Wednesday, January 21, 2015

അജിത


                                                                                                                ഷാജി കുന്നിക്കോട്

അവിചാരിതമായിട്ടാണ് ഞാന്‍ അജിതയെ കണ്ടത്.എന്‍റെ സുഹൃത്ത് ബഷീര്‍ പത്തനാപുരത്ത് നടത്തിയിരുന്ന തയ്യല്‍ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തില്‍ ജോലിയായിരുന്നു അവള്‍ക്ക്. . കറുപ്പിന്‍റെസൗന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത സുന്ദരി കുട്ടി. ഒരു പാവപ്പെട്ട കുടുംബത്തിലെ ഒരേ ഒരു മോള്‍ പ്രായം ഇരുപത്തഞ്ചു കഴിഞ്ഞെങ്കിലും വിവാഹം കഴിഞ്ഞിരുന്നില്ല. വീട്ടിലെ കഷ്ടപ്പാടുകളും മറ്റും അവള്‍ എന്നോട് പലപ്പോഴായി പറയാറുണ്ടായിരുന്നു.മലയാള നടി ജയഭാരതിയുടെ രൂപമായിരുന്നു അവള്‍ക്ക്. മാതാപിതാക്കള്‍ ഹൈവെയുടെ സൈഡില്‍ ഒരു ചെറിയ കുടില്‍കെട്ടി അവിടെ ചായക്കട നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. സംസാരത്തിനിടയില്‍ ഒരിക്കല്‍ ഞാന്‍ പറഞ്ഞു.., നീ ജയഭാരതിയല്ലേ ... അധികം താമസിക്കാതെ ഒരു പ്രേം നസീര്‍ നിന്നെ കല്ല്യാണം കഴിക്കാന്‍ എവിടെ നിന്നെങ്കിലും പറന്നെത്തും അന്ന് നിന്‍റെ വല്യേട്ടന്‍ ആയി അരികില്‍ ഞാന്‍ ഉണ്ടാവും., അതുകേട്ടു ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു..ഇക്കായുടെ വാക്കുകള്‍ പൊന്നായി തീരട്ടെ.എനിക്ക് പിറക്കാതെ പോയ ഒരു ചേട്ടനെ ഞാന്‍ ഇക്കായില്‍ കാണുന്നു.എന്തിനാണ് ഇക്ക ഇങ്ങനെ സങ്കല്‍പ്പിക്കുന്നത്...? പ്രേം നസീര്‍ വന്നെന്നെ കെട്ടിക്കൊണ്ടു പോയില്ലെങ്കിലും... മാലാഖമാര്‍ വന്നു കൂട്ടികൊണ്ട് പോകുമ്പോള്‍ ഇക്ക എന്‍റെ അരികില്‍ ഉണ്ടാവണം അതാണ്‌ എന്‍റെ ആഗ്രഹം..,ഒരു തമാശപറച്ചിലായി അത് കരുതി.
നാളുകള്‍കൊഴിഞ്ഞു...എനിക്ക് ജോലിയില്‍ തിരക്കുകാരണം അവിടെക്കുള്ള യാത്രകള്‍ കുറഞ്ഞു.എങ്കിലും ഇടയ്ക്ക് ബഷീര്‍ വിളിക്കുമ്പോള്‍ അജിതയുടെ വിവരം ഞാന്‍ചോദിക്കുമായിരുന്നു.അവിവാഹിതയായി ഇയാളുടെ അനിയത്തി ഇവിടെ തന്നെയുണ്ടെന്ന് അയാള്‍ എന്നോട് പറയുമായിരുന്നു...,
രണ്ടു വര്‍ഷംകഴിഞ്ഞു. മെനിഞ്ചൈറ്റിസ് എന്ന രോഗം എനിക്ക് പിടിപെട്ടു..വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എന്നെ അഡ്മിറ്റു ചെയ്തു.ഈ ലോകവും ..എല്ലാ ബന്ധങ്ങളും വിസ്മ്രിതിയുടെ പടിവാതിലില്‍ വെച്ചിട്ട് ഞാന്‍ ശാന്ത സുന്ദരമായ തീരങ്ങളില്‍ ജീവിക്കാന്‍ തുടങ്ങി...ഐ സി യു വിന്‍റെ ശീതീകരണത്താല്‍ എന്‍റെ മനസും ശരീരവും തണുത്തുറഞ്ഞു..ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു വരവില്ല എന്ന് ഡോക്ടര്‍മാര്‍ വിധിച്ചു.കൊട്ടിയടച്ച ജാലകക്കൂട്ടില്‍ എത്തും മുന്‍പ് അവസാനമായി എന്‍റെ ഭാര്യയെ എപ്പോഴാണ് ഒന്ന് കണ്ടത് എന്ന് ചിന്തിക്കാന്‍ പോലും ഉള്ള ഓര്‍മ്മ എനിക്കില്ലായിരുന്നു.
ഒടുവില്‍ സ്നേഹബന്ധങ്ങളുടെ കണ്ണീരിനു മുന്നില്‍ എന്നെ കൂട്ടികൊണ്ട് പോകാന്‍ വന്നവര്‍ പതറിനിന്നു...ദാനം കിട്ടിയ പുനര്‍ജന്മവുമായി ഞാന്‍ ആശുപത്രി വിട്ടു.
രണ്ടു മാസങ്ങള്‍ കഴിഞ്ഞു..ശരീരം പിച്ചവെച്ചു നടക്കാന്‍ തുടങ്ങി..മനസ്സിനെ തിരികെ കൊണ്ടുവരാന്‍ ഞാന്‍ പരിശ്രമിച്ചു..സമയമുള്ളപ്പോള്‍ എന്‍റെ ഭാര്യ റെമി അടുത്തിരുന്നു ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ അവിടെ നടന്നിട്ടുള്ള വിശേഷങ്ങള്‍ പറയുമായിരുന്നു..കാരണം അവിടെ നടന്ന ഒരു സംഭവങ്ങളും എനിക്കറിയില്ലായിരുന്നു...അബോധാവസ്ഥയില്‍ ആയിരുന്നു ഞാന്‍.കൂട്ടത്തില്‍ ഒരിക്കല്‍ പറഞ്ഞു ഐ സി യു വില്‍ എന്‍റെ തൊട്ടടുത്ത ബെഡ്ഡില്‍ കിടന്നു മരിച്ച എട്ടുമാസം ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയെക്കുറിച്ച്.ഡെങ്കിപ്പനിപിടിപെട്ട് ഗുരുതരാവസ്ഥയില്‍ ആണ് ആ കുട്ടിയെ ഐ സി യു വില്‍ പ്രവേശിപ്പിച്ചത്.പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു.കൂടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പകല്‍ സമയത്ത് അച്ഛനും ഭര്‍ത്താവും ജോലിക്ക് പോകും. രാത്രിയില്‍ ആരെങ്കിലും ഒരാള്‍ കൂട്ടിനു വരും. ഇതിനിടയില്‍ ഒന്നും അറിയാതിരുന്ന ആ അമ്മയെ സഹായിച്ചത് റെമി ആയിരുന്നു.. ഐ സി യു വില്‍ എന്‍റെ ആവശ്യത്തിനു വേണ്ടി വാങ്ങി വെച്ചിരുന്ന പല സാധനങ്ങളും അവള്‍ ഈ കുട്ടിയ്ക്കായി നല്‍കിയിരുന്നു.അവള്‍ക്കു ആശുപത്രിയില്‍ നിന്നും കുറിച്ച് കൊടുത്തിരുന്ന ടെസ്റ്റ്‌കള്‍ എല്ലാം പലയിടങ്ങളിലായി കൊണ്ട് നടത്തിയതും റെമി ആയിരുന്നു. പക്ഷെ അഞ്ചാം നാള്‍ ആ പെണ്‍കുട്ടി മരിച്ചു...എട്ടു മാസം ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി മരിച്ചപ്പോള്‍ എല്ലാവര്‍ക്കും അത് വലിയ വിഷമമായി....ഇങ്ങനെ പല സംഭവങ്ങളും റെമി എന്നോട് പറഞ്ഞിരുന്നു.
അന്ന് ബഷീര്‍ എന്നെ കാണുവാനായി വീട്ടില്‍ വന്നു...കുറേനേരം ഞങ്ങള്‍ പഴയകാര്യങ്ങള്‍ ഒക്കെ പറഞ്ഞു...എന്‍റെ മനസ്സിനെ വീണ്ടെടുക്കുക ആയിരുന്നു...സംസാരത്തിനിടയില്‍ ബഷീര്‍ പറഞ്ഞു...ഷാജി ഒന്ന് നോര്‍മ്മല്‍ ആയിട്ട് പറയാമെന്നു കരുതിയതാണ് ..ഇയാളുടെ അനിയത്തി അജിത മരിച്ചു..എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.....,
ഷാജി ആശുപത്രിയില്‍ കിടന്ന സമയത്താണ് സംഭവം. കഴിഞ്ഞ വര്‍ഷം അജിതയുടെ വിവാഹം കഴിഞ്ഞിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡെങ്കിപ്പനി വന്നു.അങ്ങനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റു ചെയ്തു അവിടെ വെച്ചാണ് മരിച്ചത്.
ഉടനെ ഞാന്‍ റെമിയോട് അന്ന് മരിച്ച പെണ്‍കുട്ടിയുടെ പേരും സ്ഥലവും ചോദിച്ചു....അവളുടെ മറുപടി കേട്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാനിരുന്നു...
അതെ..എന്‍റെ അനിയത്തികുട്ടി അവളുടെ ആഗ്രഹം സാധിച്ചു മാലഖമാര്‍ അവളെ കൂട്ടിക്കൊണ്ടു പോകാന്‍ നേരം അവളുടെ അരികില്‍ ഞാന്‍ ഉണ്ടായിരുന്നു..അരുതേ എന്ന് പറയാനാവാതെ......!

