Friday, January 16, 2015

പ്രാദേശിക വാര്‍ത്തകള്‍


തിരുവനന്തപുരം കൊച്ചി കോഴിക്കോട് ...താളിയോല സൂപ്പര്‍ സീരിസില്‍ ടീം ചോയ്സില്‍ പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത് ഓലപ്പീപ്പി.
പ്രാദേശിക വാര്‍ത്താവാരത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ആണ് മുഖ്യവിഷയം. നാടൊട്ടുക്ക് വികസനത്തിന്‍റെ പേരില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാം ജനതയെ ബാധിക്കുന്നു എന്നതിന്‍റെ തെളിവുകള്‍ നിരത്തുകയാണ് ഓലപീപ്പിയുടെ കൂട്ടുകാര്‍.....
പ്രിയ ഉദയന്‍
**************
എറണാകുളം ജില്ലയിലെ അറിയപെടുന്ന ഒരു തീര്‍ഥാടന കേന്ദ്രമാണ് കാലടി. ആദിശങ്കരന്റെ ജന്മം കൊണ്ടും തോമാസ്ലീഹായുടെ പാദസ്പര്‍ശം കൊണ്ടും അനുഗ്രഹിക്കപെട്ടതും, ദക്ഷിണ ഗംഗ എന്ന് വിളിക്കുന്ന പെരിയാര്‍ ഉള്ളതുകൊണ്ടും സൌന്ദര്യത്തിന്‍റെ വിളനിലമാണ് ഇവിടം. എന്നാല്‍ കാലടി അനുഭവിക്കുന്ന പാരിസ്ഥിക സാമൂഹിക പ്രശ്നങ്ങള്‍ പലതാണ്.
1. പെരിയാറിന്റെ അശുദ്ധി
----------------------
പുഴയ്ക്കൊഴുകാന്‍ നിവൃത്തിയില്ലാത്തവണ്ണം മണല്‍ കുഴിച്ചെടുത്തു മരണക്കുഴികള്‍ ആയി. ഈ കുഴികളില്‍ പതിയിരിക്കുന്ന മരണക്കണക്ക് ദിനം പ്രതി കൂടി വരുന്നു, മലയാറ്റൂര്‍ പള്ളിയുടെ അടിവാരത്തില്‍ മരണപെടുന്നവരുടെ എണ്ണം എത്രയോ ഉണ്ട്. പെരിയാറില്‍ വലിച്ചെറിയപെടുന്ന അറവു മാലിന്യങ്ങള്‍, ആലുവയിലും എറണാകുളത്തും പ്രവര്‍ത്തിക്കുന വിവിധ കമ്പനികള്‍ ഒഴുക്കി വിടുന്ന രാസമാലിന്യങ്ങള്‍, പ്ലാസ്റ്റിക്‌ വസ്തുക്കള്‍, പാടശേഖരത്തിലെ മരുന്നടി ഇവയെല്ലാം ചേര്‍ന്ന് കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുന്നു.
2.ശങ്കര പാലത്തിലെ ഗതാഗത കുരുക്ക് :-
----------------------------
ശങ്കര പാലത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ചിലസമയങ്ങളില്‍ മൂന്നു മണിക്കൂറോളം കാത്തുകിടക്കേണ്ടിവരും. M.C റോഡ്‌ വഴി യാത്ര ചെയ്ത പലര്‍ക്കും ഇതിന്റെ ഗൌരവം മനസിലാകും. മാറിമാറി വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം കുറ്റം പറഞ്ഞും പഴിചാരിയും ഇതിനെ വഴി തെറ്റിക്കുന്നു. ഇടുങ്ങിയ ശങ്കര പാലത്തിനു പകരം പതിയൊരു പാലം എന്നത് ജനങ്ങള്‍ ആവശ്യപെടാന്‍ തുടങ്ങിയിട്ട് ഏകദേശം 15 വര്‍ഷം കഴിഞ്ഞു. പുതിയ പാലം വരാത്തതില്‍ പ്രതിഷേധിച്ചു വിവിധ പാര്‍ട്ടികള്‍ പലതരത്തിലുള്ള കൊടി കുത്തി പോയി. കുറെ മുദ്രവാക്ക്യം വിളിച്ചു (ശബ്ദ മലിനീകരണം) എന്നതില്‍ കവിഞ്ഞു ഒന്നും നടന്നില്ല ജനങ്ങളുടെ വിലാപത്തിന് ഇവിടെ പുല്ലുവിലയാണ്..... ഹര്‍ത്താലും ബന്ദും മുറയ്ക്ക് നടക്കുന്നു.
