Thursday, January 22, 2015

ദൃശ്യം-സിനിമാ നിരൂപണം










                                                                                     മുത്ത് ഊട്ടിക്കര

ഒരു പ്രേഷകനെ എങ്ങനെ പിടിച്ചിരുത്താം എന്നത് ഒരു സ്ക്രിപ്റ്റിലൂടെ വിജയിപ്പിക്കുകയായിരുന്നു സംവിധായകന്‍ കൂടിയായിരുന്ന ജിത്തു ജോസഫ്. അതിനു സപ്പോര്‍ട്ടീവായി നിന്ന മലയാളത്തിലെ മഹാനടനായ മോഹന്‍ലാലും നാം പരിചയിച്ചറിഞ്ഞ മീന എന്ന നടിയും അനായാസം തങ്ങളുടെ റോളുകള്‍ അഭിനയിച്ച് പ്രേഷകന്‍റെ മനസ്സിലേക്ക് ഒരു ദൃശ്യം പ്രതിഫലിപ്പിക്കുകയാണ് ചെയ്തത്. ഇല്ലാത്ത ഒരു ദൃശ്യം ജാലവിദ്യയെന്നപോലെ പ്രേഷകനിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് പറഞ്ഞു ഫലിപ്പിക്കലിന്‍റെ ഒരു മാസ്മരികതലത്തിലേക്ക് പ്രേഷകനെ എത്തിക്കുന്നതില്‍ ജിത്തുജോസഫും കച്ചവടസിനിമയും വിജയിച്ചു എന്നുതന്നെയാണ് കരുതേണ്ടത്‍.
ഇതിലെ കഥാ തന്തു ഒരു കൊലപാതകമാണെങ്കിലും അതിനെ സാധൂകരിക്കാന്‍ അതുണ്ടായ ചുറ്റുപാട് തന്മയത്വത്തോടെ അവതരിപ്പിച്ച് സംവിധായകന്‍ പ്രേഷകനെ കൈയ്യിലെടുക്കുന്നു. ഒരു ടൂറിനിടയില്‍ തന്‍റെ നഗ്നഫോട്ടെ രഹസ്യമായി സംഘടിപ്പിക്കുന്ന സഹപാഠിയില്‍ നിന്ന് മാനം രക്ഷിക്കാന്‍ അമ്മയുടെ സഹായം തേടുന്ന മകള്‍. ഒടുവില്‍, ഒരു ദുര്‍ബല നിമിഷത്തില്‍ കൈയബദ്ധംപോലെ പ്രേഷകനിലേക്കെത്തിക്കുന്ന കൊലപാതകം. ആ രംഗങ്ങള്‍ തന്‍റേതായ നിലയില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ അഞ്ചു (മകള്‍) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അസ്നിബക്കും അമ്മയായി അഭിനയിച്ച മീനയ്ക്കും കഴിഞ്ഞു എന്നുള്ളതില്‍ ഒരു തര്‍ക്കവുമില്ല.
മരണപ്പെടുമെന്ന് കരുതിയല്ല - സ്വയം രക്ഷയ്ക്കായി ചെയ്ത കൃത്യം കൊലപാതകത്തില്‍ കലാശിക്കുമ്പോള്‍, അത് ഏതൊരാളും ചെയ്യുന്നതുപോലെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു എന്ന സാധാരണ ലോജിക് ഉപയോഗിച്ച് സംവിധായകന്‍ നമ്മുടെ മനസ്സിനെ ചൂഷണം ചെയ്യുന്നു. അവിടെ മുതല്‍ ഭയം എന്ന വണ്ടിയിലാണ് കഥാപാത്രങ്ങളോടൊപ്പം പ്രേഷകനേയും സംവിധായകന്‍ കൊണ്ടുപോകുന്നത്. ഇത് ഒരു മികച്ച സ്ക്രിപ്റ്റിങ്ങിലൂടെ അയാള്‍ കൈയ്യടക്കിയെടുത്തിരിക്കുന്നു എന്നതുകൊണ്ടുതന്നെ ജിത്തുജോസഫ് അഭിനന്ദനാര്‍ഹനാണ്.
