Showing posts with label സാഹിത്യ പ്രതിഭാ പരിചയം. Show all posts
Showing posts with label സാഹിത്യ പ്രതിഭാ പരിചയം. Show all posts

Friday, January 16, 2015

യു. പി ജയരാജ്












                                                                                       എസ്സ് ദത്തന്‍

രാഷ്ട്രീയ നിശ്ചയദാര്‍ഡ്യം ഉള്ള, ജനപക്ഷ നിലപാടുള്ള ഒരു എഴുത്തുകാരന്‍ എങ്ങിനെ തഴയപ്പെടുന്നു, ഒതുക്കപ്പെടുന്നു എന്നതിന്റെ ഏറ്റവും വലിയ ചൂണ്ടുപലകയാണ് യു. പി, ജയരാജ് എന്ന സാഹിത്യകാരന്‍.
നിരൂപക മൂടുതാങ്ങികള്‍ വാനോളം വാഴ്ത്തപ്പെടുന്ന ടി. പത്മനാഭനെപോലുള്ള എഴുതുക്കാര്‍ക്കും ഒട്ടും പിന്നിലല്ലാത്ത ഒരു പക്ഷെ അവരെക്കാളും ഉയര്‍ന്ന തലത്തില്‍ തന്നെയാണ് വായനയെ ഗൌരവമായ്‌ എടുത്തിട്ടുള്ള ഏതൊരാളും യു.പി.ജയരാജ് എന്ന സാഹിത്യകാരനു നല്‍കിയ സ്ഥാനം. സ്തുതിഗീതവും രാഷ്ട്രീയ കാലാവസ്ഥ മാറ്റങ്ങള്‍ക്കനുസൃതമായി ചിന്തകളുടെയും വാക്കുകളുടെയും മൂര്‍ച്ച ഒന്നു പരുവപ്പെടുത്താനുള്ള വിട്ട് വീഴ്ചയും മെയ് വഴക്കവും യു.പി. കാണിച്ചിരുന്നെങ്കില്‍ സാഹിത്യ അക്കാദമി തലവന്‍ സ്ഥാനങ്ങള്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഓച്ഛനിച്ചു നിന്നേനെ.
വ്യവസ്ഥാപിതതത്വങ്ങളോട് കലഹിക്കുന്നതും എന്നാല്‍ ഒട്ടും ആരാജകമല്ലാത്ത കുറിക്കുകൊള്ളുന്ന നിലപാടുതറ അദ്ദേഹത്തിന്റെ കഥകളുടെ മുഖമുദ്രയായിരുന്നു. അതുകൊണ്ട്; അതുമാത്രമാണ് സര്‍ക്കാരും കുത്തക മാധ്യമങ്ങളും അദ്ദേഹത്തെയും കൃതികളെയും തിമിരകാഴ്ച്ചയുടെ അവ്യക്തതകളില്‍ മറച്ചുവെച്ചത്.
എന്തുകൊണ്ടു ഇങ്ങനെ തഴയപ്പെട്ടുവെന്നതിനുത്തരം അദ്ദേഹത്തിന്റെ കഥകള്‍ വാചാലമായ് സംസാരിക്കും. നിരര്‍ത്ഥകവും ജഡിലവുമായ അസ്തിത്വവാദ പ്രകടനങ്ങളും സ്വയംരതിയുടെ വികാരപ്രകടന എഴുന്നുള്ളിപ്പല്ല, മോശമായ വ്യാകുലതകള്‍ കൊണ്ടായിരുന്നില്ല അതൊരിക്കലും. കാല്‍പ്പനികതയുടെയും ഉത്തരാധുനികതയുടെയും ആലസ്യ-നിരാശ തിരനോട്ടങ്ങളില്‍ തളച്ചിടാതെ കൃത്യമായ് ലക്‌ഷ്യം തുളയ്ക്കുന്ന ശരംതൊടുക്കുന്നതുകൊണ്ടും തെളിവും നിറവോടെയുമുള്ള വര്‍ണ്ണശഭളമായ വിപ്ലവ പക്ഷപാതിത്വം കൊണ്ടുതന്നെയാണ്. ഒരുപ്രാവശ്യമെങ്കിലും അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുന്ന ഏതൊരു അനുവാചകനും സ്വയം ചോദിച്ചുപോകും എന്തുകൊണ്ടു; എന്തുകൊണ്ടു ഞാനിതു നേരത്തെ കണ്ടെടുത്തില്ല. എന്തുകൊണ്ടാണ് ഇദ്ദേഹം തിരശീലയുടെ മറവില്‍ മറയ്ക്കപ്പെട്ടത്.
1950-ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തു ജനിച്ചു. കതിരൂര്‍ ഗവണമെന്റ് ഹൈസ്കൂളിലെ പഠനത്തിനുശേഷം ഐടി.ഐ ഡിപ്ലോമ നേടി. മഹാരാഷ്ട്രയിലെ അംബര്‍നാഥ് ആയുധനിര്‍മ്മാണശാലയിലെ ഇലട്രീഷ്യനായ് ജോലിയില്‍ പ്രവേശിച്ചു.
ഒരുകാലത്തു കേരളീയ യുവതയുടെ സിരകളിലും തലച്ചോറിലും തീപടര്‍ത്തിയ ജനകീയ സാംസ്ക്കാരിക വേദിയുടെ സഹയാത്രികനായിരുന്നു യു.പി.ജയരാജ്. കഥയെഴുത്തു ജയരാജിനു കേവലം ഒരു സാംസ്ക്കാരിക പ്രവര്‍ത്തനം ആയിരുന്നില്ല. തന്‍റെ ശക്തമായ രാഷ്ട്രീയ നിലപാടുകളും സാമൂഹ്യവീക്ഷണങ്ങളും വിളിച്ചുപറയാനുള്ള ഇടം എന്നനിലയില്‍ തന്നെയാണ് ജയരാജ് കഥ എന്ന സാഹിത്യ മാധ്യമത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അങ്ങിനെ ഉപയോഗിക്കുമ്പോള്‍ തന്നെ കഥ എന്ന സാംസ്ക്കാരിക രൂപത്തിന്റെ ഘടനാപരമായ പ്രത്യേകതളെ മിഴിവുറ്റതാക്കാന്‍ ശ്രദ്ധിച്ചതുകൊണ്ടാണ് അനുപമമായ ജീവിതദര്‍ശനങ്ങളാല്‍ തുല്യതകളില്ലാതെ ജയരാജ് കഥകള്‍ ജ്വലിച്ചു നില്‍ക്കുന്നത്.
എഴുത്തുകാരന്‍ കാലത്തെ അടയാളപ്പെടുത്തുന്നവന്‍. അങ്ങിനെ അല്ലാത്ത ഏതൊരു കൃതിയും പൈങ്കിളിതന്നെയാണ് ജീവിച്ചിരുന്ന കാലത്തെ അപാരമായ സത്യസന്ധതയാല്‍ ജീവിക്കയും ആ അതിജീവനത്തെ എഴുത്തിലേക്ക്‌ സന്നിവേശിപ്പിക്കയും ചെയ്ത ജയരാജ് അതങ്ങേയറ്റം കൃത്യമായ് നിര്‍വ്വഹിച്ചു എന്നതിന്റെ ശക്തമായ വായനയാണ് അദ്ദേഹത്തിന്‍റെ ഓരോ കഥയും നമുക്കു മുന്നില്‍ വരച്ചിടുന്നത്.
നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്, സ്മരണ, ഒക്കിനാവിലെ പതിവ്രതകള്‍. എന്നീ മൂന്നു കഥാ സമാഹാര കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞുപോയ ആ രക്തതാരകത്തില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും ഈ മൂന്നു സാമാഹൃത കൃതികളില്‍ മൊത്തമായി നാല്‍പ്പത്തി ഒന്‍പതോളം കഥകള്‍ ഉണ്ട് അവയോരോന്നും വ്യത്യസ്തമായ ജീവിതപാഠങ്ങളുടെ അഗ്നിസാക്ഷ്യം. ജീവിതസമര ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ കണ്ണീരുപ്പുകള്‍ വെന്ത നോവുപാടങ്ങളുടെ പൊള്ളുന്ന വെക്ക രേഖപ്പെടുത്തിയ താപമാപിനികളാണ് ഓരോ കഥയും.
മഞ്ഞ് എന്ന ഒറ്റകഥ ധാരാളമാണ് ജയരാജ് എന്ന കഥാകാരന്റെ സര്‍ഗ്ഗവൈഭവം കണ്ടെടുക്കാന്‍. ഒക്കിനാവിലെ പതിവ്രതകള്‍, മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കൃതികളില്‍ മുന്നിലാണ്.
സാമൂഹ്യമാറ്റത്തിന്റെ സമൂര്‍ത്ത പ്രശ്നങ്ങളെ സൂഷമമായി പരിശോധിക്കയും എന്നാല്‍ അതിവൈകാരികതയുടെയോ അതിവാചാലതയുടെയോ അവതരണങ്ങളില്‍ നിന്നും തികച്ചും മുക്തമായ ഭാഷാശൈലിയും; തന്‍റെ സൃഷ്ടികളെ മുഴുവന്‍ സമൂഹത്തിന്റെയും ചലനക്രമങ്ങളുമായി പക്വമായി കണ്ണിചേര്‍ക്കണമെന്ന നിര്‍ബന്ധബുദ്ധിയും ജയരാജിനുണ്ടായിരുന്നുവെന്നു നമുക്കു വായിച്ചെടുക്കാനാവും.
ആരെയും ആകര്‍ഷിക്കുന്ന കഥകളായ “മഞ്ഞ്” “തെയ്യം” “ബീഹാര്‍” “നിരാശാഭരിതനായ സുഹൃത്തിനൊരു കത്ത്” “ഒക്കിനാവയിലെ പതിവ്രതകള്‍” എന്നീ നാലു കഥകള്‍ ഈ പ്രതിഭയുടെ കിരീടത്തിലെ പൊന്‍തൂവലുകളാണ്. ഒരു സാഹിത്യകാരന്റെ കടമയും മുന്‍പേ പറക്കലിന്റെ ചിറകടിയും ഈ കൃതികളില്‍ നമുക്കു വ്യക്തമായും മുഴങ്ങികേള്‍ക്കും.
അടിയന്തിരാവസ്ഥയോടുള്ള ഏറ്റവും രൂക്ഷമായ പ്രതികരണമായ “മഞ്ഞ്” എന്ന കഥയില്‍ ഹെമിംഗ്വേയുടെ കിഴവനായ സാന്തിയാഗോ നിവര്‍ന്നുനിന്നു പൊട്ടിച്ചിരിക്കുന്നുണ്ട്. ഇന്നിന്റെ മനുഷ്യാവസ്ഥയെ പറ്റി ഒരു നരിച്ചീറിന്റെ നഖമുനപോലെ വായനക്കാരനെ മൌലികമായി അസ്വസ്ഥനാകാന്‍ പ്രേരിപ്പിക്കുന്ന ഈ കഥ ധീരതയുടെ ചുവപ്പുചാലിച്ച മുദ്രകള്‍ ആവാഹിച്ചു തിരിച്ചറിവിനോടുള്ള സംവേദനം സുതാര്യമാക്കിയ രചനയാണ്. “മഞ്ഞ്” അവസാനിക്കുന്നതും സാന്തിയാഗോയിലാണ്.
സാമൂഹ്യ ജീവിതത്തിനുമുകളില്‍ പടരുന്ന മഞ്ഞിനെ അല്ലെങ്കില്‍ വെളുപ്പിനെ ഉപയോഗിക്കുമ്പോള്‍ ഇന്ത്യന്‍ പരിസരത്തെ വര്‍ണ്ണവുമായ് ചേര്‍ത്തുവായിക്കുന്നുണ്ടീ സര്‍ഗ്ഗസംവാദം. രചനാപരമായ കൈയ്യടക്കവും പറയാനുള്ള വിരുതും ധൈര്യവും ചരിത്രത്തോടുള്ള അകംപോള്ളുന്ന സത്യസന്ധതയും അന്തര്‍ലീനമായൊരു കൃതിയാണ് മഞ്ഞ്
വേദങ്ങളിലെ സമത്വസങ്കല്‍പനങ്ങളില്‍ ഇഴയുകയും തന്‍റെ ശരീര സൗന്ദര്യസംരക്ഷണത്തിനുവേണ്ടിയുള്ള വ്യായാമങ്ങളിലും സ്ത്രീ സൗന്ദര്യസ്വാദനത്തിലും മുഴുകിയിരിക്കുന്ന അവനവനിസ്റ്റുകള്‍ അപ്പോള്‍ മഞ്ഞിന്റെ തണുപ്പില്‍ സൌഖ്യതിലായിരുന്നു. ഒരാള്‍ മാത്രം, ഒരാള്‍മാത്രം മഞ്ഞിന്റെ ഭീകരമായ വളര്‍ച്ചയും ശവം തീനി പക്ഷികളുടെ ആഗമനവും തെല്ലു ഭയത്തോടെ നോക്കുകാണുന്നു . അയാള്‍, അയാള്‍ മാത്രമാണ്‌ എക്കാലത്തെയും യുദ്ധസമാനമായ ഈ ഭൂമിയെ വാസയോഗ്യമാക്കുന്ന പണിയില്‍ ഏറ്റവും ജാഗ്രത്തായുള്ളവന്‍. സര്‍വ്വലോക മനുഷ്യര്‍ക്കുംവേണ്ടി തൊഴിലെടുക്കുന്നവന്‍.
മഞ്ഞ് പോയകാലത്തെയും വന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭീകരതയെ ഒരുള്‍ക്കിടിലത്തോടെ പറഞ്ഞുവെക്കുന്നു "പുറത്ത് കൊടുംശൈത്യമുണ്ടു-മഞ്ഞുണ്ടു. ശവംതീനികളായ ഡിറ്റന്‍റസ് പക്ഷികളുണ്ട്.എങ്കിലും വെല്ലുവിളികളെ ഒരു നായാട്ടുകാരന്റെ മനസ്തൈര്യത്തോടെ നേരിടുകയും പരാജയങ്ങള്‍ക്കുമുന്നില്‍ ഒരിക്കലും കീഴടങ്ങാതിരിക്കുകയും ചെയ്യുന്ന സാന്തിയാഗോ എന്ന മുക്കുവന്‍റെ പൌരുഷവും കൂസലില്ലായമയും നിറഞ്ഞ ധീരമായ പുഞ്ചിരി ഞങ്ങളുടെ ഉള്ളില്‍ പിന്നെയും പൊട്ടിചിതറുകയാണ്"
"തെയ്യം" ഉത്തരകേരളത്തിലെ തെയ്യങ്ങളുടെ രാഷ്ട്രീയം സ്പഷ്ടമാണ്, ഒരെയൊരുദിവസം ദൈവമാകുന്ന മനുഷ്യന്‍ ഒരേയൊരു ദിവസം മനുഷ്യന്റെ നൈതികമായ സ്വാതന്ത്യം നേടിയെടുക്കുന്നത് ഇനി അടുത്ത കോലം കെട്ടുന്ന ദിവസമാണ്. മാത്രമല്ല പ്രാദേശികമായി കെട്ടിയാടുന്ന തെയ്യങ്ങള്‍ അതാതു പ്രദേശങ്ങളിലെ സമരജീവിതങ്ങളോ രക്തസാക്ഷികളോ തന്നെയാണ്. ഇത്തരം പ്രാദേശിക ദൈവങ്ങളെ, തെയ്യങ്ങളെ അതിന്റെ സത്വപരിസരത്തുടര്‍ച്ചകളില്‍ പരിമിതപ്പെടുത്താതെ എങ്ങിനെ കൂടുതല്‍ രാഷ്ട്രീയവത്കരിക്കാമെന്ന ആലോചന ജയരാജിന്റെ "തെയ്യങ്ങള്‍" മുന്നോട്ടുവെക്കുന്നു, പുതിയകാലത്തും വിവിധ സത്വകല്‍പ്പനകള്‍ നിലനിക്കണമെന്ന തീര്‍ത്തും അമാനവികമായ പാരമ്പര്യ യജമാന- ദാസ്യബോധം നിലനില്‍ക്കുമ്പോഴാണ് ജയരാജിന്റെ കഥയില്‍ അപകടപ്പെടുന്ന തെയ്യം 'വിപ്ലവ മുദ്രവാക്യം' വിളിച്ചുകൊണ്ടു ജനങ്ങളുടെ സംരക്ഷണ കവചം കൊണ്ടു പടച്ചട്ടയണിയുന്നത്. അതൊരു വിരല്‍ ചൂണ്ടാലാണ്. യജമാന-ദാസ്യബോധം ജയിക്കാനുള്ള സാംസ്ക്കാരിക ഉണര്‍വ്വിലേക്കു ജനതയുടെ ആത്മബോധത്തിന്റെ തിരി കത്തിച്ചു വെക്കുന്നതിനുള്ള പടവുകള്‍ കെട്ടുന്ന പോരാട്ടം.
