറങ്ങിപ്പോക്കിനോടുള്ള നായകന്‍റെ പ്രതികരണം വിചിത്രമാണ്. നൊടിയിടയില്‍ അയാള്‍ തന്റെ വിരലുകള്‍ ചതുരാകൃതിയിലാക്കി തന്റെ ഭാര്യ ഇറങ്ങിപ്പോകുന്ന സീനിന്റെ ഫ്രെയിം നോക്കുകയാണ്. ജീവനെക്കളും ജീവിതത്തെക്കളും സിനിമയെ സ്നേഹിക്കുന്ന സനല്‍ ശശിധരന്റെയും പ്രകാശ് ബാരെയുടെയും അതു പോലെയുള്ള കുറെ കലാകാരന്മാരുടെയും നിഗൂഢ മനസ്സുകളുടെ ബാക്കി പത്രം കൂടിയാണ് ഒരാള്‍പ്പൊക്കം എന്ന ഈ സിനിമ
പ്രശസ്ത പത്രപ്രവര്‍ത്തകനായ ശ്രീ വെങ്കിടേഷ് രാമകൃഷ്ണന്‍, ബംഗാളിലെ യുവ സംവിധായകന്‍ ബിക്രം ജിത് ഗുപ്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്, ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളും ചിത്രത്തില്‍ സന്ദര്‍ഭാനുസാരം ഉപയോഗിക്കുന്നു.
മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത സാങ്കേതിക തികവ് അവകാശപ്പെടാവുന്ന ചിത്രം കൂടിയാണ് ഒരാള്‍പ്പൊക്കം.
കൊച്ചി, ദല്‍ഹി , കേദാര്‍ നാഥ്, ഹരിദ്വാര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരിക്കപ്പെട്ട ചിത്രത്തിലെ ദൃശ്യങ്ങളിലൂടെ ഹിമാലയന്‍ താഴ് വാരങ്ങളുടെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്തു നമുക്കു മുന്പില്‍ അവതരിപ്പിക്കുകയാണ് ചായാഗ്രാഹകന്‍ ശ്രീ എസ്. ഇന്ദ്രജിത്ത്. കണ്ണില്‍ നിന്നും മറഞ്ഞാലും മനസ്സില്‍ നിന്നും മായാത്ത ഒരുപാടു ഫ്രെയിമുകള്‍ ചിത്രത്തില്‍ ഉടനീളം ചിതറിക്കിടക്കുന്നു. പ്രകൃതി വെറും പശ്ചാത്തലം എന്നതിലുപരിയായി സിനിമയുടെ ഒരു ഭാഗം തന്നെയായി പ്രേക്ഷകന് അനുഭവവേദ്യമാക്കുവാന്‍ ശ്രീ. ടി. കൃഷ്ണനുണ്ണിയുടെ ശബ്ദവിന്യാസ മികവിന് കഴിഞ്ഞു. ശ്രീ.ബേസില്‍ ഒരുക്കുന്ന പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടത് തന്നെയാണ്.
ഇതിനോടകം ഇന്റര്‍നാഷനല്‍ ഫിലിം ഫെസറ്റിവല്‍ ഓഫ് കേരളയില്‍ (IFFK '14) ഏറ്റവും നല്ല മലയാളം ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ( മലയാള ചിത്രത്തിനുള്ള ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌ക്കാരങ്ങള്‍ ഈ ചിത്രത്തിനായിരുന്നു) വിപണനത്തിലും പുതിയ പാത തെളിയിക്കുകയാണ്. കാഴ്ച ഫിലിം ഫോറത്തിന്റെ സിനിമാവണ്ടി കാസര്‍ഗോഡ്മുതല്‍ തിരുവനന്തപുരം വരെയുള്ള മലയാളി പ്രേക്ഷകരിലേക്ക് ഈ സിനിമയുമായി എത്തുന്നു.
-------------------------------------------------------------------------------------------
PS: 'ഒരാള്‍പ്പൊക്ക'ത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപിച്ച ശ്രീ പ്രകാശ് ബാരെയേ ഓണ്‍ലൈനില്‍ പ്രതീക്ഷിക്കുന്നു . സിനിമയെ കുറിച്ചും അതിന്റെ നിര്‍മാണ പ്രക്രിയയില്‍ ഉണ്ടായ അനുഭവങ്ങളും അദ്ദേഹം നമ്മളുമായി പങ്കുവെക്കുന്നു.

No comments:

Post a Comment