Tuesday, January 20, 2015

ആരാണീ മലയാളി.....?















                                                                                           ആഖിലന്‍ വേലപ്പന്‍


ആരാണീ മലയാളി.....? പൊതുവില്‍ മലയാളികള്‍ എങ്ങനെയാണ് ?....... സ്വയം വിമർശനം ആവാം ന്താ?
-------------------------------------------------
നിത്യവും രണ്ടുനേരവും കുളിച്ചൊരുങ്ങി വൃത്തിയുള്ള വസ്ത്രംധരിച്ച് powder ഇട്ടു, സുഗന്ധതൈലം പൂശി നടക്കാൻ മിടുക്കന്മാരാണ് മലയാളി. പക്ഷെ പോതുസ്ഥലം ഇത്രയും മലീമസമാക്കുന്ന ഒരു ജനത വേറെയുണ്ടാവില്ല.
ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിറങ്ങിയാൽ അതിന്‍റെ മുന്നില് കുരച്ചും കാർക്കിച്ചും തുപ്പും..toilts ഉപയോഗിക്കുന്നത് എങ്ങനെ എന്നറിയില്ല.അവിടേയും വഴിനീളെയും മുറുക്കി തുപ്പും. വഴികളിലെ മറവില് മലമൂത്രാധികൾക്കും മടിയില്ല.(സ്ത്രീകള്‍ പൊതുവഴികളില്‍ ഇങ്ങനെ ചെയ്യാറില്ല.) waste bin തൊട്ടടുത്തായാലും അതുപയോഗിക്കില്ല. കയ്യിലെ പേപ്പര്‍ കഷണംപോലും അലസമായി നിലത്തു വലിച്ചെറിയും
.
സ്വന്തം ഫ്ലാറ്റും വീടും പരിസരവും വൃത്തിയായിരിക്കണമെന്നു നിർബന്ധമുണ്ട്. പക്ഷേ. പൊതുജല സ്രോതസ്സുകളില്‍, ഊടുവഴികളില്‍ പാതയോരത്ത് എവിടേയും ഒരു കുറ്റബോധവും കൂടാതെ പ്ലാസ്റ്റിക്ക് കവറുകളിൽ കെട്ടി ഭദ്രമാക്കിയ മാലിന്യം വലിച്ചെറിയും. പുഴുത്തു നാറുന്നതെങ്കില്‍ പാതിരാത്രിയിൽ അപഥസഞ്ചാരത്തിനെന്നപോലെ, കൈവിട്ടുപോകുന്നതവരെ അതും ചുമന്നു നടക്കും. ഇതിനൊന്നും വഴിയില്ലേൽ, പ്രേമലേഖനം നേരിട്ടുകൊടുക്കാനായില്ലെങ്കിൽ ചുരുട്ടിയെറിയുന്ന ഏർപാടുണ്ടല്ലോ ആ ലാഘവത്തോടെ അത് അന്യന്റെ പുരയിടത്തിലേക്കെറിയും. മറ്റവൻ നന്നാകരുത് എന്ന ചിന്തയോടെ.
.
underware കഴുകി ഉപയോഗിക്കാതെ infection ആകുംപോള്‍ ആസനവും , അതിനരികിലുള്ള അവയവങ്ങളും ഒരു കൂസലുമില്ലാതെ ചൊറിഞ്ഞു നടക്കുന്നവരും മലയാളികളായുണ്ട്.മൂക്കില്‍ കയ്യിടുക മൂക്കിള പിഴിഞ്ഞു പൊതുസ്ഥലത്തിടുക കാർക്കിച്ചു തുപ്പുക, ബസ്സിലോ ട്രെയിനിലോ യാത്രചെയ്യുംപോള്‍ പുറത്തേക്ക് തുപ്പുക ഇതൊക്കെ മലയാളിക്ക് കൂസലില്ലാതെ ചെയ്യാവുന്ന പ്രവൃത്തി .
