Tuesday, January 13, 2015

മുസാന്തം ദ്വീപ്‌ (യാത്രാവിവരണം )


















                                                                                                              സര്‍ഗ റോയ്

യു എ ഇ യുടെ അയല്‍ രാജ്യമായ ഒമാന്‍റെ പരിധിയില്‍ പെടുന്നു "മുസാന്തം" എന്ന മനോഹര ദ്വീപ്‌. ഷാര്‍ജയില്‍ നിന്നും നീണ്ടു നിവര്‍ന്നു കിടക്കുന്ന എമിറേറ്റ്സ് റോഡ്‌. രണ്ടു വശങ്ങളിലും മണലാരണ്യം. ചിലയിടങ്ങളില്‍ സൂക്ഷിച്ചു നോക്കിയാല്‍ അങ്ങ് ഉള്ളില്‍ വേലി കൊണ്ട് മറച്ചിരിക്കുന്നത് കാണാം. ചിലപ്പോള്‍ മുകളിലൂടെ തലപൊക്കി നോക്കുന്ന ഒട്ടകങ്ങളെയും. അതിനു സമീപത്തായി കുറച്ചു മരങ്ങള്‍ ഉണ്ടാവും. ആടുകളെയും ഒട്ടകങ്ങളെയും വളര്‍ത്തുന്ന സ്ഥലങ്ങളാണവ. ഇപ്പോള്‍ ഞങ്ങള്‍ക്ക് ചില കടകളൊക്കെ കാണാന്‍ കഴിയുന്നുണ്ട്. റാസ്‌ അല്‍ ഖൈമ എത്തിയിരിക്കുന്നു. കഷ്ടതകളുടെയും വ്യസനങ്ങളുടെയും പീഡിത അനുഭവങ്ങള്‍ നേരിട്ടനുഭവിച്ചറിയാന്‍ നബി (റസൂല്‍) മരുഭൂമിയില്‍ ഖൈമ (കൂടാരം) കെട്ടി താമസിക്കുവാന്‍ തിരഞ്ഞെടുത്ത സ്ഥലമാണ് റസൂല്‍ ഖൈമ ഇപ്പോഴത്തെ റാസ്‌ അല്‍ ഖൈമ എന്നാണു ഐതിഹ്യം. നോക്കൂ, ഇപ്പോള്‍ കാഴ്ചകള്‍ തികച്ചും വ്യത്യസ്തമായിരിക്കുന്നു. സിറ്റി വിട്ടു കഴിയുമ്പോഴേയ്ക്കും മലനിരകള്‍, ഒരു ക്യാന്‍വാസിലെന്നപോലെ കാണുന്നു. സൂക്ഷിച്ചു നോക്കിയാല്‍ ഞങ്ങള്‍ക്ക് ഈ മലനിരകളിലെ ഓരോ അടുക്കുകളിലും ഭൂതകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍ കാണാന്‍ കഴിയും. എന്താണെന്നല്ലേ? ഒത്തിരി ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശങ്ങളൊക്കെ കടലിനടിയില്‍ ആയിരുന്നത്രെ! ഭൂമിയുടെ ഉപരിതലം പോലെ തന്നെ കടലിന്‍റെ അടിത്തട്ടും, കുന്നുകളും, കുഴികളും, പവിഴപ്പുറ്റുകളും, പലതരം ജീവികളും ചെടികളും ഒക്കെ. ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ, ഈ കടലിലെ വെള്ളം ഇല്ലാതായാല്‍!!!!!! ആ ഒരു കാഴ്ച ഞങ്ങള്‍ക്ക് ഈ മലനിരകളില്‍ കാണാം. ഓരോരോ പാറകളിലും ജീവികളുടെ അവശിഷ്ടങ്ങളുടെ പാടുകള്‍ കാണാം. നാട്ടില്‍ കാണുന്ന സാധാരണ പാറകളെപ്പോലെയല്ല ഇവ, ഓരോന്നും ഓരോ അട്ടികളായി രൂപപ്പെട്ടിരിക്കുന്നത് കാണാം.
