Thursday, January 22, 2015

ആവിഷ്കാരങ്ങളിൽ സദാചാരം കുത്തിയൊലിക്കുമ്പോൾ

                                                                                                                         ടീം മഷിതണ്ട്


ഒരു ചിന്ത അല്ലെങ്കില്‍ ഒരു വിചാരം രൂപപ്പെടുക നല്ല രീതിയില്‍ അതിനെ സംവദിക്കാന്‍ പാകപ്പെടുത്തിക്കൊണ്ടാണ്.ഈ കൈമാറല്‍ ആണ് ആവിഷ്കാരം എന്നതിന്റെ സാമാന്യരൂപം.അതുകൊണ്ട് തന്നെ ആവിഷ്കാരം വസ്തുതാപരവും വാസ്തവപരവും ആകുന്നു.വാസ്തവങ്ങള്‍ അടിസ്ഥാനബന്ധിയാണ്.അതില്‍ മൂല്യമൂലകങ്ങള്‍ സമരസപ്പെടണം.
അതിനാല്‍ തന്നെ അബദ്ധങ്ങള്‍ വന്നുകൂടാ എന്നൊരു ശാസ്ത്രവീക്ഷണം
ഉണ്ടാവും ഏതൊരു ആവിഷ്കാരത്തിനും.
എന്നാല്‍ ഇന്ന് അത്യന്തം പ്രയാസകരമായിരിക്കുന്നു സത്യാവിഷ്കാരങ്ങള്‍.
അതില്‍ വെള്ളം ചേര്‍ക്കുക ആത്മഹത്യാപരം തന്നെയാണ്. ഒരര്‍ത്ഥത്തില്‍ ഒന്നും ആവിഷ്കരിക്കുക വയ്യ എന്ന നിലയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഒരു കാര്യവും നേരെ ചൊവ്വെ പറയുക വയ്യ എന്നായിരിക്കുന്നു.എത്ര മുഖങ്ങള്‍ അപ്രീതി കൊണ്ട് അകലും എന്നൊരു ഉള്‍ഭയം സദാ ഒരു ആവിഷ്കാരകര്‍ത്താവിനെ വേട്ടയാടുന്നുണ്ട്‌.വന്ന ജീവന് രണ്ടുവട്ടം മരണമില്ല എന്ന ഉള്ളുറപ്പില്‍ രൂപം കൊള്ളുന്ന ആശയങ്ങള്‍ കഥയായും കവിതയായും ചിത്രങ്ങളായും നാടകമായും സിനിമയായും ഒക്കെ നമ്മുടെ മുന്നില്‍ എത്തുന്നുണ്ട് ഏതു കൊടും ഭീഷണികള്‍ക്കിടയിലും എന്നത് മാത്രമാണ് ഏക ആശ്വാസം. ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷാബോധം കൊണ്ട് മാത്രം ഒരു സൃഷ്ടിക്ക് പിടിച്ചു മുന്നേറാന്‍ കഴിയുന്നില്ല എന്നതും പരമാര്‍ത്ഥം.നമ്മള്‍ കാണുന്നുണ്ട് നിത്യവും അത്തരം ആവിഷകാരങ്ങളുടെ പൊള്ളും പൊരുളും.
ഒരു കാര്‍ട്ടൂണ്‍ വരച്ചത് ആവിഷ്കാരത്തിന്റെ കൊടും നിഷേധമായി കത്തിപ്പടരുന്ന ഒരു സമയത്താണ് ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത്.
ഏതു വിഭാഗത്തിന്റെ രോഷമാണോ ജ്വലിക്കുന്നത് എന്നും അതിലെ തന്നെ
സഹനവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ആശ്വാസകരമായി വരുന്നു എന്നുള്ളതും നമ്മള്‍അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
നമുക്കറിയാം...അരുന്ധതിയെ , തസ്ലീമയെ ,ഹുസൈന്‍ എന്ന
വിശ്വോത്തര ചിത്രകാരനെ ,മലാല യൂസഫ്‌ സയിയെ ....
