Friday, January 16, 2015

പുസ്തക പരിചയം-പാണ്ഡവപുരം











                                                                                                       എച്ച് നജീം കായംകുളം

പാണ്ഡവപുരത്തെ ഫാക്ടറിയിലെ പുകക്കുഴലിൽ നിന്നും വിഷ മയമായ മഞ്ഞപ്പുക മേഘപടലം പോലെ ആകാശത്ത് കറങ്ങിത്തിരിഞ്ഞു.പാണ്ഡവ പുരത്തെ തെരുവുകളിൽ പെൺകുട്ടികളുടെ ജീവിതം തുലയ്ക്കാൻ ജാരന്മാർ പുളച്ചു നടന്നു .ക്രൂര ബിംബങ്ങളാകുന്ന വേരുകളിൽ നിന്ന് വായനക്കാരിൽ ഭീതിയുണർത്തി അവരില്‍ ഭയമെന്ന വികാരംഉണർത്തിയ നോവലാണ് സേതുവിന്റെ പാണ്ഡവപുരം.യാതൊരു നാട്യവുമില്ലാതെ തനി നാടൻ വാക്കുകളും ദ്രാവിഡ ശീലുകളും കൊരുത്ത് കെട്ടുംബോഴുള്ള ഈണവും താളവും എന്നെ ഏറെ രസിപ്പിച്ചരുന്നു എന്ന് സേതു തന്നെ തന്റെ കഥയെ സാക്ഷ്യപ്പെടുത്തുന്നു.
പാണ്ഡവപുരത്തിൽ സേതു ആവിഷ്കരിക്കുന്നത് ഭ്രമ കല്പനയാണെന്നും അസംബന്ധമാണെന്നും വിമർശകർ ആക്ഷേപിക്കുന്നുണ്ടെങ്കിലും നിർവചിക്കാനാവാത്ത സ്വപ്നവിഹാരത്തിന്റെ കഥയാണിതെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
ജാരൻ എന്ന നീച പുരുഷനും അവന്റെ അധമമായ കാമവും ദേവിയെന്ന സ്തീയിലുണ്ടാക്കുന്ന വികാര വിക്ഷോഭങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.ഒരു പേടി സ്വപ്നം പോലെ പുരുഷ മേധാവിത്വത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ അഗ്നി സ്ഫുലിംഗമായി ദേവി വായനക്കാരുടെ മനസ്സില്‍ തീ കോരിയിടുന്നു.ജാരന്മാർവാശിയോടെ പാണ്ഡവപുരത്തെ പരദേശികളായ സ്തീകളെ വല വീശി പിടിച്ചു .അവരുടെ കുടുംബം കലക്കി.അങ്ങനെ പാണ്ഡവപുരത്ത് ജാരന്മാർ സ്തീകളുടെ പേടി സ്വപ്നമാകുന്നു.കഥയിലുട നീളം ജാരന്മാരോടുള്ള ദേവിയുടെ ആസക്തിയും അവരെ കൊന്നൊടുക്കണമെന്നുള്ള ക്ഷോഭവും തമ്മിലുള്ള മത്സരമാണ്.പ്രത്യക്ഷത്തിൽ യുക്തി രഹിതമായ ഭ്രമ കല്പനകളാണ് ദേവിയുടേത് എന്ന് തോന്നുമെങ്കിലും അവളിൽ അന്തർ ലീനമായ ദുർഗ്ഗാ ദേവിയുടെ സ്വാധീനമാണ് അർത്ഥ രഹിതമായ നിഗൂഡ ദിവാസ്വപ്നനങ്ങിലേക്ക് അവളെ നയിക്കുന്നതെന്ന് വായനക്കാര്‍ തിരിച്ചറിയുന്നു.ജാരനെ വെറുക്കുന്ന ദേവി കലി പൂണ്ട് വിറകൊണ്ട് മുടിയഴിച്ചാടുകയും അവന്റെ നെഞ്ചില്‍ ചവിട്ടി നൃത്തമാടുകയും ചെയ്യാനഗ്രഹിക്കുകയും ചെയുമ്പോള്‍ തന്നെ അപരന്റെ ഭാര്യയെ ജാരന്മാർ ആനന്ദിപ്പിക്കുകയല്ലേ ചെയ്യുന്നത് എന്നോർത്ത് അവനെ കൊതിക്കുകയും ചെയ്യുന്നു .
വിശേഷാൽ പതിപ്പുകളുടെ കഥാകാരൻ എന്ന പേരിനൊപ്പം, സൈബർ എഴുത്തിന്റെ ഓട്ടപ്പാത്രത്തിലെ കലംബൽ മാത്രമാണ് സേതുവിന്റെ കൃതികൾ എന്ന ദോഷൈക ദൃക്കുകളായ വിമർശകരുടെ വായടപ്പിച്ചു കൊണ്ടായിരുന്നു പാണ്ഡവപുരത്തിന്റെ രംഗപ്രവേശം.മലയാളത്തിന് അത്രത്തോളം പരിചിതമല്ലാത്ത അപഥ സഞ്ചാരത്തിന്റെ കഥയാണ് ഈ പുസ്തകം




മലയാളത്തില്‍ ഫാന്റസിയുടെ അപാരമായ സാധ്യതകളെ തൂലിക തുമ്പില്‍ ആവാഹിച്ച കാഥികനാണ് സേതു.നമ്മെ സത്യത്തിനും മിഥ്യക്കുമിടയിലെവിടെയോ എത്തിക്കുന്ന ഭ്രമ കല്പനകളാണ് സേതുവിന്റെ ആഖ്യാന തന്ത്രം.ബോധ ധാരാ രീതിയിലൂടെ മനുഷ്യ മനസ്സുകളുടെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാൻ സേതുവിന് കഴിയുന്നതെങ്ങനെ എന്ന് പാണ്ടവപുരം സാക്ഷ്യപ്പെടുത്തുന്നു.പൂവിനു പിന്നിലെ ധ്യാന ലീനമായ നിശബ്ദതയാണ് വേരുകളെങ്കിൽ പാണ്ഡവപുരം ആ നിശബ്ദതയെയാണ് ആവിഷ്കരിക്കുന്നതെന്ന് ആഷാമേനോൻ സാക്ഷ്യപ്പെടുത്തുന്നു.

No comments:

Post a Comment