Showing posts with label അനുഭവ കുറിപ്പ്. Show all posts
Showing posts with label അനുഭവ കുറിപ്പ്. Show all posts

Friday, January 23, 2015

അനുഭവ കുറിപ്പ്


                                                                                                         ലവിലി നിസാര്‍

അനുഭവങ്ങൾ അതു നല്ലതും ചീത്തതുമാകട്ടെ,നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന പാതകളാണവ,കല്ലും മുള്ളും നിറഞ്ഞ പാതയെങ്കിൽ പാദങ്ങൾ ദൃഢമാകും!മനസ്സും!ഇതാ.. ഒരനുഭവത്തിലേക്ക്.....
വളരെ പാടുപെട്ടാണ് കണ്ണുതുറന്നത് ,തുറന്നു എന്നു പറയുന്നതല്ല മിഴിച്ചു എന്നതാവും ശരി,ചുഴറ്റിനോക്കിയ കണ്ണുകളിൽ വെളുപ്പു മാത്രം!ഞാൻ???മനസ്സ് എന്നെ തിരഞ്ഞു,എന്നെ ആരാണീ വെള്ളതുണിയിൽ പൊതിഞ്ഞത്?? മരിച്ചുവോ?ഉള്ളിൽ ചോദ്യങ്ങളും നിറഞ്ഞ ഭയവും..കൈകൾ ചലിപ്പിച്ച് മുഖാവരണം നീക്കാൻ ഒരു ശ്രമം നടത്തതി,ബന്ധിച്ചിരിക്കുന്നൂ,ഞാൻ മരിച്ചൂ,വീണ്ടും മനസ്സു പറഞ്ഞു,ഇടത്തെ കൈവിരൽകൊണ്ട് വലത്തെ കൈതണ്ടയിൽ നുള്ളിനോക്കി നോവുന്നുണ്ടല്ലോ?ജീവനുണ്ട്!എനിക്കു ജീവനുണ്ട്!എവിടെയാണു ഞാൻ???
എന്തൊക്കെയോ ശബ്ദങ്ങൾ പുറത്തു കേൾക്കുന്നൂ.. ആരൊക്കെയോ ഖുർആൻ ഓതുന്നൂ,എവിടെയൊക്കെയോ തേങ്ങലുകളും...
ആ........ ആ......
ഞാൻ അലറി വിളിച്ചൂ!!!!
ആകെ ബഹളമായീ.ഞാൻ ഉണർന്നത് അവരറിഞ്ഞിരിക്കുന്നൂ....''അവളുണർന്നൂ,തിരിയെവിടേ?തേങ്ങയെവിടേ...ഒരുപരുക്കൻ ശബ്ദം...അടുത്ത ചടങ്ങ് ഒഴിപ്പിക്കലാണ്....
എല്ലാം തയ്യാറായി കഴിഞ്ഞൂ,എനിക്കു ചുറ്റും കാൽപെരുമാറ്റം,മരണവീടിനെ ഓർമിപ്പിക്കുന്ന കുന്തിരിക്കത്തിൻറെ ഗന്ധം,ആരോ എൻറെ അരികിലിരുന്ന് തലയ്ക്കുപിടിച്ച് ഓതുന്നൂ..കുറേപേർ നടക്കുന്നൂ,എനിക്കുചുറ്റുമാണോ?ദേഹത്തുവീണ ചൂരൽതാളങ്ങൾ വേദനിപ്പിച്ചത് മനസ്സിനെയായിരുന്നൂ... അറിയാതെ മനസ്സ് തിരിഞ്ഞു നടന്നൂ...സ്വയം ന്യായീകരിച്ചു രക്ഷപെടാൻ ആരൊക്കെയോ തീർത്ത കെണിയിലാണു ഞാൻ,കുറ്റാരോപണങ്ങൾ ഏറിയപ്പോൾ അലറിപ്പോയതു സത്യമാണ്,മനസ്സിൻറ പിരിമുറുക്കം ശ്വാസംമുട്ടിച്ചൂ,ആത്മനിയന്ത്രണം വിട്ടപ്പോൾ ബോധം നഷ്ടപെട്ടിരുന്നൂ...പിന്നീട്,പിന്നീട് എന്തുണ്ടായീ???
ഒന്നുകൂടി കാതോർത്തു,ആരോ മുഖത്തെ തുണി മാറ്റി തന്നു,എൻറെ കണ്ണുകൾ പരതി,എവിടെ എൻറെ ശ്വാസം?എൻറ രക്ഷകൻ?എൻറെ ബലം? ഇരുകൈകളും ഉയർത്തി എന്നിലാവാഹിക്കപെട്ട ബാധയെ ഒഴിവാക്കാൻ നിറഞ്ഞ മിഴികളുമായി പ്രാർത്ഥിക്കുന്ന ആമുഖം ഞാനൊന്നേ നോക്കിയുള്ളൂ,തകർന്നുപോയീ,ഞാൻ കണ്ണുകൾ മുറുക്കിയടച്ചൂ...
''ഞാൻ പ്രകൃതിയാണ്,ജനനവും നിഗ്രഹവും എന്റെ കൈകളിൽ,മതങ്ങളും അന്ധവിശ്വസങ്ങളും ചവിട്ടിമെതിച്ച് ഉണരുവിൻ സഖാക്കളേ..''
എപ്പോഴാണ് എന്നിലെSFIകാരി മരിച്ചു തുടങ്ങിയത്???
ചില നിമിഷങ്ങളിൽ നമ്മൾ നിസ്സഹായരാണ്,''സ്ത്രീ ശക്തിയും രുദ്രയും എന്നതിനുപരി സർവ്വം സഹയുമാണു മോളേ...''മരിച്ചുപോയ ഉപ്പയുടെ വാക്കുകൾ കാതിൽ മുഴങ്ങികൊണ്ടിരുന്നൂ.....

Thursday, January 22, 2015

മരണം രംഗബോധമില്ലാത്ത കോമാളി.