മോന്തപ്പുസ്തകം












                                                                      അരുണ്‍ പിള്ളൈ പ്രവീണ്‍

തിര്വന്തരം ഭാഷയിൽ പറഞ്ഞാൽ “രണ്ടായിരത്തിനാലാം ആണ്ട് ഫെബ്രുവരി നാലിനാണ് സുക്കർ പയലും അവന്റോടെ കാളാജിൽ പഠിച്ച നാല് പയലുകളും കൂടി ഈ ഫേസ്ബുക്ക് എന്ന കുന്ത്രാണ്ടം തൊടങ്ങിയത്”.
ഹിന്ദിയിൽ മുഖ് കിത്താബ് എന്നും തമിഴിൽ മൂഞ്ചിപൊത്തകം എന്നുമറിയപ്പെടുന്ന ഫേസ്ബുക്ക് നമുക്ക് മലയാളികൾക്ക് മുഖപുസ്തകമാണ്.പ്രാദേശിക ഭാഷ വൈചിത്ര്യങ്ങളിൽ, പലപേരുകളിൽ അറിയപ്പെടുന്ന ഇവനെ, മലയാളഭാഷാ പണ്ഡിതശിരോമണികളുടെ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച്, മോന്തപ്പുസ്തകംഎന്ന് വിളിക്കാമെന്നു മലയാള ഭാഷയുടെ മാതാവായി അറിയപ്പെടുന്ന രാഗിണി ഹരിദാസ് പറഞ്ഞിട്ടുണ്ട്.ഭാഷാ മാതാവിന്റെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതൽ ഈ ലേഖനത്തിൽ മോന്തപ്പുസ്തകം എന്നേ പ്രയോഗിക്കു.
മോന്തപ്പുസ്തകത്തിൽ ഒരു അക്കൗണ്ട് തുടങ്ങുവാൻ ആദ്യം വേണ്ടത് കറുത്ത കണ്ണട വച്ച്, സ്വന്തം മോന്തയുടെ വൃത്തികേട് മാറ്റിയ ഒരു പടമാണ്.ഏതൊരാൾക്കും, ഫോട്ടോ ഷോപ്പ് മാജിക്കിലൂടെ, സുന്ദരനും സുന്ദരിയുമായി പോട്ടം ഉണ്ടാക്കി, അത് മോന്തപ്പുസ്തകത്തിൽ അപ് ലോഡ് ചെയ്ത് തിളങ്ങാൻ ഉള്ള, അപരിമേയമായ അവസരമാണ് മോന്തപ്പുസ്തകം ഒരുക്കി നൽകുന്നത്. .
ആദ്യ കാലത്തൊക്കെ സ്വന്തം പോട്ടവും വീട്ടുകാരുടെ പോട്ടവും ഒക്കെ ഇട്ട് ബന്ധുക്കളെയും ചങ്ങായിമാരേയും ഒക്കെ ബെർപ്പിക്കൽസ് ആയിരുന്നു പ്രധാനമായും മോന്തപ്പുസ്തക ത്തിൽ അരങ്ങേറിയിരുന്നത്. ഈ ബെർപ്പിക്കലിനു പ്രതികാരമായി ലൈക് എന്ന ഉപായവും സുക്കറണ്ണൻ മോന്തപ്പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.പോട്ടം ഇട്ടു നമ്മളെ ശിക്ഷിക്കുന്നവനെ നമ്മൾ ലൈക് അടിച്ചു പണി കൊടുക്കുന്നു.രാവിലെ എഴുന്നേറ്റ് മോന്തപോലും കഴുകാതെ, മോന്തപ്പുസ്തകം തുറന്ന്, യാതൊന്നും നോക്കാതെ, ചറപറാ ഒരമ്പത് പോസ്റ്റിനെങ്കിലും ലൈക് അടിക്കാത്ത ഒറ്റയാളും മോന്തപ്പുസ്തകത്തിൽ ഇല്ല എന്ന് തന്നെ പറയാം.എന്നാൽ ഈ ലൈകിനു വേണ്ടി, കുരങ്ങനൊപ്പം പോട്ടം എടുത്തിട്ടു, “ഞാനും മുത്തഛ്ചനും” എന്നൊരു അടിക്കുറിപ്പും നല്കി പോസ്റ്റുന്ന ആളുകൾ വരെ ഉണ്ടിവിടെ.ലൈക്കും കമന്റ്സും ഷെയറും പ്രതീക്ഷിച്ച് ഓരോരുത്തന്മാർ ചെയ്യുന്ന ക്രൂരകൃത്യങ്ങൾ പെറ്റതള്ള പോലും സഹിക്കില്ല. സ്വന്തം മോന്ത, സ്വയം, പോട്ടം എടുത്ത്, സെൽപ്പി എന്ന ഓമന പേരിട്ട് മോന്തപ്പുസ്തകത്തിൽ ഇട്ട് ആളെ ബെർപ്പിക്കുന്ന ഒരു പരിപാടി ഇപ്പോൾ വ്യാപകമായിട്ടുണ്ട്. സാഹസികമായി സെൽപ്പി എടുക്കാനുള്ള ശ്രമത്തിൽ ഉണ്ടാകുന്ന അപകടങ്ങളിൽപെടുന്നവർക്ക് അടുത്ത വർഷം മുതൽ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന കാര്യം മോന്തപ്പുസ്തക അധികാരികളുടെ പരിഗണയിലാണത്രേ.എന്തായാലും കൊടുത്ത ലൈക് കൊല്ലത്തും കിട്ടുമെന്ന പ്രതീക്ഷയിൽ കാണുന്ന പോസ്റ്റുകൾ എല്ലാം ലൈക്കിക്കൊണ്ടിരിക്കുകയാണു നാമെല്ലാവരും. മോന്തപ്പുസ്തകത്തിൽ രണ്ടു തരത്തിലുള്ള അംഗങ്ങൾ ആണ് ഉള്ളത്.പോസ്റ്റ് മുതലാളിമാരും ലൈക്ക് തൊഴിലാളികളും.മുതലാളിമാർ പോസ്റ്റുന്നു,തൊഴിലാളികൾ ലൈക്കുന്നു.
പോട്ടം ഇട്ടു ബെർപ്പിക്കലിന്റെ കാലം കടന്നു പോകവെ, നമ്മുടെ കൊച്ചു കേരളത്തിലെ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ സമുന്നത നേതാവ് അമേരിക്ക സന്ദർശിച്ചപ്പോൾ, സുക്കർ അദ്ദേഹത്തിനു ശിഷ്യപ്പെട്ട്, ഗ്രൂപ്പ് കളിയുടെ സമവാക്യങ്ങൾ പഠിച്ച്, മോന്തപ്പുസ്തകത്തിൽ ഗ്രൂപ്പ് കൊണ്ട് വരികയും, ഗുരുദക്ഷിണയായി ഏതൊരു മലയാളിക്കും എപ്പോൾ വേണമെങ്കിലും മോന്ത പുസ്തകത്തിൽ ഏതു വിഷയത്തെ പറ്റിയും ഗ്രൂപ്പ് ഉണ്ടാക്കുന്നതിനുള്ള അനുവാദം നല്കുകയും ചെയ്തു.
മോന്തപ്പുസ്തകത്തിലെ 19 വയസ്സുകാരൻ സുന്ദരൻ ടിന്റു മോൻ , 91 വയസ്സുള്ള ശശി ആണെന്നറിയുമ്പോളും ഡുണ്ടുമോളുടെ മധുര പതിനേഴിന്റെ മറവിൽ ഉള്ളത് 71 കാരി സാറാമ്മ ആണെന്നറിയുമ്പോളും ഇപ്പോൾ ആരും ഞെട്ടാറില്ല.ഫേക്കന്മാരും ഫേക്കികളും ഏറെ വാഴുന്ന ഇടമാണ് മോന്തപ്പുസ്തകം.ഫേക്കി പെണ്കൊടികളുടെ പേരിനൊപ്പം നമ്പൂതിരി,നായർ, വർമ്മ,ശർമ്മ,തമ്പുരാട്ടി,അന്തർജ്ജനം എന്നൊക്കെ ഉള്ള ജാതി വാലുകൾ നിർബന്ധമായും ഉണ്ടായിരിക്കും. ഫേക്കൻ ആണെങ്കിൽ ജാതി വാലുകൾക്കൊപ്പം, ഏതെങ്കിലും പ്രമുഖനായ,അല്ലെങ്കിൽ സമീപ കാലത്ത് വിവാദ നായകനായ സാഹിത്യകാരന്റെയോ,അല്ലെങ്കിൽ ഒരു സിക്സ് പാക്ക് ചുള്ളന്റെ ഷർട്ട് ഇടാത്ത പടമോ, പ്രൊഫൈൽ പിക്ചർ ആയി ഉണ്ടാവും.ഒരു ഫേക്കി സുന്ദരിയെ പ്രണയിച്ച്, അവസാനം അത്, അവൾ അല്ല, അവനാണെന്ന് മനസിലാക്കിയപ്പോൾ, കിളി പറന്ന്, മൊബൈൽ എറിഞ്ഞുടച്ച് ,ചെവിയിൽ ചെമ്പരത്തിപ്പൂവ് വച്ച് , ഒരു കൊച്ചു പിച്ചാത്തിയുമായി സുക്കറിനെ കൊല്ലാൻ നടക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്.
