Friday, January 16, 2015

ആത്മാവില്‍ തൊട്ട തീര്‍ത്ഥയാത്ര പോലെ












                                                                                                                                                                                             ശ്രീജാ വേണുഗോപാല്‍

ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലെ അതിവിശാലവും മനോഹരവുമായ വിമാനത്താവളത്തില്‍ ചെന്നിറങ്ങുമ്പോള്‍ ചെറിയ ക്ലാസ്സിലെ പാഠപുസ്തകത്തില്‍ പഠിച്ച ഡം ഡം വിമാനത്താവളം നേരിട്ട് കാണുന്നതിന്‍റെ ഒരു സന്തോഷം തോന്നി. മാര്‍ച്ച് അവസാനമായത് കൊണ്ട് കൊല്‍ക്കത്തയില്‍ നല്ല ചൂടായിരുന്നു . കൊല്‍ക്കത്തയില്‍ നിന്നും ബാഗ്ദോഗ്ര യിലേക്ക് പോകുമ്പോഴും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സന്ദര്‍ശിക്കാനിരിക്കുന്ന ഡാര്‍ജിലിംഗ് നെ കുറിച്ചോ ഗാങ്ങ്ടോക് നെകുറിച്ചോ കാലിംഗ്പോമിനെ കുറിച്ചോ ഒരു മുന്നറിവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
ബാഗ്ദോഗ്രയില്‍ നിന്നും ഡാര്‍ജിലിംഗ് ലേക്കുള്ള റോഡ്‌ യാത്ര നമ്മുടെ കേരളത്തിലെ മലമ്പ്രദേശങ്ങളെ ഓര്‍മ്മിപ്പിച്ചു . വണ്ടി കയറ്റം കയറുമ്പോള്‍ വയനാട്ടിലെ താമരശ്ശേരി ചുരംതന്നെ യാണ് ഓര്‍മ്മയില്‍ വന്നത്. ചുറ്റും പൈന്‍ മരങ്ങളാണ് അധികവും എന്നൊരു വ്യത്യാസമുണ്ട്. വേനല്‍ക്കാലം ആരംഭി ച്ചിരുന്നതിനാല്‍ മരങ്ങളെല്ലാം പൂര്‍ണമായും മഞ്ഞിന്‍റെ പുതപ്പു വലിച്ചു മാറ്റിയിരുന്നു.
അതി രാവിലെ തുടങ്ങിയ യാത്രയും ,തണുപ്പും കൊണ്ട് മാത്രം അല്ല, അടുത്ത ദിവസം പുലര്‍ച്ച നാലര മണിക്ക് പോയാലെ ഡാര്‍ജിലിംങ്ങിലെ സൂര്യോദയം ഭംഗി യായി കാണാന്‍ സാധിക്കൂ എന്ന , തമിഴ് സിനിമ , "ഏഴാം അറിവിലെ" ടോങ്ക്ളിയെ പോലെ ഇരിക്കുന്ന നേപ്പാളി ഡ്രൈവറുടെ ഉപദേശവും കൂടിയായപ്പോഴാണ് നേരത്തെ ഉറങ്ങാന്‍ പോയത്.
പിറ്റേന്ന് നാലുമണിക്കേ എഴുന്നേറ്റു, പ്രഭാതകൃത്യങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി പുറത്തു വന്നതും ഹോട്ടലിന്‍റെ മുന്നിലെ റോഡില്‍ വരിവരിയായി കാറുകള്‍ യാത്രക്ക് തയ്യാറായി കിടക്കുന്നു . യാത്രയില്‍ കരുതിയിരുന്ന രോമകുപ്പായങ്ങളും തൊപ്പികളും ഒക്കെ ധരിച്ചിട്ടും നല്ല തണുപ്പായിരുന്നു. കാര്‍ മല കയറി സണ്‍റൈസ് പോയിന്റില്‍ ചെന്നു നിന്നു. അവിടത്തെ തിരക്കും ബഹളവും ആറാട്ടുപുഴ പൂരത്തിന് വെളുപ്പാന്‍ കാലത്തെ കൂട്ടി എഴുന്നെള്ളിപ്പ് കാത്ത് നില്‍ക്കുന്ന ഭക്തരെ ഓര്‍മ്മിപ്പിച്ചു.