                                                                            ജ്യോതി മാനുഷികം

രാവിലെ സംസ്ഥാന സ്കൂൾ കലോൽസവവാർത്തകളിലുടെ കണ്ണോടിച്ചുകൊണ്ടിരിക്കവെ നാടക മത്സരത്തിൽ സമ്മാനാർഹമായ ടീമിന്റെ പടം കണ്ടപ്പോൾ ഓർമ്മകൾ എന്നെ ഒരു 12-13 വർഷം പുറകിലേക്ക് കൊണ്ടുപോയി.
അന്ന് അഛ്ചന്റെ ജോലി സംബന്ധമായി കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. നാട്ടിൽ നിന്നുള്ള ബന്ധുക്കളോ,സുഹൃത്തുക്കളോ ആരെങ്കിലും മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തുകയാണെങ്കിൽ അവരെ പോയി കാണുക എന്നത് അഛ്ചന്റെ ഒരു പതിവായിരുന്നു.മിക്കവാറും അഛ്ചനോടൊപ്പം ഞാനും മെഡിക്കൽ കോളേജിൽ പോയിരുന്നു..പിന്നെ പിന്നെ അഛ്ചന്റെ ബന്ധുക്കളോ,സുഹൃത്തുക്കളൊ,അവരുടെ കുടുംബാംഗങ്ങളോ അവിടെ വന്നാൽ അഛ്ചനു തിരക്കുള്ള അവസരങ്ങളിൽ അവരെ സന്ദർശിക്കുക എന്നത് എന്റെ ചുമതല ആയി തീർന്നു.ആദ്യദിവസം അഛ്ചൻ എന്നെയും കൂട്ടി മെഡിക്കൽ കോളേജിൽ പോയി രോഗി കിടക്കുന്ന റൂമോ,വാർഡോ കാണിച്ചുതരും.പിന്നീടുള്ള ദിവസങ്ങളിൽ മിക്കവാറും കോളേജിൽ നിന്നും തിരികെ വരുന്ന സമയത്താണ് ഞാൻ മെഡിക്കൽ കോളേജിൽ കയറി അവരുടെ സുഖവിവരം അന്വേഷിക്കുന്നത്.നാട്ടിൽ നിന്നും ദൂരെ പട്ടണത്തിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന അവർക്ക് ഞങ്ങളുടെ സന്ദർശനം വലിയ ആശ്വാസമാണെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്നും ഞങ്ങൾക്ക് മനസിലാകാറുണ്ട്. പിന്നീട് അവർ ഡിസ്ചാർജ് ആയി പോകുന്നത് വരെ വൈകുന്നേരങ്ങളിൽ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ ഞാൻ അവിടെ കയറി വിവരങ്ങൾ അന്വേഷിച്ചു ചെല്ലണം .അത് അച്ഛന്റെ ഒരു തീരുമാനം ആയിരുന്നു. പിന്നീട് ആര് ഹോസ്പിറ്റലിൽ കിടന്നാലും അറിയാതെ ഞാൻ അവിടെയെത്താൻ തുടങ്ങി. അച്ഛൻ ചോദിച്ചാലും ഇല്ലെങ്കിലും അവരോടൊപ്പം നില്ക്കുന്നവരോട് കുറച്ചു നേരം സംസാരിച്ചു ഇരിക്കുക എന്ന ശീലം എന്നിലേക്ക് അറിയാതെ വന്നു ചേർന്നതായിരുന്നു.എന്റെ വരവും കാത്തു നിൽക്കുന്ന അവരെ കാണുമ്പോൾ അറിയാതെ പിറ്റെ ദിവസവും ഞാൻ അവിടെയെത്തിപ്പോവും
ഒരിക്കൽ അസുഖമായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ അഛ്ചന്റെ ഒരു ബന്ധുവിനെ കണ്ട് മടങ്ങുമ്പോൾ ഐ .സി യു വിന്റെ മുന്നിൽ വച്ച് ഒരു അമ്മയെയും മോനെയും കണ്ടു . നിർവികാരമായ മുഖത്തോടെ ആ അമ്മ പതിനഞ്ച് വയസ്സോളം പ്രായമുള്ള മകനെ ഒരു വീൽ ചെയറിൽ ഇരുത്തി തള്ളികൊണ്ടുവരുന്നു. വിളറി വെളുത്തു വീൽ ചെയറിൽ ചുരുണ്ട് കൂടിയിരുന്ന ആ കുട്ടി പെട്ടന്ന് അച്ഛനെ തിരിച്ചറിഞ്ഞു ..അച്ഛന്റെ കൈയിൽ പിടിച്ചു ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു."മാഷെ ....മാഷാണ് എന്റെ നാടകത്തിനു ഫസ്റ്റ് തന്നത് എന്നെ മികച്ച നടനായി തെരഞ്ഞെടുത്തത്" ..ആ മിടുക്കനെ ഒറ്റനോട്ടത്തിൽ തന്നെ അച്ഛൻ തിരിച്ചറിഞ്ഞു.മുമ്പ് അഛ്ചൻ പഠിപ്പിച്ചിരുന്ന താമരശ്ശേരി സ്കൂളിലെ വിദ്ധ്യാർത്ഥി പ്രവീണ്.രോഗവിവരം ആരാഞ്ഞപ്പോളാണു ആ അമ്മ തകർന്ന ഹൃദയത്തോടെ, നിറമിഴികളോടെ ആ ഞെട്ടിപ്പിക്കുന്ന വിവരം പറഞ്ഞത്. പ്രവീണിന്റെ അസുഖം ലുക്കീമിയ. കുറെ ദിവസമായി മെഡിക്കൽ കോളേജിൽ അഡ്മിറ്റായി ചികിത്സയിലാണ്.അഛ്ചൻ നേരത്തെ മരിച്ച പ്രവീണിന്റെ കുടുംബത്തിൽ അമ്മയും മോനും മാത്രം.മധ്യ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയ ആ കുടുംബത്തിനു കാര്യമായി ബന്ധുക്കൾ ആരും തന്നെ താമരശ്ശേരിയിലില്ല . അമ്മക്ക് മോനും, മോന് അമ്മയും മാത്രം. .രക്തം വാർന്നു തളരുന്നതിനും മുൻപ്, വാശി പിടിച്ചു കാഴ്ച്ചകൾ കാണാനായി ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു അവൻ . അടുത്ത കുപ്പി രക്തത്തിനും,മരുന്നുകൾക്കുമുള്ള കാശ് എങ്ങനെയുണ്ടാക്കും എന്ന ചിന്തിച്ചു നിൽക്കുന്ന ആ അമ്മയ്ക്ക് കയ്യിലേക്ക് പേഴ്സിൽ ഉണ്ടായിരുന്ന ചില്ലറ അടക്കമുള്ള കാശ് മുഴുവൻ കൊടുത്തു, നിറമിഴികളോടെ അച്ഛൻ എന്റെ കയ്യും പിടിച്ച് പടികൾ ഇറങ്ങിപ്പോരുമ്പോൾ "നാളെയും അവനെ കാണണം" എന്ന് മാത്രം പറഞ്ഞു.എന്റെ കൈയ്യിൽ മുറുകെ പിടിച്ച് അച്ഛൻ മുൻപോട്ടു നടക്കുമ്പോൾ, ആ അച്ഛന്റെ മകളായി പിറന്നതിൽ ഏറെ അഭിമാനിച്ച് ,നിറമിഴികളോടെ ആ കാലടികൾ ഞാൻ പിന്തുടർന്നു.
