Friday, January 16, 2015

വ്യക്തിഗത വായ്പ അഥവാ പേർസണൽ ലോണ്‍










                                                                                                                                                                                                ജിനു തോമസ്‌

പാവപെട്ടവനും ഇടത്തരക്കാരനും സമ്പന്നനുമെല്ലാം ഒരു പോലെ അറിഞ്ഞിരിക്കേണ്ട, ആനുകാലിക പ്രസക്തിയുള്ള ഈ വിഷയത്തില്‍ 'മഷിത്തണ്ട്' ടീം അംഗവും ഈ മേഖലയില്‍ ഏറെ അറിയപെടുന്ന ശ്രീ ജിനു തോമസ്‌ ഒരുക്കുന്ന വേദി. 'താളിയോല' അംഗങ്ങള്‍ക്ക് ബാങ്കിംഗ് മേഖലയിയുമായി ബന്ധപെട്ട ഈ വിഷയത്തിലുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഈ വേദിയിലേക്ക് എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതം.
വ്യക്തിഗത വായ്പ എന്നാ ഓമനപ്പേരിൽ അറിയപ്പെടുന്ന പേർസണൽ ലോണിനെ നമുക്ക് ഒന്ന് പരിചയപ്പെടാം. അതിനു മുമ്പ് ലോണ്‍‍ എന്നാൽ എന്ത് എന്നൊന്ന് മനസിലാക്കിയിരിക്കുന്നതു നല്ലതായിരിക്കും.
വായ്പ അഥവാ ലോണ്‍
ഒരു വ്യക്തിയോ സ്ഥാപനമോ ഒരാള്കോ ഒരു സ്ഥാപനത്തിനോ കടമായി പണം കൊടുക്കന്നതിനെ ആണ് വായ്പ എന്ന് പറയുന്നത്. ഈ കടം തിരികെ കൊടുക്കുന്നതിനോപ്പം ആ തുകക്കുള്ള പലിശ കൂടി കടം വാങ്ങുന്ന ആൾ കൊടുക്കേണ്ടി വരും. (പലിശ രഹിത വായ്പകളും ഉണ്ട്.) ഈ തുക ഒരുമിച്ചോ തവണകളായോ തിരികെ അടക്കാവുന്നതുമാണ്. പലിശ കണക്കാക്കുന്നതിന് റിസർവ് ബാങ്ക് വ്യക്തമായ നിബന്ധനകൾ നിർദേശിച്ചിട്ടുണ്ട്.
secured Loan : കടം നല്കുന്ന തുക തിരിച്ചടക്കാതിരുന്നാൽ അത് വസൂലാക്കാനുള്ള ഈട് നല്കി എടുക്കുന്ന വായ്പകൾ ആണ് secured loans . സ്വർണമോ, സ്ഥലമോ, വാഹനമോ, വീടോ, ഓഹരികളോ, ആൾജാമ്യമൊ അങ്ങിനെ ബാങ്ക് അംഗീകരിച്ച എന്തുമാവാം ഈ ഈട്.
unsecured Loan: യാതൊരു ഈടും വേണ്ടാത്ത ലോണ്‍ ‍ ആണിത്. അതായത് വാങ്ങുന്ന ആൾ ചതിക്കില്ല, തിരിച്ചടക്കും എന്ന വെറും വിശ്വാസത്തിന്റെ പേരിൽ കൊടുക്കുന്ന വായ്പ. നൂറു കണക്കിന് കോടി രൂപയുടെ കോർപറെറ്റ് ലോണുകൾ മുതൽ അയ്യായിരം രൂപയുടെ മൈക്രോ ഫിനാൻസ് വരെ ഇത്തരത്തിൽ കൊടുക്കാറുണ്ട്.
പേർസണൽ ലോണ്‍ : ഒരു വ്യക്തിക്ക് അയാളുടെ വ്യക്തിപരമായ ആവശ്യത്തിനായി ( കല്യാണം, യാത്ര, മറ്റു ചെലവുകൾ) നല്കുന്ന ഈടില്ലാ ലോണ്‍ (unsecured Loan) ആണിത്.