അഗാധമായ താഴവാരത്തോട്‌ ചേര്‍ന്നുള്ള ചെറിയ മൈദാനം പോലെ ഉള്ള സ്ഥലത്ത് നൂറു കണക്കിനു വണ്ടികളും വിനോദ സഞ്ചാരികളും വിറയ്ക്കുന്ന തണുപ്പില്‍ സൂര്യോദയം കാണാന്‍ ക്ഷമയോടെ കാത്തു നില്‍ക്കുന്നു . ചിലര്‍ തീ കായുന്നു.
ആ വെളുപ്പാന്‍ കാലത്തും മനോഹരമായ ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടി നന്നായോരുങ്ങിയ സുന്ദരിയായ സ്ത്രീ ചുറുചുറുക്കോടെ തന്‍റെ തോളില്‍ തൂക്കിയിട്ടിരിക്കുന്ന വലിയ ഫ്ലാസ്കില്‍ നിന്നും ചൂട് കാപ്പി പകര്‍ന്നു കൊടുത്ത് കച്ചവടം പൊടിപൊടിക്കുന്നു. അവളുടെ സംസാരവും രൂപവും പോലെ തന്നെ ആ തണുപ്പത്ത് ചൂട് കാപ്പി വല്ലാത്ത ഒരു പ്രലോഭനം ആയിരുന്നു. ഇത്രയും തിരക്കുള്ള ഭാഗത്ത്‌ നില്‍ക്കേണ്ട കാര്യം ഇല്ലെന്നും തെല്ലു അപ്പുറത്തുള്ള കുന്നില്‍ കയറി നിന്നാല്‍ ഇതിലും മനോഹരമായി സൂര്യോദയം കാണാമെന്നും പറഞ്ഞ് അവള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന കാപ്പിയുടെ പൈസയും വാങ്ങി ആളുകളുടെ ഇടയിലോട്ടു പോയി.
കുന്നില്‍ കയറിയപ്പോഴാണ് മനസ്സിലായത് അവളുടെ സുഹൃത്തായിരിക്കണം അവളെ പോലെ തന്നെ മിടുക്കിയായ ഒരുവള്‍, അവിടെ രോമ കുപ്പായങ്ങളും തൊപ്പികളും വില്‍ക്കുന്നു. സൂര്യോദയത്തിനു ഇനിയും സമയം ഉള്ളത് കൊണ്ടും ചൂട് കാപ്പി പകര്‍ന്നു തന്ന ഉത്സാഹം കൊണ്ടും ആ ചെറിയ കടയുടെ നേരെ തിരിഞ്ഞു. മകന് വേണ്ടി ഒരു ചെറിയ ഭംഗിയുള്ള തൊപ്പി മൂന്നൂറു രൂപ പറഞ്ഞപ്പോള്‍ ഒരു നാണക്കേടും ഓര്‍ക്കാതെ അമ്പതു രൂപയ്ക്ക് ചോദിച്ച് എണ്‍പത് രൂപയ്ക്ക് കൈക്കലാക്കി. പക്ഷെ അതിന്‍റെ ഒപ്പം അവള്‍ നിര്‍ബന്ധിച്ചു വാങ്ങിപ്പിച്ച തൊപ്പിയില്‍ അവളെന്നെ മനോഹരമായി പറ്റിച്ചു .
ഏകദേശം അഞ്ചരയോടെ ചക്രവാളം ചുമക്കാന്‍ തുടങ്ങി. ഭൂമിദേവി പേറ്റു നോവിന്‍റെ ചുവപ്പണിഞ്ഞു സൂര്യദേവന്‍ ഭൂജാതനാകുന്ന സന്തോഷത്തില്‍ മഞ്ഞു പാളികള്‍ അങ്ങോട്ടും ഇങ്ങോട്ടും പായാന്‍ തുടങ്ങി. വടക്ക് ഹിമാലയന്‍ നിരകളിലെ കഞ്ചന്‍ജംഗ ആകാംഷയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. അങ്ങനെ ആ സമയം സമാഗതമായി ഏഴു കുതിരകളെ പൂട്ടിയ തേരില്‍ സൂര്യ ദേവന്‍റെ എഴുന്നള്ളത്ത്‌, ആ ഒളിയില്‍ വെട്ടി തിളങ്ങുന്ന കഞ്ചന്‍ജംഗ , കിഴക്ക് ദിക്കിനു തീപിടിച്ച പോലെയുള്ള ചുവപ്പ്.
ചക്രവളയത്തോട് കൂടിയുള്ള സൂര്യബിംബവും പ്രകൃതി രമണീയതയും എത്ര വട്ടം ക്യാമറയില്‍ ഒപ്പാന്‍ ശ്രമിച്ചിട്ടും മതിയാകാതെ മനസ്സില്‍ നിറച്ച് തൃപ്തിപ്പെടെണ്ടി വന്ന യാത്രികര്‍. അപ്പോഴേക്കും എല്ലാ വണ്ടികളും പുറപ്പെടാന്‍ തുടങ്ങി. ഇത്രയധികം വണ്ടികള്‍ക്ക് മല ഇറങ്ങാന്‍ ആ ഒരൊറ്റ പാത അല്ലെ ഉള്ളൂ. ഞങ്ങളുടെ ഡ്രൈവറും തിരക്ക് കൂട്ടി. ചുളുചുളാ കുത്തുന്ന കാറ്റ്, വണ്ടി മലയിറങ്ങുമ്പോള്‍ നേരം പരപരാ വെളുത്തു വന്നു.
വണ്ടി പോകുന്ന വഴിയില്‍ ഇടയ്ക്കൊക്കെ ചെറിയ മലകളോട് ചേര്‍ന്ന വൃക്ഷ കൂട്ടങ്ങളില്‍ കൊടി തോരണം പോലെ പലനിറങ്ങളിലുള്ള തുണികള്‍ കാറ്റില്‍ പറക്കുന്നു. അതില്‍ വെളുപ്പു നിറത്തിലുള്ളതും ധാരാളം ഉണ്ട് എല്ലാ തുണിയിലും കുനുകുനാന്നു എന്തൊക്കെയോ എഴുതിയിട്ടുണ്ട്. ഡ്രൈവറാണ് പറഞ്ഞു തന്നത്. ആ തുണികള്‍ പറക്കുന്ന സ്ഥലങ്ങള്‍ എല്ലാം ബുദ്ധ മത കേന്ദ്രങ്ങള്‍ ആണെന്നും, ആ തുണികളില്‍ എഴുതിയിരിക്കുന്നത് അവരുടെ പ്രാര്‍ത്ഥനകള്‍ ആണെന്നും കാറ്റില്‍ ഓരോ തവണ അത്പറക്കുമ്പോഴും അവരുടെ പ്രാര്‍ത്ഥനകള്‍ ഓരോ പ്രാവശ്യം വായിക്കപെടുന്നു എന്നും. വീട്ടില്‍ ഒരു മരണം നടന്നാല്‍ വെളുത്ത തുണിയിലും മറ്റു മംഗള അവസരങ്ങളില്‍ വിവിധ നിറത്തിലും ഉള്ള തുണികളില്‍ പ്രാര്‍ഥനകള്‍ എഴുതി അവിടെ കൊണ്ട് പോയ്‌ കെട്ടി തൂക്കുന്നത്‌ വിശാസത്തിന്‍റെ ഭാഗമാണ് എന്നും.ആ ഡ്രൈവര്‍ വിവരിച്ചു .
ഡാര്‍ജിലിങ്ങിലെ സുഖകരമായ കാലാവസ്ഥയും സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും ആസ്വദിച്ചു കൊണ്ട് പത്മജ നായിഡു ഹിമാലയന്‍ പാര്‍ക്കും ഹിമാലയാരോഹണം നടത്തുന്നവര്‍ക്ക് പരിശീലനം കൊടുക്കുന്ന സ്ഥാപനവുംവെള്ളി മേഘങ്ങള്‍ തൊട്ടുരുമി കിടക്കുന്ന തേയില തോട്ടങ്ങളും കണ്ടു ..അവിടത്തെ ഡ്രൈവര്‍ മാരും ചെറിയ കടക്കാരും തമ്മില്‍ ഒരു വ്യവസ്ഥയുണ്ട് ..ആരുടെ കടയുടെ മുന്‍പില്‍ ആണോ കാര്‍ നിര്‍ത്തുന്നതു ആ വണ്ടിയില്‍ വന്നവര്‍ക്ക് തേയില വില്‍ക്കുന്നവരുടെ സ്പെഷല്‍ ചായ ..വണ്ടി തണുപ്പിക്കാന്‍ വാട്ടര്‍ സര്‍വിസ്.കച്ചവട തന്ത്രം ആണെങ്കിലും പൊതുവേ ആളുകള്‍ വളരെ നല്ലവരും വിശ്വസിക്കാന്‍ കൊള്ളുന്നവരും ആണ് ...തണുപ്പിനിടുന്ന ജാക്കറ്റ് വാടകയ്ക്ക് എടുത്തതില്‍വില കൂടിയ മൊബൈല്‍ ഫോണ്‍ വെച്ചു മറന്നു പോയ ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ക്ക്‌ അടുത്ത ദിവസം അതെ വഴിക്ക് പോയ ഡ്രൈവര്‍ അത് കൊണ്ട് വന്നു തന്നത് വളരെ അതിശയകരമായി തോന്നി .
എല്ലാകടയിലും സുന്ദരികളായ സ്ത്രീകള്‍ ആണ് കച്ചവടം നടത്തുന്നത് ..ഇരുപതിനും ഇരുപത്തി അഞ്ചിനും ഇടയില്‍ വയസുള്ള ചെറുപ്പക്കാര്‍ ആണ് ഡ്രൈവര്‍മാര്‍ .പൊതുവേ മുതിര്‍ന്ന പുരുഷന്മാര്‍ അവിടെ അലസരെന്നു പറയുന്നു ..സിക്കിമില്‍ ആയാലും ഡാര്‍ജിലിംങ്ങില്‍ ആണെങ്കിലും എല്ലാവര്ക്കും നന്നായി ഹിന്ദി അറിയാം എന്നുള്ളത് കൊണ്ട് ഭാഷ ഒരുപ്രശ്നം ആയിരുന്നില്ല ..നേപ്പാളിയായ ഡ്രൈവര്‍ ഒരു വട്ടം പറഞ്ഞു ഞങ്ങളുടെനേപ്പാളി ഭാഷയും നിങ്ങളുടെ മലയാളവും കുറച്ചൊക്കെ സാമ്യം ഉണ്ടെന്നു അയാള്‍ എന്ത് മനസിലാക്കി പറഞ്ഞതാണോ എന്തോ ?
ഡാര്‍ജിലിങ്ങില്‍ റോഡിനോടു ചേര്‍ന്നും ചിലയിടങ്ങളില്‍ റോഡിനെ മുറിഞ്ഞു കടന്നും ഉള്ള റെയില്‍ കൌതുക കാഴ്ച്ച യാണ് .ആരാധന എന്നാ ഹിന്ദി സിനിമയില്‍ രാജേഷ് ഖന്നയും ഷര്‍മിള ടാഗോറും ..മേരി സപനോം കി റാണി പാടി അഭിനയിച്ച രംഗങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു ....