മോന്തപ്പുസ്തകത്തിലെ സാഹിത്യ സർഗ പുംഗന്മാരേയും പുംഗികളേയും വിമർശിച്ച് ഒരരുക്കാക്കാൻ, കാകൻ,കോഴി,മൂങ്ങ എന്നിത്യാദി നിരൂപണ പക്ഷി ശ്രേഷ്ടന്മാരും മോന്തപ്പുസ്തകത്തിലുണ്ട്.ഇവരുടെ ഒക്കെ വിമർശനത്തിന്റെ ആദ്യ പകുതി,കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ, സമ്പൂർണ്ണ രതി വർണനകൾ ആയിരിക്കും.പിന്നെ പെണ്ണെഴുത്തിനെ പുകഴ്ത്തൽ, ,ആണെഴുത്തിനെ ഇകഴ്ത്തൽ, അവസാനം സൗജന്യമായി ഒരു ഉപദേശവും. ഇമ്മാതിരി തറ നിരൂപണവേലയ്ക്ക്, വായനയും കമന്റുകളും കുറഞ്ഞപ്പോൾ, ഇപ്പോൾ ഒരു നിരൂപണ കാക്ക, ഏറ്റവും മികച്ച കമന്റിടുന്നവർക്ക്, സമ്മാനമായി, മാസത്തിൽ ഓരോ പുസ്തകം കൊത്തി കൊണ്ടുവന്നു ഇട്ടു കൊടുക്കുന്നുണ്ടുപോലും.
ഗ്രൂപ്പുകളാണ് ഇപ്പോൾ മോന്തപ്പുസ്തകത്തിലെ താരം.കേരളത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു പേർ മോന്തപ്പുസ്തകത്തിലെ ഏതെങ്കിലും ഗ്രൂപ്പിൽ അംഗമാണെന്നും അതിൽ മൂന്നിലൊന്നാളുകൾക്ക്, സ്വന്തം ഗ്രൂപ്പ് ഉണ്ടെന്നും, ഈയിടെ നടന്ന ഒരു പഠനം തെളിയിക്കുന്നു.ഗ്രൂപ്പ് അതു ഏത് ഉദ്ദേശത്തിനുമാവാം.മീൻപിടിക്കാൻ,വിറകു കീറാൻ,വിത്ത് കൈമാറ്റത്തിന്,സൌന്ദര്യ സംരക്ഷണത്തിന്, കല്യാണാലോചനയ്ക്ക്,കറന്റ് ചാർജ് അടയ്ക്കാൻ,പോട്ടം പങ്കുവെയ്ക്കാൻ, എന്ന് വേണ്ട ചൊവ്വയിലേക്ക് ആളെ അയയ്ക്കാൻ പോലും ഇപ്പോൾ ഗ്രൂപ്പുകൾ ഉണ്ട്. ഈ സൂര്യന് കീഴിൽ എന്താവശ്യമുണ്ടെങ്കിലും അതിനൊരു മോന്തപ്പുസ്തക ഗ്രൂപ്പ് ഉണ്ടാകും
ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ കുറെ ഗ്രൂപ്പുകൾ ഉണ്ട് മോന്തപ്പുസ്തകത്തിൽ. ആമ്പിള്ളേരും പെണ്മണികളും എടുത്ത കിടിലൻ ഫോട്ടോസ് അടിച്ചു മാറ്റി സ്വന്തമെന്നു പറഞ്ഞ പോസ്റ്റ് ചെയ്ത് നുറുകണക്കിനു ലൈക്കും കമന്റും വാങ്ങി അവസാനം കണ്ടുപിടിക്കപെട്ട് ഊശിയാക്കപ്പെട്ടവർ ഉണ്ട്. ഈ ഗ്രൂപ്പുകളുടെ ചില പേരുകൾ ഇതാ. “എന്റെ മൊബൈലിൽ ഞാൻ എടുത്ത പോട്ടങ്ങൾ”,”നിന്റെ മൊബൈലിൽ ഞാൻ എടുത്ത പോട്ടങ്ങൾ”, “നമ്മുടെ മൊബൈലിൽ ആരോ എടുത്ത പോട്ടങ്ങൾ”. മറ്റുള്ളവർ എടുത്ത പോട്ടം അടിച്ചുമാറ്റി സ്വന്തം പേരില് പോസ്റ്റ് ചെയ്യുന്നവർക്കായി “ഞാൻ അടിച്ചുമാറ്റിയ പോട്ടങ്ങൾ” എന്ന ഒരു ഗ്രൂപ്പ് തുടങ്ങാൻ ഈയുള്ളവനു ഒരു പ്ലാനുണ്ട്.
സാഹിത്യ ഗ്രൂപ്പുകളാണ് മോന്തപ്പുസ്തക ഗ്രൂപ്പുകളിൽ മുന്തിനിൽക്കുന്നത്.ഏതൊരുവന്റെയും ഒരുത്തിയുടെയും സാഹിത്യ സൃഷ്ടികൾ ഇത്തരം ഗ്രൂപ്പുകളിൽ പോസ്റ്റി ,താരമാവാനും അവസരമുണ്ട്.എന്നാൽ ആണെഴുത്തുകളിൽ കഴമ്പുള്ളവ മാത്രം നില നിൽക്കുമ്പോൾ, എഴുതിയത് പെണ്ണെങ്കിൽ തൃശ്ശൂർ പൂരത്തിന് ആളു കൂടുന്നത് പോലെ ലൈക്കാനും കമന്റാനും 13 വയസ്സുകാരാൻ മുതൽ, കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന അപ്പൂപ്പന്മാർ വരെ ഓടി കൂടും.പ്രണയം മാത്രമാണു ഇത്തരം കവികൾക്ക് കവിത എഴുതാനുള്ള ഏക വിഷയം.ഒറ്റ ദിനംകൊണ്ട്, ഒരു കവിത കൊണ്ട് മഹാകവി ആയ എഴുത്തുകാരികൾ വരെ ഉണ്ട്, മോന്തപ്പുസ്തകത്തിൽ. ഇതാ അങ്ങിനെയുള്ള ഒരു മഹാകവിയുടെ ഒരു കവിത.
"പ്രണയത്തിന്റെ നൂൽപ്പാലത്തിൽ
നിന്നെന്നെ വിരഹത്തിന്റെ
ചാണക കുഴിയിലേക്ക്
തള്ളിയിട്ട കശ്മലാ
നിനക്കായി ഇന്നും
കേഴുന്നു എൻ ഹൃദയം "
ഈ കവിതാഭാസത്ത്തിനും കിട്ടി 12572 ലൈക്കും 28694 കമന്റും. മോന്തപ്പുസ്തകത്തിലെ, ഇത്തരം പെണ്ണെഴുത്തുകാരിൽ, കമലാ സുരയ്യ ആകാൻ പഠിക്കുന്നവരും ഉണ്ട്.എന്നാൽ ആ എഴുത്തുകളിൽ ഒന്നും സാഹിത്യം മരുന്നിനുപോലും തൊട്ടുതീണ്ടിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്.
വാൽക്കഷണം:രാവെളുക്കുവോളം പച്ച വിളക്ക് കത്തിച്ച് ചാറ്റി ഇരിക്കുന്നവർ ഓർക്കുക,പച്ചവെളിച്ചം ചുവപ്പുവെളിച്ചമായി (അപകടമായി) മാറാൻ അധികകാലം വേണ്ടി വരില്ലാ എന്ന്.
ഇതൊരു അടച്ചാക്ഷേപമല്ല.മോന്തപ്പുസ്തകത്തിൽ ഇമ്മിണി ബല്യ നല്ല കാര്യങ്ങൾ ഒത്തിരി ഉണ്ടെന്ന് ഈയുള്ളവനറിയാം.നന്നായി പ്രവർത്തിക്കുന്ന താളിയോല പോലുള്ള മികച്ച ഗ്രൂപ്പുകൾ ഉണ്ടെന്നും അറിയാം.അതിനാൽ പയലുകളേ അമ്മാതിരി കാര്യങ്ങൾ പറഞ്ഞുകൊണ്ട് വെരട്ടാൻ ഇങ്ങോട്ടു വന്നാൽ വെവരം അറിയും കേട്ടാ.