പിറ്റെദിവസവും ഞാൻ പതിവുപോലെ ബന്ധുവിനെ കണ്ടു യാത്ര പറഞ്ഞു.പ്രവീണിനെ കാണാനായി ഐ.സി.യുവിന്റെ മുൻപിൽ എത്തിയപ്പോൾ പരിചയമുള്ള ഒരു നേഴ്സ് ചേച്ചി ആയിരുന്നു അവിടെ ഡ്യൂട്ടിയിൽ.അവരോട് വിവരങ്ങൾ തിരക്കിയപ്പോളാണു കരളലിയിക്കുന്ന ആ വിവരങ്ങൾ അറിഞ്ഞത്.പ്രവീണിനെ ഏതു സമയവും മരണം തട്ടിയെടുത്തേയ്ക്കാം.ഇനി ദിവസങ്ങൾ മാത്രമേ അവന് ഈ ഭൂമിയിൽ അവശേഷിച്ചിട്ടുള്ളു.വിങ്ങുന്ന ഹൃദയത്തോടെയാണു ഞാൻ പ്രവീണിന്റെയും അമ്മയുടെയും അടുത്തേയ്ക്ക് ചെന്നത്.വിതുമ്പുന്ന മനസ്സിനെ ഞാൻ നിയന്ത്രിച്ചുകൊണ്ടിരുന്നു.അവിടെ നിന്നും ഇറങ്ങുന്നത് വരെ എന്റെ മിഴികൾ നനയരുതെന്ന് ഞാൻ സ്വയം എന്നോടു തന്നെ മന്ത്രിച്ചുകൊണ്ടിരുന്നു. .അല്പനേരം സംസാരിച്ചു കഴിഞ്ഞപ്പോൾ ആ അമ്മ "മോള് കുറച്ചു നേരം നിൽക്കുമെങ്കിൽ എനിക്ക് ആ തുണിയൊക്കെ ഒന്ന് കഴുകിയെടുക്കാമായിരുന്നു" എന്നുപറഞ്ഞു.അമ്മ തുണികൾ എടുത്തു പുരത്തേയ്ക്ക് പോയപ്പോൾ,എന്നെ ചിരിപ്പിക്കാൻ അവൻ പല തമാശകളും പറഞ്ഞു കൊണ്ടേയിരുന്നു.. സ്കൂളിലെ വിശേഷം ,കലോത്സവ വിശേഷം,അച്ഛന്റെ സ്നേഹമസൃണമായ പെരുമാറ്റം,കലോൽസവത്തിനായി അച്ഛൻ നാടകം പഠിപ്പിച്ചതും കേന്ദ്ര കഥാപാത്രമായി അവനെ തീരുമാനിച്ചതും അങ്ങിനെ അങ്ങിനെ ഒത്തിരി. ഓരോ നിമിഷവും ഉരുണ്ടു കൂടിയ കണ്ണുനീർ അവൻ കാണാതെ തടഞ്ഞു നിർത്താൻ ഞാൻ നന്നേ പാടുപെട്ടു .
മരണം തന്റെ കൂടെയുണ്ടെന്നു അറിഞ്ഞിട്ടും ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുകയാണെന്നറിഞ്ഞിട്ടും കൊണ്ടിരിക്കയാനെന്നും അറിഞ്ഞിട്ടും ഒരു നിമിഷം പോലും മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. മരണത്തെ സ്വീകരിക്കാൻ അവൻ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു.തുണിയൊക്കെ കഴുകി തിരികെയെത്തിയ അമ്മയുടെ കണ്ണുകൾ കരഞ്ഞുകരഞ്ഞ് വീർത്തിരിക്കുന്നത് ഞാൻ കണ്ടു.തുണികഴുകിക്കൊണ്ടിരുന്ന സമയം മുഴുവൻ അവർ കരയുകയായിരുന്നെന്നു എനിക്ക് മനസിലായി.അവരോടു യാത്ര പറഞ്ഞ വെളിയിൽ ഇറങ്ങിയപ്പോളെയ്ക്കും എന്റെ മിഴികൾ ഞാനറിയാതെ പെയ്യാൻ തുടങ്ങിയിരുന്നു.പിന്നീട് ഞാൻ എത്തുന്നവേളയിൽ ഒക്കെ അമ്മ എന്നെ അവന്റെ അരികിലിരുത്തി ലാബിൽ,ചായ വാങ്ങാൻ,മരുന്ന് വാങ്ങാൻ എന്നൊക്കെ പറഞ്ഞ് പോകുമായിരുന്നു.ഒരു ദിവസം ഞാൻ പോകാനിറങ്ങിയപ്പോൾ എന്റൊപ്പം വെളിയിലേക്ക് വന്നു ആ അമ്മ പറഞ്ഞു."മോളെ ഞാൻ മോള് വരുമ്പോൾ വെളിയിലേക്ക് പോകുന്നത് ഒന്നുമുണ്ടായിട്ടല്ല, ഒന്ന് മനസ്സ് തുറന്നു കരയാനാ.അവന്റെ മുന്നില് വച്ച് എന്റെ കണ്ണ് നിറഞ്ഞാൽ പോലും അവനെന്നെ വഴക്ക് പറയും".
അച്ഛന്റെ ബന്ധു അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടും ഞാൻ പ്രവീണിനെ കാണാൻ എല്ലാ ദിവസവും ചെന്നുകൊണ്ടിരുന്നു.ബന്ധുക്കൾ ആരും തന്നെ അവരെ അന്വേഷിച്ചു വന്നതായി എനിക്ക് അറിയാൻ കഴിഞ്ഞില്ല.പ്രവീണിനെയോ,പതിനഞ്ച് വയസ്സുവരെ പൊന്നുപോലെ നോക്കി വളർത്തിയ ഏകമകൻ മരിക്കാൻ പോകുന്നു എന്നറിഞ്ഞിട്ടും എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി നില്ക്കുന്ന ആ അമ്മയെയോ ആശ്വസിപ്പിക്കാനോ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല.ഓരോ ദിവസം കഴിയുംതോറും
പ്രവീണിന്റെ കൂട്ടുകാരും അധ്യാപകരും നാട്ടുകാരുമൊക്കെ അവനെ കാണാൻ വന്നു തുടങ്ങി.തിരക്കില്ലാത്ത ദിവസങ്ങളിൽ ഡോക്ടറുടെ പ്രത്യേക അനുവാദം വാങ്ങി എനിക്ക് പാട്ടുകൾ പാടിതരും.ഒരു ദിവസം ആരോ കൊടുത്ത ഒരു ചെറിയ കീ ബോർഡ് എന്നെ വായിച്ചു കേൾപ്പിക്കാൻ അവൻ കാത്തിരുന്നു.എന്നാൽ അന്ന് ക്ലാസ്സില്ലാത്ത ദിവസമായതിനാൽ എനിക്ക് പകരം അച്ഛനും അനിയത്തിമാരുമായിരുന്നു ആശുപത്രിയിൽ പോയത്. പിറ്റെ ദിവസം ഞാൻ ചെല്ലുമ്പോഴേക്കും ബ്ലഡ് കയറ്റാൻ കിടത്തിയിരുന്നു.കരഞ്ഞു വീർത്ത കണ്ണുമായി നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല.
പിന്നീടൊരു ദിവസം പോലും പുറത്തേക്കു വരാനോ, പാടാനോ,കീ ബോർഡ് ഒരുതവണയെങ്കിലും എന്നെ വായിച്ചു കേൾപ്പിക്കാനോ അവനു കഴിഞ്ഞില്ല...ചില്ല് കൂട്ടിലെ കർട്ടൻ മാറ്റി കൈ കൊണ്ട് ആംഗ്യം കാണിക്കുന്ന അവന്റെ മുന്നിൽ എന്നും മുടങ്ങാതെ പോയി,ആ അമ്മയെ കണ്ടു തിരിച്ചു പോരും.ഒരു ദിവസം എനിക്ക് കോളേജിൽ പോകാൻ തോന്നിയില്ല,പകരം ആശുപത്രിയിൽ പോയി പ്രവീണിനെ കാണണമെന്ന് തോന്നി.എന്തോ ഒരുൾവിളി പോലെ. അച്ഛനോടു പറഞ്ഞപ്പോൾ അച്ഛനും വരാമെന്ന് പറഞ്ഞു.ഞങ്ങൾ ചെല്ലുമ്പോൾ ഭൂമിയെന്ന രംഗവേദിയിലെ നാടകം മതിയാക്കി അവൻ വിണ്ണിലെ രാജകുമാരന്റെ വേഷം കെട്ടിയാടുന്നതിനായി മാലാഖമാരുടെ ചിറകിലേറി യാത്രയായിരുന്നു.

Wednesday, January 21, 2015

അജിത


                                                                                                                ഷാജി കുന്നിക്കോട്

അവിചാരിതമായിട്ടാണ് ഞാന്‍ അജിതയെ കണ്ടത്.എന്‍റെ സുഹൃത്ത് ബഷീര്‍ പത്തനാപുരത്ത് നടത്തിയിരുന്ന തയ്യല്‍ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തില്‍ ജോലിയായിരുന്നു അവള്‍ക്ക്. . കറുപ്പിന്‍റെസൗന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത സുന്ദരി കുട്ടി. ഒരു പാവപ്പെട്ട കുടുംബത്തിലെ ഒരേ ഒരു മോള്‍ പ്രായം ഇരുപത്തഞ്ചു കഴിഞ്ഞെങ്കിലും വിവാഹം കഴിഞ്ഞിരുന്നില്ല. വീട്ടിലെ കഷ്ടപ്പാടുകളും മറ്റും അവള്‍ എന്നോട് പലപ്പോഴായി പറയാറുണ്ടായിരുന്നു.മലയാള നടി ജയഭാരതിയുടെ രൂപമായിരുന്നു അവള്‍ക്ക്. മാതാപിതാക്കള്‍ ഹൈവെയുടെ സൈഡില്‍ ഒരു ചെറിയ കുടില്‍കെട്ടി അവിടെ ചായക്കട നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. സംസാരത്തിനിടയില്‍ ഒരിക്കല്‍ ഞാന്‍ പറഞ്ഞു.., നീ ജയഭാരതിയല്ലേ ... അധികം താമസിക്കാതെ ഒരു പ്രേം നസീര്‍ നിന്നെ കല്ല്യാണം കഴിക്കാന്‍ എവിടെ നിന്നെങ്കിലും പറന്നെത്തും അന്ന് നിന്‍റെ വല്യേട്ടന്‍ ആയി അരികില്‍ ഞാന്‍ ഉണ്ടാവും., അതുകേട്ടു ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു..ഇക്കായുടെ വാക്കുകള്‍ പൊന്നായി തീരട്ടെ.എനിക്ക് പിറക്കാതെ പോയ ഒരു ചേട്ടനെ ഞാന്‍ ഇക്കായില്‍ കാണുന്നു.എന്തിനാണ് ഇക്ക ഇങ്ങനെ സങ്കല്‍പ്പിക്കുന്നത്...? പ്രേം നസീര്‍ വന്നെന്നെ കെട്ടിക്കൊണ്ടു പോയില്ലെങ്കിലും... മാലാഖമാര്‍ വന്നു കൂട്ടികൊണ്ട് പോകുമ്പോള്‍ ഇക്ക എന്‍റെ അരികില്‍ ഉണ്ടാവണം അതാണ്‌ എന്‍റെ ആഗ്രഹം..,ഒരു തമാശപറച്ചിലായി അത് കരുതി.
നാളുകള്‍കൊഴിഞ്ഞു...എനിക്ക് ജോലിയില്‍ തിരക്കുകാരണം അവിടെക്കുള്ള യാത്രകള്‍ കുറഞ്ഞു.എങ്കിലും ഇടയ്ക്ക് ബഷീര്‍ വിളിക്കുമ്പോള്‍ അജിതയുടെ വിവരം ഞാന്‍ചോദിക്കുമായിരുന്നു.അവിവാഹിതയായി ഇയാളുടെ അനിയത്തി ഇവിടെ തന്നെയുണ്ടെന്ന് അയാള്‍ എന്നോട് പറയുമായിരുന്നു...,
രണ്ടു വര്‍ഷംകഴിഞ്ഞു. മെനിഞ്ചൈറ്റിസ് എന്ന രോഗം എനിക്ക് പിടിപെട്ടു..വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എന്നെ അഡ്മിറ്റു ചെയ്തു.ഈ ലോകവും ..എല്ലാ ബന്ധങ്ങളും വിസ്മ്രിതിയുടെ പടിവാതിലില്‍ വെച്ചിട്ട് ഞാന്‍ ശാന്ത സുന്ദരമായ തീരങ്ങളില്‍ ജീവിക്കാന്‍ തുടങ്ങി...ഐ സി യു വിന്‍റെ ശീതീകരണത്താല്‍ എന്‍റെ മനസും ശരീരവും തണുത്തുറഞ്ഞു..ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു വരവില്ല എന്ന് ഡോക്ടര്‍മാര്‍ വിധിച്ചു.കൊട്ടിയടച്ച ജാലകക്കൂട്ടില്‍ എത്തും മുന്‍പ് അവസാനമായി എന്‍റെ ഭാര്യയെ എപ്പോഴാണ് ഒന്ന് കണ്ടത് എന്ന് ചിന്തിക്കാന്‍ പോലും ഉള്ള ഓര്‍മ്മ എനിക്കില്ലായിരുന്നു.
ഒടുവില്‍ സ്നേഹബന്ധങ്ങളുടെ കണ്ണീരിനു മുന്നില്‍ എന്നെ കൂട്ടികൊണ്ട് പോകാന്‍ വന്നവര്‍ പതറിനിന്നു...ദാനം കിട്ടിയ പുനര്‍ജന്മവുമായി ഞാന്‍ ആശുപത്രി വിട്ടു.
രണ്ടു മാസങ്ങള്‍ കഴിഞ്ഞു..ശരീരം പിച്ചവെച്ചു നടക്കാന്‍ തുടങ്ങി..മനസ്സിനെ തിരികെ കൊണ്ടുവരാന്‍ ഞാന്‍ പരിശ്രമിച്ചു..സമയമുള്ളപ്പോള്‍ എന്‍റെ ഭാര്യ റെമി അടുത്തിരുന്നു ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ അവിടെ നടന്നിട്ടുള്ള വിശേഷങ്ങള്‍ പറയുമായിരുന്നു..കാരണം അവിടെ നടന്ന ഒരു സംഭവങ്ങളും എനിക്കറിയില്ലായിരുന്നു...അബോധാവസ്ഥയില്‍ ആയിരുന്നു ഞാന്‍.കൂട്ടത്തില്‍ ഒരിക്കല്‍ പറഞ്ഞു ഐ സി യു വില്‍ എന്‍റെ തൊട്ടടുത്ത ബെഡ്ഡില്‍ കിടന്നു മരിച്ച എട്ടുമാസം ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയെക്കുറിച്ച്.ഡെങ്കിപ്പനിപിടിപെട്ട് ഗുരുതരാവസ്ഥയില്‍ ആണ് ആ കുട്ടിയെ ഐ സി യു വില്‍ പ്രവേശിപ്പിച്ചത്.പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു.കൂടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പകല്‍ സമയത്ത് അച്ഛനും ഭര്‍ത്താവും ജോലിക്ക് പോകും. രാത്രിയില്‍ ആരെങ്കിലും ഒരാള്‍ കൂട്ടിനു വരും. ഇതിനിടയില്‍ ഒന്നും അറിയാതിരുന്ന ആ അമ്മയെ സഹായിച്ചത് റെമി ആയിരുന്നു.. ഐ സി യു വില്‍ എന്‍റെ ആവശ്യത്തിനു വേണ്ടി വാങ്ങി വെച്ചിരുന്ന പല സാധനങ്ങളും അവള്‍ ഈ കുട്ടിയ്ക്കായി നല്‍കിയിരുന്നു.അവള്‍ക്കു ആശുപത്രിയില്‍ നിന്നും കുറിച്ച് കൊടുത്തിരുന്ന ടെസ്റ്റ്‌കള്‍ എല്ലാം പലയിടങ്ങളിലായി കൊണ്ട് നടത്തിയതും റെമി ആയിരുന്നു. പക്ഷെ അഞ്ചാം നാള്‍ ആ പെണ്‍കുട്ടി മരിച്ചു...എട്ടു മാസം ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി മരിച്ചപ്പോള്‍ എല്ലാവര്‍ക്കും അത് വലിയ വിഷമമായി....ഇങ്ങനെ പല സംഭവങ്ങളും റെമി എന്നോട് പറഞ്ഞിരുന്നു.
അന്ന് ബഷീര്‍ എന്നെ കാണുവാനായി വീട്ടില്‍ വന്നു...കുറേനേരം ഞങ്ങള്‍ പഴയകാര്യങ്ങള്‍ ഒക്കെ പറഞ്ഞു...എന്‍റെ മനസ്സിനെ വീണ്ടെടുക്കുക ആയിരുന്നു...സംസാരത്തിനിടയില്‍ ബഷീര്‍ പറഞ്ഞു...ഷാജി ഒന്ന് നോര്‍മ്മല്‍ ആയിട്ട് പറയാമെന്നു കരുതിയതാണ് ..ഇയാളുടെ അനിയത്തി അജിത മരിച്ചു..എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.....,
ഷാജി ആശുപത്രിയില്‍ കിടന്ന സമയത്താണ് സംഭവം. കഴിഞ്ഞ വര്‍ഷം അജിതയുടെ വിവാഹം കഴിഞ്ഞിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡെങ്കിപ്പനി വന്നു.അങ്ങനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റു ചെയ്തു അവിടെ വെച്ചാണ് മരിച്ചത്.
ഉടനെ ഞാന്‍ റെമിയോട് അന്ന് മരിച്ച പെണ്‍കുട്ടിയുടെ പേരും സ്ഥലവും ചോദിച്ചു....അവളുടെ മറുപടി കേട്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാനിരുന്നു...
അതെ..എന്‍റെ അനിയത്തികുട്ടി അവളുടെ ആഗ്രഹം സാധിച്ചു മാലഖമാര്‍ അവളെ കൂട്ടിക്കൊണ്ടു പോകാന്‍ നേരം അവളുടെ അരികില്‍ ഞാന്‍ ഉണ്ടായിരുന്നു..അരുതേ എന്ന് പറയാനാവാതെ......!