അങ്ങനെ ഏറെ പേരെദൂരം ഏറെ പോവേണ്ടതില്ല നമ്മള്‍.
വിശ്വരൂപം എന്ന സിനിമയുടെ ആവിഷ്കാരം കൊണ്ട് കമലഹാസൻ
എന്ന പ്രതിഭ അനുഭവിച്ച മാനസിക വ്യഥ നാം കണ്ടതാണ്.
മണി രത്നത്തിന്റെ ബോംബെ ഇങ്ങനെ വിസ്തരിക്കപ്പെട്ട മറ്റൊന്നാണ് .
സാത്താന്റെ മുറിവുകള്‍ ,'ശ്രീധരന്റെ മുറിവുകള്‍' ആയി നമ്മള്‍ കണ്ടു.
നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എന്ന രമേശന്‍ നായരോട് പ്രതികരിച്ചത്
നിന്റെ തന്തയെ കമ്മ്യൂണിസ്റ്റാക്കി എന്ന മറുനാടകം കൊണ്ടാണ്.
ഇവിടെയും സഹിഷ്ണുത പരിശോധിക്കപ്പെടേണ്ടതാണ്.
ഇതിനിടയിലും ദൃശ്യമാധ്യമങ്ങളില്‍ അപൂര്‍വ്വമായെങ്കിലും ചിലമൂല്യങ്ങളെ ഡോക്യുമെന്‍ററികളായി ആവിഷ്കരിക്കപ്പെടുന്നുണ്ട്‌. മതം വിവാദങ്ങളുടെ വെടിപ്പുരയാണ്‌ ഏതുകാലത്തും. ഇന്ത്യന്‍ മതനിരപേക്ഷതയുടെ അടുപ്പത്തു പാചകം ചെയ്ത ഒരു ചിത്രമാണ്‌ ശ്രാവണ്‍ കട്ടിക്കനേനിയുടെ ക്രോണിക്കിള്‍ ഓഫ്‌ എ ടെമ്പിള്‍ പെയിന്‍റര്‍. വര്‍ഗ്ഗീയകലാപം രൂക്ഷമായ ഒരു ഘട്ടത്തില്‍ അതില്‍ പെട്ടുപോയ ഒരു മുസ്ലിം പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ ചിത്രം വരയ്ക്കുന്ന ഒരാള്‍ രക്ഷിക്കുന്നു. മുസ്ലിം യാഥാസ്ഥിതികര്‍ ഇടപെടുന്നതും വിഭാഗീയതയുടെ വിഷലിപ്തമായ അവസ്ഥയില്‍ പെണ്‍കുട്ടിയും അവളെ രക്ഷിച്ചയാളും അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളാണ്‌ ഈ സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നത്‌. ഇതേരീതിയില്‍ സ്ഫോടനം തീര്‍ത്ത ഒരു പ്രമേയമാണ്‌ നമ്പൂതിരിസമുദായത്തിലെ അരുതായ്കകളുടെ പച്ചയായ ആവിഷ്ക്കാരം മാടമ്പ് കുഞ്ഞുകുട്ടന്‍ ഭ്രഷ്ടിലൂടെ നമ്മിലെത്തിച്ചത്‌. ഒരു കൊടുങ്കാറ്റായി മാറി ആ പുസ്തകം. തന്നെ പ്രാപിച്ചവരുടെ പേര്‌ പറയുമ്പോള്‍ വിചാരണക്കാരനായ തിരുമേനിയോട്‌ ആദ്യം അങ്ങയുടെ പേരു തന്നെ എഴുതാം എന്നു പറയുമ്പോള്‍ ഞെട്ടിത്തരിക്കുന്നത്‌ ഒരു സമുദായം മാത്രമല്ല.
ഇങ്ങനെയുള്ള ഒരു നാട്ടിലാണ്‌ ആവിഷ്ക്കാരസ്വാതന്ത്ര്യം ഭയപ്പാടിന്‍റെ കൂട്ടിലിട്ടിരിക്കുന്നത്‌.