അടുത്തദിവസം ഭൂനിരപ്പില്‍ നിന്നും 5500 അടി ഉയരത്തിലുള്ള ഹിമാലയന്‍ നഗരിയായ ഗാങ്ങ്ടോക്കില്‍ ആണ് പോയത് ..ഡാ ര്ജിലി ങ്ങില്‍ നിന്നും ഗാങ്ങ്ടോകില്‍ പോകുന്ന വഴിയിലുടനീളംചൈന യില്‍ നിന്നും ഒഴുകി വരുന്നതീസ്ത നദി കാണാം ..തീസ്തയിലെ റിവേര്‍ രാഫ്ടിംഗ് വളരെ സാഹസികത നിറഞ്ഞ അനുഭവമാണ്.ചൈനയുടെ തീസ്തയും കഞ്ചന്‍ജംഗ യില്‍ നിന്നും ഒഴുകുന്ന നദിയും ചേരുന്ന ഇടത്തെ Lovers meet point എന്ന് പേര് ഇട്ടു വിളിക്കുന്നു രണ്ടു നദിയുടെയും ആ സംഗമം വളരെ ഉയരത്തിലുള്ള ആ വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ച്ച ഹൃദയ സ്പര്‍ശിയാണ്
ഗാങ്ങ്ടോകില്‍ ഞങ്ങള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന എം ജി മാര്‍ഗ് യുറോപ്യന്‍ സിറ്റി യെ വെല്ലുന്ന സൌന്ദര്യവും വൃത്തിയും ഉള്ളതാണ് .ഗാങ്ങ്ടോകില്‍ ആദ്യം പോയത് ഒരു ബുദ്ധമത ക്ഷേത്രത്തിലേക്കാണ് ..മുന്‍പ് സൂചിപ്പിച്ച പോലെ, ദൂരെ നിന്നേ അമ്പലത്തിന്‍റെ അടയാളങ്ങള്‍ ആയ കാറ്റില്‍ പറക്കുന്ന വിവിധ വര്‍ണത്തില്‍ ഉള്ള പ്രാര്‍ത്ഥനകള്‍ എഴുതിയ കോടികള്‍ .കുന്നിന്‍ മുകളില്‍ ആണ് അമ്പലം ധാരാളം പടികെട്ടുകള്‍ കയറണം നമ്മളോടൊപ്പം പടികെട്ടു കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന ഒരു പാട്ബുദ്ധ സന്യാസി മാരെ കാണാം ...അതില്‍ യോദ്ധ സിനിമയിലെ ഉണ്ണികുട്ടനെ പോലെ യുള്ള ഒരു പാട് കുട്ടി സന്യാസിമാര്‍ ..ആ സന്യസ വേഷത്തില്‍ ക്രികറ്റ് കളിക്കുന്നവര്‍ ,കൂള്‍ ഡ്രിങ്ക്സ് കുടിക്കുന്നവര്‍ ഇതൊക്കെ വ്യത്യസ്തമായ കാഴ്ചകള്‍ ആയിരുന്നു ..ജ്ഞാനം നേടാന്‍ വീട് ഉപേക്ഷിക്കേണ്ടി വന്ന ആ സുന്ദരന്മാരായ ആ കുട്ടിസന്യാസികളുടെ മുഖത്ത് വീട് വിട്ടു നില്‍ക്കുന്നതിന്റെ ദുഖച്ഛവിയുണ്ടെന്ന് എന്‍റെ മാതൃ ഹൃദയത്തിനു തോന്നി ..
