Friday, January 23, 2015


                                                                                                 എസ്സ് ദത്തന്‍


ഇത് ആദിമകാലം മുതലുള്ള കഥയാണ്. ഈ കഥയില്‍ ചോദ്യമുന്നയിക്കുകയോ അത് ആലോചിക്കുകയോ ചെയ്താല്‍ തൂവലുകൊണ്ട് ഇക്കിളിപ്പെടുത്തി ചിരിപ്പിക്കും. അല്ലാതെ ഇതുവായിച്ച് ഓസിന് ചിരിക്കാം എന്നാരും കരുതണ്ട. മാത്രവുമല്ല ഇതിലെ കഥാപാത്രങ്ങളെല്ലാം ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരായതുകൊണ്ട് ഇതൊരു തമാശയായി എടുത്ത് പരസ്പരം കുത്തി ചാകേണ്ടതാണ്. അതുപോലെ വായിക്കുന്നവരോട് രണ്ട് വാക്ക്.. അടി... ചക്കരേ... എന്നാല്‍ തുടങ്ങട്ടെ.. കമന്‍റിടുന്നവര്‍ക്ക് ഞങ്ങളെ ഏതുവിധേനയുള്ള ദേഹോപദ്രവും ഏല്‍പിക്കാവുന്നതാണ്.....
--------------------------
കൊടുംകാട്ടില്‍ ചോനാഞ്ചേരി മഴയത്ത് കൈകള്‍ ആകാശത്തേക്ക് കൂപ്പി ഒറ്റക്കാലില്‍ കുമാര്‍ തപസ്സുചെയ്തു. ദൈവം പ്രത്യക്ഷപ്പെടും എന്നയാള്‍ക്കുറപ്പുണ്ടായിരുന്നു. എങ്കിലും ഇടമുറിയാതെ അയാള്‍ ജപിച്ചുകൊണ്ടിരുന്നു. ദൈവമേ കൈതൊഴാം കെ.കുമാറാക്കണേ അല്ലെങ്കിലെന്നെ നീ കാല്‍ക്കുമാറാക്കണേ (കുമാര്‍ ഒരു വലിയ പണക്കാരനാണ്). ദൈവത്തിന്‍റെ മനസ്സലിഞ്ഞു. അദ്ദേഹം പ്രത്യക്ഷനായി..
അല്ലയോ ഭക്താ സുക്കുമാറെ നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. നിനക്ക് ഏതു വരമാണ് ഞാന്‍ നല്കേണ്ടത്. 
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ കണ്ണടിച്ചുപോയ കുമാര്‍ തെല്ലമ്പരപ്പോടെ പറഞ്ഞു... എനിക്ക് രണ്ട് ലാര്‍ജ്... അല്ല.. സോറി... ഈലോകത്തിലെ എല്ലാവരെയും എന്നില്‍ സംപ്രീതനാക്കുന്ന തരത്തില്‍ ഒരു പുതിയലോകം സൃഷ്ടിക്കാന്‍ അങ്ങെന്നെ സഹായിക്കണേ...
അങ്ങനെയാകട്ടെ ഭക്താ... ദൈവം അപ്രത്യക്ഷനായി... കുമാര്‍ ദൈവവിളിയാല്‍ സുക്കുമാറായി... പുതിയലോകത്തിന്‍റെ നിര്‍മ്മാണവേളയില്‍ അദ്ദേഹം പേരിനെ ചുരുക്കി സുക്കറാക്കി... പുതിയ സാമ്രാജ്യത്തിന് ഫേസ്ബുക്ക് എന്ന് നാമകരണവും ചെയ്തു. ആദ്യകാലങ്ങളില്‍ എത്തിപ്പെട്ടവരെയെല്ലാം സുക്കറണ്ണന്‍ പല പുതിയ വാഗ്ദാനങ്ങളും നല്കി പുളകിതരാക്കി. ഒടുവില്‍ എല്ലാവര്‍ക്കും സ്വന്തമായി സ്ഥലം പതിച്ചുകൊടുത്തു. അതും പോരാഞ്ഞ് ഭരണഘടനയില്‍ തിരുത്തലുകള്‍ വരുത്തി ഗ്രൂപ്പുകളായി സംഘടിക്കാനും മാളോകര്‍ക്ക് അദ്ദേഹം അവസരം നല്കി. അങ്ങനെ ഫെയ്സ്ബുക്ക് എന്ന സാമ്രാജ്യത്തില്‍ പ്രജകളെക്കൂടാതെ ഗോത്രങ്ങളും നിലവില്‍ വന്നു.