ആണും പെണ്ണും പരസ്പരം മിണ്ടിയാല്‍ , ഒപ്പം നടന്നാല്‍, ഒരുമിച്ച് ഒരു കാപ്പി കുടിച്ചാല്‍ , ഒന്നു കെട്ടിപ്പിടിച്ചാല്‍ വരെ 'സദാചാരത്തിന്റെ' അപ്പോസ്തല ന്മാരാവുന്നവര്‍. ഇതിനു ബദലായി രോഷം മുറുകുന്നതും ചുംബനങ്ങള്‍ ആവിഷ്ക്കരിക്കപ്പെടുന്നതും നാം കാണുന്നുണ്ട് ഇപ്പോള്‍. അതില്‍ അമിതമായ
ചില കടന്നുകയറ്റങ്ങള്‍ ആ സന്ദേശത്തെ നിഷ് പ്രഭ മാക്കുന്നുണ്ട്
എന്നും നമ്മള്‍ അറിയുക. ഇവിടെ ആവിഷ്കാരം ചൂഷണം ചെയ്യപ്പെടുന്നു
എന്നത് ശരിയാണ് ഒരറ്റം വരെ.
ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ റെയില്‍ഗേറ്റില്‍ വാഹനം നിര്‍ത്തിയ നേരത്ത്
കുലുങ്കില്‍ കുന്തിച്ചിരിക്കുന്ന അടിവസ്ത്രം ഇല്ലാത്ത പ്രായമായ ഒരു പുരുഷന്റെ
ശുഷ്കമായ വൃഷണം ചുങ്ങുന്നതും വികസിക്കുന്നതും ക്രമത്തിലധികം തൂങ്ങി നില്‍ക്കുന്നതും വര്‍ണ്ണിക്കുന്ന ഒരു ഭാഗം അരുന്ധതിയുടെ നോവലില്‍ ഒരിടത്ത്
വായിച്ചത് ഓര്‍മ്മ വരുന്നു. ഇതും ആവിഷ്കാരമാണ്.
പേരറിയാത്ത ആ മനുഷ്യന്റെ പേരില്‍ ഇമ്മാതിരി ഒരു ആവിഷ്കാരത്തിനു
ഒരു കലാപം പൊട്ടി പുറപ്പെട്ടിട്ടില്ല നമ്മുടെ നാട്ടില്‍.
എന്നാല്‍ ഇന്ന് ഏറെ ഭിന്നമാണ്‌ കാര്യങ്ങള്‍.
ആവിഷ്കാരങ്ങള്‍ ഭയപ്പാടിന്റെ മുഖത്താണ് സമകാലിക സമൂഹത്തില്‍.
കൈ വെട്ടിയും തലവെട്ടിയും വിഗ്രഹങ്ങള്‍ ഉടച്ചും അന്യങ്ങളെ വേദനിപ്പിച്ചും
ആവിഷകാരത്തിനു ഇരുമ്പു മറകള്‍ തീര്‍ക്കുന്നുണ്ട് ഒരു അറ്റത്ത് .എന്നാല്‍ അതിജീവനങ്ങള്‍ ഉണ്ടാവാതെ വയ്യ, അത് ഉണ്ടായിക്കൊണ്ടേയിരിക്കും.
ഒറ്റപ്പെട്ടാണെങ്കിലും സത്യങ്ങള്‍ ആവിഷ്കരിക്കാന്‍ പോന്ന ഉശിരുള്ള ഒരു തലമുറ ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്‌ .
ഒരു കവിത എഴുതിയതിനു ലോകസമക്ഷം വെടിയേറ്റു വീണു മരിച്ച ഒരു പ്രസ്ഥാനത്തില്‍ ഊറ്റം കൊണ്ട ഒരു വിപ്ലവവര്ഗ നേതാവിന്റെ കാര്‍ട്ടൂണ്‍ വിവാദപരാമര്‍ശം നമ്മെ അതിശയിപ്പിക്കാതെ വയ്യ. ഇസ്ലാമിന് എതിരാണ്
ക്രിസ്ത്യാനികളുടെ ആ പത്രവീക്ഷണം എന്നുവരെ തട്ടിവിട്ടു ആ വിദ്വാന്‍.