.
പൊതുസ്വഭാവം ഇതൊക്കയാണെങ്കിലും ലോകകാര്യങ്ങളില്‍ പാണ്ഡിത്യമുണ്ടാകും, ആഗോള കക്ഷി രാഷ്ട്രീയമേ പറയു. എന്തിലും വെറുതെ തർക്കിച്ചു ജയിക്കുവാൻ വല്ലാത്ത രസവും. എന്തിലും ആദ്യത്തെ തലതിരിഞ്ഞ വർത്തമാനം മലയാളിയുടെതായിരിക്കും. ലോകത്തെവിടേയും ചെന്നെത്തുവാനും മടിയില്ല.അതിനാരെയും ചാക്കിട്ടു പിടിക്കും സർവ്വ വ്യാപിയെന്നറിയുന്ന മലയാളി, എവിടെയാണെങ്കിലും ജീവിക്കുവാൻ ഉപദേശത്തിനു കാക്കാത്തവനാണ്.ധൈര്യവാനുമാണ്
.
രാഷ്ട്രീയം തലക്കു പിടിച്ച മലയാളി 
-----------------------------------------
ഏതുരാഷ്ട്രീയപാർട്ടിക്കുവേണ്ടിയും ആരെയും തല്ലാനും കൊല്ലാനും മടിയില്ല. തല്ലുകൊള്ളാനും പൊതുമുതല്‍ നശിപ്പിക്കാനും ജയിലില്‍ കിടക്കാനും തയ്യാറുമാണ്. ഒന്നിലും കുറ്റബോധംമുണ്ടാവില്ല.സ്വന്തം കണ്ണില്‍ ഒരു കരടുവീണാല്‍ കാലില്‍ ഒരു മുള്ളുകൊണ്ടാല്‍ അസ്വസ്ഥനാകുന്ന മലയാളി ഒരാളെ, എത്രവെട്ടു വെട്ടി കൊല്ലാനും മടി കാണിക്കുന്നില്ല. ഗുണ്ടാ പണിയും അഭിമാനമാണെന്ന ഭാവമാണ്..രാഷ്ട്രീയത്തിന്റെ മറവിൽ, വ്യക്തി ഹത്യക്കു മടിയില്ലാ. മുഖപുസ്തകത്തിലൂടെയായാലും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ഗൂഡമായി സന്തോഷിക്കുന്ന തികഞ്ഞ സാഡിസ്റ്റുകൾ. ഉപകാരസ്മരണ കുറവും.
.
സദാചാരപോലീസ്സാകുന്ന മലയാളി
------------------------------------
സ്ത്രീകളെ കുറിച്ച് പൊതുവേദികളിൽ ബഹുമാനപുരസ്സരം സംസാരിക്കുമെങ്കിലും ഒറ്റക്ക് അസമയത്ത് ഒരിടത്ത് ഒരുവളെ കണ്ടാല്‍ ഒന്ന് ചെറഞ്ഞുനോക്കും.ഒന്ന് മുട്ടി നോക്കും.അവളോടൊപ്പം ഒരുവനെയും കൂടെ കണ്ടാല്‍ സംശയമായി, ഉടനെ കൂട്ടുകാരെ കൂട്ടി മറ്റവള്‍ പോക്കുകേസാ എന്നുറപ്പിക്കും. ഉദ്ധാരണ ശേഷിയുള്ളവനും ഇല്ലാത്തവനും സദാചാരബോധവാനാകും. പിന്നെ എല്ലാവരും സദാചാരപൊലീസ്സാകും. പെണ്ണു വഴിതെറ്റിപോകുന്നതിൽ ആകുല ചിത്തരാകുന്നവരെന്നു ഭാവിക്കും. ഹോട്ടല്‍ മുറികളില്‍ കമിതാക്കള്‍ ചുംബിച്ചാല്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്നപോലെ അതടിച്ചു തകർക്കും, അല്ലെങ്കില്‍ തീവെക്കും. പക്ഷേ പെണ്മക്കളുള്ള ഭാര്യമാർക്ക് സ്വന്തം ഭർത്താവിനെ പോലും വിശ്വസിക്കാനാവാത്ത കാലമാണിത്. സ്ത്രീകള്‍ക്കു നേരെയുള്ള ഗുസ്തിക്ക് പ്രായം ഒരു തടയല്ലല്ലോ ഇപ്പോൾ.