നാട്ടു വൈദ്യം










                                                                                                 മിനി മോഹന്‍

പ്രമേഹം
*********
1.വേപ്പില ചതച്ചു 25 ml നീരില്‍ 5 ml തേന്‍ ചേര്‍ത്തു രാവിലെ ഭക്ഷണത്തിന് മുന്‍പ് കഴിക്കുക
2. മഞ്ഞളും നെല്ലിക്കയും സമമെടുത്ത് നന്നായി അരച്ച് ഒരു നെല്ലിക്ക വലുപ്പത്തില്‍ വെറും വയറ്റില്‍ കഴിക്കുക
3. ഉലുവ വറുത്തു പൊടിച്ചു ആഹാരസാധനങ്ങള്‍ക്കൊപ്പം കഴിക്കുക.
4. കാട്ടു ജീരകം ഇട്ടു നന്നായി തിളപ്പിച്ച വെള്ളം രാവിലെ ആഹാരത്തിനു മുന്‍പും രാത്രി ആഹാരശേഷവും കുടിക്കുക.
5. ഉണക്കനെല്ലിക്ക, ഉലുവ, കാട്ടുജീരകം, കടുക്ക ഇവ ഒരേ അളവില്‍ ഇട്ടു തിളപ്പിച്ച കഷായം കുടിക്കുക.
കൊളസ്ട്രോള്‍
********************
1.കാന്താരി മുളക് കറികളിലും മറ്റും ചേര്‍ത്തു കഴിക്കുക
2.വെളുത്തുള്ളി ധാരാളമായി കഴിക്കുക
3.കറിവേപ്പില വെളുത്തുള്ളി ഇഞ്ചി ലേശം കുടംപുളി എന്നിവ അരച്ച് അതില്‍ ചെറു നാരങ്ങയുടെ നീര് ചേര്‍ത്തു ചെറിയ ഒരു നെല്ലിക്ക വലിപ്പത്തില്‍ വെറും വയറ്റില്‍ കഴിക്കുക
4. ഇഞ്ചിയും മല്ലിയും ചേര്‍ത്തു തിളപ്പിച്ച വെള്ളം കുടിക്കുക.
5.ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഉലുവയ്ക്് കഴിവുണ്ട്. ഉലുവ പൊടിച്ച് മോരില്‍ കലക്കി കുടിക്കുകയോ ദോശമാവില്‍ അരച്ചു ചേര്‍ക്കുകയോ ചെയ്യാം.
അസിഡിറ്റി
************
1. ചിരട്ട കഷ്ണം ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായ്‌ കുടിക്കുക
2.ഒരു പിടി കറിവേപ്പില ഇടിച്ചു പിഴിഞ്ഞ നീര് ഒരു ടീസ്പൂണ്‍ വീതം 2 നേരം കഴിക്കുക .മോരില്‍ കറിവേപ്പില ചേര്‍ത്തു സംഭാരമായി കഴിച്ചാലും മതി
3. വാഴയ്ക്ക തൊലി ഉണക്കി പൊടിച്ചു ഒരു ടി സ്പൂണ്‍ പൊടി പാലില്‍ ചേര്‍ത്തു കഴിക്കുക പാലില്‍ നന്നായി വെള്ളം ചേര്‍ത്തു കാച്ചി എടുക്കണം.
4. വാഴപ്പഴം കഴിക്കുന്നതു അസിഡിറ്റി മാറാന്‍ നല്ലതാണ്.
5. തണുത്ത പാല്‍ കുടിക്കുന്നതും പ്രയോജനപ്രദം.
ഗ്യാസ്ട്രബിള്‍
*************
1.ജീരകം വറുത്തു പൊടിച്ചു വെള്ളം തിളപ്പിച്ച്‌ ചൂടോടെ ഇടയ്ക്കിടെ കുടിക്കുക
2.ഒരു കഷ്ണം ഇഞ്ചി വെളുത്തുള്ളി എന്നിവ ദിവസവും കഴിക്കുക
3.കറിവേപ്പില ഇഞ്ചി കാന്താരി മുളക് എന്നിവ ചേര്‍ത്തു സംഭാരം ഉണ്ടാക്കി കുടിക്കുക
തൈര് അധികം കഴിക്കരുത് ...പക്ഷെ മോര് എത്ര വേണമെങ്കിലും കുടിക്കാം അധികം പുളി ഉള്ളത് പാടില്ല.
4. ആഹാരത്തില്‍ അയമോദകം ഉള്‍പ്പെടുത്തുക.
5. ആഹാരശേഷം പെരുംജീരകം വായിലിട്ടു ചവയ്ക്കുക.
ജലദോഷം
************
1. ചുക്ക് കുരുമുളക് തുളസിയില എന്നിവ ചതച്ചിട്ട വെള്ളത്തിലേക്ക് കരുപട്ടി ശര്‍ക്കര അതില്ലേല്‍ സാധാരണ ശര്‍ക്കര കാപ്പിപൊടി എന്നിവ ചേര്‍ത്തു നന്നായി തിളപ്പിച്ച്‌ ചൂടോടെ 3 നേരം കുടിക്കുക
2. തുളസി തെച്ചി പൂവ് ഉള്ളി എന്നിവയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നത് സ്ഥിരമാക്കുക ജലദോഷം വരില്ല
3 ആവി പിടിക്കുന്ന വെള്ളത്തില്‍ തുളസിയില ചേര്‍ക്കുക
4. തുളസിയില നീര് തേന്‍ ചേര്‍ത്തു കഴിക്കുക.
5. പനിക്കൂര്‍ക്കയില ചതച്ചിട്ട ചൂടുവെള്ലത്തില്‍ കുളിക്കുക.
മുഖക്കുരു മാറാന്‍
******************
1. ഓരഞ്ചു നീരും തേനും തുല്യ അളവില്‍ ചേര്‍ത്തു മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുക
2.തുളസി നീര് പുരട്ടുക
3. പേര കൂമ്പ് അരച്ച് പുരട്ടുക
4. മുഖം ദിവസത്തില്‍ 4 -5 പ്രാവശ്യം നല്ല പച്ച വെള്ളത്തില്‍ കഴുകുക.
5. ചെറുനാരങ്ങ നീരു പുരട്ടുക. ഇത് നല്ലൊരു നച്വറല്‍ ബ്ലീച്ച് കൂടിയാണ്.
ചുമ
****
1. ആടലോടക നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക
2. മുയല്‍ ചെവിയന്‍ സമൂലം കഴുകി വൃത്തിയാക്കി അതില്‍ 20 ജീരകവും ചേര്‍ത്തു വാട്ടിയെടുത്തു നീര് പിഴിഞ്ഞ് കഴിക്കുക
3.ചുവന്നുള്ളി അരിഞ്ഞതില്‍ കല്‍ക്കണ്ടം ചേര്‍ത്തു വച്ച് ഊറി വരുന്ന നീര് കൂടെ കൂടെ കുടിക്കുക
4. ചുക്ക് കുരുമുളക് ഏലക്ക എന്നിവ കല്‍ക്കണ്ടം ചേര്‍ത്തു പൊടിച്ചത് ഒരു നുള്ള് വീതം ഇടവിട്ടിടവിട്ട് കഴിക്കുക.
5. ഇടയ്ക്കിടെ ശുദ്ധമായ തേന്‍ കഴിക്കുക.
കുഴിനഖം മാറാന്‍
*********************
1.പച്ചമഞ്ഞള്‍ വേപ്പെണ്ണയില്‍ അരച്ചു പുരട്ടുക.
2. മൈലാഞ്ചിയില അരച്ചു പുരട്ടുക.
3. താമരയിതള്‍ പനിനീരില്‍ അരച്ചു പുരട്ടി, അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.
4.മഞ്ഞളും കറ്റാര്‍വാഴയുടെ നീരുംകൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്.
5.നഖങ്ങള്‍ ഒരേനിരപ്പില്‍ വെട്ടിനിര്‍ത്തുന്നത് കുഴിനഖം വരുന്നത് ഒഴിവാക്കാന്‍ സഹായിക്കും .
അമിതഭാരം കുറയ്ക്കാന്‍
*****************************
1. ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് അല്‍പം തേനും ചേര്‍ത്തു കഴിക്കുക.
2. ഓറഞ്ച്, ആപ്പിള്‍, കൈതച്ചക്ക എന്നിവ ധാരാളം കഴിക്കുന്നതും നല്ലതാണ്.
3. പഞ്ചസാര ചേര്‍ക്കാത്ത ചായ (ഗ്രീന്‍ ടീയോ സാധാരണ ചായയോ) ധാരാളം കുടിക്കുക.
4. കുംബളങ്ങാഅ നീരു ദിവസം രണ്ടു നേരമെങ്കിലും ഓരോ ഗ്ലാസ്സ് വീതം കുടിക്കുക.
5. മുളപ്പിച്ച ചെറുപയര്‍ ഉള്ളി അരിഞ്ഞതും മാതളങ്ങയുടെ അല്ലികളും നാരങ്ങാനീരും ചേര്‍ത്ത് സ്ഥിരമായി കഴിക്കുക.
അകാല നരയ്ക്ക്.
********************
1. തേയിലക്കഷായത്തില്‍ മൈലാഞ്ചിയില മിനുസമായി അരച്ചു മുടിയില്‍ പുരട്ടി നാലഞ്ചു മണിക്കൂറിനു ശേഷം കഴുകിക്കളയുക.
2.കറിവേപ്പില അരച്ചു തലയില്‍ തേയ്‌ക്കുകയും ധാരാളം ഭക്ഷനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.
3.മൈലാഞ്ചിയില, കറിവേപ്പി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിവയിട്ട്‌ എണ്ണ കാച്ചിത്തേയ്‌ക്കുക
4. ത്രിഫലപ്പൊടി (ചുണ്ണാമ്പു ചേര്‍ക്കാത്തത്‌) തേന്‍ ചേര്‍ത്തു രാത്രിയില്‍ പതിവായി കഴിക്കുക.
5.നെല്ലിക്ക കഴിക്കുന്നതും നെല്ലിക്കാജ്യൂസ്‌ കുടിക്കുന്നതും നെല്ലിക്കാപ്പൊടി തലയില്‍ തേയ്‌ക്കുന്നതുമെല്ലാം നല്ലതാണ്‌.