ബുദ്ധ മതാചാര പ്രകാരം ആണ്‍കുട്ടികളുടെ ജാതകം ഏഴോ എട്ടോ വയസുള്ളപ്പോള്‍ പരിശോധിച്ചു സന്യാസ യോഗം ഉള്ളവരെ ഇവിടെ കൊണ്ട് വന്നു ആക്കുകയും പിന്നീട് അവര്‍ ആയുസ്സ് മുഴുവന്‍ ബുദ്ധനെ പിന്തുടര്‍ന്ന് ജീവിതത്തിന്‍റെ രഹസ്യങ്ങള്‍ അറിയാന്‍അവരുടെ ജീവിതം ചിലവഴിക്കുന്നു ...
അമ്പലത്തിനു ചുറ്റും ഉരുണ്ടാകൃതിയുള്ള പ്രാര്‍ത്ഥനകള്‍ എഴുതപ്പെട്ട ഇരുമ്പ് രൂപങ്ങള്‍ ഉണ്ട് അവ കറക്കി കൊണ്ട് ഭക്തര്‍ അമ്പലം പ്രദക്ഷിണം വെയ്ക്കുന്നു .അമ്പലത്തിനും പ്രാര്‍ത്ഥനാ മണ്ഡപത്തിനും ഇടയില്‍ പഞ്ഞി കെട്ട്‌ പോലെ യുള്ള വലിയ വലിയ പട്ടികളും പൂച്ചകളും ഒക്കെ സൌഹൃദത്തോടെ ശാന്തരായി നടക്കുന്നു ..ബുദ്ധകേന്ത്രത്തിലെ ശാന്തത തണുത്ത കാറ്റായ് തഴുകുന്നു .
സന്ദര്‍ശന സ്ഥലങ്ങളില്‍ ഭൂരിഭാഗം ഇടങ്ങളിലുംഉച്ച ഭക്ഷണം ഒരു മരീചിക തന്നെ ആയിരുന്നു .അപൂര്‍വമായി ഉള്ള ചെറിയ കടകളില്‍ നമുക്ക് പരിചയം ഉള്ളത് മാഗി മാത്രം ആണ് പിന്നെനൂഡി ല്‍സിന്റെ വിഭാഗത്തില്‍ പെട്ട ചൌ മീനും ..എല്ലാ ഭക്ഷണശാലയില്‍ നിന്നും മനം മടുപ്പിക്കുന്ന കടുകെണ്ണമണം പരന്നു ഒഴുകുന്നു ....അവിടത്തെ സാധാരണ ഭക്ഷണം ആയ മൊമുസ് എല്ലാ കടയിലും കിട്ടും ..മൊമുസ് നമ്മുടെ കൊഴുക്കട്ടയുടെ പോലെ ഉള്ള ഒന്നാണ് ഉള്ളില്‍ പച്ചക്കറി വെച്ചോ മാംസം വെച്ചോ പുഴുങ്ങി എടുത്ത മൊമുസ് ആളുകള്‍ സോസ് കൂട്ടി റോഡില്‍ നിന്ന് കൊണ്ട് തന്നെ അകത്താക്കി വേഗത്തില്‍ നടന്നു നീങ്ങുന്ന കാഴ്ച്ച സാധാരണമാണ് ..
മലമുകളില്‍ ഉള്ള നമ്നാങ്ങ് വ്യൂ പൊയന്റും ഫ്ലവര്‍ ഷോയും കണ്ട് അന്നത്തെ കാഴ്ചകള്‍ കണ്ണില്‍നിറച്ചുറങ്ങാന്‍ പോയി .