എല്ലാവര്ക്കും ഇത് ലഭിക്കുമോ ..?
തിരിച്ചടക്കാനുള്ള ത്രാണിയും(Capacity/Ability), ഉദ്ദേശശുദ്ധിയും (intent) ഉണ്ട് എന്ന് ബാങ്കിനു ബോധ്യപ്പെടുന്ന 21 വയസ്സ് കഴിഞ്ഞതും 65 വയസ്സിൽ കൂടാത്തവരുമായ എല്ലാവർക്കും തന്നെ ഇത് ലഭിക്കുന്നതാണ് .ഓരോ സ്ഥാപനങ്ങളും തങ്ങളുടേതായ കുറഞ്ഞ വരുമാന പരിധി നിശ്ചയിചിട്ടുണ്ടാവും. സാധാരണ 15000 രൂപക്ക് മുകളിൽ പ്രതിമാസ വരുമാനമുള്ള എല്ലാവര്ക്കും തന്നെ പേർസണൽ ലോണ്‍ ലഭ്യമാണ് . (നിബന്ധനകള്ക്ക് വിധേയം.)
ബാങ്കിന് എങ്ങിനെ ഇവ രണ്ടും ബോധ്യപ്പെടും?
1. ത്രാണി (Capacity/Ability) : അപേക്ഷകന്റെ പ്രായം, ജോലി, വരുമാനം, നിലവിളിലുള്ള ബാധ്യതകൾ ഒക്കെ വിലയിരുത്തിയാൽ ലോണ്‍ തിരികെ അടക്കാനുള്ള കഴിവുണ്ടോ എന്നറിയാൻ സാധിക്കും. ഉദാഹരണത്തിന് നിങ്ങള്ക്ക് 10000 രൂപ ഒരു മാസം വരുമാനം ഉണ്ട് എന്നിരിക്കട്ടെ. നിങ്ങളുടെ നിലവിലുള്ള വായ്പാ തവണകളും പുതുതായി ചോദിച്ച വായ്പയുടെ തവണയും കൂടി ചേർത്താലും 6000 രൂപവരെ മാത്രമേ പരമാവധി ആവുകയെങ്കിൽ നിങ്ങള്ക്ക് ലോണ്‍ ലഭിക്കും.
അതായത് നിങ്ങളുടെ വരുമാനത്തിന്റെ 60% വരെ മാത്രമേ നിങ്ങളുടെ വായ്പാ തവണകൾ വരാൻ പാടുള്ളൂ എന്നർത്ഥം. ബാക്കി 40% നിങ്ങളുടെ ദൈനം ദിന ചെലവുകൾക്ക്‌ വേണമല്ലോ..
2. ഉദ്ദേശ ശുദ്ധി(intent) : അടിസ്ഥാനപരമായി നൂറു പേരിൽ 90 പേരും സത്യസന്ധരാണ് എന്നതാണ് ഒരു യാഥാർത്ഥ്യം. ബാക്കി 10 പേരെ ഒഴിവാക്കുക എന്നതാണ് ഒരു പ്രധാന കടമ്പ. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത് വളരെ ഭംഗിയായി നിർവഹിക്കാൻ കഴിയും. ( Statistical score card modeling ഇതിന്റെ ഒരു രീതിയാണ് ). കൂടാതെ മുൻകാല ചരിത്ര ( ക്രെഡിറ്റ്‌ ബ്യുറോ) വും കൂടി നോക്കിയായിരിക്കും ഇത് മനസിലാക്കുക. ,
തവണകൾ : EMI (Equated Monthly Installments) അഥവാ തവണകൾ ശരാശരി 12 മുതൽ 60 വരെയാണ് സാധാരണയായി പേർസണൽ ലോണ്കൾക്ക്‌ ഉണ്ടാവാറുള്ളത്.
പലിശ നിരക്ക് - പേർസണൽ ലോണ്കൾക്ക് ശരാശരി 12% മുതൽ 36% വരെ പലിശ ഈടാക്കാറുണ്ട്. അപേക്ഷകന്റെ 'പ്രൊഫൈൽ' അനുസരിച്ചായിരിക്കും പലിശ നിരക്ക്. എന്നിരുന്നാലും പൊതുവെ 16%-18% വരെയാണ് കാണപ്പെടുന്നത്. ഒരു മികച്ച വായ്പാ ചരിത്രം ഉണ്ടെങ്കിൽ അപേക്ഷകന് പലിശ ഇളവു കിട്ടുവാനുള്ള സാധ്യതകൾ വളരെയധികമാണ്.
ഫീസ്‌ - ചില ലോണ്‍ സേവന ദാദാക്കൾ പ്രോസിസ്സിംഗ് ഫീ ഈടാക്കാറുണ്ട്...ലോണ്‍ തുകയുടെ (1/2 % മുതൽ 2%) വരെയാണ് സാധാരണയായി ഈടാക്കാറുള്ളത്. ഇത് അപേക്ഷകന്റെ പ്രൊഫൈൽ അനുസരിച്ച് കുറച്ചു കൊടുക്കുവാനോ ഒഴിവാക്കാനോ പോലും ബാങ്കുകൾ തയ്യാറാവും
.
pre-payment അതായത് ലോണ്‍ ഇടയ്ക്കു വെച്ച് മുൻ‌കൂർ അടച്ചു തീര്ക്കുവാനുള്ള സൌകര്യങ്ങളും ഇപ്പോൾ മിക്ക ബാങ്കുകളും തരുന്നുണ്ട്.
തിരിച്ചടവ് - വളരെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. യാതൊരു കാരണവശാലും തിരിച്ചടവ് മുടക്കരുത്. അങ്ങിനെ ചെയ്‌താൽ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനു തുല്ല്യമാണത്. കോടതി കയറി ഇറങ്ങണ്ടി വരുമെന്ന് മാത്രമല്ല ക്രെഡിറ്റ്‌ ബ്യുറോകൾ ശക്തമായ സാഹചര്യത്തിൽ പിന്നീടൊരിക്കലും ഒരു സ്ഥാപനത്തിൽ നിന്നും വായ്പ ലഭിക്കാതെ വരികയും ആധാർ കാര്ഡ് കൂടി നിലവിൽ വന്ന സ്ഥിതിക്ക് ഒരു സ്ഥലത്തും രക്ഷ ഇല്ലാതെ വരികയും ചെയ്യും.
മറ്റൊന്ന് തവണകൾ ബാങ്കുകൾ വഴി തന്നെ കൃത്യമായി കൊടുക്കുവാൻ ശ്രദ്ധിക്കണം. ചെക്കുകൾ മടങ്ങിയാൽ പിന്നീട് പണം കൊടുത്താൽ പോലും നഷ്ടപ്പെട്ട 'സൽപേര്' (ക്രെഡിറ്റ്‌ ഹിസ്റ്ററി ) തിരികെ ലഭിക്കില്ല.
പേർസണൽ ലോണ്‍ ലഭിക്കുന്നതിനു നിങ്ങളുടെ പ്രൊഫൈൽ എങ്ങിനെ മെച്ചപ്പെടുത്താം?
1. നിങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ കഴിവതും ബാങ്കിലൂടെ മാത്രം നടത്തുക. സ്റ്റെമെന്റ്റ്‌ പരിശോധിക്കുന്ന അധികൃതർക്ക്‌ നിങ്ങളെക്കുറിച്ച് മതിപ്പുണ്ടാവാൻ അത് സഹായിക്കും.
2. ഒരിക്കലും തവണകൾ മുടക്കാതിരിക്കുക ചെക്ക് മടങ്ങാൻ അനുവദിക്കുകയെ ചെയ്യരുത്. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ചെക്കുകൾ മടങ്ങുന്ന ഒരു സംസ്ഥാനമാണ് കേരളം. ബാങ്കുകൾ കയ്യൊഴിയുംപോഴാണ്‌ ബ്ലേഡ് മാഫിയക്ക് തല വെച്ച് കൊടുക്കേണ്ടി വരുന്നതെന്ന് ഓർക്കുക.
3. തിരിച്ചടവ് ചരിത്രം മെച്ചപ്പെട്ടു കഴിഞ്ഞാൽ പലിശയിലും മറ്റും ബാങ്കുമായി വിലപേശാവുന്നതാണ്
4. ആദായനികുതി റിട്ടെണ്‍സ് കൃത്യമായി ഫയൽ ചെയ്യുക (അടയ്ക്കുക :)) . പ്രത്യേകിച്ച് കച്ചവടക്കാർ.
5.നിങ്ങളുടെ ജോലിയും ജോലി ചെയ്യുന്ന സ്ഥാപനവും, ആ സ്ഥാപനം പ്രവര്ത്തിക്കുന്ന മേഖലയും (industry type ) വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവര്ക്ക് കുറഞ്ഞ പലിശ നിരക്കിൽ അനായേസേന ലോണ്‍ കിട്ടും. ജോലി നഷ്ടപ്പെട്ടു വരുമാനം നിലക്കുന്നതിനുള്ള സാധ്യത (probability of job loss) കണക്കിലെടുത്താണ് അത് നിശ്ചയിക്കുന്നത്.
6. CIBIL Score -ഒരു തവണ നിങ്ങൾ വായ്പ എടുത്താൽ, ക്രെഡിറ്റ്‌ ബ്യുറോകൾ നിങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു നിങ്ങള്ക്ക് മാർക്കിടും. അതിനെ 'ബ്യുറോ സ്കോർ' എന്നാണു പറയുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ശരാശരി 750 നു മുകളിൽ ഉണ്ടെങ്കിലാണ് നിങ്ങള്ക്ക് അനായാസം ലോണ്‍ കിട്ടുന്നത്. മാത്രമല്ല സ്കോർ കൂടുന്നതനുസരിച്ച് നിങ്ങളുടെ ലോണ്‍ തുക കൂടുകയും പലിശ നിരക്ക് കുറയുകയും ചെയ്യും. [റിസ്ക്‌ കുറയുന്നതിനാലാണത്]. സ്കോർ കൂടാനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ല . കൃത്യമായി ചെക്ക് മടങ്ങാതെ തവണകൾ അടക്കുക മാത്രം ചെയ്‌താൽ മതി. ഒരു തവണ ചെക്ക് മടങ്ങിയാൽ ഏകദേശം 50 മാർക്കോളം ഒറ്റയടിക്ക് താഴെപ്പോവും. .
.
പേർസണൽ ലോണുകൾ ചിട്ടികളെക്കാൾ വളരെ ലാഭകരമാണ്. പക്ഷെ പലര്ക്കും അത് തിരിച്ചറിയില്ല. ചിട്ടി കൂടുന്നതിന് പകരം ബാങ്കിൽ RD (recurring deposit ) കൂടാവുന്നതാണ്. കുറച്ചു കാലം കൃത്യമായി അടച്ചുകഴിയുംപോൾ ബാങ്കുകാർ ഇങ്ങോട്ട് വിളിച്ചു ലോണ്‍ തന്നുകൊള്ളും. ലഭ്യമായ കണക്കുകൾ പ്രകാരം നമ്മുടെ രാജ്യത്ത് ഏകദേശം ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം കോടി രൂപയുടെ പേർസണൽ ലോണ്‍ വിവിധ ബാങ്കുകളിൽ നിന്നായി കൊടുത്തിട്ടുണ്ട്. HDFC ബാങ്ക്, ആക്സിസ് ബാങ്ക്, Bajaj ഫിൻസെർവ് തുടങ്ങിയ സ്ഥാപനങ്ങൾ ഈ മേഖലയിൽ ഈ മേഖലയില്‍ മുന്നിട്ടു നിൽക്കുന്നവയാണ്. ഓണ്‍ലൈൻ ആയിത്തന്നെ ഈ സേവനങ്ങൾ ലഭ്യമാണ്. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ നിങ്ങള്ക്ക് പണം ലഭ്യമാവുന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്....


No comments:

Post a Comment