ചിദംബരം- സിനിമാ നിരൂപണം

                                                                                             ലവിലി നിസാര്‍ 

ടിക്കറ്റെടുക്കാൻ അധികം തിരക്കൊന്നുമില്ല ഉള്ളവർതന്നെ ഈ ലോകത്തൊന്നുമല്ല. ഇതാണു അവാർഡു സിനിമകളുടെ ദോഷം.കാണുന്നതിനുമുൻപേ കാണികൾ അഭിനയിച്ചു തുടങ്ങും.പതിവു തെറ്റിച്ചു അടിച്ചുപൊളിച്ച് കടലയും കൊറിച്ച് നമുക്കീ 'ചിദംബരം'ഒന്നു കണ്ടു വിലയിരുത്തിയാലോ?
C.V.ശ്രീരാമൻ എഴുതിയ ഒരു ചെറുകഥയെ ആസ്പദമാക്കി G.അരവിന്ദൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1985_ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ചിദംബരം'.ഒരു ചെറിയ കഥാ തന്തുവിൽ നിന്നും ഭീമമായ കാഴ്ചയിലേക്കു കൂട്ടികൊണ്ടു പോകുന്ന അരവിന്ദൻ മാഷിൻറെ കഴിവിനെ നമിക്കാതെ വയ്യ! ഇടയ്ക്കിടയ്ക്കുള്ള ഒറ്റപ്പെട്ട ഗാനങ്ങളൊഴിച്ചാൽ പശ്ചാത്തലസംഗീതം ഇല്ലെന്നു തന്നെ പറയാം.ഭരത്ഗോപി,ശ്രീനിവാസൻ,സ്മിത പാട്ടിൽ,മോഹൻ ദാസ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത് മൂന്നാറിലെ മാട്ടുപ്പെട്ടിയിലാണ്...G.ദേവരാജന്‍ മാഷിൻറെ സംഗീതവും ഷാജി.N.കരുണിൻറെ ചിത്രീകരണവും ചിദംബരം എന്ന ചിത്രത്തിനു മിഴിവു കൂട്ടി ..
ഭരത്ഗോപി,ഒരു ഗവൺമെന്റ് ഫാമിലെ സൂപ്രണ്ടായ ശങ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നൂ.ഫോട്ടോഗ്രാഫിയിലും മദ്യത്തിലും ലേശം കമ്പമുണ്ടെങ്കിലും ഒരു സാധാരണ മനുഷ്യൻ,ഒപ്പം പുരോഗമന ചിന്താഗതിക്കാരനും.മുതലാളി തൊഴിലാളി വത്യാസമില്ലാതെ സഹകരിക്കുന്ന വ്യക്തി.ജേക്കബ്(മോഹൻ ദാസ്) ഫീൽഡ് സൂപ്പർവൈസറായി ജോലി നോക്കുന്നു.ശങ്കരന്‍റെ സ്വഭാവത്തിന്‍റെ വിപരീത പ്രകൃതം.പരുക്കൻ ശൈലി.ശ്രീനിവാസൻ മുനിയാണ്ടി എന്ന ഫാം ജീവനക്കാരനെ അവതരിപ്പിക്കുന്നു .മാടുകളുടെ കൂടെ സദാനേരവും നടക്കുന്ന മുനിയാണ്ടി ഭക്തനും സാധുവുമാണ്.ഒരു കീഴ്ജീവനക്കാരന്റെ രൂപവും ശൈലിയും,നിസ്സഹായനായ ഒരു ഭർത്താവിന്റെ മാനസികാവസ്ഥയും ശ്രീനിവാസൻറെ തനതു ശൈലിയിൽ പുറത്തേക്കു വന്നപ്പോൾ ആ കഥാപാത്രത്തിനു ജീവനുണ്ടായി .മുനിയാണ്ടി നമ്മൾ കണ്ടിട്ടുള്ള ആരോ ഒരാൾ ആയി.. അരവിന്ദൻ മാഷിന്റെ പ്രത്യേകതയാണ് തന്റെ കഥാപാത്രങ്ങൾക്കു ചേരുന്ന നടീ നടന്മാരെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണല്ലോ സിനിമാ ലോകത്തെ അതുല്യ പ്രതിഭയായ 'സ്മിത പാട്ടിൽ'ലിനെ മുനിയാണ്ടിയുടെ ഭാര്യ ശിവകാമിയായി മുഖ്യ സ്ത്രീ കഥാപാത്രമാക്കി അഭിനയിപ്പിച്ചതും.മലയാള സിനിമയുടെ നേട്ടമായിരുന്നു ഇത്, ഗർഭിണിയായിരുന്ന അവർ ഇതിൽ അഭിനയിക്കാൻ കാണിച്ച മനസും പ്രശംസനീയം.
മുനിയാണ്ടിയുടെ വിവാഹത്തോടെയാണ് കഥയിലേക്കുള്ള പ്രവേശനം.K.P .സുന്ദരാമ്പാളിന്റെ ''തനിത്തിരുന്ത് വാഴും ...തവമണിയേ......'' എന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ തനി നാടൻ രീതിയിലാണ് മുനിയാണ്ടിയുടെ തിരുമണം.ശിവകാമി ഒരു നാട്ടിൻപുറത്തു കാരിയും നാണംകുണുങ്ങിയുമാണെന്ന് ആദ്യ ദൃഷ്ടിയിൽ മനസ്സിലാകും വിധം മാഷ് മനോഹരമായി ആ രംഗങ്ങൾ ചിത്രീകരിച്ചു ..തമിഴ്നാട്ടിൽ നിന്നുവന്ന ശിവകാമിക്കു പൂക്കളും ,പച്ചപ്പും മാടുകളും അത്ഭുതങ്ങളായിരുന്നു .ശിവകാമിയുടെ അമിതഭ്രമം മുനിയാണ്ടിയിൽ ഭയമുളവാക്കി ..
ഈ സിനിമയെ രണ്ടു ഭാഗമാക്കിയാണ് കഥയുടെ പോക്ക്.ആദ്യ പകുതിയിൽ മുനിയാണ്ടിക്കും ഭാര്യക്കും പ്രാധാന്യം കൊടുത്തപ്പോൾ അടുത്ത പകുതിയിൽ കാണാവുന്നത് ശങ്കരൻറെ മാനസികാവസ്ഥയാണ്.
അരവിന്ദൻ മാഷിൻറെ അവതരണ മികവിലൂടെയാണ് ഇതിലെ കഥാപാത്രങ്ങളുടെ സ്വഭാവം നമ്മിലേക്കെത്തുന്നത്.ഒറ്റപെട്ട സംഭാഷണങ്ങൾ,ചലനങ്ങൾ,പിടിവലികൾ ഇതെല്ലാം അരവിന്ദൻ മാഷിൻറെ തന്ത്രങ്ങളാണ്.ജേക്കബിനും ശങ്കരനും ശിവകാമിയോടുള്ള പെരുമാറ്റ രീതിയിലെ വ്യത്യാസം നമ്മിലേക്കെത്തിക്കാൻ മാഷ് ചില പൊടികൈകൾ പ്രയോഗിക്കാതിരുന്നില്ല. ''ഇംഗ്ലീഷ് പഠിക്കാൻ ഇഷ്ടമാണോ?പകരം എന്നെ തമിഴ്പഠിപ്പിച്ചാൽ മതി''എന്ന പൂവാലൻ രീതിയിലുള്ള ചോദ്യം അരോചകമായിരുന്നെങ്കിലും ശങ്കരൻ ശിവകാമിയുടെ സാമീപ്യം ആഗ്രഹിക്കുന്നു എന്നു വരുത്തിതീർക്കാൻ കഴിഞ്ഞു .മുനിയാണ്ടിക്കു നൈറ്റ് ഷിഫ്റ്റ് കൊടുത്തതും ശിവകാമിക്കു ജോലിശരിയാക്കിയതും ജേക്കബിൻറ്റെ വില്ലൻ തന്ത്രമെന്നു കാണികളെ കബളിപ്പിക്കാനും മാഷിനു കഴിഞ്ഞു.
നൈഷിഫ്റ്റ് സമയം മുനിയാണ്ടിയുടെ കാതുകളിൽ മുഴങ്ങിയ ജേക്കബിന്റെ ബുള്ളറ്റിന്റെ ശബ്ദമാണ് ചിദംബരം എന്ന സിനിമയെ മാറ്റിമറിച്ച കഥാതന്തു. ഓടിക്കിതച്ചെത്തിയ മുനിയാണ്ടി വീടിനു പിന്നിലൂടോടുന്ന നിഴലുകണ്ട് തരിച്ചു നിന്നു .
ആരെന്നറിയാതെയുംഎന്നാൽ താൻ ഭയന്നതുസംഭവിച്ചു എന്നതു മനസ്സിലാക്കി മുനിയാണ്ടി തളർന്നു..ഭാര്യയെ വെട്ടിയിട്ട് തൂങ്ങിമരിച്ച മുനിയാണ്ടിയെ യാണ് പുലർച്ചയിൽ നാട്ടുകാർ കണ്ടത്.ഒരിക്കലും മുനിയാണ്ടി എന്ന സാധു കഥാപാത്രത്തിൽ നിന്ന് ഇത്തരമൊരു പ്രതികരണം നമ്മൾ പ്രതീക്ഷിക്കില്ല. നിശ്ശബ്ദനായിരുന്ന മുനിയാണ്ടിയിൽ ഒളിഞ്ഞിരുന്ന സ്വഭാവം നമ്മിലേക്ക് ഇതിൽ കൂടുതൽ എങ്ങനെ എത്തിക്കാനാണ്.കയറുകൾ പിരിയുന്ന കരകര ശബ്ദവും.ജന്നൽ പാളിയിലൂടെ കിതച്ചു നോക്കുന്ന ശങ്കരനുംനമ്മുടെ മനസ്സിൽ ആശയകുഴപ്പം സൃഷ്ടിക്കാൻ മാഷ് കാണിച്ച അടവു തന്നെ...
കുറ്റബോധത്തിന്റെ നടുവിൽ കർമ്മം ചെയ്യുവാനാകാതെ സ്വസ്ഥത തേടിയലയുന്ന ശങ്കരന്റെ മനസ്സിനെ ചെറിയ താളക്കൊഴുപ്പിന്റെ പശ്ചാത്തലത്തിൽ മാഷ് ഗംഭീരമാക്കി.ജോലിയുപേക്ഷിച്ച ശങ്കരൻ തെരുവിൽ അലയുന്നതിനിടയിലുള്ള ഓർമ്മകളിൽ നിന്നാണ് ശങ്കരനും ശിവകാമിയുമായുള്ള ബന്ധം അവതരിപ്പിച്ചത്.
മദ്യത്തിനടിമയായി രോഗിയായ്തീർന്ന ശങ്കരനോട് ഭക്തിമാർഗ്ഗത്തിലൂടെ ശാന്തിനേടാൻ ഡോക്ടറാണ് നിർദ്ദേശിച്ചത്.ആരാധനാലയങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ശങ്കരൻ ചിദംബരത്തെത്തുന്നു .ശിവൻ കാളിയുമായി ആനന്ദതാണ്ഡവമാടി ഒറ്റക്കാലിൽ നൃത്തം ചവിട്ടി നടരാജനായിതീർന്ന ആ അമ്പലത്തിന്റെ നടയിൽ ശിവ നാമമുള്ള ശങ്കരനെ എത്തിച്ചതും മാഷിന്റെ കഴിവുതന്നെ.ചെരുപ്പു സൂക്ഷിക്കുന്ന സാധു സ്ത്രീയുടെ മുന്നിലേക്ക് ചെരുപ്പുകൾ ഊരിയിട്ടുകൊണ്ട് പോകുന്ന ശങ്കരൻ മടങ്ങിയെത്തി സൂക്ഷിച്ച ചെരുപ്പിനു നാണയം നീട്ടിയപ്പൊൾ ഉയർന്നു കാണപ്പെട്ട വികൃതമായ പാടുകള്‍ വീണ മുഖം ശിവകാമിയുടേതായത് ആദ്യപകുതിയിൽ നമ്മളിലുണ്ടായചോദ്യങ്ങൾക്കുത്തരം തരുവാനോ?അതോ ശങ്കരന്റെ യാത്രക്ക് പൂർണ്ണ വിരാമമിടുവാനോ..??
1985_ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിനു
National film award for best feature film,kerala state film award for the best film,kerala state film award for best director,kerala state film award for best actor(Bharath Gopy) എന്നീ പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായീ...