ശബരിപാത
-------------
ശബരിപാത നിര്‍മാണത്തിന് സ്ഥലം വിട്ടു കൊടുത്തവര്‍ വഴിയാധാരമായി നില്‍ക്കുന്നു. വീട് പുതുക്കി പണിയാണോ വില്‍ക്കാനോ മാറി പോകനോ സാധിക്കാതെ നട്ടം തിരിയുന്നു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാകാതെ കാലടിയില്‍ നിന്നും ഏകദേശം 1 കിലോമീറ്റര്‍ അപ്പുറം വന്നു നില്‍ക്കുന്നു. ഈ പാത പൂര്‍ത്തിയായെങ്കില്‍ അയ്യപ്പന്മാരുടെ തിരക്കെങ്കിലും ലേശം കുറയുമായിരുന്നു. നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടിലെക്കുള്ള യാത്രയും സുഗമാമായേനെ. വരും തലമുറയ്ക്കും ഇന്ന് ജീവിക്കുന്നവര്‍ക്കും വേണ്ടി എന്തെങ്കിലും നല്ലത് കരുതി വയ്ക്കാന്‍ നമുക്കാവില്ലേ?
മിനി മോഹന്‍
******************
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ പെട്ട ഗ്രാമമാണ് ഞാന്‍ ജനിച്ചു വളര്‍ന്ന കാഞ്ചിയാര്‍. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2400 അടിക്കും, 3000 അടിക്കും ഇടയിലായി കിടക്കുന്ന ഹൈറേഞ്ച് മേഖലകളില്‍പ്പെട്ട കാഞ്ചിയാര്‍ പഞ്ചായത്തിന്റെ ഭൂരിഭാഗവും ചെരിവു പ്രദേശങ്ങളാണ്. കാഞ്ചിയാര്‍ തികച്ചും ഒരു കാര്‍ഷിക ഗ്രാമമാണ്. 90% ആളുകളുടെയും ജീവനോപാധിയെന്ന നിലയില്‍ കൃഷി പരമ പ്രധാനമാണ്.
ഏലം, കാപ്പി, കുരുമുളക്, കൊക്കോ, പച്ചക്കറികള്‍, തെങ്ങ്, കമുക് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കാര്‍ഷിക വിളകള്‍. അമിത ലാഭത്തിനായി ഈ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന മാരകമായ വിഷവസ്തുക്കള്‍ സുന്ദരമായ ഈ ഗ്രാമത്തിന്റെ സര്‍വ്വനാശത്തിനും ഇടയാക്കുന്നതിനു കാരണമായിക്കൊണ്ടിരിക്കുന്നു. 'മരുന്നടി' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിഷപ്രയോഗം അനിയന്ത്രിതമായിരിക്കുന്നതു മൂലം ഇവിടുത്തെ ഉച്ഛ്വാസവായുവും കുടിവെള്ളവും വര്‍ഷങ്ങളായി വിഷലിപ്തമായിക്കൊണ്ടിരിക്കുന്നു. ഇതുമൂലം ക്യാന്‍സര്‍ മുതലായ രോഗങ്ങളുടെ അതിപ്രസരമാണ് ഈ ദേശത്ത്.
വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കേരളത്തിലെ അദ്യത്തെ ക്യാന്‍സര്‍ പഞ്ചായത്തായി കാഞ്ചിയാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഉന്നതവിദ്യാഭ്യാസം നേടിയ ഗ്രാമവാസികള്‍ പോലും ഈ ദുരന്തത്തോട് നിസ്സംഗമായാണു പ്രതികരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.



മുത്ത് ഊട്ടിക്കര
******************
വളരെ മനോഹരമായ ഒരു ഗ്രാമമായിരുന്നു തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മുതല്‍ ആക്കുളം വരെയുളള ഞങ്ങടെ പ്രിയപ്പെട്ട ജന്മനാട്. ടെക്നോ പാര്‍ക്കിന്റെ വരവോടെ ഗ്രാമ നിഷ്കളങ്കതയെല്ലാം പോയ് മറഞ്ഞു.
