Showing posts with label യാത്രാവിവരണം. Show all posts
Showing posts with label യാത്രാവിവരണം. Show all posts

Friday, January 16, 2015

കേരളത്തിലെ കാശ്മീർ കാഴ്ചകൾ








                                                                                         വേണുഗോപാല്‍ നായര്‍
യാത്രകൾ എന്നും മനുഷ്യജീവിതത്തിന്റെ അനിവാര്യതകളില്‍ ഒന്നാണ് . ഔദൃോഗിക യാത്ര, പഠന യാത്ര, ബിസിനസ്സ് യാത്ര, തീര്‍ത്ഥ യാത്ര അങ്ങനെ എത്രയെത്ര യാത്രകള്‍ .
യാത്രാ വിവരണം എന്നു പറയുമ്പോൾ മനസ്സിലേക്കൊടിയെത്തുന്നത് ഉല്ലാസ യാത്രകളെ കുറിച്ചുള്ള ഓര്‍മ്മകളാണ്. പ്രകൃതിയുടെ സൌന്ദര്യം തൊട്ടറിയാന്‍, കാലാവസ്ഥയുടെ ആനുകൂല്യങ്ങള്‍ ആസ്വദിക്കുവാന്‍, പുതിയ പുതിയ അറിവുകളും അനുഭവങ്ങളും നേടിയെടുക്കുവാന്‍, വ്യത്യസ്ത സംസ്കാരങ്ങളെ, ജീവിതരീതികളെ അടുത്തറിയുവാന്‍ നാം നടത്തുന്ന ഉല്ലാസ യാത്രകള്‍.
ഇത്തരത്തില്‍ സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ എന്നും മാടിവിളിച്ചുകൊണ്ടിരിക്കുന്ന പറുദീസയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കാശ്മീര്‍, എന്നറിയപ്പെടുന്ന മൂന്നാര്‍ ! ആ സ്വപ്ന ഭൂമിയിലേക്ക്‌ സകുടുംബം പലവട്ടം പോയിട്ടുണ്ടെങ്കിലും ഓരോ പ്രാവശ്യവും മൂന്നാര്‍ നവോഢ തന്നെ.
നേരിയമംഗലം പാലം കടന്നപ്പോഴേ പ്രകൃതിക്കു സംഭവിച്ചിരിക്കുന്ന മാറ്റം അനുഭവപ്പെട്ടു തുടങ്ങി. ഉഷ്ണമേലാപ്പു മാറ്റി കുളിരിന്റെ ആടയണിഞ്ഞ പ്രകൃതി ! വഴിയോരകാഴ്ചകളിലും അത് പ്രകടമായി തുടങ്ങി. കിലോമീറ്ററുകളോളം നീളുന്ന വനാന്തരത്തിലൂടെയുള്ള യാത്രയുടെ ഹരിതാഭയാര്‍ന്ന കുളിര്‍മ്മ യാത്ര. ഹൈറേഞ്ചിന്റെ കവാടമായ അടിമാലിയില്‍ എത്തിയപ്പോഴേക്കും ഏലക്കയുടെയും കുരുമുളകിന്റെയും സുഗന്ധം വഹിക്കുന്ന കുളിര്‍കാറ്റ്‌ ഞങ്ങളെ വരവേറ്റു.




അടിമാലിയില്‍ നിന്നും മൂവായിരം അടി ഉയരത്തിലുള്ള മൂന്നാറിലേക്കുള്ള പാത തന്നെ നയനാന്ദകരമാണ്. പല വലിപ്പത്തിലും ഭാവത്തിലുമുള്ള വെള്ളച്ചാട്ടങ്ങള്‍..കുത്തനെയുള്ള ഗര്‍ത്തങ്ങള്‍.. കരിമ്പച്ച നിറമാര്‍ന്ന കാട് ... പ്രകൃതി അവളുടെ എല്ലാ വന്യഭംഗി കളോടും കൂടി നമുക്കു ചുറ്റും നിറയുന്നു.. മൂന്നാർവരെയുള്ള യാത്രയിൽ ഗതകാല സ്മരണകൾ, ആധുനികത യുടെ കാഴ്ചക്കല്ലുകളിൽ തട്ടി ചിതറിത്തെറിച്ച് എവിടേയ്ക്കോ ഉരുണ്ടു പോയി. കോടമഞ്ഞും ശീതക്കാറ്റും, പഴന്തമിഴിന്റെ ശബ്ദായമാനമായ വിളിയൊച്ചകളും, ഇന്ന് മോട്ടോർ വാഹനങ്ങളുടെയും ആധുനിക ശബ്ദവിതിയാനങ്ങളുടെയും മുഴക്കങ്ങളിൽ ലയിച്ചു പോയിരിക്കുന്നു. കോണ്‍ക്രീറ്റ് സൗധങ്ങൾകൊണ്ട് വിവിധ വർണ്ണങ്ങൾ ചാലിച്ച് മൂന്നാറിന്റെ ഹരിത ഭംഗിയിൽ, പുതിയ ചായക്കുട്ടുകൾ തീർത്തിരിക്കുന്നു. അന്തരീക്ഷത്തിലെമ്പാടും നിറഞ്ഞുന്നിന്ന മേഘങ്ങൾ, നനവ് ചുരത്തി ചാറ്റലായ് നൽകിയ, ഈ മണ്ണിനെ ഈർപ്പംകൊണ്ട് നിറച്ച, നൂൽമഴ ഇല്ല. പകരം സുരൃകിരണങ്ങൾ ഇവിടെയും ചൂടുപാകി ആകാശത്തെ തെളിച്ചു നിർത്തുന്നു. കാലം ഒഴുക്കികളഞ്ഞ ഒരു സംസ്കാരത്തിന്റെ അവശേഷിപ്പുകളായി തകര മേൽക്കൂരകൾ. വെയിൽ തിളക്കത്തിൽ തേയിലക്കാടുകൾ. മൂന്നാർ വളരുകയാണ് ആധുനികതയിലേക്ക്.
ടൂറിസം വികസനത്തിന്റെ ഭാഗമായി അനേകം പുതിയ റിസോര്‍ട്ടുകള്‍. വൃത്തിയും വെടിപ്പുമുള്ള രസ്ടോരന്റുകള്‍ . ഉച്ച ഭക്ഷണത്തിനും ഹോട്ടല്‍ മുറിയിലെ സുഖകരമായ വിശ്രമത്തിനും ശേഷം ഞങ്ങള്‍ മാട്ടുപ്പെട്ടിയിലേക്ക് പുറപ്പെട്ടു. മുന്നാറില്‍ നിന്നും 13 കി. മി ദൂരെയാണ് മനോഹരമായ മാട്ടുപ്പെട്ടി ഡാം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ആയ പള്ളിവാസല്‍ പദ്ധതിയുടെ ജല സംഭരണികളില്‍ ഒന്നായ മാട്ടുപ്പെട്ടി ഡാം നിര്‍മ്മിച്ചിരിക്കുന്നത് പലാറിനു കുറുകെയാണ്. മനോഹരമായ തടാകത്തില്‍ സഞ്ചാരികള്‍ക്കായി ബോട്ടിംഗ് സൌകര്യവും വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട് .സമീപത്തു തന്നെയുള്ള, ആധുനിക രീതിയില്‍ ശാസ്ത്രീയമായി കാലികളെ വളര്‍ത്തുകയും ക്ഷീരകൃഷി വികസിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന Indo Swiss Project ആയിരുന്നു ഞങ്ങളുടെ അടുത്ത സന്ദര്‍ശന ലക്‌ഷ്യം. പല ഇനത്തിലുള്ള പശുക്കളെ പരിപാലിക്കുന്ന രീതികളും ക്ഷീരോല്പാദനത്തിന്റെയും സംസ്കരണത്തിന്റെയും വിവിധ ഘട്ടങ്ങളും ഇവിടെ കാണുവാന്‍ സാധിച്ചു.
TATA കമ്പനി തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും പാട്ടത്തിനെടുത്തിട്ടുള്ള മുന്നാര്‍ മേഖലയില്‍ വൈദ്യുതി വിതരണം നടത്തുന്നതും അവരുടെ തന്നെ ഉടമസ്ഥതയിലുള്ള കണ്ണന്‍ ദേവന്‍ കമ്പനി ആണ്. TATA യുടെ സ്ട്രാബെറി ഫാമില്‍ നിന്നും സംസ്കരിച്ചതും അല്ലാത്തതുമായ സ്ട്രാബെറി ഞങ്ങള്‍ കുറെ വാങ്ങി. ഇഞ്ചി കൃഷി ചെയ്യുന്നതു പോലെ തവാരണ കളില്‍ വളര്‍ത്തുന്ന ചെടികളില്‍ നിന്നും പഴങ്ങള്‍ നമുക്കു തന്നെ പറി ച്ചെടുക്കാവുന്നതാണ്; തൂക്കി നോക്കി വില കൊടുക്കണം എന്ന് മാത്രം
.
കമ്പിളി കുപ്പായങ്ങള്‍ തുരന്നു ഞങ്ങളെ ആക്രമിക്കുവാന്‍ തുടങ്ങിയിരുന്ന തണുപ്പില്‍ നിന്നും ഹോട്ടല്‍ മുറിയിലെ ഊഷ്മളതയിലേക്ക് ..പുതപ്പിനടിയില്‍ ഞങ്ങളെ കാത്തിരുന്ന സുഖ നിദ്രയിലേക്ക് ..
ശിശിര കാല പുലരിയില്‍ സസൃലതാദികളിലും പുൽക്കൊടിത്തുമ്പുകളിലും നവരത്നങ്ങൾ പോലെ സൂരൃകിരണമേറ്റ് തിളങ്ങുന്ന ഹിമബിന്ദുക്കൾ. മാമലകളിൽ പതിക്കുന്ന സൂരൃകിരണങ്ങൾ നിഴലുകളായി താഴ്വരകളിൽ ഇരുണ്ടു കിടക്കുന്നു. വഴിയോരങ്ങളിൽ നിന്നുയരുന്ന തമിഴ് ശബ്ദങ്ങളിലെ കലപലകൾക്ക് ഒരു പുതുദിനത്തിന്റെ പ്രവേശന താളമുണ്ട്. മൂന്നാറിന്റെ തണുത്ത പ്രഭാതം നൽകുന്നത് കുളിര്‍മ്മയുള്ള ഓർമ്മകളുടെ, നനുത്ത അനുഭവങ്ങളുടെ നേർകാഴ്ചകള്‍ .
മുന്നാറില്‍ നിന്നും 15 കി മീ. അകലെയുള്ള രാജമാലയിലേക്കയിരുന്നു അന്നത്തെ ഞങ്ങളുടെ യാത്ര. നീലഗിരി വരയാടുകളുടെ ആവാസ സ്ഥലമായ ഇരവികുളം നാഷണല്‍ പാര്‍ക്ക്. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന വരയാടുകളില്‍ പകുതിയിലേറെയും ഇരവികുളം ഭാഗത്താണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകള്‍ തന്നെയാണ് രാജമലയിലെ മുഖ്യ ആകര്‍ഷണം. ഏതു കുത്തനെയുള്ള പാറയിലും നിഷ്പ്രയാസം നടന്നു കയറുന്ന ശാന്തജീവി. ഇവയെ കാണാനായി ദിനം തോറും ആയിരക്കണക്കിന് ആളുകള്‍ രാജമലയില്‍ എത്തുന്നുണ്ട്. നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്തതിനാല്‍ വനം വകുപ്പിന്റെ ബസ്സിലായിരുന്നു മലമുകളിലേയ്ക്കുള്ള യാത്ര. പ്രകൃതി രമണീയമാണ് രാജമല. പുല്‍മേടുകളും കുന്നുകളും ട്രെക്കിംഗ് ട്രെയിലുകളും എല്ലാം ഇവിടെയുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 2700 മീ ഉയരത്തിലാണ് രാജമല തല ഉയര്‍ത്തി നില്‍ക്കുന്നത്. ഹണിമൂണ്‍ യാത്രക്കാരുടെയും ഫാമിലി ട്രിപ്പ് കാരുടെയും വിദ്യാര്‍ത്ഥി സംഘങ്ങളുടെയും എല്ലാം ഇഷ്ട വിനോദ കേന്ദ്രം . റോക്ക് ക്ലൈബിംഗ്, ട്രക്കിംഗ്, മല കയററം എന്നിവയ്ക്കെല്ലാം ഇവിടെ സൗകര്യം ഉണ്ട്.
“ഈ ജന്മത്തില്‍ നിങ്ങള്‍ കാണേണ്ട പത്തു സ്ഥലങ്ങള്‍" എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്ന ഒരു സ്ഥലം മുന്നാര്‍ ആണ്. കാണാനും ആസ്വദിക്കാനും ഈ സ്വപ്നഭുമിയില്‍ ഇനിയും ധാരാളം വർണ്ണകാഴ്ചകൾ ബാക്കി നിർത്തി കുളിര്‍മ്മ കോരി നിറച്ച മനസ്സുമായി മലയിറങ്ങുമ്പോള്‍ അങ്ങിങ്ങായി കാലം നോക്കാതെ പൂത്തനീലകുറിഞ്ഞികള്‍..........
മൂന്നാർ കൊളുന്തും, പച്ചക്കറികളും, പഴങ്ങളും, മഞ്ഞുമേലാപ്പും നിറയാർന്ന തേയില കാടുകൾ വിരിച്ചിടുന്ന അനിചത രൂപങ്ങളും കൊണ്ടു തീർത്ത സ്വപ്ന ഭൂമിക. ഇവിടെയുള്ള ഓരോ മാമലകളുടെയും നെറുകയിൽ നിന്നുമുള്ള ദൂരകാഴ്ചകൾ എന്തെന്തു വൈവിധ്യ വർണ്ണരൂപകാഴ്ചകളാണ് നൽകുന്നത്....ഒരു മായാപ്രപഞ്ചം. .. കേരളത്തിലെ കാശ്മീർ കാഴ്ചകൾ. സ്വപ്നത്തിന്റെ നിറമുള്ള കാഴ്ചകൾ കണ്ട് മൂന്നാറിന്റെ നിറഞ്ഞ മാറിൻ കുളിരിൽ മയങ്ങുവാൻ ആരാണ് മോഹിച്ചു പോകാത്തത്!!