"ബീഹാര്‍' ആരുടേയും ആത്മബോധങ്ങളെ അതിദ്രുതം കടന്നാക്രമിക്കും. തീവ്രമായ വേഗത്തിലും ആഴത്തിലും തീക്കനല്‍കൊണ്ട് പൊള്ളിക്കയും ചെയ്യുന്ന അനുവാജ്യമായൊരനുഭവമാണ്.
നാട്ടിലെ പെണ്ണുങ്ങള്‍ തമ്പ്രാനൂ തോന്നുമ്പോള്‍ ഉഴുതുമറിക്കാനുള്ള വയല്‍ മാത്രമായ്‌ ചുരുങ്ങിപ്പോയ അധികാര മാടമ്പി പ്രമത്തതയുടെ മുക്രയിടലാണ് "ബീഹാര്‍"
തമ്പ്രാനു ശേഷം പടുകിഴവന്‍ മാടമ്പിമാരാലും പിച്ചിചീന്തപ്പെട്ടു അലങ്കോലാപ്പെടാതെ രക്ഷപെട്ടുപോരാന്‍ തന്‍റെ പെണ്ണു പൂര്‍ണ്ണതൃപ്തിയാകും വിധം തന്‍റെ അമ്മയുടെ അതിബുദ്ധിപോലെ സഹകരിച്ചെങ്കിലെന്ന കല്യാണ ചെറുക്കന്റെ നിസ്സാഹായതയുടെ രാഷ്ട്രീയഭൂമിക ബീഹാര്‍ അടയാളപ്പെടുത്തുന്നു.
സീതയുടെ പാതിവ്രത്യത്തെ മഹത്വവത്കരിക്കയും, പാതിവ്രത്യം ദൈവീകതുല്ല്യം തീനാളങ്ങള്‍ പോലും കരഞ്ഞുപോകും അവളെ പരീക്ഷിച്ചാലെന്നു ഊറ്റംകൊള്ളുന്നവര്‍ അടിയാത്തി കുടിലിന്റെ ചെറ്റപൊക്കുന്ന പണ്ഡിത ശ്രേഷ്ഠരായ വിശ്വാസികളുടെ ബീഹാര്‍, ധര്‍മ്മാധര്‍മ്മ പരിപാലനത്തില്‍ പൈതൃകം അവകാശപ്പെടുന്ന അവതാരങ്ങളില്‍ സ്വയംകല്‍പ്പിത രൂപങ്ങളായ മാന്യദേഹങ്ങളാല്‍ മണ്ണും പെണ്ണും അപഹരിക്കപ്പെട്ട നേരവകാശികളുടെ ദൈന്യതയുടെ നൊമ്പരങ്ങള്‍ പറഞ്ഞുള്ളൂപൊള്ളിക്കുന്നു ജയരാജ്. മനസ്സില്‍ ഒരുതേങ്ങലായ് ഇക്കഥ നമ്മളെ വേട്ടയാടും.
പുരാതനമായ ഒരു നിലവിളിയായ് അതിഭീകരമായ ദൈന്യംമുറ്റിയ ഹൃദയതാളം പ്രകടമാക്കുമ്പോള്‍ തന്നെ അടിസ്ഥാന വര്‍ഗ്ഗ ഉയര്‍ത്തെഴുന്നെല്‍പ്പിന്റെ 'ബോജ്പ്പൂര്‍' കഥയിലേക്ക്പറന്നിറങ്ങുന്നു.
തമ്പ്രാന്റെ വരവും കാത്തു ആലയിലെ ഇരുമ്പ് കണക്കെ പഴുത്തുനില്‍ക്കുന്ന തന്‍റെ പെണ്ണിനോട് വയല്‍ മുറിച്ചു ഇക്കരെ വരമ്പത്ത് നില്‍ക്കുന്ന തന്നിലേക്ക് സമരമാകാന്‍, ധൈര്യം കാണിക്കുന്ന വിപ്ലവവീര്യം "ഇരകളുടെ ദൈന്യതയുടെ ചിലവിലാണ് വേട്ടക്കാര്‍ കരുത്തരാകുന്നത്" ജയരാജ് കരുതിവെക്കുന്ന തിരിച്ചറിവിന്റെ പാഠമാണിത്.