Tuesday, January 20, 2015

തെക്കേ മൂലയിലെ ചാത്തന്‍











                                                                                         പോള്‍സണ്‍
ചാത്തനേറ് എന്ന എന്റെ പുസ്തകത്തീൻറ പേര് കണ്ടിട്ട് സംവിധായകൻ മെക്കാർട്ടിൻ എന്നോട് ചോദിച്ചൂ, ഇതുപോലൊരു നൊസ്റ്റാൾജിക് നെയിം തിരഞ്ഞെടുക്കാൻ എന്താണ് കാരണം എന്ന്. ബാല്യത്തിൽ തറവാടിന്റെ പടിഞ്ഞാറേതിലെ വിളമക്കുട്ടി വല്ല്യമ്മ വിവാഹിതരാവാത്ത ആണ്മക്കൾ പണികഴിഞ്ഞു വരണ വരെ തറവാടിൻറുമ്മറത്ത് എൻറമ്മുമ്മയോട് നേരംകൊല്ലാൻ വന്നിരിക്കാറുണ്ടായിരുന്നൂ , വിളമക്കുട്ടി വല്ല്യമ്മയുടെ നേരംപോക്ക് കഥ കളിലെ കഥാപാത്രങ്ങൾ ആയ ചാത്തൻ, മറുത, ചിറമല്ലൻ , ഒറ്റമുലച്ചി , ഈനാംപേച്ചി മുതൽ പേരായവരെ മുന്നിൽ നിറുത്തിയാണ് അമ്മച്ചി പലപ്പോഴും എന്നേയും അനുജത്തിമാരെയും ഊട്ടാറുളളതും. അങ്ങിനെ എന്നെ വിടാതെ പിന്നാലെ കൂടിയ ചാത്തനെ ക്കുറിച്ച് ഞാൻ മെക്കാർട്ടീനോട് പറഞ്ഞു.
വിളമക്കുട്ടി വല്ല്യമ്മയുടെ വീട്ടുമിറ്റത്തെ കുളത്തിൽ ഈനാംപേച്ചി ചാടിത്തിമിർത്ത് പച്ചകലക്കിയത് എന്നെ കാണിച്ചു തന്നിട്ടുണ്ട് അതോടെ ചാത്തനും മറുതയും ഒറ്റമുലച്ചിയുമൊക്കെ അന്തിയുറക്കത്തീൽ ജീവനോടെ എൻറ മുന്നിൽ വരാൻ തുടങ്ങീ. മണ്ണെണ്ണ വിളക്കിൻറ മങ്ങിയ വെളിച്ചത്തിൽ നിന്നും വിളമക്കുട്ടി വല്ല്യമ്മ തുറന്നു വിട്ട ചാത്തനും പരിവാരങ്ങളും എൻറ ഹൈസ്കൂൾ ജീവിതം കഴിഞ്ഞിട്ടും എന്നെ വിട്ട് പോയില്ല.
ആയിടയ്ക്കാണ് അശനിപാതംപോലെ ഒരു വാർത്ത ആളുകളെ ഭയപ്പെടുത്തി നാടൊട്ടുക്കും പരന്നത് രാത്രികാലങ്ങളീൽ ചാത്തൻറ ആക്രമണം രൂക്ഷമായി വരുന്നൂ. സെക്കൻറ് ഷോ സിനിമ കഴിഞ്ഞ് തനിച്ചു വീട്ടിലേയ്ക്ക് മടങ്ങിയ ചിലർ നീണ്ട വാലുള്ള കറുത്തു കുറുകിയ ചാത്തനെ കണ്ടു പോലും . നാട്ടിൽ പിന്നീട് ചാത്തൻറ രൂപത്തേക്കുറിച്ച് കലശലായ ചർച്ചകൾക്ക് കളമൊരുങ്ങീ. ചിലർ വാറ്റുചാരായവും കരിമ്പിൻ തണ്ടും പൂജിച്ചു നിവേദിച്ചിട്ടും ഫലമുണ്ടായില്ല
ചാത്തനാവട്ടെ കൊഴുത്തുരുണ്ട ആട്ടിൻ കുട്ടികൾ , പയ്കിടാക്കൾ ,നല്ല മുഴുപ്പുളള നാളികേരങ്ങൾ ഇത്യാതി കൈപ്പിടിയിലൊതുങ്ങുന്ന വസ്തുവകകളോട് അടങ്ങാത്ത പൂതിയായിരുന്നൂ .എന്നിരുന്നാലും തൻറ നിത്യ ക്രിയകളിലൊന്നായ പുരപ്പുറത്ത് കല്ലെറിയുക എന്ന ചടങ്ങിനു ശേഷമേ എന്തും കൈക്കലാക്കിയിരുന്നുളളൂ.
അപൂർവ്വമായി ചില വീടിൻറ കോലായിയിൽ വിസ്തരിച്ച് അപ്പിയിട്ടു വയ്ക്കാനും ചാത്തൻ മുതിർന്നിട്ടുണ്ട്.
പൂജകളിലും വഴിപാടുകളിലും വഴങ്ങാതിരുന്നപ്പോഴാണ് നാട്ടിലെ പ്രമാണികള്‍ പോലീസിൽ പരാതി പ്പെട്ടത് പരാതി ബോധിപ്പിക്കാൻ പോയ പ്രമാണി ക്കൂട്ടത്തിന്റെ നേതാവ് എന്ന നിലയ്ക്ക് അപ്പനോട് എസ് ഐ നഷ്ട കണക്കുകൾ ചോദിച്ചൂത്രേ . കൊപ്രപ്പുരയിൽ നിന്നും ഉണക്കിപാകമാക്കി ആലുവ ചന്തയിൽ കൊടുക്കാൻ വച്ചിരുന്ന മൂന്നൂ ചാക്ക് കൊപ്രയാണത്രേ പലപ്പോഴായി ചാത്തൻ കൈക്കലാക്കിയത് നഷ്ടകണക്കെഴുതി കടലാസു നിറഞ്ഞപ്പോഴാണ് നൈറ്റ് പട്രോളിങ്ങിന് ഒരാളെ വിടാമെന്ന് ഏമാൻ സമ്മതിച്ചത്.
ചാത്തൻറ വീരോചിതമായ പരിലാസങ്ങൾ തുടങ്ങുംമുൻപേ വിളമക്കുട്ടി വല്ല്യമ്മയുടെ രണ്ടാൺമക്കളും കല്ല്യാണം കഴിച്ചിരുന്നൂ അതിൽപിന്നെ വന്നു കയറിയ മരുമക്കളുടെ പോരു തീർക്കാൻ സമയം തികയാതെ വരികയും വിളമക്കുട്ടി വല്ല്യമ്മ വീട്ടിലേയ്ക്ക് വരാതാവുകയും ഈനാം പേച്ചികൾ കുളം കലക്കാതാവുകയും ചെയ്തു ഉണ്ടായ മുപ്പതു സെൻറ് വസ്തു മക്കളുടെ പേരിലേക്ക് എഴുതിക്കൊടുത്ത് ഏകദേശം രണ്ടുമാസം ആയപ്പോഴേയ്ക്കും വിളമക്കുട്ടീ വല്ല്യമ്മ തുറന്നു വിട്ട പരിവാരങ്ങളോടുകൂടി പരംലോകം പൂകി അതിനുശേഷമാണ് കൂട്ടത്തിൽ നിന്നും തിരിച്ചെത്തിയ ചാത്തൻ ഇത്തരുണം അഴിഞ്ഞാട്ടം തുടങ്ങിയത്