ആത്മാവില്‍ തൊട്ട തീര്‍ത്ഥയാത്ര പോലെ












                                                                                                                                                                                             ശ്രീജാ വേണുഗോപാല്‍

ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലെ അതിവിശാലവും മനോഹരവുമായ വിമാനത്താവളത്തില്‍ ചെന്നിറങ്ങുമ്പോള്‍ ചെറിയ ക്ലാസ്സിലെ പാഠപുസ്തകത്തില്‍ പഠിച്ച ഡം ഡം വിമാനത്താവളം നേരിട്ട് കാണുന്നതിന്‍റെ ഒരു സന്തോഷം തോന്നി. മാര്‍ച്ച് അവസാനമായത് കൊണ്ട് കൊല്‍ക്കത്തയില്‍ നല്ല ചൂടായിരുന്നു . കൊല്‍ക്കത്തയില്‍ നിന്നും ബാഗ്ദോഗ്ര യിലേക്ക് പോകുമ്പോഴും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സന്ദര്‍ശിക്കാനിരിക്കുന്ന ഡാര്‍ജിലിംഗ് നെ കുറിച്ചോ ഗാങ്ങ്ടോക് നെകുറിച്ചോ കാലിംഗ്പോമിനെ കുറിച്ചോ ഒരു മുന്നറിവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.
ബാഗ്ദോഗ്രയില്‍ നിന്നും ഡാര്‍ജിലിംഗ് ലേക്കുള്ള റോഡ്‌ യാത്ര നമ്മുടെ കേരളത്തിലെ മലമ്പ്രദേശങ്ങളെ ഓര്‍മ്മിപ്പിച്ചു . വണ്ടി കയറ്റം കയറുമ്പോള്‍ വയനാട്ടിലെ താമരശ്ശേരി ചുരംതന്നെ യാണ് ഓര്‍മ്മയില്‍ വന്നത്. ചുറ്റും പൈന്‍ മരങ്ങളാണ് അധികവും എന്നൊരു വ്യത്യാസമുണ്ട്. വേനല്‍ക്കാലം ആരംഭി ച്ചിരുന്നതിനാല്‍ മരങ്ങളെല്ലാം പൂര്‍ണമായും മഞ്ഞിന്‍റെ പുതപ്പു വലിച്ചു മാറ്റിയിരുന്നു.
അതി രാവിലെ തുടങ്ങിയ യാത്രയും ,തണുപ്പും കൊണ്ട് മാത്രം അല്ല, അടുത്ത ദിവസം പുലര്‍ച്ച നാലര മണിക്ക് പോയാലെ ഡാര്‍ജിലിംങ്ങിലെ സൂര്യോദയം ഭംഗി യായി കാണാന്‍ സാധിക്കൂ എന്ന , തമിഴ് സിനിമ , "ഏഴാം അറിവിലെ" ടോങ്ക്ളിയെ പോലെ ഇരിക്കുന്ന നേപ്പാളി ഡ്രൈവറുടെ ഉപദേശവും കൂടിയായപ്പോഴാണ് നേരത്തെ ഉറങ്ങാന്‍ പോയത്.
പിറ്റേന്ന് നാലുമണിക്കേ എഴുന്നേറ്റു, പ്രഭാതകൃത്യങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി പുറത്തു വന്നതും ഹോട്ടലിന്‍റെ മുന്നിലെ റോഡില്‍ വരിവരിയായി കാറുകള്‍ യാത്രക്ക് തയ്യാറായി കിടക്കുന്നു . യാത്രയില്‍ കരുതിയിരുന്ന രോമകുപ്പായങ്ങളും തൊപ്പികളും ഒക്കെ ധരിച്ചിട്ടും നല്ല തണുപ്പായിരുന്നു. കാര്‍ മല കയറി സണ്‍റൈസ് പോയിന്റില്‍ ചെന്നു നിന്നു. അവിടത്തെ തിരക്കും ബഹളവും ആറാട്ടുപുഴ പൂരത്തിന് വെളുപ്പാന്‍ കാലത്തെ കൂട്ടി എഴുന്നെള്ളിപ്പ് കാത്ത് നില്‍ക്കുന്ന ഭക്തരെ ഓര്‍മ്മിപ്പിച്ചു.
അഗാധമായ താഴവാരത്തോട്‌ ചേര്‍ന്നുള്ള ചെറിയ മൈദാനം പോലെ ഉള്ള സ്ഥലത്ത് നൂറു കണക്കിനു വണ്ടികളും വിനോദ സഞ്ചാരികളും വിറയ്ക്കുന്ന തണുപ്പില്‍ സൂര്യോദയം കാണാന്‍ ക്ഷമയോടെ കാത്തു നില്‍ക്കുന്നു . ചിലര്‍ തീ കായുന്നു.
ആ വെളുപ്പാന്‍ കാലത്തും മനോഹരമായ ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടി നന്നായോരുങ്ങിയ സുന്ദരിയായ സ്ത്രീ ചുറുചുറുക്കോടെ തന്‍റെ തോളില്‍ തൂക്കിയിട്ടിരിക്കുന്ന വലിയ ഫ്ലാസ്കില്‍ നിന്നും ചൂട് കാപ്പി പകര്‍ന്നു കൊടുത്ത് കച്ചവടം പൊടിപൊടിക്കുന്നു. അവളുടെ സംസാരവും രൂപവും പോലെ തന്നെ ആ തണുപ്പത്ത് ചൂട് കാപ്പി വല്ലാത്ത ഒരു പ്രലോഭനം ആയിരുന്നു. ഇത്രയും തിരക്കുള്ള ഭാഗത്ത്‌ നില്‍ക്കേണ്ട കാര്യം ഇല്ലെന്നും തെല്ലു അപ്പുറത്തുള്ള കുന്നില്‍ കയറി നിന്നാല്‍ ഇതിലും മനോഹരമായി സൂര്യോദയം കാണാമെന്നും പറഞ്ഞ് അവള്‍ ഞങ്ങള്‍ക്ക് പകര്‍ന്നു തന്ന കാപ്പിയുടെ പൈസയും വാങ്ങി ആളുകളുടെ ഇടയിലോട്ടു പോയി.
കുന്നില്‍ കയറിയപ്പോഴാണ് മനസ്സിലായത് അവളുടെ സുഹൃത്തായിരിക്കണം അവളെ പോലെ തന്നെ മിടുക്കിയായ ഒരുവള്‍, അവിടെ രോമ കുപ്പായങ്ങളും തൊപ്പികളും വില്‍ക്കുന്നു. സൂര്യോദയത്തിനു ഇനിയും സമയം ഉള്ളത് കൊണ്ടും ചൂട് കാപ്പി പകര്‍ന്നു തന്ന ഉത്സാഹം കൊണ്ടും ആ ചെറിയ കടയുടെ നേരെ തിരിഞ്ഞു. മകന് വേണ്ടി ഒരു ചെറിയ ഭംഗിയുള്ള തൊപ്പി മൂന്നൂറു രൂപ പറഞ്ഞപ്പോള്‍ ഒരു നാണക്കേടും ഓര്‍ക്കാതെ അമ്പതു രൂപയ്ക്ക് ചോദിച്ച് എണ്‍പത് രൂപയ്ക്ക് കൈക്കലാക്കി. പക്ഷെ അതിന്‍റെ ഒപ്പം അവള്‍ നിര്‍ബന്ധിച്ചു വാങ്ങിപ്പിച്ച തൊപ്പിയില്‍ അവളെന്നെ മനോഹരമായി പറ്റിച്ചു .
ഏകദേശം അഞ്ചരയോടെ ചക്രവാളം ചുമക്കാന്‍ തുടങ്ങി. ഭൂമിദേവി പേറ്റു നോവിന്‍റെ ചുവപ്പണിഞ്ഞു സൂര്യദേവന്‍ ഭൂജാതനാകുന്ന സന്തോഷത്തില്‍ മഞ്ഞു പാളികള്‍ അങ്ങോട്ടും ഇങ്ങോട്ടും പായാന്‍ തുടങ്ങി. വടക്ക് ഹിമാലയന്‍ നിരകളിലെ കഞ്ചന്‍ജംഗ ആകാംഷയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. അങ്ങനെ ആ സമയം സമാഗതമായി ഏഴു കുതിരകളെ പൂട്ടിയ തേരില്‍ സൂര്യ ദേവന്‍റെ എഴുന്നള്ളത്ത്‌, ആ ഒളിയില്‍ വെട്ടി തിളങ്ങുന്ന കഞ്ചന്‍ജംഗ , കിഴക്ക് ദിക്കിനു തീപിടിച്ച പോലെയുള്ള ചുവപ്പ്.
ചക്രവളയത്തോട് കൂടിയുള്ള സൂര്യബിംബവും പ്രകൃതി രമണീയതയും എത്ര വട്ടം ക്യാമറയില്‍ ഒപ്പാന്‍ ശ്രമിച്ചിട്ടും മതിയാകാതെ മനസ്സില്‍ നിറച്ച് തൃപ്തിപ്പെടെണ്ടി വന്ന യാത്രികര്‍. അപ്പോഴേക്കും എല്ലാ വണ്ടികളും പുറപ്പെടാന്‍ തുടങ്ങി. ഇത്രയധികം വണ്ടികള്‍ക്ക് മല ഇറങ്ങാന്‍ ആ ഒരൊറ്റ പാത അല്ലെ ഉള്ളൂ. ഞങ്ങളുടെ ഡ്രൈവറും തിരക്ക് കൂട്ടി. ചുളുചുളാ കുത്തുന്ന കാറ്റ്, വണ്ടി മലയിറങ്ങുമ്പോള്‍ നേരം പരപരാ വെളുത്തു വന്നു.
വണ്ടി പോകുന്ന വഴിയില്‍ ഇടയ്ക്കൊക്കെ ചെറിയ മലകളോട് ചേര്‍ന്ന വൃക്ഷ കൂട്ടങ്ങളില്‍ കൊടി തോരണം പോലെ പലനിറങ്ങളിലുള്ള തുണികള്‍ കാറ്റില്‍ പറക്കുന്നു. അതില്‍ വെളുപ്പു നിറത്തിലുള്ളതും ധാരാളം ഉണ്ട് എല്ലാ തുണിയിലും കുനുകുനാന്നു എന്തൊക്കെയോ എഴുതിയിട്ടുണ്ട്. ഡ്രൈവറാണ് പറഞ്ഞു തന്നത്. ആ തുണികള്‍ പറക്കുന്ന സ്ഥലങ്ങള്‍ എല്ലാം ബുദ്ധ മത കേന്ദ്രങ്ങള്‍ ആണെന്നും, ആ തുണികളില്‍ എഴുതിയിരിക്കുന്നത് അവരുടെ പ്രാര്‍ത്ഥനകള്‍ ആണെന്നും കാറ്റില്‍ ഓരോ തവണ അത്പറക്കുമ്പോഴും അവരുടെ പ്രാര്‍ത്ഥനകള്‍ ഓരോ പ്രാവശ്യം വായിക്കപെടുന്നു എന്നും. വീട്ടില്‍ ഒരു മരണം നടന്നാല്‍ വെളുത്ത തുണിയിലും മറ്റു മംഗള അവസരങ്ങളില്‍ വിവിധ നിറത്തിലും ഉള്ള തുണികളില്‍ പ്രാര്‍ഥനകള്‍ എഴുതി അവിടെ കൊണ്ട് പോയ്‌ കെട്ടി തൂക്കുന്നത്‌ വിശാസത്തിന്‍റെ ഭാഗമാണ് എന്നും.ആ ഡ്രൈവര്‍ വിവരിച്ചു .
ഡാര്‍ജിലിങ്ങിലെ സുഖകരമായ കാലാവസ്ഥയും സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും ആസ്വദിച്ചു കൊണ്ട് പത്മജ നായിഡു ഹിമാലയന്‍ പാര്‍ക്കും ഹിമാലയാരോഹണം നടത്തുന്നവര്‍ക്ക് പരിശീലനം കൊടുക്കുന്ന സ്ഥാപനവുംവെള്ളി മേഘങ്ങള്‍ തൊട്ടുരുമി കിടക്കുന്ന തേയില തോട്ടങ്ങളും കണ്ടു ..അവിടത്തെ ഡ്രൈവര്‍ മാരും ചെറിയ കടക്കാരും തമ്മില്‍ ഒരു വ്യവസ്ഥയുണ്ട് ..ആരുടെ കടയുടെ മുന്‍പില്‍ ആണോ കാര്‍ നിര്‍ത്തുന്നതു ആ വണ്ടിയില്‍ വന്നവര്‍ക്ക് തേയില വില്‍ക്കുന്നവരുടെ സ്പെഷല്‍ ചായ ..വണ്ടി തണുപ്പിക്കാന്‍ വാട്ടര്‍ സര്‍വിസ്.കച്ചവട തന്ത്രം ആണെങ്കിലും പൊതുവേ ആളുകള്‍ വളരെ നല്ലവരും വിശ്വസിക്കാന്‍ കൊള്ളുന്നവരും ആണ് ...തണുപ്പിനിടുന്ന ജാക്കറ്റ് വാടകയ്ക്ക് എടുത്തതില്‍വില കൂടിയ മൊബൈല്‍ ഫോണ്‍ വെച്ചു മറന്നു പോയ ഞങ്ങളുടെ കൂട്ടത്തിലെ ഒരാള്‍ക്ക്‌ അടുത്ത ദിവസം അതെ വഴിക്ക് പോയ ഡ്രൈവര്‍ അത് കൊണ്ട് വന്നു തന്നത് വളരെ അതിശയകരമായി തോന്നി .
എല്ലാകടയിലും സുന്ദരികളായ സ്ത്രീകള്‍ ആണ് കച്ചവടം നടത്തുന്നത് ..ഇരുപതിനും ഇരുപത്തി അഞ്ചിനും ഇടയില്‍ വയസുള്ള ചെറുപ്പക്കാര്‍ ആണ് ഡ്രൈവര്‍മാര്‍ .പൊതുവേ മുതിര്‍ന്ന പുരുഷന്മാര്‍ അവിടെ അലസരെന്നു പറയുന്നു ..സിക്കിമില്‍ ആയാലും ഡാര്‍ജിലിംങ്ങില്‍ ആണെങ്കിലും എല്ലാവര്ക്കും നന്നായി ഹിന്ദി അറിയാം എന്നുള്ളത് കൊണ്ട് ഭാഷ ഒരുപ്രശ്നം ആയിരുന്നില്ല ..നേപ്പാളിയായ ഡ്രൈവര്‍ ഒരു വട്ടം പറഞ്ഞു ഞങ്ങളുടെനേപ്പാളി ഭാഷയും നിങ്ങളുടെ മലയാളവും കുറച്ചൊക്കെ സാമ്യം ഉണ്ടെന്നു അയാള്‍ എന്ത് മനസിലാക്കി പറഞ്ഞതാണോ എന്തോ ?
ഡാര്‍ജിലിങ്ങില്‍ റോഡിനോടു ചേര്‍ന്നും ചിലയിടങ്ങളില്‍ റോഡിനെ മുറിഞ്ഞു കടന്നും ഉള്ള റെയില്‍ കൌതുക കാഴ്ച്ച യാണ് .ആരാധന എന്നാ ഹിന്ദി സിനിമയില്‍ രാജേഷ് ഖന്നയും ഷര്‍മിള ടാഗോറും ..മേരി സപനോം കി റാണി പാടി അഭിനയിച്ച രംഗങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു ....
അടുത്തദിവസം ഭൂനിരപ്പില്‍ നിന്നും 5500 അടി ഉയരത്തിലുള്ള ഹിമാലയന്‍ നഗരിയായ ഗാങ്ങ്ടോക്കില്‍ ആണ് പോയത് ..ഡാ ര്ജിലി ങ്ങില്‍ നിന്നും ഗാങ്ങ്ടോകില്‍ പോകുന്ന വഴിയിലുടനീളംചൈന യില്‍ നിന്നും ഒഴുകി വരുന്നതീസ്ത നദി കാണാം ..തീസ്തയിലെ റിവേര്‍ രാഫ്ടിംഗ് വളരെ സാഹസികത നിറഞ്ഞ അനുഭവമാണ്.ചൈനയുടെ തീസ്തയും കഞ്ചന്‍ജംഗ യില്‍ നിന്നും ഒഴുകുന്ന നദിയും ചേരുന്ന ഇടത്തെ Lovers meet point എന്ന് പേര് ഇട്ടു വിളിക്കുന്നു രണ്ടു നദിയുടെയും ആ സംഗമം വളരെ ഉയരത്തിലുള്ള ആ വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ച്ച ഹൃദയ സ്പര്‍ശിയാണ്
ഗാങ്ങ്ടോകില്‍ ഞങ്ങള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന എം ജി മാര്‍ഗ് യുറോപ്യന്‍ സിറ്റി യെ വെല്ലുന്ന സൌന്ദര്യവും വൃത്തിയും ഉള്ളതാണ് .ഗാങ്ങ്ടോകില്‍ ആദ്യം പോയത് ഒരു ബുദ്ധമത ക്ഷേത്രത്തിലേക്കാണ് ..മുന്‍പ് സൂചിപ്പിച്ച പോലെ, ദൂരെ നിന്നേ അമ്പലത്തിന്‍റെ അടയാളങ്ങള്‍ ആയ കാറ്റില്‍ പറക്കുന്ന വിവിധ വര്‍ണത്തില്‍ ഉള്ള പ്രാര്‍ത്ഥനകള്‍ എഴുതിയ കോടികള്‍ .കുന്നിന്‍ മുകളില്‍ ആണ് അമ്പലം ധാരാളം പടികെട്ടുകള്‍ കയറണം നമ്മളോടൊപ്പം പടികെട്ടു കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന ഒരു പാട്ബുദ്ധ സന്യാസി മാരെ കാണാം ...അതില്‍ യോദ്ധ സിനിമയിലെ ഉണ്ണികുട്ടനെ പോലെ യുള്ള ഒരു പാട് കുട്ടി സന്യാസിമാര്‍ ..ആ സന്യസ വേഷത്തില്‍ ക്രികറ്റ് കളിക്കുന്നവര്‍ ,കൂള്‍ ഡ്രിങ്ക്സ് കുടിക്കുന്നവര്‍ ഇതൊക്കെ വ്യത്യസ്തമായ കാഴ്ചകള്‍ ആയിരുന്നു ..ജ്ഞാനം നേടാന്‍ വീട് ഉപേക്ഷിക്കേണ്ടി വന്ന ആ സുന്ദരന്മാരായ ആ കുട്ടിസന്യാസികളുടെ മുഖത്ത് വീട് വിട്ടു നില്‍ക്കുന്നതിന്റെ ദുഖച്ഛവിയുണ്ടെന്ന് എന്‍റെ മാതൃ ഹൃദയത്തിനു തോന്നി ..
ബുദ്ധ മതാചാര പ്രകാരം ആണ്‍കുട്ടികളുടെ ജാതകം ഏഴോ എട്ടോ വയസുള്ളപ്പോള്‍ പരിശോധിച്ചു സന്യാസ യോഗം ഉള്ളവരെ ഇവിടെ കൊണ്ട് വന്നു ആക്കുകയും പിന്നീട് അവര്‍ ആയുസ്സ് മുഴുവന്‍ ബുദ്ധനെ പിന്തുടര്‍ന്ന് ജീവിതത്തിന്‍റെ രഹസ്യങ്ങള്‍ അറിയാന്‍അവരുടെ ജീവിതം ചിലവഴിക്കുന്നു ...
അമ്പലത്തിനു ചുറ്റും ഉരുണ്ടാകൃതിയുള്ള പ്രാര്‍ത്ഥനകള്‍ എഴുതപ്പെട്ട ഇരുമ്പ് രൂപങ്ങള്‍ ഉണ്ട് അവ കറക്കി കൊണ്ട് ഭക്തര്‍ അമ്പലം പ്രദക്ഷിണം വെയ്ക്കുന്നു .അമ്പലത്തിനും പ്രാര്‍ത്ഥനാ മണ്ഡപത്തിനും ഇടയില്‍ പഞ്ഞി കെട്ട്‌ പോലെ യുള്ള വലിയ വലിയ പട്ടികളും പൂച്ചകളും ഒക്കെ സൌഹൃദത്തോടെ ശാന്തരായി നടക്കുന്നു ..ബുദ്ധകേന്ത്രത്തിലെ ശാന്തത തണുത്ത കാറ്റായ് തഴുകുന്നു .