ഇന്‍ഫോസിസിന്‍റെ വരവ്
------------------------
വയലും തോടും വാസസ്ഥലങ്ങളുമുള്‍പ്പടെ വളഞ്ഞ് പിടിച്ചു. ജെസിബിയും ടിപ്പറും വന്ന് നിറഞ്ഞു. വയലുകള്‍ ഞങ്ങടെ കണ്‍മുന്നില്‍ കുഴിച്ചുമൂടുന്നത് വേദനയോടെയാണ് കണ്ടുനിന്നതെങ്കിലും അധികം വൈകാതെ ഐറ്റി സമുച്ചയങ്ങള്‍ വരാനും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കൊപ്പം നാട്ടുകാര്‍ക്കും അവരവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലിയവസരങ്ങള്‍ ലഭിക്കാനും തുടങ്ങി. വന്‍തോതിലുള്ള ജനവാസം ജലക്ഷാമത്തിനു കാരണമായി .
പുതുതായി ആകാശംമുട്ടെ കെട്ടിയുയര്‍ത്തി പൂര്‍ത്തിയാക്കിയ യു എസ് റ്റി ഗ്ളോബല്‍ തുടങ്ങിയ ഐറ്റി ഭീമന്‍മാരുടെ കെട്ടിട സമുച്ചയങ്ങളിലെക്ക് പതിനായിരകണക്കിനാള്‍ക്കാര്‍ വരാനുമുണ്ട്. ജല സ്രോതസ്സുകള്‍ പലതും മലിനമായി. അത് മാരക രോഗങ്ങള്‍ വരുത്തി വയ്ക്കുന്നു. ഒപ്പം ശുദ്ധജലത്തിന്‍റെ ദൗര്‍ലഭ്യവും.
ഈ ഐറ്റി സമുച്ചയത്തിനു മുന്നിലെ ഹൈവേ ബൈപാസിലെ വാഹനത്തിരക്ക് ഭീകരമാണ്.. റോഡിനു പാരലല്‍ ആയി ഒന്നോ രണ്ടോവരി പാതകള്‍ കൂടി ഏത്രയും വേഗം ഉണ്ടായിവരേണ്ടത് അനിവാര്യമാണ്.
ഒരു നാടിന് വികസനങ്ങള്‍ വരുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമായും ഉണ്ടായിവരും. അതിനു പ്രതിവിധികള്‍ വേണ്ടപ്പെട്ടവര്‍ സമയാസമയങ്ങളില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ പരിഹരിക്കാവുന്നതേയുളളൂ. അധികാരപ്പെട്ടവര്‍ ശ്രദ്ധയൂന്നേണ്ടതാണ്.
ശ്രീജ ശശിധരന്‍
****************
എന്റെ നാട്- മുണ്ടക്കയം....
മലയോരഗ്രാമമായ ഇവിടെയും മറ്റെവിടുത്തെയും പോലെ പല സാമൂഹ്യ പ്രശ്നങ്ങളും നിലനിൽക്കുന്നു.
1. മുണ്ടക്കയത്തിന് വരദാനമായി കിട്ടിയ മണിമലയാർ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാൽ മരണ ഭീതി നേരിടുന്നു. പച്ചവിരിച്ച മലയടിവാരങ്ങളും മാലിന്യക്കലവറയായ് മാറി. ഈ നാട്ടിൽ നിന്നുള്ള മാലിന്യങ്ങളെക്കാളേറെ മറ്റുസ്ഥലങ്ങളിൽ നിന്ന് പ്രധാനമായും തമിഴ്നാട്ടിൽ നിന്നുള്ള മാലിന്യങ്ങൾ രാത്രികാലങ്ങളിൽ മലയോരങ്ങളിൽ തള്ളുന്നു. അധികൃതരുടെ അനാസ്ഥ മൂലം ഈ രാത്രികാല കലാപരിപാടി തുടർന്നുകൊണ്ടേയിരിക്കുന്നു. മത്സ്യ മാംസാദികളുടെ അവശിഷ്ടങ്ങൾ നദിയിലേക്ക് തള്ളുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
2. കേരളത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങൾ , പൊതുവെ കലാപരവും ചരിത്രപരവുമായ കാര്യങ്ങൾക്ക് യാതൊരുവിധ പ്രോത്സാഹനവും ഇല്ലാത്ത മേഖലകളാണ്. അതിനാൽ തന്നെ ചരിത്രപരമായ ഒരുപാട് സംഭവങ്ങളും വസ്തുതകളും സ്മാരകങ്ങളും വരും തലമുറ അറിയപ്പെടാതെ നശിച്ചു പോവുന്നു.
3. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനം, മലകളെ വെട്ടിനിരത്തി കോൺക്രീറ്റ് കാടുകൾ വളർത്തുന്ന പ്രവണത ഇവയെല്ലാം ഈ നാടിന് വലിയ ശാപമായി മാറിക്കൊണ്ടിരിക്കുന്നു
മണി അയ്യംപുഴ
*****************
എറണാകുളം ജില്ലയുടെ കിഴക്കു വടക്കെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി സുന്ദരമായ മലയോര ഗ്രാമം അയ്യംപുഴ ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഏറെയാണ്. അതിവേഗം വികസനത്തിന്‍റെ പാതയില്‍ മുന്നേറുന്ന എറണാകുളം ജില്ലയുടെ പ്രത്യേകിച്ച് കൊച്ചി മെട്രോ, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ തുടങ്ങിയവയുടെ നിര്‍മ്മാണ സാമഗ്രികള്‍ ആയ പാറയും മെറ്റലും പാറമണലും യഥേഷ്ടം കൊണ്ട് പോകുന്നത് ഈ ഗ്രാമത്തിലെ മലകളെയും കുന്നുകളെയും ഇടിച്ചു നിരത്തിയാണ്.
നൂറിലേറെ ക്വാറികള്‍ ഓരോന്നിലും നുറിലേറെ സ്ഫോടനങ്ങള്‍ ....ഇതില്‍ പോപ്സണ്‍ എന്ന മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ക്വാറിയില്‍ 50 ലേറെ അടി താഴ്ചയീല്‍ കുഴിച്ചു ഒറ്റ സ്ഫോടനത്തില്‍ നൂറിലേറെ ലോഡുകളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. താണിക്കോട് എന്ന ഒരുവലിയ മല തന്നെ ഇന്ന് ഇല്ലാതായ് കൊണ്ടിരിക്കുകയാണ് ...
ഈ മലയോരത്തെ ജനത നാടും വീടും വിട്ട് അന്യദേശങ്ങളിലേക്ക് പോയ് കഴിഞ്ഞു. അവര്‍ താമസിച്ച വീടുകള്‍ മിക്കതും കാടു കയറി പ്രേത ഭവനം പോലെ ആയിക്കഴിഞ്ഞു. ഗ്രാമത്തിലെമ്പാടും ഉഗ്രസ്ഫോടനത്താല്‍ ശബ്ദമലിനീകരണം രൂക്ഷമാണെങ്കില്‍ വായു മലിനീകരണം കൊണ്ട് മനുഷ്യരും മറ്റ് ജീവജാലങ്ങളും ഊര്‍ദ്ദശ്വാസം വലിക്കുകയാണ്. കഷ്ടിച്ച് ഒരു വണ്ടിക്ക് സൈഡ് കൊടുക്കുവാന്‍ കഴിയുന്ന ഗ്രാമപാതയിലൂടെ നിത്യേന 1000 ത്തിലേറെ ലോഡുകളുമായാണ് ടിപ്പറും ടോറസും മല്‍സര ഓട്ടം നടത്തുന്നത്. സ്കൂള്‍ കുട്ടികളും ഇരുചക്ര യാത്രികരും അതിശക്തമായ പൊടിപടലത്തില്‍ പെട്ട് ശ്വാസംമുട്ടുന്ന കാഴ്ച ഗ്രാമത്തിലിന്നു പതിവാണ്. പാറമടകള്‍ മാത്രമല്ല നിരവധി ക്രഷര്‍ യൂണിറ്റുകളും അയ്യംപുഴ നിവാസികളുടെ സ്വത്തിനും ജീവനും ഭീക്ഷണിയുയര്‍ത്തി പ്രവര്‍ത്തിക്കുകയാണ്.