മൂക്കിനു താഴെ മിനുസ്സമുളള രോമക്കിളിർച്ച തുടങ്ങിയ ഞങ്ങളെ പ്പോലുളള ചുണക്കുട്ടികൾ വൈകുന്നേരങ്ങളിൽ സൊറ പറച്ചിലിനു ചേരുന്ന പശ്ചായത്തു റോട്ടിലെ സിമൻറു കലുങ്കിലേയ്ക്കും ചാത്തൻ വന്നൂ. അവിടെന്നു എടുത്ത തീരുമാന പ്രകാരമാണ് ഞാനടക്കം 8 പേരടങ്ങുന്ന ജാഗ്രതാ സമിതിക്ക് രൂപം കൊടുത്തത് നിശ്ചിത സ്ഥലങ്ങളിൽ അധീവ രഹസ്യമായി രണ്ടു പേരുളള ഗ്രൂപ്പുകളായി നാലിടത്ത് നിലയുറപ്പിക്കുക.
വടക്കേതിലെ സരോജിനി ചേച്ചിയുടേ രണ്ട് ആൺമക്കളും (സുരയും, രമേശനും) ആവശ്യമുളള ആയുദ്ധങ്ങൾ തരപ്പെടുത്താമെന്നേറ്റു കമ്പനി കുട്ടൻ (എഫ് എ സി ടി കമ്പനിയിൽ ജോലി ലഭിച്ചതോടെ നാട്ടുകാർ സ്നേഹത്തോടെ നൽകിയ പേര്) എട്ടു പേർക്കും വിസിലുകൾ ഓഫർ ചെയ്തു , ആരെങ്കീലും ചാത്തനെ കാണുന്ന മുറയ്ക്ക് വിസിലടിച്ച് മറ്റുളള വരെ അറിയിക്കുക എന്നതായിരുന്നൂ തീരുമാനം തെക്കേലെ കൃഷ്ണേട്ടൻറ മകൻ സുന്ദരന് ഓപ്പറേഷൻറ വിശദാംശങ്ങൾ അപ്പപ്പോൾ എല്ലാവരെയും അറിയിക്കുക എന്ന ചുമതലയായിരുന്നൂ ഞാനും വിശ്വംഭരനും ആൽബിയും ബെന്നിയും അധികം ദൂരത്തല്ലാതെ നിലയുറപ്പിക്കാനും തീരുമാനിച്ച് യോഗം പിരിഞ്ഞുപോയി ആദ്യ ദിവസം ചാത്തൻ വന്നില്ല രണ്ടാമത്തെ ദിവസം ജാഗ്രതാ സമിതിയുടെ നിരീക്ഷണ സമയം കഴിഞ്ഞപ്പോൾ ചാത്തൻ എൻറ പെരപ്പുറത്ത് കല്ലെറിയുകയും വടക്കേലെ സരോജിനി ചേച്ചീടെ ആടിനെ കൊണ്ടു പോകുകയും ചെയ്തു മൂന്നാം ദിവസം രാവിലെ എൻറ പറമ്പിൻറ തെക്കേ മൂലയീൽ നിന്നും പാരഗൻറ വളളിച്ചെരുപ്പ് പുത്തനൊരെണ്ണം കളഞ്ഞു കിട്ടീ ചാത്തൻറ വള്ളീച്ചെരുപ്പ് കണ്ട അമ്മച്ചി ഉടനെ പറഞ്ഞൂ ചാത്തനും റബർ ചെരുപ്പാ ഇഷ്ടം.
നാലാം ദിവസമാണ് വരാപ്പുഴ പോലീസ് ചാത്തനെ തൊണ്ടിമുതലോടെ പിടികൂടീയത് അതും ജാഗ്രതാ സമിതി പിരിഞ്ഞു പോയതിനു ശേഷം നാളികേരം ചാക്കിലാക്കി നടന്നു പോകുകയായിരുന്ന ചാത്തന് പോലീസിനെ അപ്രതീക്ഷിതമായി കണ്ടപ്പോൾ ഓടാനായില്ല തെളിവെടുപ്പിനു ചാത്തനെയും കൊണ്ട് എൻറ പറമ്പിൻറ തെക്കേ മൂലയ്ക്ക് ഒറ്റച്ചെരുപ്പെടുപ്പിക്കുമ്പോഴാണ് ജീവിതത്തിലാദ്യമായി ഞാൻ ചാത്തനെ കണ്ടത് - അത് തെക്കേലെ കൃഷ്ണേട്ടൻറ മോനും ജാഗ്രതാ സമിതിയുടെ മുഖ്യ ഉപദേഷ്ടാവുമായ സുന്ദരനായിരുന്നു. വാർഡ് മെമ്പറെ ക്കൂട്ടി കൃഷ്ണേട്ടൻ സുന്ദരനെ ജാമ്യത്തിലിറക്കി ജാമ്യം കൊടുക്കാൻ നാലു ദിവസം വേണ്ടി വന്നൂ .വരാപ്പുഴ പശ്ചായത്തിലെ തെളിയാതെ കിടന്ന മോഷണക്കേസുകൾക്ക് തുമ്പുണ്ടാക്കിയതു കൊണ്ടാവണം സുന്ദരൻ വീട്ടിലെത്തിയ പാടെ ചോര ഛര്‍ദ്ദിച്ചു. കമ്പനിക്കുട്ടനാണ് ആദ്യം പറഞ്ഞത് വേണ്ടായിരുന്നൂ. ഞാൻ സുരയേയും രമേശനേയും നോക്കീ അവരും പറഞ്ഞൂ വേണ്ടായിരുന്നൂ
ആൽബിയാണ് പറഞ്ഞത് നമ്മുക്കവനെ ആശുപത്രീൽ കൊണ്ടുപോകാം. അന്തിക്ക് പഞ്ചായത്ത് കലുങ്കിലെ മീറ്റിങ്ങിനു മുൻപേ കൃഷ്ണേട്ടൻ സുന്ദരനെ ആശൂപത്രിയിലാക്കി. പിറ്റേന്ന് നാടുമുഴുവൻ ആ വാർത്ത പരന്നൂ സുന്ദരന് രക്താർബുദം കേട്ടവർ കേട്ടവർ ചാത്തനെ മറന്നൂ. അവന്റെ കല്ലേറും മോഷണവും മറന്നു ലക്ഷങ്ങൾ മുടക്കേണ്ടിവരും രക്ഷകിട്ടാൻ. പഞ്ചായത്തുകലുങ്കില്‍ യോഗങ്ങൾ കൂടിക്കൂടി വന്നൂ .പിരിവു നടത്താം യോഗം തീരുമാനമെടുത്തു .ഞാൻ നൂറു രൂപ തരാം ആൽബി ആദ്യ ഗഡുവായി 50 രൂപ തന്നൂ. തകൃതിയായ പിരിവുകൾ കൊണ്ട് 7000 രൂപ സമാഹരിച്ച് കലുങ്ക് സമിതി സുന്ദരൻറ അച്ഛനെ കണ്ട് തുക കൈമാറാനിരിക്കെയാണ് സർക്കാരാശുപത്രീടെ ആമ്പുലൻസിൽ വെളള പുതപ്പിച്ച സുന്ദരനെ ഏറ്റിക്കൊണ്ടു വന്നത് .
ആരുടെയും സഹായത്തിനോ സൌജന്യത്തിനോ കാത്തു നില്‍ക്കാതെ സുന്ദരന്‍ യാത്രയായി. തന്റെയും കുടുംബത്തിന്റെയും ഒരു നേരത്തെ വിശപ്പടക്കാനാവും അവന്‍ ഈ ചാത്തന്‍ വേഷമണിഞ്ഞത്. വിശപ്പ് അഭിമാനത്തിലും വലുതാണല്ലോ.
വിളമക്കുട്ടീ വല്ല്യമ്മ തുറന്നു വിട്ട ചാത്തൻ എൻറ കവിതാ സമാഹാരത്തിൻറ ചട്ടപ്പുറത്തുണ്ടെങ്കിലും സുന്ദരനെക്കുറിച്ചു മാത്രം ഞാൻ മെക്കാർട്ടിനോടു പറഞ്ഞില്ല. അവനിപ്പോഴും എൻറ മനസ്സിൻറ ജാഗ്രതയിൽ ഒരൊറ്റച്ചെരുപ്പായി തെക്കേ മൂലയിൽ ഇപ്പോഴുമുണ്ട്