Tuesday, January 20, 2015

ലോകാ: സമസ്താ:











                                                                                    

                                                                                        ദീപു ആറ്റിങ്ങല്‍ 

"ലോകാ: സമസ്താ: 
'കണ്ണീര്‍ വാര്‍ന്നു കലങ്ങിയ മിഴിയുമായ്,
മുന്നില്‍ വന്നു നിന്നൊരാ ബാലകന്‍
കയ്യിലാരോ കൊടുത്ത വാക്കത്തിയും
നെഞ്ചി ലെന്നോ പതിപ്പിച്ച ചാപ്പയും '
കോറിയിട്ടൊരാവര്‍ണ ചിത്രത്തില്‍, മേമ്പൊടിക്കൊരടിക്കുറി പ്പെഴുതുവാന്‍ ,
ഇല്ലെനിക്കൊരു വരിയുമിതുപോലെ;
"ഇന്‍ഡ്യയെന്‍റെ നാടെ"ന്നതല്ലാതെ!
ചുറ്റിലും വര്‍ണ്ണ പ്രപഞ്ചം വിരിക്കുന്ന
പുഞ്ചിരിക്കുന്ന പുണ്ണ്യനേതാക്കളെ;
നിങ്ങള്‍ നല്‍കിയ വടിയും വെടിക്കോപ്പും
എന്‍റെനാടിന്‍റെ സമ്പത്ത് സമൃത്തിയായ്‌!
ചോരവീണൊരു പുതിയ പുഴയെന്‍റെ-
നാടിലൂടഭിമാനമായിട്ടൊഴുകുന്നു!
കരയിലോരോരോ ചെന്നായ്ക്കള്‍ വന്നു-
ചോരനക്കിക്കുടിക്കുന്നു; ആര്‍ത്തിയാല്‍ !
പച്ചജീവനെ വെട്ടിയും കുത്തിയും,
നൃത്തമാടിക്കളിക്കുന്നു കോലങ്ങള്‍!
പിഞ്ചുകുഞ്ഞിന്‍ മനസ്സിലോ ജാതീയ;
ചിന്തകള്‍ കൊണ്ടുനിറക്കുന്ന മാനവര്‍!
മാനവത്വം മുറുകെപ്പിടിക്കുന്ന-
മനുജരെ നിങ്ങളൊന്നിച്ചുനില്‍ക്കുമോ?
ചായമില്ലാത്ത കൊടിയുടെ കീഴിലായ്‌;
ചാതുര്‍വര്‍ണ്യം കലരാത്തമനസ്സുമായ്‌!
മണ്ണില്‍ വീഴുമീ കണ്ണുനീരൊപ്പുവാന്‍,
സ്നേഹനൂലുകള്‍ കോര്‍ത്തതൂവാലയും, വിണ്ണില്‍ നിന്നുംകടംകൊണ്ട വീണയും,
സ്നേഹതൂലികയുമായൊരാള്‍ വന്നിടും......!?