സന്ദര്‍ശന സ്ഥലങ്ങളില്‍ ഭൂരിഭാഗം ഇടങ്ങളിലുംഉച്ച ഭക്ഷണം ഒരു മരീചിക തന്നെ ആയിരുന്നു .അപൂര്‍വമായി ഉള്ള ചെറിയ കടകളില്‍ നമുക്ക് പരിചയം ഉള്ളത് മാഗി മാത്രം ആണ് പിന്നെനൂഡി ല്‍സിന്റെ വിഭാഗത്തില്‍ പെട്ട ചൌ മീനും ..എല്ലാ ഭക്ഷണശാലയില്‍ നിന്നും മനം മടുപ്പിക്കുന്ന കടുകെണ്ണമണം പരന്നു ഒഴുകുന്നു ....അവിടത്തെ സാധാരണ ഭക്ഷണം ആയ മൊമുസ് എല്ലാ കടയിലും കിട്ടും ..മൊമുസ് നമ്മുടെ കൊഴുക്കട്ടയുടെ പോലെ ഉള്ള ഒന്നാണ് ഉള്ളില്‍ പച്ചക്കറി വെച്ചോ മാംസം വെച്ചോ പുഴുങ്ങി എടുത്ത മൊമുസ് ആളുകള്‍ സോസ് കൂട്ടി റോഡില്‍ നിന്ന് കൊണ്ട് തന്നെ അകത്താക്കി വേഗത്തില്‍ നടന്നു നീങ്ങുന്ന കാഴ്ച്ച സാധാരണമാണ് ..
മലമുകളില്‍ ഉള്ള നമ്നാങ്ങ് വ്യൂ പൊയന്റും ഫ്ലവര്‍ ഷോയും കണ്ട് അന്നത്തെ കാഴ്ചകള്‍ കണ്ണില്‍നിറച്ചുറങ്ങാന്‍ പോയി .
പിറ്റേന്നു രാവിലെ ഏഴുമണിയോടെ റ്സ്മോഗോ തടാകവും ബാബാമന്ദിറും കാണുവാന്‍ പുറപ്പെട്ടു ..അന്യസംസ്ഥാനങ്ങളിലെ വണ്ടികള്‍ സിക്കിമില്‍ ഓടാന്‍ അനുവാദം ഇല്ലാത്തത് കൊണ്ട് ഡ്രൈവര്‍ മാരും വണ്ടികളും മാറി ..അവിടത്തെ ഡ്രൈവെര്‍ മാരുടെ ജോലി സര്‍ക്കസിലെ ഞാണി ന്‍ മേല്‍ കളി പോലെ ആണ് .പക്ഷെ ഇവിടെ അവര്‍ അവരുടെ ജീവനോടൊപ്പം യാത്രക്കാരുടെ ജീവനും ചേര്‍ത്താണ് പണയ പെടുത്തുന്നത് എന്നവ്യത്യാസം മാത്രം .
മലയിടുക്കുകള്‍ ഇടിച്ചു ഉണ്ടാക്കിയ റോഡുകള്‍ ഓരോപ്രകൃതിക്ഷോപ ത്തിലും ഇടിഞ്ഞുവീണു പോയ വിളുംബുകളോടെ, ഒരായിരം വളവു തിരിവുകളോടെ, അതിലുപരി എപ്പോവേണേലും മേഘങ്ങളില്‍ നിന്നും ഇറങ്ങിവന്നു കാറ്റിനോടൊപ്പം പറന്ന് കാഴ്ച്ച മറയ്ക്കുന്ന മഞ്ഞു കൂട്ടങ്ങള്‍ .അതിശയം തോന്നും ഒരു പരിചയമില്ലാത്ത ഒരുവനെ അവനവന്‍റെയും പ്രിയപെട്ടവരുടെയും ജീവന്‍ വിശ്വസിച്ചു ഏല്‍പ്പിച്ച് മല കയറുന്ന യാത്രാക്കാര്‍ ..
പന്ത്രണ്ടായിരം അടിമുകളിലേയ്ക്കുള്ള കയറ്റം കയറാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്ത്‌ കാണുന്ന അഗാതമായ താഴ്വാരങ്ങളും അതിനപ്പുറത്തുള്ള മനോഹരമായ മഞ്ഞണിഞ്ഞ മലകളും ഒരു വന്യമായ സൌന്ദര്യമാണ് ...ബാബാ മന്ദിര്‍ എത്തുന്നതിനു മുന്‍പാണ് റ്സ്മോഗോ തടാകം തടാകത്തിനു അടുത്ത് എത്തും മുന്‍പേമഞ്ഞില്‍ഇറങ്ങാവുന്ന ജാക്കറ്റുകളും നീളന്‍ കാലുറകളും വാടകയ്ക്ക് എടുത്തിരുന്നു എങ്കിലും ശരീരത്തിലെ ഒരു ചെറുപഴുത് കിട്ടിയാല്‍ തണുപ്പ് അതിലൂടെ ഇരച്ചു കയറി രകതത്തെ മരവിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു ...tsmogo തടാകംസ്വപ്ന സദൃശ്യമാണ്..ഒരു കിലോമീറ്റര്‍ നീളമുള്ള അമ്പതു അടി താഴ്ചയുള്ള തടാകത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഹിമാലയന്‍ മല നിരകള്‍ ..യാത്രക്കാരെ ചുറ്റി കാണിക്കാന്‍ നല്ല കറുമ്പന്‍മലങ്കാള കള്‍ (യാക്കുകള്‍ )
മലയുടെ മുകളില്‍ ആണ് ബാബാമന്ദിര്‍ .യുവാവയിരിക്കുമ്പോഴേ മരിച്ചു പോയ പട്ടാളക്കാരന്റെ സമാധി സ്ഥലം ആണിത് .ഫോണ്‍ ടവരോ അതുപോലെ യുള്ള ഒരു സൌകര്യവും ഇല്ലാത്ത ഏപ്രില്‍മാസം കൂടെ അതിശൈത്യം അനുഭവപ്പെ ടുന്ന അവിടെ, തകര ഷീറ്റുകള്‍ കൊണ്ട് കോഴി ക്കൂട് പോലെ യുള്ള ഷെഡുകളില്‍ താമസിച്ചു ചൈനയില്‍ നിന്നും നമ്മുടെ അതിരുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ കൂട്ടം കൂട്ടം ആയി ഇവിടെ വന്നു പ്രാര്‍ത്ഥിച്ചു മണിയടിച്ചു "ഭാരത് മാതാ കീ ജയ്‌ " എന്ന് ഉച്ചത്തില്‍ കയ്യുയര്‍ത്തി പറയുമ്പോള്‍ ആ തണുപ്പിലും രാജ്യ സ്നേഹത്തിന്റെയും, നമുക്ക് വേണ്ടി കാവല്‍ നില്‍ക്കുന്ന ഈ സഹോദരനമാരോടുള്ള നന്ദിയുടെയും ഒരു ഊഷ്മളത ശരീരമാകെ വ്യാപിക്കുന്നതായി തോന്നി ...
അവിടെ നിന്നും വീണ്ടും മൂന്നു കിലോമീറ്റര്‍ അകലെ യാണ് "നാതുല്ലപാസ് " അഥവാ ഇന്ത്യ ചൈന അതിര്‍ത്തി . ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചു കൊണ്ട് ഇടയില്‍ ഉള്ള ഒരു കിടങ്ങിനു അപ്പുറം ഇപ്പുറം സ്വന്തം കൊടിയുടെ കീഴെ കണ്ണില്‍ എണ്ണയോഴിച്ചു മരിക്കാന്‍ കൂടെ തയ്യാറായി രാജ്യത്തിന് വേണ്ടി കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ അവരെ കാണുന്നത് തന്നെ യാണ് ഏറ്റവും നല്ല പുണ്യയാത്ര എന്ന് തോന്നി ...
എന്തൊക്കെ സംഭവിച്ചാലുംഉച്ചയ്ക്ക് ഒരു മണിക്ക് മുന്പ് മലയിറങ്ങണം എന്നാണ് നിയമം ..സമയം വൈകിയാല്‍ കോടമഞ്ഞ്‌ കാഴ്ച്ച മറയ്ക്കും ..ആ സമയത്ത് പുറപെട്ടിട്ടും ഇടയ്ക്കിടെ മഞ്ഞു വന്നു മൂടുന്നു ..നട്ടുച്ച നേരത്ത് ലൈറ്റ് ഇട്ടു വണ്ടി ഓടിക്കേണ്ടി വരുന്നു ...രാവിലെ എട്ടു മണിക്ക് മുപ്പത്തിരണ്ട് കിലോമീറ്റര്‍ മലകയറിയ വണ്ടികള്‍ അങ്ങനെ ഒരുമണിയോടെ ഒന്നൊന്നായി താഴെ ഇറങ്ങുന്ന കാഴ്ച ..അപകടം ഒന്നും കൂടാതെ തിരിച്ചു വരുവാന്‍ സാധിച്ച സമാധാനത്തോടെ എല്ലാവരും നോക്കി കാണുന്നു ...
അടുത്ത ദിവസം ഗാന്ഗ് ടോക്കില്‍ നിന്നും എന്മ്പത് കിലോമീറ്റര്‍ അകലെയുള്ള കാളിംഗ്പൊ എന്നാ മനോഹരമായ സ്ഥലത്തെ മലകളും വിവിധതരത്തിലുള്ള കള്ളിചെടികളുടെ കാക്റ്റസ് നഴ്സറിയും മറ്റു മനോഹരമായ പൂന്തോട്ടങ്ങളും സന്ദര്‍ശിച്ച്.. അവിടത്തെ പ്രധാന ആകര്‍ഷണമായ പാരാഗ്ലൈഡി ങ്ങും നടത്തി ..ഞങ്ങള്‍ ഞങ്ങളുടെ നോര്‍ത്ത് ഈസ്റ്റ്‌ യാത്ര അവസാനിപ്പിച്ചു ..