പിറ്റേന്നു രാവിലെ ഏഴുമണിയോടെ റ്സ്മോഗോ തടാകവും ബാബാമന്ദിറും കാണുവാന്‍ പുറപ്പെട്ടു ..അന്യസംസ്ഥാനങ്ങളിലെ വണ്ടികള്‍ സിക്കിമില്‍ ഓടാന്‍ അനുവാദം ഇല്ലാത്തത് കൊണ്ട് ഡ്രൈവര്‍ മാരും വണ്ടികളും മാറി ..അവിടത്തെ ഡ്രൈവെര്‍ മാരുടെ ജോലി സര്‍ക്കസിലെ ഞാണി ന്‍ മേല്‍ കളി പോലെ ആണ് .പക്ഷെ ഇവിടെ അവര്‍ അവരുടെ ജീവനോടൊപ്പം യാത്രക്കാരുടെ ജീവനും ചേര്‍ത്താണ് പണയ പെടുത്തുന്നത് എന്നവ്യത്യാസം മാത്രം .
മലയിടുക്കുകള്‍ ഇടിച്ചു ഉണ്ടാക്കിയ റോഡുകള്‍ ഓരോപ്രകൃതിക്ഷോപ ത്തിലും ഇടിഞ്ഞുവീണു പോയ വിളുംബുകളോടെ, ഒരായിരം വളവു തിരിവുകളോടെ, അതിലുപരി എപ്പോവേണേലും മേഘങ്ങളില്‍ നിന്നും ഇറങ്ങിവന്നു കാറ്റിനോടൊപ്പം പറന്ന് കാഴ്ച്ച മറയ്ക്കുന്ന മഞ്ഞു കൂട്ടങ്ങള്‍ .അതിശയം തോന്നും ഒരു പരിചയമില്ലാത്ത ഒരുവനെ അവനവന്‍റെയും പ്രിയപെട്ടവരുടെയും ജീവന്‍ വിശ്വസിച്ചു ഏല്‍പ്പിച്ച് മല കയറുന്ന യാത്രാക്കാര്‍ ..
പന്ത്രണ്ടായിരം അടിമുകളിലേയ്ക്കുള്ള കയറ്റം കയറാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്ത്‌ കാണുന്ന അഗാതമായ താഴ്വാരങ്ങളും അതിനപ്പുറത്തുള്ള മനോഹരമായ മഞ്ഞണിഞ്ഞ മലകളും ഒരു വന്യമായ സൌന്ദര്യമാണ് ...ബാബാ മന്ദിര്‍ എത്തുന്നതിനു മുന്‍പാണ് റ്സ്മോഗോ തടാകം തടാകത്തിനു അടുത്ത് എത്തും മുന്‍പേമഞ്ഞില്‍ഇറങ്ങാവുന്ന ജാക്കറ്റുകളും നീളന്‍ കാലുറകളും വാടകയ്ക്ക് എടുത്തിരുന്നു എങ്കിലും ശരീരത്തിലെ ഒരു ചെറുപഴുത് കിട്ടിയാല്‍ തണുപ്പ് അതിലൂടെ ഇരച്ചു കയറി രകതത്തെ മരവിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു ...tsmogo തടാകംസ്വപ്ന സദൃശ്യമാണ്..ഒരു കിലോമീറ്റര്‍ നീളമുള്ള അമ്പതു അടി താഴ്ചയുള്ള തടാകത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഹിമാലയന്‍ മല നിരകള്‍ ..യാത്രക്കാരെ ചുറ്റി കാണിക്കാന്‍ നല്ല കറുമ്പന്‍മലങ്കാള കള്‍ (യാക്കുകള്‍ )
മലയുടെ മുകളില്‍ ആണ് ബാബാമന്ദിര്‍ .യുവാവയിരിക്കുമ്പോഴേ മരിച്ചു പോയ പട്ടാളക്കാരന്റെ സമാധി സ്ഥലം ആണിത് .ഫോണ്‍ ടവരോ അതുപോലെ യുള്ള ഒരു സൌകര്യവും ഇല്ലാത്ത ഏപ്രില്‍മാസം കൂടെ അതിശൈത്യം അനുഭവപ്പെ ടുന്ന അവിടെ, തകര ഷീറ്റുകള്‍ കൊണ്ട് കോഴി ക്കൂട് പോലെ യുള്ള ഷെഡുകളില്‍ താമസിച്ചു ചൈനയില്‍ നിന്നും നമ്മുടെ അതിരുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ കൂട്ടം കൂട്ടം ആയി ഇവിടെ വന്നു പ്രാര്‍ത്ഥിച്ചു മണിയടിച്ചു "ഭാരത് മാതാ കീ ജയ്‌ " എന്ന് ഉച്ചത്തില്‍ കയ്യുയര്‍ത്തി പറയുമ്പോള്‍ ആ തണുപ്പിലും രാജ്യ സ്നേഹത്തിന്റെയും, നമുക്ക് വേണ്ടി കാവല്‍ നില്‍ക്കുന്ന ഈ സഹോദരനമാരോടുള്ള നന്ദിയുടെയും ഒരു ഊഷ്മളത ശരീരമാകെ വ്യാപിക്കുന്നതായി തോന്നി ...