ഈ ഗോത്രങ്ങളില്‍ മലയാളം അരച്ചു കലക്കികുടിച്ച് പേരെടുത്തവരുമുണ്ടായിരുന്നു. അമീബയെന്നപോലെ ഒന്നില്‍ നിന്നും മുറിഞ്ഞ് മറ്റൊന്നായി വളര്‍ന്നുതുടങ്ങിയ ഗോത്രങ്ങള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചെടുക്കാനായി മത്സരങ്ങളും ഉത്സവങ്ങളും സംഘടിപ്പിച്ചു. ഇത്തരത്തില്‍ ഉത്സവം കൊണ്ടാടുന്ന ഒരു ഗോത്രമാണ് താളിയോല. നമുക്ക് അവിടേക്ക് പോകാം. എന്താ..
ഉത്സവത്തിന്‍റെ ബാനര്‍ വലിച്ചുകെട്ടുകയാണ് ഹെഡ്മിസ്ട്രസ് ആയ ശ്യാമളയദ്ദേഹം. കൈയ്യില്‍ ഒരു ചൂരല്‍ വടിയുമുണ്ട്. എന്തിനും ഒരു ബയോളജി ടച്ചിലാണ് പുള്ളിക്കാരി ഓരോന്ന് ചെയ്യുന്നത്. എന്താ ബാനറില്‍ എഴുതിയിരിക്കുന്നത്... ഗജേന്ദ്രമോക്ഷം ഏകാങ്കനാടകമത്സരം. ആര്‍ക്കും പങ്കെടുക്കാം...
ങേ... ഏതു മത്സരത്തിനും കുതിരവാലുമായി എടുത്തുചാടുന്ന കുഞ്ഞുലക്ഷ്മി എന്ന പ്രിയയ്ക്ക് ആകെ സങ്കടമായി. ഇതിപ്പം എങ്ങനാ.. തന്നെക്കൊണ്ടാണെങ്കില്‍ ആനയെ ഒറ്റക്കെടുക്കാനുമൊക്കില്ല. അവള്‍ മരണവീട്ടിലെന്നപോലെ കൂക്കുവിളി തുടങ്ങി... അതുകേട്ട് മഹിളാമണികളില്‍ മഹിളയായ മഹിത ഓടിയെത്തി.. എന്താ കുഞ്ഞേ... നീയിങ്ങനെ കരയണെ...
തേങ്ങി തേങ്ങിയിരുന്ന കുഞ്ഞു ഒരു പിടിവള്ളിപോലെ മഹിതയുടെ കൊരവളയിലൊരു പിടുത്തം. അല്ലേച്ചി... എന്നെക്കൊണ്ട് ഒറ്റക്കിതു പറ്റൂല.. വല്ല ടീം വര്‍ക്കും... ങേ.. ങേ...
ഇതുകേട്ടതും കഴിഞ്ഞമത്സരത്തിലെങ്ങാണ്ടെ താളിയോലയില്‍ താളിതേച്ച് മുന്നിലെത്തിയ റീന ഒരു രഹസ്യം കുഞ്ഞുവിനോട് പറഞ്ഞു.. അതൊക്കെ എളുപ്പമാ ചേച്ചീ... ആനയുടെ പുറത്തുകേറി തലകുത്തിനിന്നൊരു ഫോട്ടം പിടിക്കണം എന്നിട്ട് അത് തലതിരിച്ച് പോസ്റ്റിയാല്‍ പോരെ.. ആനയെ നമ്മ ചുമക്കണതായി തോന്നില്ലേ... കുഞ്ഞുലക്ഷ്മിയുടെ തലയില്‍ ഒരു വെളിച്ചം വന്നടിച്ച്, ഫ്യൂസായി അവള്‍ നിലത്തു വീണു.