കുഞ്ഞുപെങ്ങൾ തൻ 
ചേല കാറ്റിലൊന്നിളകിയാൽ
കണ്ണാലകം ചൂഴ്ന്നെടുക്കും
കാലം....
ദൂരെനിന്നറിയാതിടംകണ്ണാൽ
മാറിന്നര്ളവെടുക്കുന്ന 
കാലം...(ജംസർ)
ആരാണീ സാദാചാരപോലീസ്സ്. വൈകൃത വ്യക്തിത്വമുള്ളവരെന്നു പൊതുവിൽ പറയാം. ലൈംഗികത അടക്കിവെക്കുംപോള്‍ മനസ്സിനകത്ത് കഴിയുന്ന വൃത്തികെട്ടമൃഗങ്ങള്‍ തലപൊക്കി ഒാരിയിടും.തന്മൂലം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള വാസന ഉടലെടുക്കും. സന്തോഷിക്കുന്നവർക്കുമേൽ തന്റെ അധികാരം ചെലുത്തുവാനുള്ള ഒരു തരം വാഞ്ച ഉടലെടുക്കും. അവരുടെ ബോധമനസ്സ് ഇതു തിരിച്ചറിയണമെന്നില്ല. ഒരുതരം മാനസികരോഗം .പ്രണയരസം അനുഭവിക്കാത്തവരോ പ്രേമനൈരാശ്യം വന്നവരോ,വിഷാദരോഗികളോ ആയിരിക്കും ഇതിന് നേതൃത്വം നല്‍കുന്നവര്.
.
കടക്കാരനായ മലയാളി 
-------------------------------
കടംവാങ്ങുവാൻ ഒരുമടിയും കാണിക്കാത്തവൻ മലയാളി.അത് തിരികെ നല്കുവാൻ മടിയുള്ളവനും. ഇന്സ്റ്റാള്മെന്റിലെങ്കിൽ ആനയെ വരെ വാങ്ങും.കടംവാങ്ങാൻ ഈടു നിന്നവൻ കാര്യം കഴിഞ്ഞാൽ ശത്രുവാകും. തൊട്ടടുത്ത പണക്കാരനായ അയല്ക്കാരനെ പോലെ ജീവിക്കാനാണ് കടം വാങ്ങി കൂട്ടുന്നത്. കൂട്ടികിഴിച്ച് നോക്കിയാൽ കണക്കുകൾ പിഴക്കും. ഗത്യന്തരമില്ലെന്ന കരുതി കുടുംബത്തോടെ ആത്മഹത്യ ചെയ്യുവാനും മടിക്കില്ല. (ആത്മഹത്യ എന്ന ചിന്ത ആദ്യം ഉടലെടുക്കുന്നത് ഒരാളിലാണ് മിക്കവാറും കടുംബനാഥനില്‍ പിന്നീട് മറ്റുള്ളവരെ അതിന് നിര്ബന്ധിപ്പിക്കുന്നു) ഹാ എത്ര സുന്ദരമീ ജീവിതം. ഒരു നിമിഷംകൊണ്ട് ഡിം.......
.