റാസ്അല്‍ ഖൈമ ബോര്‍ഡറില്‍ പാസ്പോര്‍ട്ട്‌ സീല്‍ ചെയ്തു .യു എ ഈ കടന്നു ഞങ്ങള്‍ ഒമാനിലേക്ക് പ്രവേശിക്കുന്നു. കാറ്റു വീശിയടിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്ന വഴിയെക്കുറിച്ചു അറിയേണ്ടേ? കടലില്‍ ചേര്‍ന്ന്..... സിനിമകളിലോക്കെ കാണുന്നതുപോലെ..... ചെറിയൊരു മതില്‍ക്കെട്ടാണ്


റോഡിനെ കടലില്‍ നിന്നും വേര്‍തിരിക്കുന്നത്. " ഏയ്‌. ...., എന്തായിത്?'..... ഞങ്ങളെ തലോടി വിടുന്നു തിരകള്‍. കാറിലായതിനാല്‍ ഞങ്ങളെ നനയ്ക്കാന്‍ കഴിയാത്തതിന്‍റെ കുറുമ്പ് കാണിക്കുന്നു. ഞാന്‍ റോഡിന്‍റെ ഒരു വശത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. എന്തേ മറ്റേ വശം എന്താന്നറിയണ്ടേ? ഒന്ന് നോക്കിയേ, "അയ്യോ! ആ പാറ ഇപ്പോള്‍ വരും താഴേക്ക്‌... ". ഭീമാകാരനായ മലയുടെ അടിയില്‍ കൂടിയാണ് യാത്ര. ഈ മലയെ ചുംബിക്കാനുള്ള കടലിന്റെ അവസരം നഷ്ട്ടപ്പെടുത്തുന്നതിനാലാവാം ഇത്ര ദേഷ്യത്തില്‍ ഈ റോഡും അതിലൂടെ പോകുന്ന വാഹനങ്ങളെയും നനയ്ക്കുന്നത്. സങ്കല്‍പ്പിക്കാന്‍ കഴിയുന്നോ, നേരെ മുകളിലേക്ക് നോക്കിയാല്‍ മലയില്‍ നിന്നും ഇളകി വീഴാറായ പാറകള്‍. ചില സ്ഥലങ്ങളില്‍ റോഡില്‍ വീണു ചിതറിയ പാറക്കഷ്ണങ്ങള്‍... ഇടക്കൊക്കെ പാറക്കല്ലുകള്‍ ചൊരിഞ്ഞു വീഴുന്ന ശബ്ദങ്ങളും കേള്‍ക്കുന്നില്ലേ? അപായ സൂചനകള്‍ അവിടെയവിടെയായി നല്‍കുന്നുണ്ട് കേട്ടോ. ഒന്നൊന്നര മണിക്കൂറുകള്‍ക്കുശേഷം ചെറിയ കടകള്‍ ഒക്കെ കണ്ടു തുടങ്ങി. മാപ് (MAP) നോക്കി ഞങ്ങള്‍ക്കെത്തേണ്ട സ്ഥലം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഇടയ്ക്കു ഒരു സ്ഥലത്ത് 'ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍' എന്ന ബോര്‍ഡ്‌ കണ്ടു. എന്നാല്‍ മണ്ണും ഇളകിയ കല്ലുകളും നിറഞ്ഞ റോഡ്‌ അല്ലാതെ മറ്റൊന്നും കാണാന്‍ കഴിഞ്ഞില്ല. മല മുകളിലേക്കുള്ള കയറ്റമാണ് താനും. വല്ലപ്പോഴും ഒന്നോ രണ്ടോ വണ്ടികളാണ് അത് വഴി പോയത്. തിരികെ പോരണോ എന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ ഒരു ജീപ്പ് മലയിറങ്ങി വരുന്നത് കണ്ടു. ഒരു സായ്പായിരുന്നു അതില്‍. അവിടെ എന്തെങ്കിലും കാഴ്ചകള്‍ ഉണ്ടോ എന്ന ഞങ്ങളുടെ ചോദ്യത്തിന് നിങ്ങള്‍ പോയാല്‍ അത് വെറുതെയാവില്ല എന്ന മറുപടി പറഞ്ഞു ,പൊടിപറത്തിക്കൊണ്ട് ജീപ്പ് പാഞ്ഞുപോയി.