താളിയോലയിലെ പ്രമുഖര്‍ ഓടിക്കൂടി. അടിയന്തിര യോഗം വിളിച്ചു.. ഏകാങ്ക നാടകമത്സരത്തില്‍ ടീമുകളായി പങ്കെടുക്കാമെന്ന് നിര്‍ദ്ദേശവും വച്ചു...
കുഞ്ഞുലക്ഷ്മി തുള്ളിച്ചാടി. അവള്‍ അപ്പോഴാണ് അതോര്‍ത്തത് .. ഒരു തോര്‍ത്തുമുടുത്ത് കുത്തിയിരുന്നു ചിന്തിച്ചു.. ആരെ വിളിക്കും.. ഒടുവില്‍ ഗജപോക്കിരിയും ലോകത്തിലെ കറുത്ത മുത്തെന്നറിയപ്പെടുന്നവനുമായ ബ്ലാക്കിയെത്തന്നെ ആദ്യം വിളിക്കാമെന്നു കരുതി.. പിന്നെ താമസിച്ചില്ല നേരെ അമ്പലത്തില്‍ പോയി ഒരു മണിയടിച്ചു.. തിരിഞ്ഞു നോക്കുമ്പോഴുണ്ട് അതാ മണിയടിയില്‍ ബിരുദാനന്തര ബിരുദമെടുത്ത് മണി നില്‍ക്കുന്നു. കുഞ്ഞുലക്ഷ്മി പിന്നെ ഒന്നും ആലോചിച്ചില്ല.. അവനോട് പറഞ്ഞു
എടാറുക്കാ... നീ കൂടുമോ എന്‍റെ ടീമില്‍.. ബോഞ്ചിവെള്ളോം മറ്റും വാങ്ങിത്തരാം .. ബ്ലാക്കിയെയും വിളിക്കാം..
ബോഞ്ചിവെള്ളം മാത്രംപോര അയ്യമ്പുഴയിലേക്കൊരു ടിക്കറ്റുകൂടി കൊടുത്താലെ വരുകയുള്ളെന്നായി മണി.. നിവൃത്തിയില്ലാതെ അതും സമ്മതിച്ച് ഒരു ബോഞ്ചിയും കുടിച്ച് ദത്തനെന്ന ബ്ളാക്കിയെത്തേടി അവര്‍ മറൈന്‍ ഡ്രൈവിലെത്തി.. 
ചുംബനസമരത്തില്‍ അറിയാതെപെട്ടുപോയ ബ്ലാക്കിയുടെ ചുണ്ട് പട്ടികടിച്ചുപറിച്ചതുപോലെ രക്തമിറ്റിച്ചു നില്‍ക്കുന്നു...
അനുരാഗ ഗാനം പാടി.. കരളിലെ.... 
അറിയാതെ മനസ്സും കരളും അലിഞ്ഞുപോയ കുഞ്ഞുലക്ഷ്മി അവനെ നോക്കി പാടി... ബ്ലാക്കിക്കും അടക്കാനായില്ല അവൻ പട്ടി മോങ്ങുന്നതുപോലെ കരഞ്ഞു സ്കൂള്‍ക്ലാസ്സുമുതല്‍ മനസ്സിന്‍റെ ഉള്ളിന്‍റെയുള്ളില്‍ കുടിയിരുത്തിയിരുന്ന കുഞ്ഞുലക്ഷ്മിയെക്കണ്ടതും ബ്ലാക്കി സകല നിയന്ത്രണങ്ങളും വിട്ട് പാടി... 
അലാരെ.. ഗോവിന്ദാ .. അയാരെ ഗോവിന്ദാ...
കാര്യങ്ങളെല്ലാം അവനെ ധരിപ്പിച്ച്, ഇനിയടുത്തതാര് എന്ന് കരുതി നില്‍ക്കുമ്പോള്‍ ദത്തന്‍ പറഞ്ഞു നമുക്ക് ഗ്രാമീണനെ വിളിക്കാം. ഉടനെ കുഞ്ഞു ഫോണെടുത്ത് കുത്തി വിളിച്ചു... ഗ്രാമീണനെടുത്തില്ല...
ഉടനെ ദത്തന്‍ പറഞ്ഞു അങ്ങനൊന്നും വിളിച്ചാല്‍ അവന്‍ വരില്ല... ചാത്തന്‍ സേവ ചെയ്യണം... ദത്തന്‍ അതിനുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.. മണി മണിയടിച്ചുകൊണ്ടേയിരുന്നു. 