ഈ അടുത്ത കാലത്ത് ജി കെ ഗ്രാനൈറ്റ്സ് എന്ന കമ്പനിക്കെതിരായ് ജനങ്ങള്‍ ഒറ്റക്കെട്ടായ് നടത്തിയ ഐതിഹാസിക പോരാട്ടം 150 ദിവസത്തിലേറെ നീണ്ടു നിന്നു ജനകീയ സമരവേദിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ അടക്കം നിരവധി നേതാക്കള്‍ പിന്തുണയുമായെത്തി. ഒടുവില്‍ കോടതി ജനങ്ങളുടെ രക്ഷക്കെത്തി ആ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുകയുണ്ടായി.
വികസനത്തിന്‍റെ പേരില്‍ മണ്ണും മലയും പാറയും മാത്രമല്ല പുഴയുള്‍പ്പടെയുള്ള ജലസ്രോതസ്സുകള്‍ കൂടി ഇല്ലാതാക്കുകയാണിവിടെ. നാളത്തെ തലമുറയോട് നമുക്ക് ചില ഉത്തരവാദിത്തങ്ങളില്ലേ? നാം തെരെഞ്ഞെടുത്ത ഭരണാധികാരികള്‍ക്കത് കാത്തുസംരക്ഷിക്കാനുളള ബാധ്യതയില്ലേ?
ഗ്രാമീണന്‍
*****************
വെണ്‍ഞാറകള്‍ നിറഞ്ഞ ഒരു മനോഹര ഗ്രാമമായിരുന്നൂ വെഞ്ഞാറമൂട്. അനേകം കലാകാര്നമാരുടേയും സാംസ്കാരിക കേന്ദ്രങ്ങളുടേയും ഈറ്റില്ലമായ ഇവിടുത്തെ പ്രകൃതി പെട്ടന്ന് മാറി. ഗ്രാമത്തിന്‍റെ ചന്തം ടൗണ്‍ഷിപ്പിലേക്ക് ചായം പൂശി. ഇന്നിവിടം കോണ്‍ക്രീറ്റ് കാടുകളാണ്. എല്ലായിടത്തേയുംപോലെ മാലിന്യ പ്രശ്നങ്ങളും കുടിവെള്ള ക്ഷാമവും ഇവിടെയും വന്നു ഭവിച്ചു.
എന്നാല്‍ എനിക്കുപറയാനുള്ളത് മാലിന്യപ്രശ്നത്തിനു മുഖ്യ ഹേതുവായ പ്ലാസ്റ്റിക്കിനെക്കുറിച്ചാണ്. തലങ്ങും വിലങ്ങും ഫ്ലക്സ് ബോര്‍ഡുകളും എതൊരു ചെറുകടയിലെയും ഉല്പന്നങ്ങള്‍ പൊതിഞ്ഞു നല്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകളും നമ്മുടെ പ്രകൃതിയെയാകെ മലീമസമാക്കുമ്പോള്‍ നാം അറിയുന്നില്ല അതിന്‍റെ വിദൂരഭാവിയിലുള്ള ആക്രമണം. ഒരു നിരോധനംകൊണ്ട് നമുക്കിത് തടയാനാകില്ല. പകരം ബദല്‍ സംവിധാനങ്ങളെക്കുറിച്ച് ആദ്യം ചിന്തിക്കണം.
പ്ലാസ്റ്റിക് ക്യാരിബാഗിനുപകരം തുണിസഞ്ചികള്‍ ഓരോ വീട്ടിലും എത്തിക്കുകയും, ഫ്ളക്സിനുപകരം ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തുകയും ചെയ്താല്‍ ഒരു പരിധിവരെ നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. ഒരോ രാഷ്ട്രീയ സാമൂഹിക സംഘടനകളും അവരുടെ അടിസ്ഥാന പ്രവര്‍ത്തകരില്‍ തുടങ്ങുന്ന ഒരു ബോധവത്കരണംകൂടി നടപ്പാക്കാനായില്‍ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. ഈ പ്രശ്നം എന്‍റെ ഗ്രാമത്തിന്‍റേതുമാത്രമല്ല രാജ്യത്തിന്‍റെ മൊത്തം പ്രശ്നമാണ്. ഇതു കണക്കിലെടുത്ത് മനസ്സാല്‍ നാമൊരു പ്രതിജ്ഞ ചെയ്യുക, പാഴ്വസ്തുക്കളോ ഭൂമിയിലഴുകിപ്പോകേണ്ട വസ്തുക്കളോ പ്ലാസ്റ്റിക് കീസുകളില്‍ കെട്ടി ഇനി വലിച്ചെറിയില്ലെന്ന്.

No comments:

Post a Comment