ഇത് ആര്‍ക്കു വേണ്ടി















                                                                                                                                 പ്രിയാ ഉദയന്‍

" ഹാപുര്‍', ഉത്തര്‍പ്രദേശില്‍ ഗാസിയാബാദ് ജില്ലയിലെ ഒരു കൊച്ചു ഗ്രാമം, നിഷ്ക്കളങ്കമായ മനസുപോലെ. വാര്‍ത്താ മാധ്യമങ്ങളുടെ അതി പ്രസരമില്ല , , വിദ്യാസമ്പന്നര്‍ തീരെ കുറവ്; പച്ചകറികളുടെ സമൃദ്ധികൊണ്ടും ഗോതമ്പ് വിളയുന്ന വയലേലകള്‍ കൊണ്ടും, സുവര്‍ണ്ണനിറമാര്‍ന്ന ഗ്രാമം. തികച്ചും സ്വാതന്ത്ര്യത്തോടെ പറക്കുന്ന മയിലിനെ ഞാനാദ്യമായ് കണ്ടതവിടെയാണ്. നമ്മുടെ നാടുപോലെ തന്നെ. കര്‍ഷകരാണവിടെയും കൂടുതല്‍. അങ്ങിങ്ങായ്‌ ചിതറി മറ്റു സ്ഥാപനങ്ങളും ഉണ്ട് . സൈക്കിള്‍ റിക്ഷാക്കാരെയും പാൽക്കാരെയും കണ്ടു മിഴിതുറക്കുന്ന നാട്. ഉത്തർപ്രദേശിലെ ഈ മനോഹര ഗ്രാമത്തിൽ ടീച്ചര്‍മാരായി ജോലി ചെയ്യുകയായിരുന്നു ഞങ്ങൾ എട്ടുപേര്‍.
ഡല്‍ഹി ആഗ്ര റൂട്ടിലെ ഒരു ഫ്ലാറ്റിന്‍റെ മുകളിലത്തെ നിലയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്നത്തേയും പോലെ വൈകുന്നേരമൊന്നു പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ കണ്ടത് കടകള്‍ ധൃതിപിടിച്ചു പൂട്ടുന്നതും, തിരക്കിട്ട് പോകുന്ന ജനങ്ങളെയുമാണ്. ആ നിശബ്ദതയില്‍ വല്ലാത്തൊരു ഭീതി ഞങ്ങള്‍ക്കനുഭവപ്പെട്ടു. അതിന്‍റെ കാരണം തിരക്കിയ ഞങ്ങളോട് ഒരു റിക്ഷവാല പറഞ്ഞു, "'ബാബറി മസ്ജിദ് തകര്‍ത്തിരിക്കുന്നു! അയോധ്യയില്‍ കര്‍സേവകര്‍ മസ്ജിദിന്റെ മൂന്നു മകുടവും തകര്‍ത്തു തരിപ്പണമാക്കി. ഹാപുരില്‍ ഒരു കാളീക്ഷേത്രം മുസ്ലീമുകള്‍ ബോംബു വച്ചു തകര്‍ത്തു, ബീബിജി നമ്മുടെ ഗള്ളിയിലെക്കും കുറെ ആളുകള്‍ കടന്നിട്ടുണ്ടെന്നാണ് പറയുന്നത്‌. അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെത്രേ. പലസ്ഥലങ്ങളിലും അക്രമം പൊട്ടിപുറപ്പെട്ടിട്ടുണ്ട്‌". ഞങ്ങളുടെ ചങ്കിടിക്കാന്‍ തുടങ്ങി. ഭയം മനസ്സില്‍ ഇരച്ചിറങ്ങി. കാലു മുതല്‍ തല വരെ ഒരു മരവിപ്പ്.
1992 ഡിസംബര്‍ 6. അതൊരു ഭീകരദിനമായിരിക്കും എന്ന് കരുതിയിരുന്നില്ല. പെട്ടെന്ന് തന്നെ അന്തരീക്ഷം വഷളായി. പോലീസ് വാഹനങ്ങളും, പട്ടാള ജീപ്പുകളും പായാന്‍ തുടങ്ങി. കുതിരപ്പുറത്തു പായുന്ന പട്ടാളക്കാര്‍, റോഡിലാകെ കുതിരക്കുളമ്പടിയുടെയും പോലീസ് വാഹനങ്ങളുടെയും ഒച്ചപ്പാടുകള്‍. കുതിരകളെ കണ്ടാല്‍ പോലും ഭയം തോന്നും. അവയുടെ കാലിനോളം പൊക്കമേ ഒരു മനുഷ്യന് കാണൂ. പുറകെ വരുന്നു അനൗൺസ്മെന്റ് .'കര്‍ഫ്യൂ പ്രഖ്യാപിച്ചു' "നാലാള്‍ കൂടി നില്‍ക്കരുത്, കൂടി നടക്കരുത്, കട കമ്പോളങ്ങള്‍ അടയ്ക്കണം, വാഹനങ്ങള്‍ ഓടരുത്". അന്തരീക്ഷവും ആകെ ഇരുണ്ടു മൂടി നില്‍ക്കുന്നു. പ്രകൃതിയും ദു:ഖിക്കുന്നുണ്ടാവും,
ഭയത്തോടെ ഞങ്ങളും വീടിന്റെ വാതിലടച്ചു . ജനാലകള്‍ പോലും തുറക്കരുതു എന്നാണ് പറയുന്നത് . മൂന്ന് വീടുകള്‍ ചേര്‍ന്ന ഞങ്ങളുടെ ഫ്ലാറ്റിലെ തൊട്ടടുത്ത വീട്ടുകാര്‍ വാതില്‍ പൂട്ടി അകത്തുപോയി. പിന്നെയുള്ളത് സദാര്‍ജി മാത്രമാണ്. പക്ഷെ മിക്കപ്പോഴും അദേഹം കാണില്ല, രാത്രിയിലെങ്ങാനും കിടക്കാനായി മത്രം വന്നാലായി. ആരോടും ഒന്നും തിരക്കി അറിയാനാവാതെ വീട്ടിനുള്ളില്‍ ഞങ്ങള്‍ പരിഭ്രാന്തരായിരുന്നു. അക്രമങ്ങള്‍ ഇവിടെയും ഉണ്ടാവുമോ? കര്‍ഫ്യൂ എങ്ങിനെയാവും? വല്ലാത്തൊരു ഭയം. മനോവിഷമത്തോടെ അത്താഴമുണ്ടെന്നു വരുത്തി ഞങ്ങൾ കിടന്നു. ആര്‍ക്കും ഉറക്കം വന്നില്ല. കിടക്ക കാണുമ്പോഴേക്കും ഉറങ്ങുന്ന ഗീത അന്ന് കണ്ണും മിഴിച്ചു കിടക്കുന്നതു കണ്ടു. ഭയത്തിന്റെ നൂലുകള്‍ ഞങ്ങളെ മിണ്ടാനവത്തവണ്ണം വരിഞ്ഞു മുറുക്കിയിരിക്കുന്നു.
ഉച്ചഭാഷിണിയിലൂടെ പോലീസ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പാതി തുറന്നു വച്ച ജനലിലൂടെ പാല്‍ കച്ചവടക്കരോടും റിക്ഷക്കാരോടും ജാതി ചോദിച്ചു മര്‍ദ്ദിക്കുന്ന പോലീസുകാരെ ഞങ്ങള്‍ കണ്ടു. മുസല്‍മാന്‍ ആയാലും ഹിന്ദു ആയാലും ലാത്തികൊണ്ടടിച്ച് അവര്‍ പായിച്ചു. എങ്ങും തീയും പുകയും അക്രമവും. താഴെ ഒരു കാളിക്ഷേത്രമുണ്ട്. ഇന്നലെവരെ അതൊരു സമാധാനമായിരുന്നെങ്കില്‍ ഇന്നതൊരു മഹാവ്യാധി പോലെ തോന്നി. ഹിന്ദുക്കളും മുസ്ളീങ്ങളും ചേരിതിരിഞ്ഞ് അക്രമം നടത്തുന്നു. ഒരു പക്ഷത്തിനെ തോല്‍പ്പിക്കാന്‍ മറുപക്ഷം വിളഞ്ഞു കിടക്കുന്ന ഗോതമ്പ് പാടത്തിനു തീയിടുന്നു. നമ്മുടെ നാട് എത്ര സുന്ദരമെന്ന എല്ലാവരുടെയും ആത്മഗതം ദീര്‍ഘനിശ്വാസങ്ങളായി. കഷ്ടപ്പാടും നഷ്ടവും കൊണ്ട് ദുരിതത്തിലായത് ജനങ്ങളാണ് .
ഞാന്‍ പഠിപ്പിക്കുന്നതിനോടൊപ്പം പഠിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും ഉറങ്ങി കഴിഞ്ഞേ പഠിക്കാന്‍ ഇരിക്കൂ. ഉള്ളിലെ ഭയത്തിനെ ആട്ടിയോടിക്കാന്‍ ഒരു പുസ്തകത്തിലേക്ക് ഊളിയിട്ടു, നല്ല തണുപ്പുണ്ട് രാത്രി ആകെ നിശബ്ദം എത്ര നേരം വായിച്ചുവെന്നറിയില്ല. പെട്ടെന്നു വാതിലിലാരോ മുട്ടുന്നു. വായിച്ചു കൊണ്ടിരുന്ന ഞാന്‍ ഒന്ന് ഞെട്ടി. ഞങ്ങള്‍ പെണ്ണുങ്ങള്‍ തനിച്ചല്ലേ ഉള്ളൂ. കൈകാല്‍ വിറയ്ക്കാന്‍ തുടങ്ങി വാതിലിലെ മുട്ട് ശരിക്കും ആണോ അതോ തോന്നിയതോ ഞാന്‍ ചെവിയോര്‍ത്തു. പിന്നെയും മുട്ടുന്നു . ഞാന്‍ വേഗം ഉറങ്ങുന്ന കൂട്ടുകാരികളില്‍ ഒരാളെ വിളിച്ചു ഉണര്‍ത്തി കാര്യം പറഞ്ഞു. ധൃതിപ്പെട്ട് ചെന്ന് വാതില്‍ തുറക്കാന്‍ പോയതും ഞാന്‍ തടഞ്ഞു. ആ വാതില്‍ ഒന്നാമത്തെ പാളിയില്‍ ഗ്ലാസും രണ്ടാമത്തെതില്‍ നെറ്റും മൂന്നമാത്തെതില്‍ ഇരുമ്പു ഗ്രില്ലും എന്നരീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുമ്പ് ഗ്രില്‍ വാതിലും, നെറ്റ് വാതിലും തുറന്നു. പുറത്തു 4പേര്‍ നില്‍ക്കുന്നു ഗ്ലാസ്‌ വാതിലിലൂടെ കാണാം. അവര്‍ ഒരു ID കാര്‍ഡ്‌ പൊക്കി കാണിച്ചു പോലീസ് എന്ന് പറഞ്ഞു, ചെക്കിംഗ് ആണെന്നും. ഈ പാതിരക്ക് എന്ത് ചെക്കിംഗ് എന്ന് മനസ്സില്‍ വന്നെങ്കിലും വാതില്‍ തുറക്കേണ്ടി വന്നു. അപ്പോഴേക്കും കിടന്നുറങ്ങിയിരുന്ന മറ്റ് ആറ് പേരും എണീറ്റിരുന്നു. ഞങ്ങളുടെ എതിര്‍പ്പ് വക വയ്ക്കാതെ അവര്‍ അകത്തു കടന്നു. ഒച്ച വച്ച കൂട്ടുകാരിയുടെ വായിലേക്ക് തോക്ക് ചൂണ്ടി പറഞ്ഞു "മിണ്ടരുത് ഞങ്ങള്‍ മുസ്ലീം മോഹല്ലയില്‍ നിന്ന് വന്നവരാണ്. മിണ്ടിയാല്‍ കൊന്നുകളയും". അയാളുടെ കണ്ണിലേക്കു നോക്കിയപ്പോള്‍ അത് ചെയ്യുമെന്നു തന്നെ തോന്നി. ഞാന്‍ അവളെ വേഗം വലിച്ചു പിറകിലേക്ക് മാറ്റി. കരച്ചില്‍ നെഞ്ചില്‍ കിടന്നു വിറയ്ക്കുന്നത് എല്ലാര്‍ക്കും പരസ്പരം കേള്‍ക്കാമായിരുന്നു. അവര്‍ ഞങ്ങളെ എല്ലാവരെയും ഒരുസ്ഥലത്തു ഒന്നിച്ചിരുത്തി. മരണത്തിനു കീഴടങ്ങിയപോലെ എല്ലാവരും വിറച്ചു കൊണ്ടേയിരുന്നു. കൂനിക്കൂടി ഇരുന്നു വിറയ്ക്കുന്ന ഡെയ്സിയെ മറക്കാന്‍ പറ്റില്ലയിപ്പഴും.
താഴെ ക്ഷേത്രത്തില്‍ ബോംബ്‌ വയ്ക്കാനാണ് അവരുടെ ഉദ്യേശമെന്നു വര്‍ത്തമാനത്തില്‍ നിന്നും മനസിലായി. ഭയവും തണുപ്പും ജീവിതം തീരുന്നു എന്നുള്ള ഉറപ്പും ഞങ്ങളെ ഞെരിച്ചു കൊണ്ടിരുന്നു. നേരാവുന്ന നേര്‍ച്ചകള്‍ എല്ലാം നേര്‍ന്നു. ഇനി ആകെ തുണ ഈശ്വരന്‍ മാത്രം . ആദ്യമേ പകുതി പോയ ജീവന്‍ അതിന്റെ പകുതികൂടെ കയ്യില്‍ എടുത്തു പിടിച്ചിരിക്കയാണ്‌ ഞങ്ങള്‍.

പാതി തുറന്ന ജനലിലൂടെ കാണാം താഴെ നിര നിരയായി പോകുന്ന പട്ടാള വണ്ടികള്‍. നാലു വശത്തേക്കും തോക്ക് ചൂണ്ടി എന്തൊക്കെയോ വിളിച്ചു പറഞ്ഞു അവര്‍ രാവും പകലും ഓടുന്നു. സമയം ഇഴഞ്ഞു നീങ്ങുന്നു. ഒരു വേള ഉറക്കെ അവരെ വിളിച്ചാലോ എന്ന് തോന്നി, പക്ഷെ നീണ്ടു വന്ന തോക്കിന്റെ തണുത്ത മരണത്തിന്റെ സ്പര്‍ശം അതില്‍ നിന്നെന്നെ പിന്തിരിപ്പിച്ചു. ഞങ്ങള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ തന്നെ അവര്‍ തോക്ക് ചൂണ്ടും. ഏങ്ങിക്കരയുന്ന ലീലയുടെ കരച്ചില്‍ ഒന്നു പൊങ്ങിയപ്പോള്‍ അവളുടെ കണ്ണില്‍ അയാള്‍ തോക്കിന്‍ കുഴൽ ചേര്‍ത്തു വച്ചു. ഞാന്‍ അയാളെ തൊഴുതു പറഞ്ഞു "വേണ്ട ഭായിജാന്‍". അവളെ ചേര്‍ത്തു പിടിച്ചു "കരയണ്ട മരിക്കുന്നേല്‍ മരിക്കട്ടെ". എല്ലാവരും മരണത്തിനു കീഴ്പ്പെട്ടപോലെ മരവിച്ചിരിക്കുന്നു. 