പ്രതിഷേധിക്കുന്ന മലയാളി
--------------------------------
ഒരുദിവസം എന്തെങ്കിലും ഒരു സമരം ചെയ്തില്ലെങ്കിൽ മലയാളിക്ക് ഉറക്കം വരില്ല.ഹർത്താൽ, നിരാഹാരസമരം, ധർണ, ആസ്ഥാനം വളയല്‍,ഘെരാവോ, കിടപ്പ് സമരം,ഇരിപ്പ് സമരം,നില്പ് സമരം, കുടില്‍കെട്ടി സമരം, പെന്ഡൌണ് സമരം, വളയല്‍ സമരം ചുംബനസമരം ഇനിയും വരുമോരോന്നു വന്നവഴിപോകും. എങ്കിലും ചില സമരങ്ങള്‍ ജനങ്ങളെ വല്ലാതെ വലക്കാറുമുണ്ട്. എന്നാലും പ്രതിഷേധിക്കാൻ പലര്‍ക്കും പേടിയാണ്.
.
ഭക്തനായ മലയാളി
------------------------------
അംബലം പള്ളി, മോസ്ക്ക് അങ്ങനെ വിശ്വാസങ്ങൾക്കനുസരിച്ച് ഇവിടങ്ങളിൽ ചെന്നു പ്രാർത്ഥിച്ചാലും തൃപ്തിവരാതെ ഏലസ്സുകളോ ചരടുകളോ കൂടി വേണ്ടിവരും ഇത്തിരി കൂടി സമാധാനത്തിനും. ഇതിലും മതിവന്നില്ലെങ്കിൽ ആൾ ദൈവങ്ങളുടെ കാൽക്കൽ സാഷ്ടാംഗം നമസ്ക്കരിക്കും. .അന്യനെ തോല്പിക്കാൻ മന്ത്രവാദം,ചാത്തൻ സേവ എന്തായാലും വേണ്ടില്ല.പണം എത്ര ചെലവായാലും പ്രശ്നമില്ല. അന്യന് നന്നാവരുത്. ശത്രുസംഹാര പൂജകളുടെ എണ്ണം കൂടുന്നുണ്ട്. രാഷ്ട്രീയക്കാരാണ് മുന്നിൽ
.
സ്വാര്‍ത്ഥനായ മലയാളി
----------------------------
സ്വന്തം നാട്ടിൽ വിയര്‍ത്തു പണിയെടുക്കുവാൻ മടിയുള്ള മലയാളി വിദേശത്തു ചെന്നാൽ എന്തു പണി ചെയ്യാനും തയ്യാറാവും.വെറുതെ പണം ഉണ്ടാകണമെന്ന ആഗ്രഹം മൂത്താണ് അവിടേയും കള്ളപ്പണം കൈമാറാനും മയക്കുമരുന്നു് വില്ക്കാനും മുന്നിട്ടിറങ്ങുന്നതും. ഒടുവിൽ ജയിലിലാകുന്നതും.
നാട്ടിലെ പലേ തട്ടിപ്പിനും ഇരയാകുന്നതിന്റെ കാരണവും ഇതൊക്കെയാണ്. സിനിമയിൽ അഭിനയിക്കാൻ ഇറങ്ങി പുറപ്പെട്ടിട്ട് പെണ്കുട്ടികൾ വാണിഭക്കാരുടെ റാക്കറ്റിൽ ചെന്നു വീഴുന്നതും ഇതു കൊണ്ടാണ്. തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ലാ എന്ന മട്ട്.
വിദേശത്തുപോയി കൂടുതൽ പണം സംബാദിച്ചാല് പിന്നെ ഭാര്യയും കുട്ടികളും വേണ്ടാത്തവരായി. ഏറ്റവും കൂടുതൽ വിവാഹമോചന കേസ്സുകളിൽ മുൻ പന്തിയിലും മലയാളി. കുടുബകോടതികളിലെ വക്കീലന്മാര്ക്ക് ചാകര ചാകര...