തെക്കേ മൂലയിലെ ചാത്തന്‍











                                                                                         പോള്‍സണ്‍
ചാത്തനേറ് എന്ന എന്റെ പുസ്തകത്തീൻറ പേര് കണ്ടിട്ട് സംവിധായകൻ മെക്കാർട്ടിൻ എന്നോട് ചോദിച്ചൂ, ഇതുപോലൊരു നൊസ്റ്റാൾജിക് നെയിം തിരഞ്ഞെടുക്കാൻ എന്താണ് കാരണം എന്ന്. ബാല്യത്തിൽ തറവാടിന്റെ പടിഞ്ഞാറേതിലെ വിളമക്കുട്ടി വല്ല്യമ്മ വിവാഹിതരാവാത്ത ആണ്മക്കൾ പണികഴിഞ്ഞു വരണ വരെ തറവാടിൻറുമ്മറത്ത് എൻറമ്മുമ്മയോട് നേരംകൊല്ലാൻ വന്നിരിക്കാറുണ്ടായിരുന്നൂ , വിളമക്കുട്ടി വല്ല്യമ്മയുടെ നേരംപോക്ക് കഥ കളിലെ കഥാപാത്രങ്ങൾ ആയ ചാത്തൻ, മറുത, ചിറമല്ലൻ , ഒറ്റമുലച്ചി , ഈനാംപേച്ചി മുതൽ പേരായവരെ മുന്നിൽ നിറുത്തിയാണ് അമ്മച്ചി പലപ്പോഴും എന്നേയും അനുജത്തിമാരെയും ഊട്ടാറുളളതും. അങ്ങിനെ എന്നെ വിടാതെ പിന്നാലെ കൂടിയ ചാത്തനെ ക്കുറിച്ച് ഞാൻ മെക്കാർട്ടീനോട് പറഞ്ഞു.
വിളമക്കുട്ടി വല്ല്യമ്മയുടെ വീട്ടുമിറ്റത്തെ കുളത്തിൽ ഈനാംപേച്ചി ചാടിത്തിമിർത്ത് പച്ചകലക്കിയത് എന്നെ കാണിച്ചു തന്നിട്ടുണ്ട് അതോടെ ചാത്തനും മറുതയും ഒറ്റമുലച്ചിയുമൊക്കെ അന്തിയുറക്കത്തീൽ ജീവനോടെ എൻറ മുന്നിൽ വരാൻ തുടങ്ങീ. മണ്ണെണ്ണ വിളക്കിൻറ മങ്ങിയ വെളിച്ചത്തിൽ നിന്നും വിളമക്കുട്ടി വല്ല്യമ്മ തുറന്നു വിട്ട ചാത്തനും പരിവാരങ്ങളും എൻറ ഹൈസ്കൂൾ ജീവിതം കഴിഞ്ഞിട്ടും എന്നെ വിട്ട് പോയില്ല.
ആയിടയ്ക്കാണ് അശനിപാതംപോലെ ഒരു വാർത്ത ആളുകളെ ഭയപ്പെടുത്തി നാടൊട്ടുക്കും പരന്നത് രാത്രികാലങ്ങളീൽ ചാത്തൻറ ആക്രമണം രൂക്ഷമായി വരുന്നൂ. സെക്കൻറ് ഷോ സിനിമ കഴിഞ്ഞ് തനിച്ചു വീട്ടിലേയ്ക്ക് മടങ്ങിയ ചിലർ നീണ്ട വാലുള്ള കറുത്തു കുറുകിയ ചാത്തനെ കണ്ടു പോലും . നാട്ടിൽ പിന്നീട് ചാത്തൻറ രൂപത്തേക്കുറിച്ച് കലശലായ ചർച്ചകൾക്ക് കളമൊരുങ്ങീ. ചിലർ വാറ്റുചാരായവും കരിമ്പിൻ തണ്ടും പൂജിച്ചു നിവേദിച്ചിട്ടും ഫലമുണ്ടായില്ല
ചാത്തനാവട്ടെ കൊഴുത്തുരുണ്ട ആട്ടിൻ കുട്ടികൾ , പയ്കിടാക്കൾ ,നല്ല മുഴുപ്പുളള നാളികേരങ്ങൾ ഇത്യാതി കൈപ്പിടിയിലൊതുങ്ങുന്ന വസ്തുവകകളോട് അടങ്ങാത്ത പൂതിയായിരുന്നൂ .എന്നിരുന്നാലും തൻറ നിത്യ ക്രിയകളിലൊന്നായ പുരപ്പുറത്ത് കല്ലെറിയുക എന്ന ചടങ്ങിനു ശേഷമേ എന്തും കൈക്കലാക്കിയിരുന്നുളളൂ.
അപൂർവ്വമായി ചില വീടിൻറ കോലായിയിൽ വിസ്തരിച്ച് അപ്പിയിട്ടു വയ്ക്കാനും ചാത്തൻ മുതിർന്നിട്ടുണ്ട്.
പൂജകളിലും വഴിപാടുകളിലും വഴങ്ങാതിരുന്നപ്പോഴാണ് നാട്ടിലെ പ്രമാണികള്‍ പോലീസിൽ പരാതി പ്പെട്ടത് പരാതി ബോധിപ്പിക്കാൻ പോയ പ്രമാണി ക്കൂട്ടത്തിന്റെ നേതാവ് എന്ന നിലയ്ക്ക് അപ്പനോട് എസ് ഐ നഷ്ട കണക്കുകൾ ചോദിച്ചൂത്രേ . കൊപ്രപ്പുരയിൽ നിന്നും ഉണക്കിപാകമാക്കി ആലുവ ചന്തയിൽ കൊടുക്കാൻ വച്ചിരുന്ന മൂന്നൂ ചാക്ക് കൊപ്രയാണത്രേ പലപ്പോഴായി ചാത്തൻ കൈക്കലാക്കിയത് നഷ്ടകണക്കെഴുതി കടലാസു നിറഞ്ഞപ്പോഴാണ് നൈറ്റ് പട്രോളിങ്ങിന് ഒരാളെ വിടാമെന്ന് ഏമാൻ സമ്മതിച്ചത്.
ചാത്തൻറ വീരോചിതമായ പരിലാസങ്ങൾ തുടങ്ങുംമുൻപേ വിളമക്കുട്ടി വല്ല്യമ്മയുടെ രണ്ടാൺമക്കളും കല്ല്യാണം കഴിച്ചിരുന്നൂ അതിൽപിന്നെ വന്നു കയറിയ മരുമക്കളുടെ പോരു തീർക്കാൻ സമയം തികയാതെ വരികയും വിളമക്കുട്ടി വല്ല്യമ്മ വീട്ടിലേയ്ക്ക് വരാതാവുകയും ഈനാം പേച്ചികൾ കുളം കലക്കാതാവുകയും ചെയ്തു ഉണ്ടായ മുപ്പതു സെൻറ് വസ്തു മക്കളുടെ പേരിലേക്ക് എഴുതിക്കൊടുത്ത് ഏകദേശം രണ്ടുമാസം ആയപ്പോഴേയ്ക്കും വിളമക്കുട്ടീ വല്ല്യമ്മ തുറന്നു വിട്ട പരിവാരങ്ങളോടുകൂടി പരംലോകം പൂകി അതിനുശേഷമാണ് കൂട്ടത്തിൽ നിന്നും തിരിച്ചെത്തിയ ചാത്തൻ ഇത്തരുണം അഴിഞ്ഞാട്ടം തുടങ്ങിയത്
മൂക്കിനു താഴെ മിനുസ്സമുളള രോമക്കിളിർച്ച തുടങ്ങിയ ഞങ്ങളെ പ്പോലുളള ചുണക്കുട്ടികൾ വൈകുന്നേരങ്ങളിൽ സൊറ പറച്ചിലിനു ചേരുന്ന പശ്ചായത്തു റോട്ടിലെ സിമൻറു കലുങ്കിലേയ്ക്കും ചാത്തൻ വന്നൂ. അവിടെന്നു എടുത്ത തീരുമാന പ്രകാരമാണ് ഞാനടക്കം 8 പേരടങ്ങുന്ന ജാഗ്രതാ സമിതിക്ക് രൂപം കൊടുത്തത് നിശ്ചിത സ്ഥലങ്ങളിൽ അധീവ രഹസ്യമായി രണ്ടു പേരുളള ഗ്രൂപ്പുകളായി നാലിടത്ത് നിലയുറപ്പിക്കുക.
വടക്കേതിലെ സരോജിനി ചേച്ചിയുടേ രണ്ട് ആൺമക്കളും (സുരയും, രമേശനും) ആവശ്യമുളള ആയുദ്ധങ്ങൾ തരപ്പെടുത്താമെന്നേറ്റു കമ്പനി കുട്ടൻ (എഫ് എ സി ടി കമ്പനിയിൽ ജോലി ലഭിച്ചതോടെ നാട്ടുകാർ സ്നേഹത്തോടെ നൽകിയ പേര്) എട്ടു പേർക്കും വിസിലുകൾ ഓഫർ ചെയ്തു , ആരെങ്കീലും ചാത്തനെ കാണുന്ന മുറയ്ക്ക് വിസിലടിച്ച് മറ്റുളള വരെ അറിയിക്കുക എന്നതായിരുന്നൂ തീരുമാനം തെക്കേലെ കൃഷ്ണേട്ടൻറ മകൻ സുന്ദരന് ഓപ്പറേഷൻറ വിശദാംശങ്ങൾ അപ്പപ്പോൾ എല്ലാവരെയും അറിയിക്കുക എന്ന ചുമതലയായിരുന്നൂ ഞാനും വിശ്വംഭരനും ആൽബിയും ബെന്നിയും അധികം ദൂരത്തല്ലാതെ നിലയുറപ്പിക്കാനും തീരുമാനിച്ച് യോഗം പിരിഞ്ഞുപോയി ആദ്യ ദിവസം ചാത്തൻ വന്നില്ല രണ്ടാമത്തെ ദിവസം ജാഗ്രതാ സമിതിയുടെ നിരീക്ഷണ സമയം കഴിഞ്ഞപ്പോൾ ചാത്തൻ എൻറ പെരപ്പുറത്ത് കല്ലെറിയുകയും വടക്കേലെ സരോജിനി ചേച്ചീടെ ആടിനെ കൊണ്ടു പോകുകയും ചെയ്തു മൂന്നാം ദിവസം രാവിലെ എൻറ പറമ്പിൻറ തെക്കേ മൂലയീൽ നിന്നും പാരഗൻറ വളളിച്ചെരുപ്പ് പുത്തനൊരെണ്ണം കളഞ്ഞു കിട്ടീ ചാത്തൻറ വള്ളീച്ചെരുപ്പ് കണ്ട അമ്മച്ചി ഉടനെ പറഞ്ഞൂ ചാത്തനും റബർ ചെരുപ്പാ ഇഷ്ടം.
നാലാം ദിവസമാണ് വരാപ്പുഴ പോലീസ് ചാത്തനെ തൊണ്ടിമുതലോടെ പിടികൂടീയത് അതും ജാഗ്രതാ സമിതി പിരിഞ്ഞു പോയതിനു ശേഷം നാളികേരം ചാക്കിലാക്കി നടന്നു പോകുകയായിരുന്ന ചാത്തന് പോലീസിനെ അപ്രതീക്ഷിതമായി കണ്ടപ്പോൾ ഓടാനായില്ല തെളിവെടുപ്പിനു ചാത്തനെയും കൊണ്ട് എൻറ പറമ്പിൻറ തെക്കേ മൂലയ്ക്ക് ഒറ്റച്ചെരുപ്പെടുപ്പിക്കുമ്പോഴാണ് ജീവിതത്തിലാദ്യമായി ഞാൻ ചാത്തനെ കണ്ടത് - അത് തെക്കേലെ കൃഷ്ണേട്ടൻറ മോനും ജാഗ്രതാ സമിതിയുടെ മുഖ്യ ഉപദേഷ്ടാവുമായ സുന്ദരനായിരുന്നു. വാർഡ് മെമ്പറെ ക്കൂട്ടി കൃഷ്ണേട്ടൻ സുന്ദരനെ ജാമ്യത്തിലിറക്കി ജാമ്യം കൊടുക്കാൻ നാലു ദിവസം വേണ്ടി വന്നൂ .വരാപ്പുഴ പശ്ചായത്തിലെ തെളിയാതെ കിടന്ന മോഷണക്കേസുകൾക്ക് തുമ്പുണ്ടാക്കിയതു കൊണ്ടാവണം സുന്ദരൻ വീട്ടിലെത്തിയ പാടെ ചോര ഛര്‍ദ്ദിച്ചു. കമ്പനിക്കുട്ടനാണ് ആദ്യം പറഞ്ഞത് വേണ്ടായിരുന്നൂ. ഞാൻ സുരയേയും രമേശനേയും നോക്കീ അവരും പറഞ്ഞൂ വേണ്ടായിരുന്നൂ
ആൽബിയാണ് പറഞ്ഞത് നമ്മുക്കവനെ ആശുപത്രീൽ കൊണ്ടുപോകാം. അന്തിക്ക് പഞ്ചായത്ത് കലുങ്കിലെ മീറ്റിങ്ങിനു മുൻപേ കൃഷ്ണേട്ടൻ സുന്ദരനെ ആശൂപത്രിയിലാക്കി. പിറ്റേന്ന് നാടുമുഴുവൻ ആ വാർത്ത പരന്നൂ സുന്ദരന് രക്താർബുദം കേട്ടവർ കേട്ടവർ ചാത്തനെ മറന്നൂ. അവന്റെ കല്ലേറും മോഷണവും മറന്നു ലക്ഷങ്ങൾ മുടക്കേണ്ടിവരും രക്ഷകിട്ടാൻ. പഞ്ചായത്തുകലുങ്കില്‍ യോഗങ്ങൾ കൂടിക്കൂടി വന്നൂ .പിരിവു നടത്താം യോഗം തീരുമാനമെടുത്തു .ഞാൻ നൂറു രൂപ തരാം ആൽബി ആദ്യ ഗഡുവായി 50 രൂപ തന്നൂ. തകൃതിയായ പിരിവുകൾ കൊണ്ട് 7000 രൂപ സമാഹരിച്ച് കലുങ്ക് സമിതി സുന്ദരൻറ അച്ഛനെ കണ്ട് തുക കൈമാറാനിരിക്കെയാണ് സർക്കാരാശുപത്രീടെ ആമ്പുലൻസിൽ വെളള പുതപ്പിച്ച സുന്ദരനെ ഏറ്റിക്കൊണ്ടു വന്നത് .
ആരുടെയും സഹായത്തിനോ സൌജന്യത്തിനോ കാത്തു നില്‍ക്കാതെ സുന്ദരന്‍ യാത്രയായി. തന്റെയും കുടുംബത്തിന്റെയും ഒരു നേരത്തെ വിശപ്പടക്കാനാവും അവന്‍ ഈ ചാത്തന്‍ വേഷമണിഞ്ഞത്. വിശപ്പ് അഭിമാനത്തിലും വലുതാണല്ലോ.
വിളമക്കുട്ടീ വല്ല്യമ്മ തുറന്നു വിട്ട ചാത്തൻ എൻറ കവിതാ സമാഹാരത്തിൻറ ചട്ടപ്പുറത്തുണ്ടെങ്കിലും സുന്ദരനെക്കുറിച്ചു മാത്രം ഞാൻ മെക്കാർട്ടിനോടു പറഞ്ഞില്ല. അവനിപ്പോഴും എൻറ മനസ്സിൻറ ജാഗ്രതയിൽ ഒരൊറ്റച്ചെരുപ്പായി തെക്കേ മൂലയിൽ ഇപ്പോഴുമുണ്ട്