ഏതായാലും ഇതുവരെ എത്തിയ സ്ഥിതിക്ക് മുകളിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. വളരെ സാവകാശം ശ്രദ്ധയോടെ വണ്ടി ഏറ്റവും മുകളിലെത്തി. കണ്ണുകളൊക്കെ നന്നായി ഒന്ന് തിരുമ്മി തുറന്നു നോക്കി. ഇത്രയും നല്ലൊരു കാഴ്ച കണ്ടിട്ടുണ്ടാവില്ല. വളഞ്ഞ വളഞ്ഞു താഴേക്ക്‌ പോകുന്ന വഴി. താഴെ ചെറിയൊരു വൃത്താകൃതിയില്‍ നീല നിറം. ചുറ്റും ചെറിയ ചെറിയ മലകള്‍. കുമ്പിളില്‍ നീല ജലാശയം. പൊട്ടുകള്‍ പോലെ ബോട്ടുകളും സൂക്ഷിച്ചു നോക്കിയാല്‍ ആളുകളെയും കാണാം. താഴേക്ക്‌ വളരെ ശ്രദ്ധയോടെ പോകണം. മലയുടെ വശം ഒരു വഴിപോലെ ആക്കിയിട്ടെയുള്ളൂ. മുകളിലേയ്ക്ക് പോകുന്നത് പോലെയല്ലായിരുന്നു ഈ ഇറക്കം. രണ്ടു വണ്ടികളിലായി വന്നു എങ്കിലും ഒരു വണ്ടിയില്‍ തന്നെ മൂന്നു കുടുംബങ്ങളും കയറി. നിശ്വാസത്തിന്‍റെ ശബ്ദങ്ങള്‍ക്ക്‌ മീതെ ഉള്ളിലെ പ്രാര്‍ത്ഥനയും അതിനെക്കാള്‍ ഉച്ചത്തിലായി ഹൃദയതാളവും. മുകളില്‍ നിന്ന് നോക്കുമ്പോള്‍ തന്നെ വളരെയധികം ഹെയര്‍ പിന്‍ വളവുകള്‍ കാണാമായിരുന്നു. താഴെ എത്തുന്നതുവരെ മുകളിലേക്ക് ഒരു വണ്ടിയും വരരുതേ എന്ന കൂട്ടപ്രാര്‍ത്ഥന അവഗണിച്ചു കൊണ്ടു ഒരു വണ്ടി മുകളിലേക്ക് വന്നു. ഉറക്കെവിളിക്കാന്‍ തുടങ്ങി കുട്ടികള്‍, ഒരു വളവില്‍ ഒഴിച്ച് നിര്‍ത്തിതന്നു ആ വണ്ടിക്കാരന്‍. പതിയെ താഴെ എത്തി. ഹാവൂ..... നീല ജലാശയങ്ങളുടെ പറുദീസ. ഒരു വിദേശ കുടുംബം ഒരു മത്സ്യബന്ധന ബോട്ടില്‍ കറങ്ങിയടിച്ച് തിരികെ വരുന്നു. പിന്നെ വൈകിയില്ല, അതിന്റെ അടുത്ത യാത്ര ഞങ്ങളെയും വഹിച്ചുകൊണ്ടായിരുന്നു. കടലിന്റെ നീലിമ എന്ന് പറയാറില്ലേ, ഈ ജലാശയങ്ങള്‍ക്ക് ആകാശ നീലിമ!! അതിലൂടെ സ്പീഡ് ബോട്ടില്‍ നീലജലം വകഞ്ഞു മാറ്റിക്കൊണ്ട് ഞങ്ങളും. മലകള്‍ ഈ ജലാശയത്തെ പല പല മുറികളോ മറ്റോ പോലെ തിരിച്ചിരിക്കുന്നു. എത്രദൂരം ഉള്ളിലേയ്ക്ക് പോയി എന്നറിയില്ല. ചെറിയൊരു പേടി തോന്നുന്നു. സുരക്ഷിതമായി തിരികെ തീരത്തെത്തി, മറക്കാന്‍ കഴിയാത്ത കാഴ്ചകളും സാഹസികമായ യാത്രയും നല്‍കിയ നിര്‍വൃതിയില്‍ തിരികെ അടുത്ത കാഴ്ച്ചകളിലേയ്ക്ക്. അലതല്ലിയാര്‍ക്കുന്ന കടലിന്റെ തീരത്ത്‌ കെട്ടുവള്ളങ്ങള്‍ പോലെ ഹൗസ്‌ബോട്ടുകളും നിരയായി കിടക്കുന്നു. ഈ തിരമാലകള്‍ വകഞ്ഞു കടലിന്റെ മാറിലൂടെ ഒരു യാത്ര ആയാലോ.... ആവേശം കണ്ണുകളില്‍ നിറയുന്നു?