ഇതിലെ ജോര്‍ജ്ജുകുട്ടി എന്ന സാധാരണക്കാരനെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ അയാളുടെ സിനിമാഭ്രമം നമ്മെ സംവിധായകന്‍ ബോധ്യപ്പെടുത്തുന്നുണ്ട്. വളരെ കൂര്‍മ്മബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുന്ന ജോര്‍ജ്ജുകുട്ടി ഇല്ലാത്ത ദൃശ്യങ്ങള്‍ മെനഞ്ഞെടുത്ത് അതിന്‍റെ സാഹചര്യങ്ങള്‍ കൃത്രിമമായുണ്ടാക്കി ഭാര്യയേയും കുട്ടികളേയും അത് പറഞ്ഞ് പഠിപ്പിച്ച് അന്വഷണത്തിനു മുന്നിലെത്തുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചിരിക്കുന്നു - എപ്പോഴായാലും കുഞ്ഞുമകളുടെ വായില്‍ നിന്ന് സത്യം പുറത്തുവരുമെന്ന്. അവിടെയും നമ്മുടെ കണക്കുകൂട്ടലുകളെ തെറ്റിച്ച് ദൃശ്യവിസ്മയത്താല്‍ സംവിധായകന്‍ നമ്മെ അതിവിദഗ്ധമായി കബളിപ്പിച്ചിരിക്കുന്നു. ഒപ്പം മനസ്സിലെ ഭാരത്തെ ഒരു നിമിഷം ഇറക്കിവയ്ക്കാനും പ്രേഷകനെ അനുവദിക്കുന്നു ദൃശ്യം. വീടിന്‍റെ പിന്നാമ്പുറത്തെ കുഴിയില്‍ ജഡത്തിനുപകരം കാളക്കുട്ടിയെ കുഴിച്ചിടുകയും പിറ്റേന്ന് തറ കോണ്‍ക്രീറ്റു നടക്കുന്ന പോലീസ്റ്റേഷന്‍റെ ഉള്ളറയില്‍ ജഢം ഒളിപ്പിക്കുകയും ചെയ്യുമ്പോള്‍ എന്നത്തേക്കും അതൊരു മറവുചെയ്യലായി സത്യത്തെ മൂടുകയായിരുന്നു.
പോലീസ് വേഷമവതരിപ്പിച്ച ഷാജോണിന്‍റെ അഭിനയ മികവ് എക്കാലത്തും പ്രശംസനീയമാണ്. ഇത്രയും തന്മയത്തത്തോടെ തന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരു ഹാസ്യനടന് കഴിയും എന്നുള്ളത് നമ്മെ അത്ഭുതപ്പെടുത്തുന്നു. മാത്രവുമല്ല ഒരു നടനില്‍ ഒളിഞ്ഞിരിക്കുന്ന അഭിനയ മികവ് കണ്ടെത്തി അതിനെ പ്രേഷകരിലേക്കെത്തിക്കുക എന്ന ധര്‍മ്മം പൂര്‍ണ്ണനിലയില്‍ പ്രകടമാക്കാന്‍ സംവിധായകനു കഴിഞ്ഞു എന്നുള്ളതും ഏറെ പ്രശംസനീയമാണ്. സാധാരണ ഒരു സിനിമയില്‍ സത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നായകനുപകരം, സ്വയരക്ഷയ്ക്ക് സത്യം മറച്ചുവയ്ക്കുന്ന നായകനെയാണ് സംവിധായകന്‍ നമ്മിലെത്തിക്കുന്നത്. ഇവിടെ സത്യം അന്വേഷിക്കുന്ന പോലീസുകാരന്‍ വില്ലനുമാകുന്നു. പ്രേഷകനെ എപ്പോഴും ഭയത്തിന്‍റെയും സഹാനുഭൂതിയുടെയും മുള്‍മുനയില്‍ നിര്‍ത്താന്‍ ജിത്തു ജോസഫ് ശ്രമിച്ചു എന്നുള്ളതിന് ശക്തമായ തെളിവാണ് ഇളയ കുഞ്ഞിനെ ചോദ്യം ചെയ്യുന്ന രംഗം. ആ രംഗം മനസ്സില്‍ നിന്നും മാച്ചു കളയാനാകാത്തവിധം എസ്തേര്‍ അവതരിപ്പിക്കുകയും ചെയ്തു. എപ്പോഴും പ്രേഷകന്‍റെ വൈകാരിക തലങ്ങളില്‍ക്കൂടി സഞ്ചരിക്കുന്ന ദൃശ്യം അവനെ തെല്ലു നോവിക്കുകയും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ തെറ്റു ചെയ്ത കുടുംബത്തോടൊപ്പം പ്രേഷകനെ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു.