സ്വപ്നങ്ങൾ തേടി....ഒരു യാത്ര












                                                                                                  അബ്ദുറഹിമാന്‍ മാവൂര്‍

സ്വപ്നങ്ങൾ തേടി....ഒരു യാത്ര. . . 
ജീവിതലക്ഷ്യങ്ങളിലേക്കുള്ള പ്രയാണം.
അങ്ങിനെ ജീവിതത്തിന്റെ രണ്ടറ്റംകൂട്ടിമുട്ടിക്കാനു - ള്ളൊരു യാത്രയിലേക്കാണ് നിങ്ങളെ കൂടി കൂട്ടുന്നത്
യാത്രകള്‍ അനിവാര്യമായ "ഉപജീവനപരിശ്രമങ്ങള്‍ക്കിടയില്‍" ഒരാഴ്ച മലേഷ്യയില്‍ വിശ്രമം തേടി ..
എൻറെ യാത്ര അവിടെ ആരഭിക്കുകയാണ്.
കഥകളിലും.പുസ്തകത്താളുകളിലും മാത്രം ഞാൻ അറിഞ്ഞ മലേഷ്യ.
ആകാശത്തിന്റെ അതിരുകളെ ആലിംഗനം
ചെയ്യുന്ന മേഘ പടവുകൾ കാവൽ നിൽക്കുന്ന മലേഷ്യ,
ഞാനവിടെ എത്തിച്ചേരുന്നത് ഒരു തണുപ്പു
കാലത്താണ്.
കോടീശ്വരന്‍മാരുടെ നാടായ മലേഷ്യയില്‍ ആസ്വാദനത്തിനായി വരുന്നവരാരും ഉടുതുണിക്കു മറുതുണിയില്ലാത്തവരല്ലല്ലോ! .
എന്നാല്‍ മലേഷ്യ സഞ്ചാരികള്‍ക്കായി ഒരുക്കിവെച്ച "പല ആസ്വാദന സാധ്യതകളെയും " സ്വജീവിതത്തില്‍ നിന്നും "മൊഴി ചൊല്ലിയ"എനിക്ക് അവിടെ പ്രകൃതി ഭംഗിയെ മാത്രം സ്വസ്ഥമായി ആസ്വദിക്കാനുള്ള അവസരം ലഭിച്ചു .
തണുപ്പിന്റെ പിടിയിലമര്‍ന്ന ക്വാലലംപൂര്‍ അന്നാളില്‍ ശാന്തമായിരുന്നു .പൊതുവേ കാല്‍നടയാത്രക്കാര്‍ കുറവ് ,ആഡംഭരത്തിന്റെ അവസാനവാക്കായ വാഹനങ്ങള്‍ തന്നെയാണ് രാജപാതകള്‍ കയ്യടക്കിവെച്ചത് ,പക്ഷേ വാഹനങ്ങളും എണ്ണത്തില്‍ കുറവുതന്നെയാണ് .
സഞ്ചാരത്തിലെ ഓരോ സൂക്ഷ്മതലങ്ങളും സ്പര്‍ശിക്കു- മ്പോള്‍ വരികള്‍ക്ക് നീളം കൂടുമെന്ന ഭയത്താല്‍ ഞാന്‍ നിങ്ങളെ "ഗെന്‍റിങ് ഹൈ ലാന്റിലേക്ക്"
ക്ഷണിക്കുകയാണ് ..
ക്വാലലംപൂര്‍ ട്വിന്‍ടവര്‍ പരിസരത്തുനിന്നും ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഹൈലാന്റില്‍ എത്താം അവിടെനിന്നും മൂന്നര കിലോമീറ്റര്‍ കേബിള്‍കാറില്‍ കയറി സഞ്ചരിച്ചാല്‍ മഞ്ഞുമൂടി വിറച്ച് തുള്ളുന്ന മനോഹരമായ റിസോട്ടുകളുടെയും ഹോട്ടലുകളുടെയും കൂട്ടത്തിലേക്ക് കടന്നുചെല്ലാം ..അവിടെയാണ് വിസ്മയങ്ങളുടെ പ്രപഞ്ചം!?
തീം പര്‍ക്ക് ,ഗാംബ്ലിംഗ് പോയന്‍റ് ,കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ ഒരുക്കിവെച്ച ജാക്പോട്ട്...,
അവിടെ എന്നിലേറ്റവും ആശ്ചര്യം ജനിപ്പിച്ച വസ്തുത, പുരികം പോലും നരച്ചു ചുക്കിച്ചുളിഞ്ഞ വൃദ്ധന്മാരും വൃദ്ധകളും, തന്നെയാണ് ചൂതാട്ടത്തില്‍ മുന്‍പന്തിയിലെന്നതാണ് .
തിങ്ങിനിറഞ്ഞ കാസിനോ ഹാളില്‍ഏറിയപങ്കും വാര്‍ദ്ധക്യത്താല്‍ അസ്തമയം കാത്തുകഴിയേണ്ടവര്‍ ?
സത്യത്തില്‍ യഥേഷ്ടം പണവും ഇടവേളകളുമുള്ള മനുഷ്യര്‍ മരണം വരെ ജീവിച്ച്തീര്‍ക്കാന്‍ പെടാപ്പാട് പെടുന്നത് നമുക്കിവിടെക്കാണാം ,,
..വിഭിന്നമായ...വിചാരങ്ങളോടെ വാര്‍ദ്ധക്യജീവിതത്തിന്റെ വേവലാതികൾഅവിടെ ആരിലുംഞാൻ കണ്ടില്ല.
സായാഹ്നശോഭ മങ്ങുന്നതോടെ മലേഷ്യന്‍ തെരുവുകള്‍ സജീവമാവുന്നു ,കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ പ്രളയത്തില്‍ ആടിത്തിമര്‍ക്കുകയാണ് ആബാലവൃദ്ധം ജനങ്ങളും ,ആസ്വാദനത്തിന്റെ പറുദീസയില്‍ ആറാടുകയാണവര്‍,
ടീഷര്‍ട്ടും കാലന്‍കുടയും "ഔദ്യോഗിക വേഷമായി" കസ്റ്റമറെ തിരയുന്ന പിമ്പുകള്‍ "
മസാജ്, മസാജ്" എന്ന പാസ് വേര്‍ഡ് അടിച്ചു നമ്മുടെ സദാചാര അക്കൌണ്ട് ഹാക് ചെയ്യാന്‍ ശ്രമിക്കും ,അതി സുന്ദരികളായ ഒരു കൂട്ടം മാംസ വില്‍പ്പനക്കാരികളുടെ ശേഖരം കയ്യിലുണ്ടെന്ന അഹംഭാവത്തോടെ ..
എത്ര മലീമസമാണ് , ട്യൂറിസത്തിന്റെ പേരില്‍ ഉടുമുണ്ടഴിക്കുന്ന ഈ കൊച്ചു സമ്പന്ന രാഷ്ട്രത്തിന്റെ സംസ്കാരമെന്ന് തോന്നിയപ്പോള്‍,എന്റെ മനസ്സെന്നോടു മന്ത്രിച്ചു ഈ ലോകം വൈവിധ്യങ്ങളുടെതാണ് എന്ന സത്യം ഉള്‍ക്കൊള്ളണമെന്ന് ..
നഗരംപച്ചയായ യാഥാര്‍ഥ്യത്തെ ചൂണ്ടുപലകയാക്കി സദാചാരത്തെ വെല്ലുവിളിക്കുകയാണ് എന്നെനിക്കു തോന്നി.
മനുഷ്യൻ ഏതൊക്കെ തരത്തിൽ ജീവിക്കുന്നുണ്ട് എന്നതാണ് എന്നെ അത്ഭുതപെടുത്തിയത്
മലേഷ്യൻനഗരം ഭ്രാന്തമായ ഒരാവേശതിരതല്ലലിൽ ഉലഞ്ഞും.പ്രകൃതിയുടെലാളിത്യംവാരിചൂടിയും എൻറെ ഹൃദയത്തിൽ ചേ ക്കേറിയിരുന്നു.
വാണിജ്യവും.സംസ്കാരവും.ആഥിത്യവും.
സമ്പത്തും ചേർത്തിണക്കിപണിതതാണെങ്കിലുംപട്ടണ,
പകിട്ടിലെ വീർപ്പുമുട്ടൽഅവിടെ എനിക്കുണ്ടായില്ല എന്നത് കുറച്ചുസത്യമാണ് കാരണം പച്ചപ്പിനും പ്രകൃതിക്കും അതിന്റെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം വകവെച്ചു കൊടുത്തുള്ള വികസനം മലേഷ്യയെ ഒരു മരതക ദ്വീപാക്കി മാറ്റിയിരിക്കുന്നു.
ഈ ബഹുമതി ഈ രാജ്യത്തിന്നു സമര്‍പ്പിച്ചു കൊണ്ട് ഞാന്‍ മലേഷ്യയോട് വിടചൊല്ലി ..
എൻറെ തൊഴിൽയാത്രകൾ നീളുന്നു,
എനിക്കൊപ്പം കൂട്ടായി അനുയാത്ര ചെയ്ത
താളിയോല കുടുബാംഗങ്ങളേ. . .വരൂ
തെരുവോരത്തെ ഒരു ചെറു കടയിൽ നിന്നും
നമുക്കോരോ മസാലചായകുടിക്കാം
കൊറിക്കാൻ ചൂട്കടലയും
ഇനിയും നീളുന്ന ഈ ജീവിതയാത്രയും.
നമ്മുടെ സൌഹൃദ യാത്രയും. .
സ്നേഹതൂലികയമർത്തി. .എഴുതാൻ
എന്നെപ്രാപ്തനാക്കിയതി ൽ ഞാൻ അഭിമാനിക്കുന്നു.
(യാത്രാനുഭവത്തിന്നു വിപരീതമായി അനുഭവിച്ചവര്‍ക്ക് വിവരണത്തില്‍ അപൂര്‍ണ്ണത തോന്നിയെങ്കില്‍ എനിക്കു പറയാനെയറിയൂ എഴുതാന്‍ അറിയില്ല എന്നു സമ്മതിച്ചു തരാം )