കഷ്ടം എന്നേ നമുക്ക് പറയാനാവൂ.കാരണം ആ 'ഇരയായ' മതത്തില്‍നിന്ന് തന്നെ അനേകം സദ്‌ ചിന്തകര്‍ അതിനെ സമചിത്തതയോടെ കണ്ടു. അതിന്റെ സാരം ഗ്രഹിച്ചു.അപ്പോള്‍ ഇവിടെ ആവിഷ്കാരത്തിനു എതിര് ആര് എന്ന ചോദ്യം ഉയരുന്നു.
രാഷ്ട്രീയം എന്നും ഒരു വിലയിടാപ്പെട്ടിയാണ്.
ആണും പെണ്ണും പുണര്‍ന്നാലും അഥവാ അതിനപ്പുറത്തെ ഒരു വികൃതി തന്നെ
രൂപം കൊണ്ടാലും ആകെ കുത്തിയൊലിച്ചു പോവുന്ന മട്ടിലല്ല നമ്മുടെ
നാട്ടിലെ ദാര്‍ശനിക സദാചാര രീതികള്‍ .ഒരു കാര്യം ഉറപ്പായും പറയാനാവും നമുക്ക്. പണ്ടുമുണ്ടായിരുന്നു എല്ലാം. ഒരു നിഴല്‍ മറയില്‍ തന്നെ സര്‍വ്വഅരുതായ്കകളും കുത്തിമറിഞ്ഞിരുന്നു പഴംപുരകളില്‍. സത്യത്തില്‍ ഇന്നത് ഏറെ കുറഞ്ഞു എന്ന് വേണം പറയാന്‍. കൃഷിയിടങ്ങളും കുന്നും മലകളും ഇല്ലാതായ കാരണം ഒളിയിടങ്ങള്‍ ഇല്ലാതായി.അത് കൊണ്ട് തന്നെ ഇല്ലാത്ത ധാര്മ്മിക ബോധങ്ങളും മനുവും കാട്ടി ഒരു തലമുറയെ നിഷേധങ്ങളുടെ മുൾമുനയിൽ നിർത്തുമ്പോൾ അവർ സ്വാഭാവികമായും ഒരു പോരാട്ടവീര്യവുമായി പ്രതിഷേധിക്കും. ഇത്തരത്തിലാണ് ചുംബനങ്ങൾ ആവിഷ്കരിക്കപ്പെട്ടതും.
എന്നാൽ ഇതൊന്നുമല്ല പ്രശ്നം. സ്വാതന്ത്ര്യത്തിന്റെ അളവാണ്
അത് നിയന്ത്രിതമാണ്‌.അരുതായ്കകളുടെ ഒരു കാലത്ത് അനീതികളും അസംബന്ധങ്ങളും കണ്ടു അല്പ്പം വിവേകം ഉള്ള തീരെ ബുദ്ധി നശിക്കാത്ത
ഉള്ളുറപ്പുള്ള ഒരു തലമുറ ഇവിടെ ഉണ്ടാവുന്നു എന്നത് ഏറെ ആശ്വാസകരം.
ഒരു പാഠഭാഗത്തിലെ പരാമര്ശമോ ഒരു പെയിന്റിങ്ങോ കാര്ട്ടൂണോ ഒരു ആശയാവിഷ്കരണത്തിന്റെ ഭാഗമാവുമ്പോൾ അതിൽ സര്ഗ്ഗാത്മകത ഉണ്ടെങ്കിൽ മരണം രണ്ടുവട്ടം എത്തില്ല ആര്ക്കും.
അതിനാൽ ആവിഷ്കാരങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അതിജീവനങ്ങളും.
--------------------------------------------------------------------------------------------
പ്രിയ കൂടുകാരെ നിങ്ങള്‍ക്കും പ്രതികരിക്കാം, സമചിത്തതയോടെ - ആത്മസംയമനത്തോടെ

2 comments: