Tuesday, January 20, 2015

“കൊല അഥവാ കുല”


                                                                                                          തെക്കേക്കര രമേശ്‌

കാലം ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കം. എഴുപത്തൊന്‍പതില്‍ നിന്നും വഴുതി കാലം എണ്‍പതിലേക്ക് വീണ് മുട്ടുകാലില്‍ ഇഴയുന്ന സമയം.
ഞാന്‍ അന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു. ഇന്നത്തെപ്പോലെ മക്കളെ ഇംഗ്ലീഷ് പറയിക്കാന്‍ ഭാര്യയുടെ പേറ് ഇംഗ്ലണ്ടിലാക്കാനും മടിക്കാത്ത ഭര്‍ത്താക്കന്മാര്‍ തീരെയില്ലാതിരുന്ന കാലഘട്ടം. അതുകൊണ്ട് എന്റെ അച്ഛന്‍ എന്നെ ചേര്‍ത്തത് സര്‍ക്കാര്‍ സ്കൂളില്‍.

ഞങ്ങളുടെ സ്കൂളില്‍ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്കു ശേഷം കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അന്ന് പതിവായിരുന്നു. നാടകം, കഥാപ്രസംഗം, കവിതാപാരായണം, ലളിതഗാനം, ചിത്ര രചന അങ്ങനെ ഏതെങ്കിലും ഒരു ഇനമായിരിക്കും ഓരോവെള്ളിയാഴ്ചകളിലും ഉണ്ടാവുക.
എല്ലാ ക്ലാസ്സുകാരും അവയില്‍ പങ്കെടുത്തിരിക്കണം. അല്ലെങ്കില്‍ ഹെഡ്‌മാസ്റ്റര്‍ ചന്ദ്രശേഖരന്‍ പിള്ള സാര്‍ പ്രത്യേകം പ്രോസസ് ചെയ്തു കൊണ്ടുവരുന്ന ചൂരലിന്റെ ചൂട് ഇരിപ്പിടം പൊള്ളിക്കുമായിരുന്നു. അദ്ധ്യാപകര്‍ കുട്ടികളെ തല്ലുന്നത് സന്തോഷപൂര്‍വ്വം കണ്ടിരുന്ന രക്ഷാകര്‍ത്താക്കളുടെ ജനറേഷനായിരുന്നു അന്നുണ്ടായിരുന്നത്.
എന്റെ അച്ഛനും പറഞ്ഞിരുന്നു ചന്ദ്രശേഖരന്‍ പിള്ള സാറിനോട്..
“സാറേ...ഇവന്റെ തലയും മുഖവും വിട്ടേരെ, ബാക്കി മുഴുവന്‍ ഉരിഞ്ഞ് ഉപ്പും മുളകും പുരട്ടിക്കോളൂ...”
ഹോ...ഇങ്ങനെയും കണ്ണില്‍ ചോരയില്ലാത്ത രക്ഷാകര്‍ത്താക്കളോ... കഷായം ആവോളം സേവിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകും അധികച്ചെലവാണെന്നു സാറിനു തോന്നിയതുകൊണ്ടാകാം ആ പ്രയോഗത്തില്‍ നിന്നു രക്ഷപ്പെട്ടിരുന്നു.

അങ്ങനെ ഞങ്ങളുടെ ഊഴമെത്തി. 
7 ബി അവതരിപ്പിക്കാന്‍ തീരുമാനിച്ചത് ഒരു നാടകം.
നാടകം എഴുതിയത് എന്റെ ചങ്ങാതി ഉദയന്‍. 
നാടകത്തിന്റെ പേര് “യാഗം”

നായകന്‍ ഉദയന്‍ തന്നെ. നായകനുള്ളപ്പോള്‍ നായിക വേണമല്ലോ. നായികയെ എവിടെനിന്നു സംഘടിപ്പിക്കും? അന്നത്തെ കാലത്ത് ഒപ്പം അഭിനയിക്കാന്‍ പെണ്‍കുട്ടികളെ കൂട്ടുക എന്നത് ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ കൂടി കഴിയുമായിരുന്നില്ല. എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ബാഹുലേയന്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാമെന്നേറ്റു. ആ പ്രശ്നത്തിന് അങ്ങനെ ഒരു പരിഹാരമായി.

നായികയും നായകനും ആയപ്പോള്‍ വില്ലന്‍ വേണമല്ലോ. ഉദയന്‍ അങ്ങനെ ഒരു കഥാപാത്രത്തെ എഴുതിച്ചേര്‍ത്തു. അടുത്ത ബഞ്ചിലെ അന്തേവാസിയായ അനില്‍ കുമാര്‍ വില്ലനാകാമെന്നേറ്റു. നായകനെ വില്ലന്‍ കുത്തിക്കൊല്ലുന്നതാണ് ക്ലൈമാക്സ്. അപ്പോള്‍ പൊലീസിന്റെ സാന്നിദ്ധ്യം അനിവാര്യമാകുന്നു. അങ്ങനെ സബ്ബ് ഇന്‍സ്പെക്ടര്‍ ആകാനുള്ള നറുക്ക് എനിക്കു വീഴുന്നു. തരക്കേടില്ല.

സ്കൂള്‍ മൈതാനത്തിന്റെ വടക്കേ ഓരത്തുള്ള വായനശാലാ കെട്ടിടത്തിന്റെ പിന്നില്‍ ഞങ്ങളുടെ നാടക റിഹേഴ്സല്‍ പുരോഗമിച്ചു. നാടകം അവതരിപ്പിക്കേണ്ടതിന്റെ തലേ ദിവസം അവരവര്‍ക്കുള്ള വേഷവിധാനങ്ങള്‍ അവരവര്‍ കൊണ്ടുവരണമെന്ന തീരുമാനത്തിലെത്തി. പിന്നേ...എസ്.ഐ യുടെ തൊപ്പി എവിടുന്നു സംഘടിപ്പിക്കാന്‍.. കളിച്ചില്ല ഒരു കടലാസു തൊപ്പി അങ്ങുണ്ടാക്കി ഞാന്‍. കാക്കി പന്റ്സ് ഒന്നു തരപ്പെടുത്തി. കാക്കി ഷര്‍ട്ടില്ല. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സബ്ബ് ഇന്‍പെക്ടര്‍ക്ക് ഏതു ഷര്‍ട്ടുമാകാം. അങ്ങനെ കാക്കി പാന്റ്സും പുള്ളി ഷര്‍ട്ടും പേപ്പര്‍ തൊപ്പിയും. എസ്.ഐ അടിപൊളി.

നായികയായ ബാഹുലേയന്‍ പെണ്ണാകാന്‍ കൊണ്ടുവന്നത് അവന്റെ അമ്മയുടെ ബ്ലൌസും പാവാടയും സാരിയും. ഞങ്ങളൊക്കെയും മെലിഞ്ഞ് സൊമാലിയായിലെ കുട്ടികളെപ്പോലെ. അപ്പോള്‍ പിന്നെ ആ വസ്ത്രങ്ങളണിഞ്ഞാല്‍ നായിക എങ്ങനെ ഉണ്ടാകുമെന്നറിയാമല്ലോ.ബ്ലൌസ് മാത്രമായാല്‍ സ്ത്രീത്വം പൂര്‍ണ്ണമാകില്ലല്ലോ... അതിനു മാര്‍ഗ്ഗം അവന്‍ തന്നെ നിര്‍ദ്ദേശിച്ചു. സ്കൂളിനു മുന്നിലെ ജോസപ്പേട്ടന്റെ കടയില്‍ നിന്നും ബലൂണ്‍ വാങ്ങാം. ആവശ്യമായ വലിപ്പത്തിന് വീര്‍പ്പിച്ചെടുത്തു ബ്ലൌസിനുള്ളില്‍ വച്ചാല്‍ സംഗതി ക്ലാസ്സ്. സാമ്പത്തികം അവിടെ ഒരു പ്രശ്നമായി.
അവന്റെ അപ്പൂപ്പന്‍ വില്‍ക്കാനിട്ടിരുന്ന പറങ്കിയണ്ടിയില്‍ നിന്നും കുറച്ച് അടിച്ചുമാറ്റി അവന്‍ അതും പരിഹരിച്ചു. ജോസപ്പേട്ടന്റെ കടയില്‍ മോഷണമുതല്‍ കൊടുത്തപ്പോള്‍ അദ്ദേഹം 3 ബലൂണ്‍ തന്നു. സ്ത്രീത്വത്തിനു രണ്ടെണ്ണം മാറ്റിവച്ചാല്‍ ഒന്നു മിച്ചമല്ലേ...? സംവിധായകനായ നായകന്‍ അപ്പോള്‍ തന്നെ മിച്ചമുള്ളത് ഒന്നു വീര്‍പ്പിച്ച് അതിന്റെ ഉറപ്പു പരിശോധിച്ചു. സാമാന്യം നല്ല ഒരു ശബ്ദത്തോടെ റിസള്‍ട്ടും ലഭിച്ചു.

ഉച്ചക്കു ശേഷം മേയ്ക്കപ്പ് തുടങ്ങി. മുഖത്ത് എണ്ണ പുരട്ടിയിട്ട് ഉമിക്കരി പറ്റിച്ച് മീശവച്ച് എല്ലാവരും പുരുഷന്മാരായി. അമ്മയുടെ ബ്ലൌസും പാവാടയുമൊക്കെ വാരിക്കെട്ടി നമ്മുടെ നായിക ഒരു ബഞ്ചിലിരിക്കുന്നു. ബ്ലൌസിനുള്ളിലെ ബലൂണ്‍ കൂടുതല്‍ വായു ഭക്ഷിച്ചതുകൊണ്ട് ഹോളണ്ടിലെ പശുവിന്റെപോലെയായി കാര്യങ്ങള്‍. കണ്ടാല്‍ ആരും കരഞ്ഞുപോകുന്ന ചന്തം. അമ്മയുടെ മുടിത്തിരുപ്പന്‍ എങ്ങനെയോ അവന്‍ തലയില്‍ ഫിറ്റ് ചെയ്തു വച്ചിട്ടുണ്ട്.
നാടകം തുടങ്ങി. നായകനും നായികയും രംഗത്ത്. സംഭാഷണം പുരോഗമിക്കുന്നു.
“ഠേ..” നായികയുടെ സ്ത്രീത്വത്തില്‍ ഒന്ന് പൊട്ടിത്തെറിച്ചു. നായിക മാത്രമല്ല നായകനും ഞെട്ടി. സദസില്‍ കൂട്ടച്ചിരി മുഴങ്ങുമ്പോള്‍ നായിക നായകനെ രൂക്ഷമായി നോക്കി..”ജോസപ്പേട്ടന്‍ തന്ന ആ ഒരു സ്റ്റെപ്പിനി സൂക്ഷിച്ചു വച്ചിരുന്നെങ്കില്‍...” അതായിരുന്നു ആ നോട്ടത്തിന്റെ അര്‍ത്ഥം.
തുടര്‍ന്നുള്ള അഭിനയം കണ്ണകിക്കു സമാനം.

അവസാന ഭാഗത്ത് നായകനെ വില്ലന്‍ കുത്തിക്കൊല്ലണം.( വീട്ടില്‍ നിന്നും അച്ഛന്‍ അറിയാതെ അച്ഛന്റെ മടക്കുകത്തി ഞാന്‍ അടിച്ചു മാറ്റി കൊണ്ടുവന്ന് വില്ലനു കൊടുത്തിരുന്നു കുത്താന്‍) അവസാന ഭാഗമാകാറായി.സ്ക്രീനിനു പിന്നില്‍ നായകനെ സെറ്റപ്പാക്കുകയാണ്. കുത്തുമ്പോള്‍ ചോര ഒഴുകണം. അതിനായി ഒരു മുട്ടത്തോടിനുള്ളില്‍ സിന്ദൂരം വെള്ളത്തില്‍ കലക്കി സൂക്ഷിച്ചു വച്ചിരുന്നു. അത് നായകന്റെ ഷര്‍ട്ടിനുള്ളില്‍ കെട്ടി വയ്ക്കുകയാണ്. ടെന്‍ഷന്‍ കൂടിയതുകൊണ്ടാകാം കൈ ഒന്നമര്‍ന്നുപോയി. മുട്ടത്തോട് തകര്‍ന്നു .നായകന്റെ ഷര്‍ട്ട് മുഴുവന്‍ ചുവപ്പ്. ഇനി ഷര്‍ട്ട് മാറാനൊന്നും നേരമില്ല.ചോരയില്‍ കുളിച്ച് നായകന്‍ കയറിവരുമ്പോള്‍ വില്ലന്‍ ഒന്നു ഞെട്ടി. ഇനി ഞാന്‍ ഇവനെ കുത്തണോ..? എന്തായാലും കത്തി കിട്ടിയതല്ലേ..? കുത്താതിരിക്കുന്നതു ശരിയല്ലല്ലോ..അങ്ങനെ ചോരയില്‍ കുളിച്ചു നിന്ന നായകനെ വില്ലന്‍ കുത്തിക്കൊന്നു.
ഇനിയാണ് പൊലീസ് വരേണ്ടത്. കടലാസു തൊപ്പി ഫിറ്റ് ചെയ്ത് എസ്.ഐ. റെഡിയായി. ചകിരി കറുത്ത ചായത്തില്‍ മുക്കി തയാറാക്കിയ കൊമ്പന്‍ മീശ പിടിപ്പിച്ചു. വേദിയില്‍ എസ്.ഐ കടന്നു വന്നു. കൂടെയുള്ള പൊലീസുകാരോട് എസ്.ഐ പറയണം-
” ഒരു കൊലപാതകം നടന്നിരിക്കുന്നു. നമുക്ക് പെട്ടെന്നവിടെ എത്തണം..“
പക്ഷേ എസ്.ഐ ആരാ മോന്‍. ഉദയന്‍ എഴുതിയ ഡയലോഗ് അവന്റെ കയ്യില്‍ വച്ചാല്‍ മതി. 
എസ്.ഐ ഉവാച:
“ ഒരു കുല നടന്നിരിക്കുന്നു...” 
തീര്‍ന്നില്ലേ കഥ. ! വെള്ളരിപ്പാടത്തിലെ കണ്ണേറു കോലവും നാണിക്കുന്ന നായികയെ സഹിച്ചു...പൊട്ടിപ്പോയ സ്ത്രീത്വത്തെയും മറന്നു.. കുത്തുന്നതിനു മുന്‍പേ ചോരയൊഴുക്കിയ നായകനെയും സഹിച്ചു... പക്ഷേ ഈ ഒടുവിലത്തെ എന്റെ “കുല” അതുകൂടി സഹിക്കാന്‍ കുട്ടികള്‍ക്കായില്ല. ജീവിതത്തില്‍ അതിനു മുന്‍പോ അതിനു ശേഷമോ എന്റെ സ്കൂളിലെ കുട്ടികള്‍ അങ്ങനെ കൂവിയിട്ടുണ്ടാകില്ല. അതുപോലെയൊരു കൂക്കിവിളി ഞാന്‍ കേട്ടിട്ടുമില്ല. കുട്ടികള്‍ക്ക് ഇത്ര ഒച്ചയോ..?
അങ്ങനെ ഒരു കുലയില്‍ അവസാനിച്ചു ഞങ്ങളുടെ നാടക സ്വപ്നങ്ങള്‍.

No comments:

Post a Comment