ഒരു ഉണക്കമീനെടുത്ത് സിഗററ്റുലാമ്പുകൊണ്ട് കത്തിച്ചു ആകാശത്തേക്ക് ഉയര്‍ത്തിപിടിച്ച് ദത്തന്‍ വിളിച്ചു... എടാ ഒടിയാ....... എവിടെ നിന്നെന്നറിഞ്ഞില്ല കൈയ്യില്‍ കെമിക്കല്‍ കലക്കിയ കള്ളുമായി ഗ്രാമീണന്‍ പാഞ്ഞെത്തി.. വന്നപാടെ അവന്‍ പറഞ്ഞു എനിക്കു വിശക്കുന്നു. നാലുപേരുംകൂടി അടുത്തുള്ള ഹോട്ടലില്‍ക്കയറി. ബിരിയാണി ഓര്‍ഡര്‍ചെയ്തു. പേഴ്സ് തട്ടിയിട്ട് എണ്ണിനോക്കിയപ്പോള്‍ തികയില്ല കൈമടക്കിലെവിടെയോ ഓളിപ്പിച്ചിരുന്ന ചില്ലറത്തുട്ടുകള്‍ എല്ലാംകൂടി പെറുക്കിയെടുത്തപ്പോള്‍ കഷ്ടിച്ച് ഒരെണ്ണത്തിനേ തികയൂ.. ഉള്ളതുകൊണ്ട് ഓണംപോലെ... അവര്‍ ഒരെണ്ണം ഓഡര്‍ചെയ്തു.. കൊണ്ടുവച്ചതും മണി എന്തോ ഒന്നെടുത്ത് പോക്കറ്റിലിട്ടു. തിന്നു കഴിഞ്ഞപ്പോള്‍ മണിയെ കാണാനില്ല. ബ്ലാക്കി പുറത്തിറങ്ങി നോക്കി . അവന്‍ ദൂരെ നില്‍പ്പുണ്ട് ഗ്രാമീണന്‍ ചെന്ന് അവനോട് ചോദിച്ചു നീ എന്ത് പണിയാണ് കാണിച്ചത്. അവന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല. നീ വേഗം വാ നമുക്കു പോകാം , ഡാ നീ കാര്യം പറ . അവന്‍ മറവില്‍ കൊണ്ടു പോയി നിറുത്തി പോക്കറ്റില്‍ നിന്നു ഒരു മുട്ട എടുത്തു . എന്നിട്ട് പറയുകയാ " ഡാ ഇതു ആ ബിരിയാണിയില്‍ ഉണ്ടായിരുന്നതാ . അവര് കണ്ടാല്‍ അത് തിരികെ ചോദിച്ചാലോ അത് കാരണം ഞാന്‍ അത് പോക്കറ്റില്‍ ഇട്ടു തടി തപ്പിയതാ.
ബ്ളാക്കി മണിയെ കൈക്ക് പിടിച്ച് ബിരിയാണിയിലെ മുട്ട വാങ്ങി ഹോട്ടലില്‍ തിരിച്ചേല്‍പ്പിച്ച് സത്യസന്ധത കാട്ടി..
ഹോ വിശപ്പു മാറി ഇനിയും വേണമല്ലോ ആള് . !വീണ്ടും കുഞ്ഞുലക്ഷമി ബഹളം തുടങ്ങി.. അവര്‍ ഹബ്ബില്‍ നിന്നും വണ്ടികയറി മിനിയുടെ വീട്ടിലേക്കു പോയി. ആള് മുനിയാണെങ്കിലും ഭയങ്കര ബുദ്ധിമതിയാണ്. നാട്ടുമരുന്നുകളും കണക്കും അരച്ചു കലക്കിക്കുടിച്ച്....! അങ്ങനെ.... വണ്ടി മുനിയുടെ വീട്ടിനടുത്ത സ്റ്റോപ്പില്‍ എത്തി. ഇറങ്ങാന്‍ നേരം ഗ്രാമീണന്‍ കണ്ടക്ടറുടെ കോളറില്‍ കടന്നുപിടിച്ച് ബഹളമുണ്ടാക്കി. എന്താ കാരണമെന്ന് അന്വേഷിച്ചവരോട് അവന്‍ പറഞ്ഞു "ഞാന്‍ കയറുന്നതിനു മുന്നെ ഈ ചവിട്ടു പടിയുടെ താഴെ ചെരുപ്പ് ഊരി ഇട്ടതാ ഇപ്പോള്‍ കാണാനില്ല," 
ഞങ്ങള്‍ കയറിയത് എറണാകുളത്ത് നിന്നാണെ!!
ഏയ് മുനീ. കുഞ്ഞു നീട്ടിവിളിച്ചു.. ദാകിടക്കുന്നു പൊത്തോന്നു മിനി റോഡില്‍. ഓ സാരല്യ എന്നു പറഞ്ഞ് ചാടിയെഴുന്നേറ്റ് ജ്യോമട്രിപ്പെട്ടിതുറന്ന് ചുട്ട പുളിങ്കുരു മണിക്കൊഴികെ എല്ലാവര്‍ക്കും നീട്ടി അവള്‍ ചിരിച്ചു. 
ടീ പൊട്ടീ നീ വേണം കേട്ടോ നമ്മുടെ ടീമില്. 
എന്താ.. 
അല്ലേ താളിയോലയിലെ ഒരു മത്സരം നടക്കണു. 
ബാക്കി പറഞ്ഞത് മണിയാണ് ഗജേന്ദ്രമോക്ഷപാഞ്ചാലിവസ്ത്രാക്ഷേപ ഏകാങ്കനാടകമത്സരം.. 
ഓ മണിയുണ്ടായിരുന്നോ ഞാന്‍ മറന്നുപോയതാ നേരത്തെ പുളിങ്കുരു തരാന്‍.. പോട്ടെ.. സോറി...സോറി..സോറി... അവള്‍ പെട്ടിതുറന്ന് എന്തോ എടുത്തു.. മണി ആര്‍ത്തിപൂണ്ട് കൈനീട്ടിയതും കോമ്പസിനിട്ടൊരു കുത്തുകൊടുത്തു. അവള്‍.. നിന്നെ ഞാന്‍ നോക്കി വച്ചിരിക്കുകയായിരുന്നു...
അപ്പഴിനി അടുത്തത് ആരാ.. നമുക്ക് ശ്രീജേനെ വിളിച്ചാലോ ബ്ലാക്കി പറഞ്ഞതും, കുഞ്ഞുവിന്‍റെ ഫോണ്‍ ശബ്ദിച്ചു... നിങ്ങള്‍ മനസ്സില്‍ വിചാരിക്കുമ്പോള്‍ ഞാനവിടെ എത്തും.. ആനയെ സംബന്ധിക്കുന്ന കഥയാകുമ്പം ഈ പല്ലനയില്ലാതെ എന്തോരു നാടകം. ഇപ്പോഴും ഭക്ത പ്രഹ്ളാദനിലെ പ്രധാന നടനാ ഞാന്‍...
അയ്യടാ ഒരു പ്രഹ്ളാദന്‍ എന്നാലും നീ വായോ.. അപ്പൊ ഇനിയും വേണമല്ലോ.. ഹോ വയ്യ..... ഇനി മുത്തുണ്ടല്ലോ അവനാണേ നാടകത്തില്‍ തയക്കോം പയക്കോം വന്നവനാ അവനേം ചേര്‍ത്തേര്. ഗ്രാമീണനാണ് അത് പറഞ്ഞത്. അങ്ങനെ എണ്ണാനറിയാത്ത കുഞ്ഞലക്ഷ്മി വല്ലജാതിയും പത്തുപേരെ തികച്ച് താളിയോലയുടെ പറമ്പില്‍കൊണ്ടു നിര്‍ത്തി.
അവിടെ ബാനറുകളുടെ ബഹളം ..നാരായം , മഷിത്തണ്ട് , അക്ഷരശ്രീ,സ്നേഹതൂലിക എന്നുവേണ്ട.. ഹോ... ഇടയ്ക്കിടയ്ക്ക് പിറകില്‍ കൈയ്യുംകെട്ടി ശ്യാമള അദ്ദേഹം തെക്കുവടക്കു നടക്കുന്നുണ്ട്. ഇങ്ങനെ കറങ്ങുമ്പോഴും ഒറു ചൂരല്‍ വടി കൈയ്യില്‍ മുറുക്കി പിടിച്ചിട്ടുണ്ട്. സാജന്‍ സാറാണ് സ്റ്റാഫ് സെക്രട്ടറി.. യുവജനോത്സവവേദിയിലെ ചട്ടങ്ങള്‍ പഠിപ്പിക്കുകയാണ് അദ്ദേഹം... പെട്ടെന്നാണ് രണ്ടു ചാവാലിപട്ടികള്‍ അപ്പുറത്തെ പറമ്പില്‍ കിടന്നു കടികൂടുന്നത് ബ്ലാക്കി കണ്ടത്... പിന്നെ താമസിച്ചില്ല വീരശൂര പരാക്രമിയായ അദ്ദേഹം ഒരു കല്ലെടുത്ത് നല്ലൊരു കീച്ചു കീച്ചി. പട്ടി... അരൊക്കെയോ കരയണപോലെ മോങ്ങി സ്ഥലം കാലിയാക്കി. അടുത്തുനിന്ന ഗ്രാമീണന്‍ ബ്ലാക്കിയോട് ചോദിച്ചു നീയെന്തിനാടാ ആ പാവുത്തുങ്ങളെ ഉപദ്രവിച്ചത്. പെട്ടെന്നായിരുന്നു ബ്ലാക്കിയുടെ മറുപടി. ഒന്നുകില്‍ നിന്നെ കൊല്ലണം അല്ലെങ്കില്‍ അവറ്റകളെ ഓടിക്കണം മൂന്നുപട്ടികളുംകൂടി ഇങ്ങനെ ചിലച്ചാല്‍ പിന്നെ ഞാനെന്തുചെയ്യാനാ. നിന്നെ കൊല്ലാന്‍ പറ്റാത്തോണ്ടാ അവറ്റകളെ ഞാനോടിച്ചത്.
ഞങ്ങ നിന്ന പറമ്പില്‍ നല്ല കാറ്റായിരുന്നു. പാവാട പറത്തി കാറ്റാണ്. മിനി ഒരുവിധം രണ്ടുകൈകൊണ്ടും പാവാട അടുക്കിപിടിച്ചു വച്ചിരിക്കുകയാണ് . അപ്പോഴാണ് അവളുടെ ശ്രദ്ധയില്‍ അതുപെട്ടത് നാടകത്തിനായി ഒരുക്കിയിരിക്കുന്ന അരങ്ങിലെ കര്‍ട്ടന്‍. കര്‍ട്ടന്‍ പെട്ടെന്ന് താഴേക്ക് വരാനായി കല്ലുകള്‍ സഞ്ചിയിലാക്കി കെട്ടിയിരിക്കുന്നു. അവള്‍ക്ക് ഐഡിയ സേഠ്ജി.... എവിടുന്നൊക്കെയോ അമ്പതുപൈസയുടെ പ്ലാസ്റ്റിക് കീസുകള്‍ പെറുക്കിയെടുത്ത് അതില്‍ കല്ല് നിറച്ച് പാവാടയുടെ ചുവട്ടില്‍ അങ്ങിങ്ങായി കെട്ടി. ങ്ങഹാ ..ഇനി പറക്കുന്നതു കാണാമല്ലോ.!!
സാജന്‍ സാര്‍ ഹാജരു വിളിച്ചു. കുഞ്ഞുലക്ഷ്മി ഒരോരുത്തരുടെ ഫോട്ടം കാണിച്ച് പരിചയപ്പെടുത്തി. ബ്ലാക്കിയുടെ ഫോട്ടം കണ്ട് സാജന്‍സാര്‍ ഞെട്ടി. ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തില്‍ ഒരു സെറ്റ് പല്ലുമാത്രം വെളുത്തു നില്‍ക്കുന്നു. ഇതാരാ ?..... ഇതാ നമ്മുടെ ദുര്യോദനന്‍... 
ഫഷ്ട്.. അപ്പൊ എത്ര വാട്ട് ബള്‍ബു കൊണ്ടുവന്നിട്ടുണ്ട് ഇവനെയൊന്നു കാണിക്കാന്‍.... അപ്പോഴും ദത്തന്‍ ചിരിച്ചു ആ പ്രകാശത്തില്‍ സാജന്‍സാര്‍ പരുങ്ങി. 
നിങ്ങള് ഏതു നാടകമാ കളിക്കണത് പാഞ്ചാലിവസ്ത്രാക്ഷേപ ഗജേന്ദ്രമോക്ഷ ഭക്ത പ്രഹളാദന്‍.. ഒരു വെറൈറ്റി ആയിക്കോട്ടെ പല്ലനയും മുത്തും ചേര്‍ന്നാണ് കോറസ് പോലെ പറഞ്ഞു . 
നാടകം തുടങ്ങി. ദ്രവിച്ച പലകയില്‍ത്തീര്‍ത്ത നാടകത്തട്ടിനടിയില്‍ എതിര്‍ ചേരിക്കാര്‍ സ്ഥാനം പിടിച്ചു. റീനയും വേണുഗോപാലും സിന്ധുവും എന്നുവേണ്ട ഒരു പടതന്നെ... കുറ്റിച്ചൂലീന്നു പറിച്ചെടുത്ത ഈര്‍ക്കിലികൊണ്ട് സ്റെജിനടിയില്‍ കയറി നടീനടന്‍മാരുടെ കാലുകളില്‍ ഇക്കിളിപ്പെടുത്തുകയാണ് അവര്‍. ദുര്യോദനനായ ബ്ലാക്കി ഗമയില്‍ ചാക്കുകഷണത്തില്‍ ഇരുന്നുറങ്ങുകയാണ്. ഒരു കരിം കുരങ്ങുപോലെ ഒരു മൂലയ്ക്ക്. പാഞ്ചാലിയായി വേഷമിട്ട മണി സമയമില്ലാത്തതിനാല്‍ ആറുസാരിക്കുപകരം അഞ്ചെണ്ണം ഉടുത്ത് അഡ്ജസ്റ്റുചെയ്തു. അഴിക്കുമ്പോള്‍ ഒന്നു കുറച്ചഴിക്കണമെന്ന് മുത്തിനോട് പറഞ്ഞെങ്കിലും ആ അവേശത്തില്‍ അവന്‍ അഞ്ചെണ്ണവും അഴിച്ചു. കളസപ്പാടെ നിന്ന മണിയുടെ തുടയില്‍ അമ്മ ചട്ടകം വച്ച അടയാളം നിന്നു മിന്നി. എന്‍റെ കൃഷ്ണാ എന്നുറക്കെ വിളിക്കുമ്പോള്‍ കൈയ്യില്‍ ഗദയുമായി പല്ലന കടന്നുവന്നു. തോഴിയായ ശ്രീജയും മുനിയും റീനയുടേയും കൂട്ടരുടേയും അടിയില്‍ ഇരുന്നുള്ള ഈര്‍ക്കിലി പ്രയോഗത്തില്‍ പുളകിതാരയി ഡാന്‍സു കളിച്ചു. 
എവിടെയാടാ നിന്‍റെ ദൈവം.... കാണട്ടെ..... ഏതു തൂണിലാ ഇതിലോ അതിലോ.... ഏതിലാണെന്ന് കണ്‍ഫ്യൂഷനായ പ്രഹ്ളാദവേഷത്തിലെ കുഞ്ഞുലക്ഷ്മി ഒരു നിമിഷം ആലോചിച്ചു. വെളിയിലെ കൂക്കിവിളിയില്‍ ഷുഭിതനായി പല്ലന ആഞ്ഞ് ഒരു തൂണില്‍ അടിച്ചു. തൂണു പിളര്‍ന്നു ദൈവത്തിനെ കണ്ടില്ല.. 
എന്നാ പിന്നെ അതിലായിരിക്കും.. തൂണുമാറിക്കയറിയതിന് ബ്ലാക്കി ഗ്രാമീണന്‍റെ കഴുത്തിനുപിടിക്കാനോടി... ലൈറ്റ് ഓഫ്.. ബ്ലാക്കിയെ ആര്‍ക്കും കാണാന്‍ വയ്യ പക്ഷേ അവന് എല്ലാവരേയും കാണാം... എല്ലാം അറിയുന്നവന്‍ ബ്ലാക്കി.... സാഗര്‍ ഏലിയാസ് ബ്ലാക്കി....

No comments:

Post a Comment