അവിടെ നിന്നും വീണ്ടും മൂന്നു കിലോമീറ്റര്‍ അകലെ യാണ് "നാതുല്ലപാസ് " അഥവാ ഇന്ത്യ ചൈന അതിര്‍ത്തി . ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചു കൊണ്ട് ഇടയില്‍ ഉള്ള ഒരു കിടങ്ങിനു അപ്പുറം ഇപ്പുറം സ്വന്തം കൊടിയുടെ കീഴെ കണ്ണില്‍ എണ്ണയോഴിച്ചു മരിക്കാന്‍ കൂടെ തയ്യാറായി രാജ്യത്തിന് വേണ്ടി കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ അവരെ കാണുന്നത് തന്നെ യാണ് ഏറ്റവും നല്ല പുണ്യയാത്ര എന്ന് തോന്നി ...
എന്തൊക്കെ സംഭവിച്ചാലുംഉച്ചയ്ക്ക് ഒരു മണിക്ക് മുന്പ് മലയിറങ്ങണം എന്നാണ് നിയമം ..സമയം വൈകിയാല്‍ കോടമഞ്ഞ്‌ കാഴ്ച്ച മറയ്ക്കും ..ആ സമയത്ത് പുറപെട്ടിട്ടും ഇടയ്ക്കിടെ മഞ്ഞു വന്നു മൂടുന്നു ..നട്ടുച്ച നേരത്ത് ലൈറ്റ് ഇട്ടു വണ്ടി ഓടിക്കേണ്ടി വരുന്നു ...രാവിലെ എട്ടു മണിക്ക് മുപ്പത്തിരണ്ട് കിലോമീറ്റര്‍ മലകയറിയ വണ്ടികള്‍ അങ്ങനെ ഒരുമണിയോടെ ഒന്നൊന്നായി താഴെ ഇറങ്ങുന്ന കാഴ്ച ..അപകടം ഒന്നും കൂടാതെ തിരിച്ചു വരുവാന്‍ സാധിച്ച സമാധാനത്തോടെ എല്ലാവരും നോക്കി കാണുന്നു ...
അടുത്ത ദിവസം ഗാന്ഗ് ടോക്കില്‍ നിന്നും എന്മ്പത് കിലോമീറ്റര്‍ അകലെയുള്ള കാളിംഗ്പൊ എന്നാ മനോഹരമായ സ്ഥലത്തെ മലകളും വിവിധതരത്തിലുള്ള കള്ളിചെടികളുടെ കാക്റ്റസ് നഴ്സറിയും മറ്റു മനോഹരമായ പൂന്തോട്ടങ്ങളും സന്ദര്‍ശിച്ച്.. അവിടത്തെ പ്രധാന ആകര്‍ഷണമായ പാരാഗ്ലൈഡി ങ്ങും നടത്തി ..ഞങ്ങള്‍ ഞങ്ങളുടെ നോര്‍ത്ത് ഈസ്റ്റ്‌ യാത്ര അവസാനിപ്പിച്ചു ..

No comments:

Post a Comment