പെറ്റമ്മയെ ഏതെങ്കിലും ചായ്പ്പിലോ കുടുസ്സുമുറിയിലോ തള്ളുന്നതും, ഏതെങ്കിലും അംബല നടക്കൽ കാണിക്കയായി അർപ്പിക്കുന്നതും മലയാളിയാണ്. പണമുണ്ടെങ്കില് വൃദ്ധസദനങ്ങളിലേക്ക്
.'നൂറുകോടി പണശിഖരി കീശയിൽ നിറയുമ്പോൾ നൂറായിരം രാജ്യങ്ങളവരുടെ കണ്ണിൽ പതിയുമ്പോൾ
ഈ മണ്ണിൽ വളർത്തിവലുതാക്കിയ അമ്മയെയോർക്കുവാൻ നേരമില്ലാത്ത മനിതരല്ലോയിന്നു നാം' (ദീപു മുകുന്ദപുരം)
.
അലസനായ മലയാളി
---------------------------
മലയാളിക്ക് എന്തിലും ഏതിലും ഒരു ന്യായീകരണമുണ്ടാകും വിജയത്തിലും പരാജയത്തിലും അത് മുഴച്ചു നിൽക്കും, എളുപ്പവഴിയില്‍ ശരീരം വിയര്‍ക്കാതെ പണക്കാരനാകുക. വലിയ വീട് പണിത് മുറ്റംവരെ കോണ്ക്രീറ്റ് നിരത്തി ഒരു തുള്ളി വെള്ളം പോലും ഭൂമിക്കുനൽകാതെ വലിയ കോംപൌണ്ട് മതിലും ഇരുംപു ഗെയിറ്റും പണിത് ആമതോടിനുള്ളിലെ ജീവിയെ പോലെ കഴിയാനാണിഷ്ടം.നാട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ തല തോടിനുള്ളിൽ പൂഴ്ത്തിക്കളയും. 
.
സ്നേഹിക്കാൻ മറന്നു പോയ മലയാളി
----------------------------------------------------
വേഗതയാണ് ഇന്ന് മലയാളിക്ക് എവിടേയും. എന്തും വെട്ടിപിടിക്കാനുള്ള പാച്ചിൽ. മക്കളെ ഒരെന്ത്രമാക്കാൻ പാടുപെടുന്ന കോച്ചാകുന്നു മാതാപിതാക്കള് പലരും..കളിച്ചു വളരേണ്ട മക്കൾ തങ്ങളുടെ സഹപാഠികളെ ശ്ത്രുപക്ഷത്തുള്ള മത്സരാർത്ഥികളായി കണക്കാക്കുന്നുവെങ്കിൽ ആരാണ് അതിനുത്തരവാദി.
ഇന്നേവരെ സ്നേഹവും സത്യവുമൊക്കെ യാചിച്ച ഒരാൾക്കും ലഭിച്ചിട്ടുള്ളത് സ്നേഹമല്ലാ--സുഗതകുമാരി(എഴുന്നെള്ളത്ത് എന്ന കവിതയിൽ) 
ക്രിസ്തുവിന്റെ ഏറ്റവും മികച്ച തിയററ്റിക്കൽ ഫിലോസഫി പോലും സ്നേഹമായിരുന്നു.അത് വളവുകളില്ലാതെ മനുഷ്യരിൽ നിന്നു മനുഷ്യനിലേക്ക് എത്തുവാനുള്ള സ്നേഹത്തിന്റെ ഏണിപ്പടി. ആത്മാർത്ഥ സ്നേഹം ഇന്നു വെറും അഭിനയമല്ലേ. അടുത്തുകൂടി പുകഴ്ത്തിയിട്ട് അപ്പുറത്തുമാറി ഇകഴ്ത്തുന്നവരാണ് അധികം. ശത്രു അപകടത്തിലാണെങ്കിൽ തിരിഞ്ഞു നോക്കരുത്. തന്നെ ദ്രോഹിച്ചതിനു ദൈവം നൽകിയ കുലിയല്ലേ ലവനു കിട്ടിയത്. അതാ പറഞ്ഞത് പണ്ടൊക്കെ കൂലി പിന്നെ പിന്നെ ഇപ്പം ദാ, കയ്യോടെ എന്ന ചിന്ത
.
