Monday, January 12, 2015

മഞ്ഞുരുകുന്നപോലെ സാന്ദ്രമായ ഒരു കാത്തിരിപ്പ്

















                                                                           
                                                                                                                ഗിരീഷ്‌ വി എസ്സ് നായര്‍


മഞ്ഞിന്‍റെ കുളിര്‍മയില്‍ നിശബ്ദതയുടെ താഴ്വരയിലെവിടെയൊക്കെയോ വാചാലമാകുന്ന പ്രണയം. മനസ്സിന്‍റെ ആഴത്തില്‍ നിന്നും എം.ടി ആവാഹിച്ചെടുത്ത സ്മൃതിയുടെ തരംഗങ്ങള്‍ വിമലയിലൂടെ പറയുന്നു. "വരും വരാതിരിക്കില്ല...." ഒരു മന്ത്രംപോലെ വിമലയതു പറയുമ്പോള്‍ വിരഹത്തിന്‍റെ നൊമ്പരത്തിലും പ്രണയത്തിന്‍റെ ആഴം നമ്മുടെ മനസ്സിലേക്ക് കുറിച്ചിടുകയാണ് എംടി..
മനുഷ്യന്‍റെ മനസ്സ് കണ്ടെടുക്കുന്ന മനോഹരമായ ഒരു കാവ്യമാണ് പ്രണയം. അത് മനസ്സിന്‍റെ മധുരഭാവമാണ്. സ്ത്രീയും പുരുഷനും മനസിന്‍റെ താളത്തിലിഴചേര്‍ന്ന് സംഗമിക്കുമ്പോള്‍ പ്രണയം പൂര്‍ണ്ണമാകുന്നു. എം.ടി. തന്‍റെ മനസ്സിലുള്ള നിത്യകാമുക സങ്കല്പത്തെ പൗര്‍ണ്ണമിത്തിങ്കളോളം പൂര്‍ണ്ണതയുള്ള വിമലയെന്ന കാമുകീഭാവത്തിലേയ്ക്ക് അലിയിച്ചു ചേര്‍ത്തിരിക്കുകയാണ്. നോവലില്‍നിന്ന് കവിതയിലേക്കുള്ള ഒരൊഴുക്ക്.
പ്രണയാവേശം ഹൃദയത്തിന്‍റെ ഉള്ളറയില്‍ സൂക്ഷിക്കുന്ന സുധീര്‍കുമാര്‍ മിശ്ര വിമലയെ 1955 മെയ് മൂന്നാം തീയതി ബസ്സില്‍ വച്ചു കണ്ടുമുട്ടുമ്പോള്‍ ഒരു പരിചയം ഹൃദയത്തിന്‍റെ പടിവാതില്‍ കടന്ന് ലവേഴ്സ് ട്രാക്കിന്‍റെ തണൽ ഛായയിലൂടെ നൈനിറ്റാളിലെ ക്യാപിറ്റോളിലെത്തി മനസ്സിനോടൊപ്പം ശരീരവും പങ്കുവയ്ക്കുന്നു. സ്ത്രീത്വം മനസ്സറിയുന്ന ആദ്യ വേദന, നിര്‍വൃതി.
ഒടുവില്‍ ലവേഴ്സ് ട്രാക്കിലെ ശിലാഫലകത്തില്‍ തങ്ങളുടെ പേര് കൊത്തിവച്ച് എങ്ങോ മറയുന്ന അയാളെ വായനക്കാരന്‍റെ കണ്ണുകളിലൂടെ വഞ്ചകനായും സ്ത്രീത്വം കവരുന്നവനായും നാം ഉള്ളില്‍ കുറിച്ചിടുമ്പോള്‍, എം.ടി വര്‍ണ്ണിക്കുമ്പോലെ മേല്‍ചുണ്ടിനു മുകളിലെ നനുത്ത നീലരോമങ്ങളുള്ള വിമലയെന്ന സുന്ദരി, അതേ അഴകോടെ നിര്‍മ്മലതയോടെ പ്രണയത്തിന്‍റെ വിശ്വാസ്യതയോടെ അയാളെ കാത്തിരിക്കുകയാണ്. ഒരു നിമിഷം അവളോടൊപ്പം ഏതൊരു വായനക്കാരനും കല്‍മണ്ഡപത്തിലും പരുക്കന്‍ ബഞ്ചിലും അയാള്‍ക്കായി കാത്തിരുന്നുപോകും.

ഓര്‍മ്മയുടെ താളുകളിലെവിടെയൊക്കയോ നാം വിമലയുടെ തകര്‍ന്നടിഞ്ഞ കുടുംബത്തിന്‍റെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുമ്പോള്‍, സീസണിലെത്തിയ സര്‍ദാര്‍ജി വിമലയോടടുത്തതിന്‍റെ കാരണങ്ങള്‍ നമ്മളിലൂടെ ചോദിക്കുകയാണ് ലേഖകന്‍. ശ്വാസകോശാര്‍ബുദത്തിനു കീഴടങ്ങി താനും മരണത്തിലേക്ക് പോകുകയാണ് എന്നു സര്‍ദാര്‍ജി പറയാതെ പറയുമ്പോഴും എന്തിനാണ് സര്‍ദാര്‍ജി അവിടെയെത്തിയതെന്ന് ഏതൊരു വായനക്കാരനും ചോദിച്ചുപോകും.
രണ്ടു കാത്തിരുപ്പുകളാണ് എം.ടി. നമ്മളിലേക്ക് കോര്‍ത്തുവിടുന്നത്. ഒന്നു വിമലയുടേയും മറ്റൊന്ന് ഒരിക്കലും കണ്ടിട്ടില്ലാത്ത തന്‍റെ പിതാവിനെ കാത്തിരിക്കുന്ന ബുദ്ദു എന്ന തോണിക്കാരന്‍റെയും...
അവസാന കാത്തിരിപ്പിലും ആരും വന്നില്ല എന്നറിയുംപോഴും ബോട്ടിന്‍റെ ഗതിയകലങ്ങളില്‍ ജലപ്പരപ്പിലേക്ക് നോക്കി വിമല നിശബ്ദമായി പറയുന്നത് നമ്മുടെ ചുണ്ടുകളിലൂടെയല്ലേ "വരാതിരിക്കില്ല........"
ആത്മാവില്‍നിന്നൊഴുകിയിറങ്ങിയ മധുരമായ ഒരു പ്രണയകാവ്യം.. ഇത് നോവലിനപ്പുറം ഒരു കവിതയായി നാം വായിച്ചു കാത്തിരിക്കുന്നു സുധീര്‍ മിശ്രയേയും ഒപ്പം ഗോരസാഹിബിനേയും

No comments:

Post a Comment