മണിചിത്രത്താഴ് -സിനിമാ നിരൂപണം










                                                                                   അനീസ്‌ റഹ്മാന്‍

മികവുറ്റ സംവിധായക പ്രതിഭ ഫാസിലിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്രമാണ് മണിചിത്രത്താഴ്.എകദേശം 21 വർഷങ്ങൾക്ക് മുമ്പ് 1993 ഡിസംബർ 23- നു റിലീസ് ചെയ്ത അഭ്രപാളികളിലെ ഈ മനോഹരകവിത മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.രണ്ട് ദശാബ്ദത്തിനുശേഷവും ഇന്നും പുതുതലമുറ പ്രേക്ഷകരെപ്പോലും ആകർഷിക്കുന്ന ഈ ഉജ്ജ്വല സൃഷ്ടി ഫാസിലിന്റെ സംവിധാന മികവിന്റെ മകുടമണിയായി പരിലസിക്കുന്നു.
യുവ ദമ്പതികളായ നകുലനും (സുരേഷ് ഗോപി) ഗംഗയും (ശോഭന) ഒരു പ്രോജക്ട് ചെയ്യുന്നതിനായി കൽക്കട്ടയിൽ നിന്നും കേരളത്തിലെ മാടമ്പള്ളി തറവാട്ടിൽ എത്തുന്നതും അന്ധവിശ്വാസിയായ അമ്മാവൻ തമ്പിയുടെ (നെടുമുടി വേണു) വാക്കുകളെ അവഗണിച്ച്,നൂറ്റാണ്ടുകൾക്ക് മുന്പ് ദുർമരണപ്പെട്ട നാഗവല്ലി എന്നാ കൊട്ടാരം നർത്തകിയുടെ ആത്മാവ് കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്ന തറവാട്ടിൽ താമസമാരംഭിക്കുകയും , ഗംഗ, നാഗവല്ലിയെ അവാഹിച്ചിരുത്തിയതെന്നു വിശ്വസിക്കുന്ന മുറി തുറക്കുകയും പിന്നീട് അനർത്ഥങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാകുകയും ചെയ്യുമ്പോൾ ,ആയതിന്റെ കാരണക്കാരിയായി നകുലന്റെ അമ്മാവന്റെ മകൾ ശ്രിദേവി (വിനയ പ്രസാദ് ) സംശയിക്കപ്പെടുകയും ചെയ്യുന്നു.
നകുലന്റെ ഉറ്റ സുഹൃത്തും മനശാസ്ത്രഞനുമായ ഡോക്ടർ സണ്ണി(മോഹൻലാൽ) പ്രശ്ന പരിഹാരത്തിനായി എത്തുന്നതും, ദ്വന്ദവ്യക്തിത്വം എന്ന മാനസിക വൈകല്യത്തിന് അടിമപ്പെട്ട ഗംഗയാണു് തറവാട്ടിൽ സംഭവിച്ച അപശകുനങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തുകയും ആയതിന് കാരണം ഗംഗയുടെ മാതാപിതാക്കളിൽ നിന്നകന്ന്, മുത്തശ്ശിയുടെ കൂടെ ഉള്ള കുട്ടിക്കാലവും അന്ന് അവിടെ നിന്ന് മനസ്സിന്റെ അടിത്തട്ടിൽ ആഴത്തിൽ പതിഞ്ഞ പ്രേതകഥകളും യക്ഷികഥകളും അതിശയോക്തി കലർന്ന പഴംകഥകളുമായിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു.വലിയ തറവാട്ടിൽ ഒറ്റപ്പെട്ട ബാല്യവും അന്നുകേട്ട രാമനാഥൻ എന്ന നർത്തകനെ പ്രണയിച്ച നാഗവല്ലി എന്ന ഭരതനാട്യം നർത്തകിയെ ക്രൂരനായ കാരണവർ കൊലപ്പെടുത്തിയ കഥ ,കുട്ടിക്കാലത്തേ മനസ്സിൽ പതിഞ്ഞ ഗംഗയിൽ, നാഗവല്ലിയുടെ ആത്മാവ് കുടിയേറുന്നതായും ആ മാനസിക വൈകല്യത്തെ കേരളീയമായ മാന്ത്രിക കർമ്മങ്ങളും ആധുനിക മനശാസ്ത്രത്തിന്റെ വേറിട്ട് നില്ക്കുന്ന ചികിത്സാരീതികളും സമന്വയിപ്പിച്ച് ഡോക്ടർ സണ്ണി, മാന്ത്രികനായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടുമായിച്ചേർന്നു സുഖപ്പെടുത്തുന്നതുമാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം.നാഗവല്ലിയുടെ കഥയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതിനായി സിനിമയുടെ ആദ്യ പകുതിയിൽ ഭീതിയുടെ നിഴലിൽ അവതരിപ്പിക്കുന്ന നർമ്മരംഗങ്ങൾ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുമെന്ന് നിസ്ത്തർക്കം പറയാം.ഈ രംഗങ്ങളിൽ ഉണ്ണിത്താൻ (ഇന്നസെന്റ്),ദാസപ്പാൻക്കുട്ടി (ഗണേഷ്),ഭാസുര (കെ പി ഏ സി ലളിത),ചന്തു (സുധീഷ്),കാട്ടുപറമ്പൻ (കുതിരവട്ടം പപ്പു),എന്നിവരുടെ തന്മയത്വമായ അഭിനയമികവ് ഏറെ പ്രശംസനീയമാണ്.കുറച്ച് രംഗങ്ങളിൽ മാത്രമേ ഉള്ളു എങ്കിലും രുദ്ര അവതരിപ്പിച്ച അല്ലി,ശ്രീധർ അവതരിപ്പിച്ച മഹാദേവൻ എന്നീ കഥാപാത്രങ്ങൾക്ക് ചലച്ചിത്രത്തിന്റെ കഥാഘടനയിൽ മുഖ്യപങ്കുണ്ട്. മലയാളത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ നായികാപ്രാധാന്യം ഏറെ ഉള്ള സിനിമകളിൽ പ്രഥമഗണനീയമായ ഒന്നാണ് മണിച്ചിത്രത്താഴ്. കഥയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നതിൽ മോഹൻലാലിന്റെ ഡോക്ടർ സണ്ണി എന്ന കഥാപാത്രം നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും സിനിമയിലെ കേന്ദ്രകഥാപാത്രം ശോഭന അവതരിപ്പിച്ച ഗംഗയാണ്.ഗംഗയുടെ ഭർത്താവിന്റെ വേഷം എന്നതിൽ കവിഞ്ഞ് സുരേഷ് ഗോപിയുടെ നകുലൻ എന്ന കഥാപാത്രത്തിനു, ഗംഗയുടെ മനസ്സിൽ കാരണവർ എന്ന ചിന്ത രൂഡമൂലമാകുന്നതോടെ പ്രാധാന്യം ഏറുന്നതായി കാണാം. എങ്കിലും മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ വേറിട്ട് നിർത്തുന്നത് ശോഭന എന്ന അഭിനയ പ്രതിഭയുടെ ഉജ്ജ്വലമായ സമാനതകളില്ലാത്ത നാഗവല്ലി എന്ന കഥാപാത്രമായുള്ള പകർന്നാട്ടമാണ് അഭിനയമികവിന്റെ അത്യുംഗശ്രേണിയിൽ എത്തിനില്ക്കുന്ന ഈ പ്രകടനം ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം സമ്മാനിച്ചപ്പോൾ അത് പ്രേക്ഷകർക്ക് പ്രതീക്ഷിതമായ ഒന്നിന്റെ പൂർത്തീകരണം മാത്രമായി തോന്നിയതിൽ അത്ഭുതമൊന്നുമില്ല.
മധു മുട്ടത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ ഏറെ മികവുറ്റതാണ്.വിഖ്യാത സംഗീത സംവിധായകാൻ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ഒരുങ്ങിയ പാട്ടുകൾ ഈ മികച്ച ചലച്ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.മനോഹരമായ വരികൾ രചിച്ചിരിക്കുന്നത് ബിച്ചു തിരുമല, മധു മുട്ടം,വാലി എന്നിവരും ,മധുരശബ്ദം പകർന്ന് ഈ ഗാനങ്ങളെ അനശ്വരമാക്കിയിരിക്കുന്നത് ഡോക്ടർ കെ ജെ യേശുദാസ്,വേണുഗോപാൽ,കെ.എസ ചിത്ര,സുജാത മോഹൻ എന്നിവർക്കൊപ്പം മോഹൻലാലും ചേർന്നാണ്. വേണുവിന്റെ മനോഹരമായ ഛായാഗ്രഹണം ഈ ചിത്രത്തിലെ രംഗങ്ങൾക്ക് മിഴിവേറ്റുന്നു. നായികയായ ശോഭനയ്ക്ക് ശബ്ദം നല്കിയ ഭാഗ്യലക്ഷ്മിയുടെ മികച്ച പ്രകടനവും എടുത്തു പറയേണ്ടതാണ്.
ഒരു സൈക്കോത്രില്ലർ ഇത്രമനോഹരമായി അവതരിപ്പിച്ചത് മലയാള സിനിമയ്ക്ക് ഒരു നവ്യാനുഭവമായി മാറി എന്നത് ഈ സിനിമയുടെ വിജയ ഘടകങ്ങളിൽ ഒന്നാണ്.മറ്റു നിരവധി ഭാരതീയ ഭാഷകളിൽ ഈ സിനിമ പുനർനിർമ്മിച്ചെങ്കിലും മലയാളത്തിലിറങ്ങിയ മണിച്ചിത്രത്താഴ് എന്ന ഈ മനോഹര സിനിമയുടെ ഉയരങ്ങളിലേക്ക് എത്താൻ അവയ്ക്ക് ഒന്നുമായില്ല എന്നത് ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കും മലയാള സിനിമയ്ക്കും അഭിമാനിക്കാൻ വകനല്കുന്നതാണ്..!!