യുദ്ധ ഭൂമിയിലൂടെ.ഒരു യാത്ര















                                                                                                                                                                                                                       രതി നാരായണന്‍

യുദ്ധ ഭൂമിയിലൂടെ.ഒരു യാത്ര
(ജീവന്‍ പണയം വെച്ച് യുദ്ധഭൂമിയിലൂടെ നടത്തേണ്ടിവന്ന ഒരു യാത്രാനുഭവം ആണിത്)
1990 ഓഗസ്റ്റ്‌ 2 സൂര്യന്‍റെ പൊന്‍ കിരണള്‍ ഭൂമിയെ സ്പര്‍ശിക്കുന്നതിന് മുന്നെ ആ ദാരുണ മായ വിവരം ഞങ്ങള്‍ എല്ലാ മലയാളികളും അറിഞ്ഞു . കുവൈറ്റിനെ ഇറാക്ക് ആക്രമിച്ചു കീഴടക്കി.ചരിത്രത്തില്‍ ഇറാഖിന്റെ പ്രവിശ്യയായിരുന്നു കുവൈത്ത്. ഇറാൻ-ഇറാഖ് യുദ്ധവേളയിൽ കുവൈത്ത് ഇറാഖിന്റെ എണ്ണക്കിണറുകല്ള്‍ സ്വന്തമാക്കിയെന്നാരോപിച്ചായിരുന്നു യുദ്ധം തുടങ്ങിയത്
ജോലിക്കുപോകാനായി പുറപെട്ട എന്‍റെ ഭര്‍ത്താവ് ആ ദിവസം. മുതല്‍ ഒരു മാസം ആര്‍ക്കോ വേണ്ടി ജോലിചെയ്തു.ഒക്ടോബര്‍ 20 നുഞാനും എന്റെ മക്കളും ഭര്‍ത്താവും കൂടി ഇന്ത്യന്‍ എംബസ്സി ഏര്‍പ്പാടാക്കിയ ബസില്‍ കയറി. (അതിനിടെ ഒരു കാര്യവും കൂടി പറയട്ടെ ആര്‍ക്കും വരാന്‍ ഇഷ്ട്ടപെട്ടല്ല തിരികെ പോരാന്‍ തീരുമാനിച്ചത് സാഹചര്യം കൊണ്ടുമാത്രം).ബസില്‍ പരിചിത മുഖം ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും കടപ്പയില്‍ വസിക്കുന്ന കുറച്ചു തൊഴിലാളികളും ഞങ്ങളുടെ കൂടെ കയറി
യാത്ര തുടങ്ങി. എവിടെ നോക്കിയാലും ഭീകരാന്തരീക്ഷം എങ്കിലും ഇറാക്കി പട്ടാളക്കാര്‍ക്ക് ഇന്ത്യ ക്കാരോട് ബഹുമാനമായിരുന്നു സദാം ഹുസൈനും ഇന്ത്യയും തമ്മില്ലുള്ള മിത്രത ആയിരിക്കും പോകുന്ന വഴിയില്‍ ബസ്‌ തടഞ്ഞ പട്ടാളക്കാര്‍ ചോദിച്ചിരുന്നു ' അല്‍-ഹിന്ദ്‌ ?സൈന്‍,എല്ല റൂഹ് 'എന്ന് അറബിയില്‍ പറഞ്ഞു.വഴിയില്‍ ഉടനീളം കാണാനായത് ഒന്ന് മാത്രം നശി പ്പിക്കപെട്ടകെട്ടിടങ്ങളും കത്തിക്കരിഞ്ഞ വാഹനങ്ങളും മാത്രം.കുവൈറ്റ് അതിര്‍ത്തി കടന്ന് ഇറാക്കിലെ ബസ്ര എന്ന പട്ടണത്തില്‍ എത്തി..നഗരപ്രദേശം കഴിഞ്ഞു കാണുന്ന കാഴ്ചയെല്ലാം ദയനീയ മായിരുന്നു.പൊട്ടിപൊളിഞ്ഞ മണ്‍ചുമരുകളും കുടിലുകളും, പുല്ലു മുളക്കാത്ത സ്ഥലങ്ങളുംമാത്രം.സമ്പന്നമായ ഭൂമിയില്‍ നിന്നും ഞങ്ങള്‍ കുറച്ചു മണി ക്കൂറുകള്‍ കൊണ്ട് ദാരിദ്രം പ്രഥമ ദ്രിഷ്ടിയാല്‍ തന്നെ ഗ്രഹിക്കാവുന്ന സ്ഥലത്തെത്തി.കുറച്ചു ദൂരം പോയപ്പോള്‍ രാത്രിയായി.
അങ്ങിനെ ഗതകാല സംസ്കാരമായ മേസപെട്ടോമിയന്‍സംസ്കാരംഉണ്ടായിരുന്ന നാട്ടില്‍ എത്തി.മധ്യപൂർവേഷ്യയിലെ യൂഫ്രട്ടിസ്, ടൈഗ്രിസ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമാണ്‌ മെസപ്പൊട്ടേമിയ. ആധുനിക ഇറാക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും, സിറിയയുടെ വടക്കു കിഴക്കൻ‍ പ്രദേശങ്ങളും, തുർക്കിയുടെ തെക്കു കിഴക്കൻ ഭൂഭാഗങ്ങളും ഇറാന്റെ തെക്കൻ പ്രദേശങ്ങളും ഇതിൽപ്പെ‍ടുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ നാഗരികതകൾ ഉടലെടുത്തത് മെസപ്പൊട്ടേമിയയിലാണ്. സുമേറിയർ, ബാബിലോണിയർ, അസീറിയർ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളുടെ സാമ്രാജ്യങ്ങളുടെ കേന്ദ്രമായിരുന്നു മെസപ്പൊട്ടേമിയ.
അവിടെത്തെ ആടുന്നപോന്തോട്ടവും ഒക്കെ കാലത്തിന്ടെ കയ്കളില്‍ അമര്ന്നില്ലേ എന്ന എന്റെ ചിന്ത ക്ക് വിരാമമിട്ടു കൊണ്ട് ബസ്‌ വലിയഒരു മൂന്നു സ്റ്റാര്‍ പദവിയുള്ള ഹോടലില്‍നിര്‍ത്തി. അവിടെ അന്ന് വിശ്രമിച് പിറ്റേ ദിവസം വെളുപ്പിന് വേറൊരു ബസില്‍ ഞങ്ങളെ ജോര്‍ദാന്‍ തലസ്ഥാനമായ അമനില്‍ എത്തിച്ചു. പോകുന്നവഴിയില്‍ ഇറാക്കില്‍നഗരത്തില്‍ മാത്ര കുറച്ചു നല്ലകെട്ടിട സമുച്ചയങ്ങള്‍ മാത്രം കണ്ടു ബാക്കിയെല്ലാം പഴയപോലെ പൊളിഞ്ഞ കൂരകള്‍ ആയിരുന്നു.നിര്‍ബന്ധിത സൈനിക സേവനം ആയകാരണം വഴിയില്‍ ഒന്നും ജനങ്ങളെ കണ്ടിരുന്നില്ല.പോകുന്ന വഴിയില്‍ അവരുടെ ഇല്ലായ്മ കാരണമാകാം പിടിച്ചു പറിക്കം പോലെ യുള്ള പരിശോധനകളായിരുന്നു. ടിവി ,വീഡിയോ ഇതൊക്കെ അവര്‍ക്കെ വേണമെന്നാഞാപിച്ചിരുന്നു.ആരും ഒന്നും കൊടുതില്ല. പക്ഷെ അങ്ങിനെ ഒന്ന് മയക്കത്തില്‍ പെട്ടപ്പോള്‍ ബസ്‌ ഒരു ഞരക്കതോടെനിന്നു. ജിജ്ഞാസയോടെ പുറത്തേക്കു നോക്കിയപ്പോള്‍ നീല ഷര്‍ട്ടും കരുതപന്റ്സും ധരിച്ച ആളുകള്‍ അവര്‍ കസ്ടുംസ്ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തി. ഇലക്ട്രോനിക് സാധനങ്ങള്‍ എല്ലാം തരാന്‍ പറഞ്ഞു ആരും കൊടുതില്ല.പെട്ടികള്‍ എല്ലാം താഴേക്കു വലിചിട്ട് പരിശോധന തുടങ്ങി ഞങ്ങളുടെ ഊഴവും എത്തി അതില്‍ വീഡിയോ കാസറ്റ്സ് ഉണ്ടായിരുന്നു.. അവര്‍ പെട്ടികെട്ടിയ ചരട് അറുക്കാനായി തുനിഞ്ഞു.ഗുരുവായൂരപ്പന്‍റെ കടാക്ഷം ഉണ്ടെന്നെ ഞാന്‍ തിരിച്ചരിഞ്ഞത് അപ്പോളയിരുന്നു .അയാള്‍ക്കെ കിട്ടിയില്ല അതാകാം അയാള്‍ എല്ല രോഹ് എന്നഅറബിയില്‍ പറഞ്ഞു അങ്ങിനെ വലിയോരു സങ്കടത്തില്‍ നിന്നു ഒഴിവായി, ഒന്നും കിട്ടി ഇല്ലെങ്കില്‍ അവര്‍ അടിക്കുകകൂടിചെയ്യും എന്ന് ആരോ പറയുന്ന കേട്ടു..ഒരു വേലയ്ക്കു നിന്നിരുന്ന സ്ത്രീയുടെകുട്ടിക്കു വേണ്ടി കൊണ്ട് വന്ന റേഡിയോ ബലമായി പിടിച്ചു വാങ്ങിഅവര്‍..