വരൂ, നമുക്കും കയറാം ഒരു വള്ളത്തില്‍. രണ്ടു വശങ്ങളിലായി ഇരിക്കാന്‍ ഇരിപ്പിടം. വള്ളത്തിന്റെ മുന്നില്‍ അമരക്കാരാവാനും അവസരം ഉണ്ട്. പൂര്‍ണ്ണമായും മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ഇതിനെ നിയന്ത്രിക്കാന്‍ ഒരാളും സഹായത്തിനും മറ്റും മറ്റൊരാളും. കുറെ ഉള്ളിലേക്ക് കടക്കുമ്പോള്‍ തിര തീരെ അകന്നു പോയിരിക്കുന്നു. ശാന്തമാണ് കടല്‍. ഇപ്പോള്‍ അങ്ങ് ദൂരെയായി ഇടവിട്ട്‌ കുറച്ചു വീടുകള്‍ പോലെ കാണാം, മലകളുടെ ചരിവുകളില്‍. ഇവയൊക്കെ ഓരോന്നും ഓരോ വില്ലേജുകള്‍ ആണത്രേ. അവിടെ വൈദ്യുതിയും മറ്റു സൗകര്യങ്ങളും ഒന്നും എത്തിയിട്ടില്ല. അവശ്യസാധനങ്ങള്‍ക്കായി അവര്‍ ഇത്തരം ബോട്ടുകളെ ആശ്രയിക്കും. അങ്ങ് ദൂരെ ഒരു മലയുടെ മുകളിലായി റിസീവര്‍ പോലെ ഒന്ന് കണ്ടു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന സമയത്ത് വാര്‍ത്താവിനിമയത്തിനു സ്ഥാപിച്ചതാണത്രേ അത്. ഞങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത് ഒരു വില്ലേജിനടുത്തേക്കാണ്. ദേ നോക്കൂ, ഈ വെള്ളത്തിലൂടെ ചാടി മദിച്ചു പോകുന്നതെന്താന്നു..... അതെ ഡോള്‍ഫിന്‍. മിന്നായം പോലെ അവിടവിടെ നാലഞ്ചെണ്ണം പൊങ്ങിച്ചാടി ഞങ്ങളെ അമ്പരപ്പിക്കുന്നു. ഇവിടുത്തെ ഒരു പ്രധാന കാഴ്ചയാണ് ഈ ഡോള്‍ഫിനുകള്‍. പതിയെ മോട്ടോര്‍ ഓഫ്‌ ആക്കി വള്ളം നിര്‍ത്തി. തിര തീരെ ഇല്ല. വെള്ളത്തിലേക്ക് സൂക്ഷിച്ചു നോക്കു, നിങ്ങള്‍ക്ക് വെള്ളത്തിലൂടെ ഊളിയിടുന്ന മീനുകളുടെ കൂട്ടത്തെ കാണാം. ഇനിയും സൂക്ഷിച്ചു നോക്കിയാല്‍ അടിയില്‍ മണല്‍പ്പരപ്പ്‌ കാണാം. പല നിറങ്ങളില്‍ കക്കയും മറ്റും. ചില ചെറിയ ചെടികളും നില്‍ക്കുന്നല്ലേ? ഇവിടെ എല്ലാര്‍ക്കും വെള്ളത്തിലിറങ്ങാം. ഒരു വടം കെട്ടിയിട്ടുണ്ട്, അതിലൂടെ തൂങ്ങി ഇറങ്ങാം. നീന്താന്‍ അറിയുന്നവര്‍ക്ക് നീന്താം. പതിയെ വടത്തിലൂടെ ഊഴ്ന്നിറങ്ങി കടല്‍ വെള്ളത്തിന്റെ തണുപ്പ് ആസ്വദിച്ച ശേഷം തിരികെ കയറി. ഭക്ഷണം സ്പീഡ്ബോട്ടില്‍ എത്തിച്ചിരുന്നത് കഴിച്ചു. തിരികെ യാത്രയിലും കണ്‍ നിറയെ കണ്ടു ഡോള്‍ഫിനുകളെ. കടലിന്‍റെ ചൊരുക്ക് നന്നായി ക്ഷീണിതരാക്കി , എങ്കിലും നല്ലൊരു യാത്രയുടെ അനുഭൂതി ഇപ്പോഴും മനസ്സില്‍ അല തല്ലുന്നു.

No comments:

Post a Comment