കാഴ്ചക്കാരനാകുന്ന മലയാളി
--------------------------------------------
എന്തും കണ്ടാസ്വദിക്കുന്നത് മലയാളിക്ക് ശീലമാണ്. പ്രതിഷേധിക്കുന്നത് സാവധാനത്തിലും.വഴിയില്‍ ഒരപകടംകണ്ടാല്‍ അയാളെ രക്ഷിക്കുന്നതിനുള്ള ഉപായം തിരയാതെ മൊബൈലില്‍ സെല്‍ഫി എടുത്ത് പിന്നീടത് ആസ്വദിക്കുവാനുള്ള വകയാക്കുന്ന തത്രപാടിലായിരിക്കും. മോര്‍ച്ചറിയില്‍ പോലും ഒരു സ്ത്രീയുടെ ശവശരീരം കണ്ടാല്‍ വസ്ത്രങ്ങള് മറക്കാത്ത നഗ്നഭാഗങ്ങള്‍ പകർത്താനാണ് ആവേശം . എത്ര ക്രൂരാണ് നമ്മള്‍.
.
പറ്റിക്കുന്ന /പറ്റിപ്പോകുന്ന മലയാളി
-----------------------------------------
ഒരു മലയാളിയെ പറ്റിക്കാൻ മറ്റൊരു മലയാളിക്കേ കഴിയു. ആട് മാഞ്ചിയം,സ്വർണ്ണ ചേന,ടോട്ടല് ഫോർ യൂ . ബെ്ളെയിഡ് പലിശ. മണീ ചെയിൻ,മന്ത്രവാദത്തില്‍ നിധികുംബം കണ്ടെത്തല്‍ സോളാർ അങ്ങനെ തട്ടിപ്പുകള്‍ ആയിരമായിരം. എന്തിലും താരങ്ങള്‍ മലയാളികളും. ഇരയും വേട്ടക്കാരും ഒരേ വർഗ്ഗം.
കള്ളന്മാർ,അഴിമതിക്കാർ,കള്ളപ്പണക്കാർ,കള്ളുകച്ചവടക്കാർ,വ്യഭിചാരികൾ,ബലാൽ സംഗക്കാർ,കൊലയാളികള്‍, വര്ഗ്ഗീയവാദികള്‍,മതഭ്രാന്തന്മാർ,ശിശുപീഡിതർ അങ്ങനെ എന്തിലും സർവ്വകലാവല്ലഭനായ മലയാളിയെ കാണാം.
..
പിൻ കുറിപ്പ് ---- എന്തരണ്ണാ ഇതൊക്കെ.... പലേടത്തുമില്ലേ ഇങ്ങനൊക്കെ....പിന്നെ അണ്ണനീ മലയാളിയെ മാത്രം കുറ്റം പറയുന്നതെന്തിന്?
.
സാംസ്ക്കാരികമായും വിദ്യാഭ്യാസപരമായും മുൻ പന്തിയിലുള്ള കേരളജനത ഇനിയെങ്കിലും മാറണം, ഇതൊക്കെ വെച്ചുകെട്ടണം പിള്ളേ.... അല്ലെങ്കിൽ നാണക്കേടാ. ചന്തിയിൽ എപ്പോഴെങ്കിലും ആലുമുളക്കുമെന്നു കരുതുന്നുണ്ടോ ഉവ്വോ....?
.
സ്വകാര്യം -സംശുദ്ധ ജീവിതം നയിക്കുന്നവർ ഈയുള്ളവനോട് പൊറുക്കുക തീർച്ചയായും ഇത് നിങ്ങളെ നിങ്ങളെ മാത്രം ഉദ്ദേശിച്ചല്ലാ.

No comments:

Post a Comment