Friday, January 16, 2015

കേരളത്തിലെ കാശ്മീർ കാഴ്ചകൾ








                                                                                         വേണുഗോപാല്‍ നായര്‍
യാത്രകൾ എന്നും മനുഷ്യജീവിതത്തിന്റെ അനിവാര്യതകളില്‍ ഒന്നാണ് . ഔദൃോഗിക യാത്ര, പഠന യാത്ര, ബിസിനസ്സ് യാത്ര, തീര്‍ത്ഥ യാത്ര അങ്ങനെ എത്രയെത്ര യാത്രകള്‍ .
യാത്രാ വിവരണം എന്നു പറയുമ്പോൾ മനസ്സിലേക്കൊടിയെത്തുന്നത് ഉല്ലാസ യാത്രകളെ കുറിച്ചുള്ള ഓര്‍മ്മകളാണ്. പ്രകൃതിയുടെ സൌന്ദര്യം തൊട്ടറിയാന്‍, കാലാവസ്ഥയുടെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുവാന്‍, പുതിയ പുതിയ അറിവുകളും അനുഭവങ്ങളും നേടിയെടുക്കുവാന്‍, വ്യത്യസ്ത സംസ്കാരങ്ങളെ, ജീവിതരീതികളെ അടുത്തറിയുവാന്‍ നാം നടത്തുന്ന ഉല്ലാസ യാത്രകള്‍.
ഇത്തരത്തില്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ എന്നും മാടിവിളിച്ചുകൊണ്ടിരിക്കുന്ന പറുദീസയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കാശ്മീര്‍, എന്നറിയപ്പെടുന്ന മൂന്നാര്‍ ! ആ സ്വപ്ന ഭൂമിയിലേക്ക്‌ സകുടുംബം പലവട്ടം പോയിട്ടുണ്ടെങ്കിലും ഓരോ പ്രാവശ്യവും മൂന്നാര്‍ നവോഢ തന്നെ.
നേരിയമംഗലം പാലം കടന്നപ്പോഴേ പ്രകൃതിക്കു സംഭവിച്ചിരിക്കുന്ന മാറ്റം അനുഭവപ്പെട്ടു തുടങ്ങി. ഉഷ്ണമേലാപ്പു മാറ്റി കുളിരിന്റെ ആടയണിഞ്ഞ പ്രകൃതി ! വഴിയോരകാഴ്ചകളിലും അത് പ്രകടമായി തുടങ്ങി. കിലോമീറ്ററുകളോളം നീളുന്ന വനാന്തരത്തിലൂടെയുള്ള യാത്രയുടെ ഹരിതാഭയാര്‍ന്ന കുളിര്‍മ്മ യാത്ര. ഹൈറേഞ്ചിന്റെ കവാടമായ അടിമാലിയില്‍ എത്തിയപ്പോഴേക്കും ഏലക്കയുടെയും കുരുമുളകിന്റെയും സുഗന്ധം വഹിക്കുന്ന കുളിര്‍കാറ്റ്‌ ഞങ്ങളെ വരവേറ്റു.




അടിമാലിയില്‍ നിന്നും മൂവായിരം അടി ഉയരത്തിലുള്ള മൂന്നാറിലേക്കുള്ള പാത തന്നെ നയനാന്ദകരമാണ്. പല വലിപ്പത്തിലും ഭാവത്തിലുമുള്ള വെള്ളച്ചാട്ടങ്ങള്‍..കുത്തനെയുള്ള ഗര്‍ത്തങ്ങള്‍.. കരിമ്പച്ച നിറമാര്‍ന്ന കാട് ... പ്രകൃതി അവളുടെ എല്ലാ വന്യഭംഗി കളോടും കൂടി നമുക്കു ചുറ്റും നിറയുന്നു.. മൂന്നാർവരെയുള്ള യാത്രയിൽ ഗതകാല സ്മരണകൾ, ആധുനികത യുടെ കാഴ്ചക്കല്ലുകളിൽ തട്ടി ചിതറിത്തെറിച്ച് എവിടേയ്ക്കോ ഉരുണ്ടു പോയി. കോടമഞ്ഞും ശീതക്കാറ്റും, പഴന്തമിഴിന്റെ ശബ്ദായമാനമായ വിളിയൊച്ചകളും, ഇന്ന് മോട്ടോർ വാഹനങ്ങളുടെയും ആധുനിക ശബ്ദവിതിയാനങ്ങളുടെയും മുഴക്കങ്ങളിൽ ലയിച്ചു പോയിരിക്കുന്നു. കോണ്‍ക്രീറ്റ് സൗധങ്ങൾകൊണ്ട് വിവിധ വർണ്ണങ്ങൾ ചാലിച്ച് മൂന്നാറിന്റെ ഹരിത ഭംഗിയിൽ, പുതിയ ചായക്കുട്ടുകൾ തീർത്തിരിക്കുന്നു. അന്തരീക്ഷത്തിലെമ്പാടും നിറഞ്ഞുന്നിന്ന മേഘങ്ങൾ, നനവ് ചുരത്തി ചാറ്റലായ് നൽകിയ, ഈ മണ്ണിനെ ഈർപ്പംകൊണ്ട് നിറച്ച, നൂൽമഴ ഇല്ല. പകരം സുരൃകിരണങ്ങൾ ഇവിടെയും ചൂടുപാകി ആകാശത്തെ തെളിച്ചു നിർത്തുന്നു. കാലം ഒഴുക്കികളഞ്ഞ ഒരു സംസ്കാരത്തിന്റെ അവശേഷിപ്പുകളായി തകര മേൽക്കൂരകൾ. വെയിൽ തിളക്കത്തിൽ തേയിലക്കാടുകൾ. മൂന്നാർ വളരുകയാണ് ആധുനികതയിലേക്ക്.
ടൂറിസം വികസനത്തിന്റെ ഭാഗമായി അനേകം പുതിയ റിസോര്‍ട്ടുകള്‍. വൃത്തിയും വെടിപ്പുമുള്ള രസ്ടോരന്റുകള്‍ . ഉച്ച ഭക്ഷണത്തിനും ഹോട്ടല്‍ മുറിയിലെ സുഖകരമായ വിശ്രമത്തിനും ശേഷം ഞങ്ങള്‍ മാട്ടുപ്പെട്ടിയിലേക്ക് പുറപ്പെട്ടു. മുന്നാറില്‍ നിന്നും 13 കി. മി ദൂരെയാണ് മനോഹരമായ മാട്ടുപ്പെട്ടി ഡാം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ആയ പള്ളിവാസല്‍ പദ്ധതിയുടെ ജല സംഭരണികളില്‍ ഒന്നായ മാട്ടുപ്പെട്ടി ഡാം നിര്‍മ്മിച്ചിരിക്കുന്നത് പലാറിനു കുറുകെയാണ്. മനോഹരമായ തടാകത്തില്‍ സഞ്ചാരികള്‍ക്കായി ബോട്ടിംഗ് സൌകര്യവും വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട് .സമീപത്തു തന്നെയുള്ള, ആധുനിക രീതിയില്‍ ശാസ്ത്രീയമായി കാലികളെ വളര്‍ത്തുകയും ക്ഷീരകൃഷി വികസിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന Indo Swiss Project ആയിരുന്നു ഞങ്ങളുടെ അടുത്ത സന്ദര്‍ശന ലക്‌ഷ്യം. പല ഇനത്തിലുള്ള പശുക്കളെ പരിപാലിക്കുന്ന രീതികളും ക്ഷീരോല്പാദനത്തിന്റെയും സംസ്കരണത്തിന്റെയും വിവിധ ഘട്ടങ്ങളും ഇവിടെ കാണുവാന്‍ സാധിച്ചു.
TATA കമ്പനി തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും പാട്ടത്തിനെടുത്തിട്ടുള്ള മുന്നാര്‍ മേഖലയില്‍ വൈദ്യുതി വിതരണം നടത്തുന്നതും അവരുടെ തന്നെ ഉടമസ്ഥതയിലുള്ള കണ്ണന്‍ ദേവന്‍ കമ്പനി ആണ്. TATA യുടെ സ്ട്രാബെറി ഫാമില്‍ നിന്നും സംസ്കരിച്ചതും അല്ലാത്തതുമായ സ്ട്രാബെറി ഞങ്ങള്‍ കുറെ വാങ്ങി. ഇഞ്ചി കൃഷി ചെയ്യുന്നതു പോലെ തവാരണ കളില്‍ വളര്‍ത്തുന്ന ചെടികളില്‍ നിന്നും പഴങ്ങള്‍ നമുക്കു തന്നെ പറി ച്ചെടുക്കാവുന്നതാണ്; തൂക്കി നോക്കി വില കൊടുക്കണം എന്ന് മാത്രം
.
കമ്പിളി കുപ്പായങ്ങള്‍ തുരന്നു ഞങ്ങളെ ആക്രമിക്കുവാന്‍ തുടങ്ങിയിരുന്ന തണുപ്പില്‍ നിന്നും ഹോട്ടല്‍ മുറിയിലെ ഊഷ്മളതയിലേക്ക് ..പുതപ്പിനടിയില്‍ ഞങ്ങളെ കാത്തിരുന്ന സുഖ നിദ്രയിലേക്ക് ..
ശിശിര കാല പുലരിയില്‍ സസൃലതാദികളിലും പുൽക്കൊടിത്തുമ്പുകളിലും നവരത്നങ്ങൾ പോലെ സൂരൃകിരണമേറ്റ് തിളങ്ങുന്ന ഹിമബിന്ദുക്കൾ. മാമലകളിൽ പതിക്കുന്ന സൂരൃകിരണങ്ങൾ നിഴലുകളായി താഴ്വരകളിൽ ഇരുണ്ടു കിടക്കുന്നു. വഴിയോരങ്ങളിൽ നിന്നുയരുന്ന തമിഴ് ശബ്ദങ്ങളിലെ കലപലകൾക്ക് ഒരു പുതുദിനത്തിന്റെ പ്രവേശന താളമുണ്ട്. മൂന്നാറിന്റെ തണുത്ത പ്രഭാതം നൽകുന്നത് കുളിര്‍മ്മയുള്ള ഓർമ്മകളുടെ, നനുത്ത അനുഭവങ്ങളുടെ നേർകാഴ്ചകള്‍ .
മുന്നാറില്‍ നിന്നും 15 കി മീ. അകലെയുള്ള രാജമാലയിലേക്കയിരുന്നു അന്നത്തെ ഞങ്ങളുടെ യാത്ര. നീലഗിരി വരയാടുകളുടെ ആവാസ സ്ഥലമായ ഇരവികുളം നാഷണല്‍ പാര്‍ക്ക്. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന വരയാടുകളില്‍ പകുതിയിലേറെയും ഇരവികുളം ഭാഗത്താണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍ തന്നെയാണ് രാജമലയിലെ മുഖ്യ ആകര്‍ഷണം. ഏതു കുത്തനെയുള്ള പാറയിലും നിഷ്പ്രയാസം നടന്നു കയറുന്ന ശാന്തജീവി. ഇവയെ കാണാനായി ദിനം തോറും ആയിരക്കണക്കിന് ആളുകള്‍ രാജമലയില്‍ എത്തുന്നുണ്ട്. നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്തതിനാല്‍ വനം വകുപ്പിന്റെ ബസ്സിലായിരുന്നു മലമുകളിലേയ്ക്കുള്ള യാത്ര. പ്രകൃതി രമണീയമാണ് രാജമല. പുല്‍മേടുകളും കുന്നുകളും ട്രെക്കിംഗ് ട്രെയിലുകളും എല്ലാം ഇവിടെയുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 2700 മീ ഉയരത്തിലാണ് രാജമല തല ഉയര്‍ത്തി നില്‍ക്കുന്നത്. ഹണിമൂണ്‍ യാത്രക്കാരുടെയും ഫാമിലി ട്രിപ്പ് കാരുടെയും വിദ്യാര്‍ത്ഥി സംഘങ്ങളുടെയും എല്ലാം ഇഷ്ട വിനോദ കേന്ദ്രം . റോക്ക് ക്ലൈബിംഗ്, ട്രക്കിംഗ്, മല കയററം എന്നിവയ്ക്കെല്ലാം ഇവിടെ സൗകര്യം ഉണ്ട്.
“ഈ ജന്മത്തില്‍ നിങ്ങള്‍ കാണേണ്ട പത്തു സ്ഥലങ്ങള്‍" എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന ഒരു സ്ഥലം മുന്നാര്‍ ആണ്. കാണാനും ആസ്വദിക്കാനും ഈ സ്വപ്നഭുമിയില്‍ ഇനിയും ധാരാളം വർണ്ണകാഴ്ചകൾ ബാക്കി നിർത്തി കുളിര്‍മ്മ കോരി നിറച്ച മനസ്സുമായി മലയിറങ്ങുമ്പോള്‍ അങ്ങിങ്ങായി കാലം നോക്കാതെ പൂത്തനീലകുറിഞ്ഞികള്‍..........
മൂന്നാർ കൊളുന്തും, പച്ചക്കറികളും, പഴങ്ങളും, മഞ്ഞുമേലാപ്പും നിറയാർന്ന തേയില കാടുകൾ വിരിച്ചിടുന്ന അനിചത രൂപങ്ങളും കൊണ്ടു തീർത്ത സ്വപ്ന ഭൂമിക. ഇവിടെയുള്ള ഓരോ മാമലകളുടെയും നെറുകയിൽ നിന്നുമുള്ള ദൂരകാഴ്ചകൾ എന്തെന്തു വൈവിധ്യ വർണ്ണരൂപകാഴ്ചകളാണ് നൽകുന്നത്....ഒരു മായാപ്രപഞ്ചം. .. കേരളത്തിലെ കാശ്മീർ കാഴ്ചകൾ. സ്വപ്നത്തിന്റെ നിറമുള്ള കാഴ്ചകൾ കണ്ട് മൂന്നാറിന്റെ നിറഞ്ഞ മാറിൻ കുളിരിൽ മയങ്ങുവാൻ ആരാണ് മോഹിച്ചു പോകാത്തത്!!

No comments:

Post a Comment