ഞങ്ങള്‍ പിന്നെ അമ്മാനിലെ നോമന്‍ ലാന്‍ഡില്‍ (" ആള്തമാസിക്കാത്ത ഇടം" ) മരുഭൂമിയില്‍ ചെറിയ കുടിലുകള്‍ കെട്ടിയിരുന്നതില്‍ താമസിക്കാനായി ഇറക്കി. ഞങ്ങളുടെ ഊഴം വരുന്നതുവരെ അവിടെ. വെള്ളവും ,ടിന്‍ ഫിഷും ഖുബൂസും ആഹാരമായി തന്നു.റെഡ് ക്രോസ്സിണ്ടേ സേവനം സ്തുതര്‍ഹ്യ മായിരുന്നു. ഡോക്ടര്‍മാരുടെ സേവനവും അത്യാവശ്യം ഉണ്ടായിരുന്നു.
പലസ്ത്രീകളും കരയുന്നുണ്ടായിരുന്നു താമസ സൗകര്യം കണ്ടിട്ട്..എനിക്കൊര്‍മ്മവനത് പൂന്താനത്തിന്റെ വരികള്‍ ആണ് "മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍".അങ്ങിനെ നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഊഴം വന്നു. നാട്ടിലെക്കെ വരുവാനായി ജോര്‍ദാന്‍ എയര്‍പോര്‍ട്ടില്‍ എത്തി അവിടെ നല്ലചൂടും നല്ലതിരക്കും പുറത്തു മരുഭൂമിയില്‍ കുറച്ചു നേരം കഴിഞ്ഞു വെള്ളം കിട്ടാനായി എയര്‍പോര്‍ട്ടില്‍ കയറി. ഞാന്‍ ഷോപ്പില്‍ നിന്ന് വെള്ളം വാങ്ങിയപ്പോള്‍ ഇറാക്കി ദിനാര്‍ വേണമെന്ന്. ഞാനാകെവിഷമിച്ചു നില്‍ക്കുമ്പോള്‍ ദൈവദൂതനെ പോലെ ഒരാള്‍ എത്തി,അയാള്‍ എന്നോട് ചോദിച്ചു ഇറക്കി ദിനാര്‍ വേണോ എന്ന്. ഞാന്‍ വേണമെന് തലയാട്ടി അദ്ദേഹം 20 ഇറാക്കി ദിനാര്‍ എനിക്ക് തന്നു. അദേഹത്തെ ഞാന്‍ ഈ അവസരത്തില്‍ സ്മരിക്കുന്നു (പിടിച്ചു പറിയെ ഭയന്ന് ഡോളറും കുവൈറ്റി ദിനാറും അരയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു ) അങ്ങിനെ റഷ്യയുടെ കടമെടുത്ത വിമാനത്തില്‍ ഞങള്‍ ദരിദ്രരെ പോലെ ഇന്ത്യയില്‍ എത്തി..........

Tuesday, January 13, 2015

മുസാന്തം ദ്വീപ്‌ (യാത്രാവിവരണം )


















                                                                                                              സര്‍ഗ റോയ്

യു എ ഇ യുടെ അയല്‍ രാജ്യമായ ഒമാന്‍റെ പരിധിയില്‍ പെടുന്നു "മുസാന്തം" എന്ന മനോഹര ദ്വീപ്‌. ഷാര്‍ജയില്‍ നിന്നും നീണ്ടു നിവര്‍ന്നു കിടക്കുന്ന എമിറേറ്റ്സ് റോഡ്‌. രണ്ടു വശങ്ങളിലും മണലാരണ്യം. ചിലയിടങ്ങളില്‍ സൂക്ഷിച്ചു നോക്കിയാല്‍ അങ്ങ് ഉള്ളില്‍ വേലി കൊണ്ട് മറച്ചിരിക്കുന്നത് കാണാം. ചിലപ്പോള്‍ മുകളിലൂടെ തലപൊക്കി നോക്കുന്ന ഒട്ടകങ്ങളെയും. അതിനു സമീപത്തായി കുറച്ചു മരങ്ങള്‍ ഉണ്ടാവും. ആടുകളെയും ഒട്ടകങ്ങളെയും വളര്‍ത്തുന്ന സ്ഥലങ്ങളാണവ. ഇപ്പോള്‍ ഞങ്ങള്‍ക്ക് ചില കടകളൊക്കെ കാണാന്‍ കഴിയുന്നുണ്ട്. റാസ്‌ അല്‍ ഖൈമ എത്തിയിരിക്കുന്നു. കഷ്ടതകളുടെയും വ്യസനങ്ങളുടെയും പീഡിത അനുഭവങ്ങള്‍ നേരിട്ടനുഭവിച്ചറിയാന്‍ നബി (റസൂല്‍) മരുഭൂമിയില്‍ ഖൈമ (കൂടാരം) കെട്ടി താമസിക്കുവാന്‍ തിരഞ്ഞെടുത്ത സ്ഥലമാണ് റസൂല്‍ ഖൈമ ഇപ്പോഴത്തെ റാസ്‌ അല്‍ ഖൈമ എന്നാണു ഐതിഹ്യം. നോക്കൂ, ഇപ്പോള്‍ കാഴ്ചകള്‍ തികച്ചും വ്യത്യസ്തമായിരിക്കുന്നു. സിറ്റി വിട്ടു കഴിയുമ്പോഴേയ്ക്കും മലനിരകള്‍, ഒരു ക്യാന്‍വാസിലെന്നപോലെ കാണുന്നു. സൂക്ഷിച്ചു നോക്കിയാല്‍ ഞങ്ങള്‍ക്ക് ഈ മലനിരകളിലെ ഓരോ അടുക്കുകളിലും ഭൂതകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍ കാണാന്‍ കഴിയും. എന്താണെന്നല്ലേ? ഒത്തിരി ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശങ്ങളൊക്കെ കടലിനടിയില്‍ ആയിരുന്നത്രെ! ഭൂമിയുടെ ഉപരിതലം പോലെ തന്നെ കടലിന്‍റെ അടിത്തട്ടും, കുന്നുകളും, കുഴികളും, പവിഴപ്പുറ്റുകളും, പലതരം ജീവികളും ചെടികളും ഒക്കെ. ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ, ഈ കടലിലെ വെള്ളം ഇല്ലാതായാല്‍!!!!!! ആ ഒരു കാഴ്ച ഞങ്ങള്‍ക്ക് ഈ മലനിരകളില്‍ കാണാം. ഓരോരോ പാറകളിലും ജീവികളുടെ അവശിഷ്ടങ്ങളുടെ പാടുകള്‍ കാണാം. നാട്ടില്‍ കാണുന്ന സാധാരണ പാറകളെപ്പോലെയല്ല ഇവ, ഓരോന്നും ഓരോ അട്ടികളായി രൂപപ്പെട്ടിരിക്കുന്നത് കാണാം.
റാസ്അല്‍ ഖൈമ ബോര്‍ഡറില്‍ പാസ്പോര്‍ട്ട്‌ സീല്‍ ചെയ്തു .യു എ ഈ കടന്നു ഞങ്ങള്‍ ഒമാനിലേക്ക് പ്രവേശിക്കുന്നു. കാറ്റു വീശിയടിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്ന വഴിയെക്കുറിച്ചു അറിയേണ്ടേ? കടലില്‍ ചേര്‍ന്ന്..... സിനിമകളിലോക്കെ കാണുന്നതുപോലെ..... ചെറിയൊരു മതില്‍ക്കെട്ടാണ്


റോഡിനെ കടലില്‍ നിന്നും വേര്‍തിരിക്കുന്നത്. " ഏയ്‌. ...., എന്തായിത്?'..... ഞങ്ങളെ തലോടി വിടുന്നു തിരകള്‍. കാറിലായതിനാല്‍ ഞങ്ങളെ നനയ്ക്കാന്‍ കഴിയാത്തതിന്‍റെ കുറുമ്പ് കാണിക്കുന്നു. ഞാന്‍ റോഡിന്‍റെ ഒരു വശത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. എന്തേ മറ്റേ വശം എന്താന്നറിയണ്ടേ? ഒന്ന് നോക്കിയേ, "അയ്യോ! ആ പാറ ഇപ്പോള്‍ വരും താഴേക്ക്‌... ". ഭീമാകാരനായ മലയുടെ അടിയില്‍ കൂടിയാണ് യാത്ര. ഈ മലയെ ചുംബിക്കാനുള്ള കടലിന്റെ അവസരം നഷ്ട്ടപ്പെടുത്തുന്നതിനാലാവാം ഇത്ര ദേഷ്യത്തില്‍ ഈ റോഡും അതിലൂടെ പോകുന്ന വാഹനങ്ങളെയും നനയ്ക്കുന്നത്. സങ്കല്‍പ്പിക്കാന്‍ കഴിയുന്നോ, നേരെ മുകളിലേക്ക് നോക്കിയാല്‍ മലയില്‍ നിന്നും ഇളകി വീഴാറായ പാറകള്‍. ചില സ്ഥലങ്ങളില്‍ റോഡില്‍ വീണു ചിതറിയ പാറക്കഷ്ണങ്ങള്‍... ഇടക്കൊക്കെ പാറക്കല്ലുകള്‍ ചൊരിഞ്ഞു വീഴുന്ന ശബ്ദങ്ങളും കേള്‍ക്കുന്നില്ലേ? അപായ സൂചനകള്‍ അവിടെയവിടെയായി നല്‍കുന്നുണ്ട് കേട്ടോ. ഒന്നൊന്നര മണിക്കൂറുകള്‍ക്കുശേഷം ചെറിയ കടകള്‍ ഒക്കെ കണ്ടു തുടങ്ങി. മാപ് (MAP) നോക്കി ഞങ്ങള്‍ക്കെത്തേണ്ട സ്ഥലം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഇടയ്ക്കു ഒരു സ്ഥലത്ത് 'ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍' എന്ന ബോര്‍ഡ്‌ കണ്ടു. എന്നാല്‍ മണ്ണും ഇളകിയ കല്ലുകളും നിറഞ്ഞ റോഡ്‌ അല്ലാതെ മറ്റൊന്നും കാണാന്‍ കഴിഞ്ഞില്ല. മല മുകളിലേക്കുള്ള കയറ്റമാണ് താനും. വല്ലപ്പോഴും ഒന്നോ രണ്ടോ വണ്ടികളാണ് അത് വഴി പോയത്. തിരികെ പോരണോ എന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ ഒരു ജീപ്പ് മലയിറങ്ങി വരുന്നത് കണ്ടു. ഒരു സായ്പായിരുന്നു അതില്‍. അവിടെ എന്തെങ്കിലും കാഴ്ചകള്‍ ഉണ്ടോ എന്ന ഞങ്ങളുടെ ചോദ്യത്തിന് നിങ്ങള്‍ പോയാല്‍ അത് വെറുതെയാവില്ല എന്ന മറുപടി പറഞ്ഞു ,പൊടിപറത്തിക്കൊണ്ട് ജീപ്പ് പാഞ്ഞുപോയി.
ഏതായാലും ഇതുവരെ എത്തിയ സ്ഥിതിക്ക് മുകളിലേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. വളരെ സാവകാശം ശ്രദ്ധയോടെ വണ്ടി ഏറ്റവും മുകളിലെത്തി. കണ്ണുകളൊക്കെ നന്നായി ഒന്ന് തിരുമ്മി തുറന്നു നോക്കി. ഇത്രയും നല്ലൊരു കാഴ്ച കണ്ടിട്ടുണ്ടാവില്ല. വളഞ്ഞ വളഞ്ഞു താഴേക്ക്‌ പോകുന്ന വഴി. താഴെ ചെറിയൊരു വൃത്താകൃതിയില്‍ നീല നിറം. ചുറ്റും ചെറിയ ചെറിയ മലകള്‍. കുമ്പിളില്‍ നീല ജലാശയം. പൊട്ടുകള്‍ പോലെ ബോട്ടുകളും സൂക്ഷിച്ചു നോക്കിയാല്‍ ആളുകളെയും കാണാം. താഴേക്ക്‌ വളരെ ശ്രദ്ധയോടെ പോകണം. മലയുടെ വശം ഒരു വഴിപോലെ ആക്കിയിട്ടെയുള്ളൂ. മുകളിലേയ്ക്ക് പോകുന്നത് പോലെയല്ലായിരുന്നു ഈ ഇറക്കം. രണ്ടു വണ്ടികളിലായി വന്നു എങ്കിലും ഒരു വണ്ടിയില്‍ തന്നെ മൂന്നു കുടുംബങ്ങളും കയറി. നിശ്വാസത്തിന്‍റെ ശബ്ദങ്ങള്‍ക്ക്‌ മീതെ ഉള്ളിലെ പ്രാര്‍ത്ഥനയും അതിനെക്കാള്‍ ഉച്ചത്തിലായി ഹൃദയതാളവും. മുകളില്‍ നിന്ന് നോക്കുമ്പോള്‍ തന്നെ വളരെയധികം ഹെയര്‍ പിന്‍ വളവുകള്‍ കാണാമായിരുന്നു. താഴെ എത്തുന്നതുവരെ മുകളിലേക്ക് ഒരു വണ്ടിയും വരരുതേ എന്ന കൂട്ടപ്രാര്‍ത്ഥന അവഗണിച്ചു കൊണ്ടു ഒരു വണ്ടി മുകളിലേക്ക് വന്നു. ഉറക്കെവിളിക്കാന്‍ തുടങ്ങി കുട്ടികള്‍, ഒരു വളവില്‍ ഒഴിച്ച് നിര്‍ത്തിതന്നു ആ വണ്ടിക്കാരന്‍. പതിയെ താഴെ എത്തി. ഹാവൂ..... നീല ജലാശയങ്ങളുടെ പറുദീസ. ഒരു വിദേശ കുടുംബം ഒരു മത്സ്യബന്ധന ബോട്ടില്‍ കറങ്ങിയടിച്ച് തിരികെ വരുന്നു. പിന്നെ വൈകിയില്ല, അതിന്റെ അടുത്ത യാത്ര ഞങ്ങളെയും വഹിച്ചുകൊണ്ടായിരുന്നു. കടലിന്റെ നീലിമ എന്ന് പറയാറില്ലേ, ഈ ജലാശയങ്ങള്‍ക്ക് ആകാശ നീലിമ!! അതിലൂടെ സ്പീഡ് ബോട്ടില്‍ നീലജലം വകഞ്ഞു മാറ്റിക്കൊണ്ട് ഞങ്ങളും. മലകള്‍ ഈ ജലാശയത്തെ പല പല മുറികളോ മറ്റോ പോലെ തിരിച്ചിരിക്കുന്നു. എത്രദൂരം ഉള്ളിലേയ്ക്ക് പോയി എന്നറിയില്ല. ചെറിയൊരു പേടി തോന്നുന്നു. സുരക്ഷിതമായി തിരികെ തീരത്തെത്തി, മറക്കാന്‍ കഴിയാത്ത കാഴ്ചകളും സാഹസികമായ യാത്രയും നല്‍കിയ നിര്‍വൃതിയില്‍ തിരികെ അടുത്ത കാഴ്ച്ചകളിലേയ്ക്ക്. അലതല്ലിയാര്‍ക്കുന്ന കടലിന്റെ തീരത്ത്‌ കെട്ടുവള്ളങ്ങള്‍ പോലെ ഹൗസ്‌ബോട്ടുകളും നിരയായി കിടക്കുന്നു. ഈ തിരമാലകള്‍ വകഞ്ഞു കടലിന്റെ മാറിലൂടെ ഒരു യാത്ര ആയാലോ.... ആവേശം കണ്ണുകളില്‍ നിറയുന്നു?
വരൂ, നമുക്കും കയറാം ഒരു വള്ളത്തില്‍. രണ്ടു വശങ്ങളിലായി ഇരിക്കാന്‍ ഇരിപ്പിടം. വള്ളത്തിന്റെ മുന്നില്‍ അമരക്കാരാവാനും അവസരം ഉണ്ട്. പൂര്‍ണ്ണമായും മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ഇതിനെ നിയന്ത്രിക്കാന്‍ ഒരാളും സഹായത്തിനും മറ്റും മറ്റൊരാളും. കുറെ ഉള്ളിലേക്ക് കടക്കുമ്പോള്‍ തിര തീരെ അകന്നു പോയിരിക്കുന്നു. ശാന്തമാണ് കടല്‍. ഇപ്പോള്‍ അങ്ങ് ദൂരെയായി ഇടവിട്ട്‌ കുറച്ചു വീടുകള്‍ പോലെ കാണാം, മലകളുടെ ചരിവുകളില്‍. ഇവയൊക്കെ ഓരോന്നും ഓരോ വില്ലേജുകള്‍ ആണത്രേ. അവിടെ വൈദ്യുതിയും മറ്റു സൗകര്യങ്ങളും ഒന്നും എത്തിയിട്ടില്ല. അവശ്യസാധനങ്ങള്‍ക്കായി അവര്‍ ഇത്തരം ബോട്ടുകളെ ആശ്രയിക്കും. അങ്ങ് ദൂരെ ഒരു മലയുടെ മുകളിലായി റിസീവര്‍ പോലെ ഒന്ന് കണ്ടു. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന സമയത്ത് വാര്‍ത്താവിനിമയത്തിനു സ്ഥാപിച്ചതാണത്രേ അത്. ഞങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത് ഒരു വില്ലേജിനടുത്തേക്കാണ്. ദേ നോക്കൂ, ഈ വെള്ളത്തിലൂടെ ചാടി മദിച്ചു പോകുന്നതെന്താന്നു..... അതെ ഡോള്‍ഫിന്‍. മിന്നായം പോലെ അവിടവിടെ നാലഞ്ചെണ്ണം പൊങ്ങിച്ചാടി ഞങ്ങളെ അമ്പരപ്പിക്കുന്നു. ഇവിടുത്തെ ഒരു പ്രധാന കാഴ്ചയാണ് ഈ ഡോള്‍ഫിനുകള്‍. പതിയെ മോട്ടോര്‍ ഓഫ്‌ ആക്കി വള്ളം നിര്‍ത്തി. തിര തീരെ ഇല്ല. വെള്ളത്തിലേക്ക് സൂക്ഷിച്ചു നോക്കു, നിങ്ങള്‍ക്ക് വെള്ളത്തിലൂടെ ഊളിയിടുന്ന മീനുകളുടെ കൂട്ടത്തെ കാണാം. ഇനിയും സൂക്ഷിച്ചു നോക്കിയാല്‍ അടിയില്‍ മണല്‍പ്പരപ്പ്‌ കാണാം. പല നിറങ്ങളില്‍ കക്കയും മറ്റും. ചില ചെറിയ ചെടികളും നില്‍ക്കുന്നല്ലേ? ഇവിടെ എല്ലാര്‍ക്കും വെള്ളത്തിലിറങ്ങാം. ഒരു വടം കെട്ടിയിട്ടുണ്ട്, അതിലൂടെ തൂങ്ങി ഇറങ്ങാം. നീന്താന്‍ അറിയുന്നവര്‍ക്ക് നീന്താം. പതിയെ വടത്തിലൂടെ ഊഴ്ന്നിറങ്ങി കടല്‍ വെള്ളത്തിന്റെ തണുപ്പ് ആസ്വദിച്ച ശേഷം തിരികെ കയറി. ഭക്ഷണം സ്പീഡ്ബോട്ടില്‍ എത്തിച്ചിരുന്നത് കഴിച്ചു. തിരികെ യാത്രയിലും കണ്‍ നിറയെ കണ്ടു ഡോള്‍ഫിനുകളെ. കടലിന്‍റെ ചൊരുക്ക് നന്നായി ക്ഷീണിതരാക്കി , എങ്കിലും നല്ലൊരു യാത്രയുടെ അനുഭൂതി ഇപ്പോഴും മനസ്സില്‍ അല തല്ലുന്നു.