സിനിമയില്‍ മികവുറ്റ വില്ലനായി തിളങ്ങുന്ന സിദ്ധിക് എന്ന നടനെ അതില്‍ നിന്നും വ്യത്യസ്തനാക്കി ഈ ചിത്രത്തില്‍ അതിഭാവുകത്തിന്‍റെ അഭിനയമുഹൂര്‍ത്തങ്ങളൊളിപ്പിച്ച് മനസ്സിലേക്ക് തറച്ചു ചേര്‍ക്കുന്നു. ഒപ്പം മകന്‍ നഷ്ടപ്പെട്ട ഒരു അമ്മയുടെ നൊമ്പരങ്ങള്‍ ആശാശരത് കാക്കിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. ഒരിക്കലും തെളിയാത്തവിധം പഴുതുകളടച്ച് സത്യത്തെ മൂടി ചിത്രം കൈയ്യടിവാങ്ങിക്കുമ്പോള്‍ ദൃശ്യം ശരിക്കും ഒരു ദൃശ്യവിസ്മയമാകുന്നു.
എക്കാലത്തേയും ബോക്സാഫീസ് ഹിറ്റായ ദൃശ്യം കുറഞ്ഞബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതും അത്ഭുതമാണ്. ഒരു ലൊക്കേഷന്‍ മാത്രം ഉള്‍ക്കൊണ്ട്, ഗ്രാമീണതയുടെയും സ്വാഭികതയുടെയും ഫ്രെയിമുകള്‍ ചേര്‍ത്ത് ഒരുക്കിയ ഈ ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളേയും ഓര്‍ത്തെടുക്കാന്‍ പ്രേഷകന് ബുദ്ധിമുട്ടില്ല. ചിത്രത്തിനനുയോജ്യമായ പശ്ചാത്തലസംഗീതവും ഗിമിക്കുകളുടെ അതിപ്രസരമില്ലായ്മയും ഒന്നില്‍ നിന്നും അടുത്തരംഗങ്ങളിലേക്ക് സിനിമ അനായാസം പ്രേഷകനെ കൊണ്ടുപോയി എന്നതും എടുത്തുപറയത്തക്ക കാര്യം തന്നെയാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അനില്‍ ജോണ്‍സന്‍ വിനു തോമസ്‌ ടീമാണ്. അഭ്രപാളിയില്‍ ഈ ദൃശ്യ വിസ്മയം പകര്‍ത്തിയതാകട്ടെ സുജിത് വാസുദേവനും.
ഒരോ കാഴ്ചയുടേയും അവസാനം ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നതുപോലെ ഈ സിനിമയും ചില ചോദ്യങ്ങള്‍ പ്രേഷകനിലേക്ക് തൊടുത്തുവിടുന്നു. ഒരു യഥാര്‍ത്ഥ ദൃശ്യത്തിനെ മായ്ച്ച് പകരം മറ്റൊരു ദൃശ്യം പുനസ്ഥാപിക്കുമ്പോള്‍ മറഞ്ഞുപോകുന്നത് സത്യമാണ്. ഒപ്പം സ്ത്രീകള്‍ക്കു നേരെയുള്ള ചൂഷണത്തിന്‍റെ പൊതിഞ്ഞുവയ്ക്കലുമാണ്. ഒരു സാധാരണക്കാരന് ഒരിക്കലും യുദ്ധംചെയ്തെടുക്കാന്‍ പറ്റാത്ത നീതിയുടെ പീഠത്തിലേക്ക് ചില ദൃശ്യങ്ങള്‍കൊണ്ട് വിജയമുറപ്പിക്കുമ്പോള്‍ ഈ കൊലപാതകം എന്തിനുവേണ്ടിയായിരുന്നുവെന്ന് നാം തന്നെ നമ്മോടു ചോദിക്കുന്നു.

No comments:

Post a Comment