നേരം വെളുത്തു വരുന്നു എന്നു തോന്നി. ഒരുത്തന്‍ ഉറക്കം തൂങ്ങി ഇരിക്കുന്നു. ഒരുവന്‍ ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്നു മറ്റു രണ്ടുപേര്‍ ബോംബ്‌ ഫിറ്റ് ചെയ്യാനുള്ള പണിയിലാണ്. പ്രകൃതിയുടെ വിളി അവരെ ഓരോരുത്തരെയും അസ്വസ്ഥമാക്കാന്‍ തുടങ്ങി എന്നുതോന്നുന്നു അവരുടെ മുഖമതു വ്യക്തമാക്കി. കാപ്പി വേണം ഒരുത്തന്‍ പറഞ്ഞു. കൂട്ടത്തില്‍ ധൈര്യമുള്ള കൂട്ടുകാരിയെയും വിളിച്ചു ഞാന്‍ അടുക്കളയില്‍ കയറി . "എന്ത് ചെയ്യണം എങ്ങിനെ രക്ഷപെടും" ഞാന്‍ ശബ്ദം താഴ്ത്തിചോദിച്ചു "വഴിയുണ്ടാക്കാം. വാതില്‍ തുറക്കുക അതാണ്‌ ആദ്യം വേണ്ടത്" അവള്‍ പറഞ്ഞു. കാപ്പി വാങ്ങി കുടിച്ചു രണ്ടു പേര്‍ ബാത്‌റൂമില്‍ കയറി. ഞങ്ങള്‍ ശബ്ദം കേള്‍പ്പിക്കാതെ വാതില്‍ പുറത്തുന്നു കുറ്റിയിട്ടു. ആന്ഗ്യ ഭാഷയിലൂടെ മറ്റുള്ളവരെ മുറിയില്‍ നിന്നും വിളിച്ചു. ഉറങ്ങുന്നവന്റെ കയ്യില്‍ ആണ് കീ. അതയാള്‍ അറിയാതെ ഒരുത്തി എടുത്തു. ഒരാള്‍ ബോംബ്‌ പണിയില്‍ ശ്രദ്ധാലു ആയിരുന്നു. അവന്റെ ജോലിയില്‍ നിന്നും മനസിലായി അതില്‍ അവന്‍ അത്ര പോര എന്ന്. ഇതുതന്നെ തക്കം. പതുക്കെ ഉറങ്ങുന്നവന്‍ ഇരിക്കുന്ന വാതില്‍ ഞങ്ങള്‍ അടച്ചു. ശബ്ദം കേട്ട് അവന്‍ ഉണര്‍ന്നു ഒച്ച വച്ചു മറ്റയാള്‍ ഓടി വന്നു. കൈയ്യില്‍ കരുതിയ മുളകുപൊടി എടുത്തു അവര്‍ക്കുനേരെ തൂവി. വാതില്‍ തുറന്നു ഇറങ്ങി ഓടി. ചിലര്‍ ചെന്ന് അലച്ചു വീണത്‌ നേരെ എതിരേയുള്ള സര്‍ദാരിന്റെ വാതിലില്‍ ആയിരുന്നു. ഏറ്റവും പിറകിലായിരുന്ന ലീലയുടെ കൈയ്യില്‍ ഒരുത്തന്‍ പിടുത്തമിട്ടൂ. ബഹളം കേട്ട് സര്‍ദാര്‍ ഉണര്‍ന്നു വാതില്‍ തുറന്നു ചാടിയെത്തി. ഞങ്ങളെ ആരോ ആക്രമിക്കുന്നുവെന്നയാള്‍ കണ്ടു. സ്വന്തം സഹോദരിമാരെ പോലെ നോക്കുന്ന നല്ലവനായ സര്‍ദാര്‍ജി നല്ല ബലവാനും ആയിരുന്നു . സര്‍ദാര്‍ജി ആദ്യം കണ്ടവനു ഒറ്റ ചവിട്ടു കൊടുത്തു. ലീലയുടെ കയ്യിലെപിടി വിട്ടു. സര്‍ദാരിന്റെ കയ്യിലെ ചെറു കോഴിക്കുഞ്ഞിനെപോലെ അവന്‍ എടുത്തെറിയപെട്ടു. അവര്‍ വെടിയുതിര്‍ത്തു പക്ഷെ വെടിയുണ്ടകള്‍ എങ്ങോട്ടാണ് പോയത് എന്നൊരു നിശ്ചയവും ഇല്ല. മുളകുപൊടി കണ്ണില്‍ പോയത് കൊണ്ടാകും അവനു ഉന്നം തെറ്റിയത്. ആ നേരം കൊണ്ട് വാതില്‍ പുറത്തു നിന്ന് ഞങ്ങള്‍ അടക്കുകയും സര്‍ദാരിന്റെ വീട്ടിലേക്കു ഓടിക്കയറുകയും ചെയ്തു . വെടിയൊച്ച കേട്ട് പോലീസ് പാഞ്ഞെത്തി. അവരെ ഒരു ബാലപ്രയോഗത്തിനുശേഷം കീഴടക്കി വലിച്ചു കൊണ്ടു പോയി. ബോംബ്‌ അവശിഷ്ടങ്ങളും കൈയ്യില്‍ പിടിച്ചു പോകുന്ന പോക്കില്‍ ഞങ്ങളെ ഭീഷണിപെടുത്താനും അവര്‍ മറന്നില്ല. 

പിടി വലിയില്‍ ലീലയുടെ കയ്യൊടിഞ്ഞു. ചിലരുടെ തല ചുമരില്‍ ഇടിച്ചുമുഴച്ചു. കാലിന്റെ കുഴ തെറ്റി അങ്ങിനെ അല്ലറ ചില്ലറ പരിക്കുകളോടെ ഞങ്ങള്‍ രക്ഷപെട്ടു . പിറ്റേന്നു തന്നെ ഞങ്ങള്‍ ആ ഫ്ലാറ്റ് മാറി. ഭയന്നിട്ട് തന്നെ.
ഒരു മുസ്ലീം മൊഹല്ലയില്‍ ഹിന്ദു തീയിട്ടാല്‍ പിറ്റേന്ന് അടുത്ത ഹിന്ദു ഗലികളില്‍ തീയിടുക എന്നതാണ് അവരുടെരീതി. കര്‍ഫ്യൂ. നാളുകളില്‍ ചിലപ്പോള്‍ വെള്ളം വരെ കിട്ടാതെ വരും .കര്‍ഫ്യൂ. നീണ്ടു പോകുമ്പോഴാണ് പ്രശ്നം പട്ടിണിയും ദുരിതവും കൂടെ വരും.
എന്തിനു വേണ്ടിയാണ് ഈ മത സ്പര്‍ധ? 

ഞങ്ങളെല്ലാവരും വിവിധജാതിയിലും മതത്തിലും ഉള്ളവരായിരുന്നു. ഇതൊന്നും ഞങ്ങളെ തൊട്ടു തീണ്ടുക പോലും ചെയ്തില്ല, മറിച്ചു മനസ്സില്‍ ഭീതി മാത്രം നിറച്ചു തന്നു; മതത്തോടും ദേഷ്യം തോന്നി . നമ്മുടെ നാട് എത്ര സൌഹാര്‍ദ്ദപരമാണ് എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനം. എത്രയും പെട്ടെന്ന് ആ നാട് വിടണം എന്നൊരു വിചാരം മാത്രമേ അപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ,അതിനുശേഷം എത്ര കൂട്ടകൊലകള്‍. എന്തിനാണ് ദൈവത്തിന്‍റെ പേരിലൊരു തമ്മില്‍ തല്ല്? ആര്‍ക്കാണ് ഇതുകൊണ്ട് നേട്ടം ? മനുഷ്യര്‍ പരസ്പരം ഹിന്ദുവും മുസല്‍മാനുമായി ചേരി തിരിഞ്ഞ് വെട്ടി കീറിയും വെടി വെച്ചും തീര്‍ക്കുന്നത് മനുഷ്യ ജീവനാണെന്നു, എന്തെ ഇവര്‍ ഓര്‍ക്കാതെ പോവുന്നു. അതോ ഇവരുടെയൊക്കെ ദൈവത്തിനു സ്വന്തം മതമാണോ വലുത്?. മനുഷ്യനല്ലേ?!!.

ഇപ്പോള്‍ നമ്മുടെ നാട്ടിലേക്കും ഈ പ്രവണത അരിച്ചരിച്ചു കടന്നു വരുന്നുണ്ട്. ഇത് വലിയൊരു സാമൂഹ്യ വിപത്താണ് .ഓരോരുത്തരും അവരുടെ വിശ്വാസത്തില്‍ ജീവിക്കട്ടെ നമ്മുടെ ഭാരതത്തിന്റെ യശ്ശസ്സ് ഉയരട്ടെ. ദൈവം എല്ലാവര്ക്കും ഒരു പോലെയാണ് അത് കൃഷ്ണനായാലും നബി ആയാലും ക്രിസ്തുവായാലും