പോയകാല മുത്തശ്ശിക്കഥളിലെ ഒരു ചൊല്ലിപ്പറയലല്ല എന്നും സമാനമായ അതിക്രമങ്ങള്‍ ഇരയാക്കലുകള്‍ അധികാരപ്രയോഗങ്ങള്‍ ഈ അടുതകാലങ്ങളിലെ ഡിജിറ്റില്‍ കലണ്ടറുകളിലും ബീഹാര്‍ അടക്കം പല ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും എപ്പോഴും നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ കഥ കഥമാത്രമല്ല ഇന്ത്യന്‍ യാദാര്‍ത്ഥ്യത്തിനു നേരെ പിടിച്ച കണ്ണാടിയാവുകയാണ്‌.
രണ്ടായിരത്തി പതിനാലു ജനുവരിമാസത്തിലെ പത്രം സാക്ഷി; അന്യമതത്തില്‍പ്പെട്ട ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ കൂട്ടമായി, അതും ലൈംഗീകമായി ആക്രമിക്കാന്‍ വിധി നടപ്പാക്കുന്ന നാട്ടുക്കൂട്ടം ഇന്നും നമ്മുടെ രാജ്യത്തു നിലനില്‍ക്കുന്നു എന്നുള്ളത് കഥയ്ക്ക്‌ പുറത്തുള്ള വര്‍ത്തമാനയാഥാര്‍ത്ഥ്യം എത്ര ഭീകരമാണെന്നു ചൂണ്ടിക്കാട്ടുന്നു.
"നിരാശാഭരിതനായ സുഹൃത്തിനു ഒരു കത്ത്' ബി എന്ന നഗരത്തില്‍ നൈരാശ്യംപൂണ്ടു വിഷാദരോഗത്തിനു അടിമപ്പെട്ടുപോയ സി എന്ന സുഹൃത്തിനു ടി എന്ന നഗരത്തില്‍ നിന്നും വി എഴുതുന്നതു ............ ഇന്ത്യയടെ പൊതു യുവതയെ ബാധിച്ചിരിക്കുന്ന നരച്ച നിരാശബോധത്തെ പങ്കുവെയ്ക്കുന്ന ഈ കഥ സമകാലീക രാഷ്ട്രീയത്തെയും സാംസ്ക്കാരിക ചലനങ്ങളെയും ഭരണകൂട ഭീകരതയുടെയും മുഖങ്ങളെ അനാവരണം ചെയ്യുന്നു. വിപ്ലവസ്വപ്നങ്ങളെ താലോലിക്കുന്ന ദൃഡമായൊരു മനസ്സ് ഒളിച്ചുവച്ചുകൊണ്ടു നിരാശാഭരിതനായ സുഹൃത്തിന്റെ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണു
'നിലംപതിക്കുന്ന ഓരോ പോരാളിക്കും പകരം രാവണന്റെ ശിരസ്സുപോലെ പുതുതായി മറ്റൊരാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്. സമരത്തെ മുന്നോട്ടു നയിക്കുന്ന ഓരോ യോദ്ധാവും രാമബാണം പോലെ സഹസ്രങ്ങളായി പെരുകുന്നുണ്ട്.
വെയില്‍ ചിന്നുന്നുണ്ട്, ഓര്‍മ്മകള്‍ ഉണരുന്നുണ്ട്, കാക്കകള്‍ കരയുന്നുണ്ട്, മരങ്ങള്‍ ഉലയുന്നുണ്ട്, കാടിളകുന്നുണ്ട്, ചൂഷണം പെരുകുന്നുണ്ട്, അതുകൊണ്ട് തന്നെ സമരം തുടരുന്നുണ്ട്".


ഒരു കഥാകാരന്‍ എന്ന നിലയില്‍ കാലത്തിന്റെ കണക്കെടുപ്പില്‍ ഒരു ശിഷ്ടവും വരാത്ത വൈഡൂര്യത്തിളക്കമുള്ള ഈ പ്രതിഭയെ തിരസ്ക്കാരത്തിന്റെ ഒറ്റവിരല്‍മറകൊണ്ടെത്ര മറച്ചാലുമീ പ്രകാശത്തെ തടഞ്ഞുവെക്കാനാവില്ല. അതു സ്വയം കണ്ടെത്തുകയും സ്വയം പ്രകാശിക്കുകയും ചെയ്യും.
ചിന്തകളില്‍ അഗ്നിയും കൊടുംകാറ്റും കൊണ്ടു നടന്നിരുന്ന ഈ എഴുത്തുകാരനെ ഞാനെന്നേ പ്രണയിക്കാന്‍ തുടങ്ങിയതാണ്‌.ഗൌരവമായ ചിന്തകള്‍ ഇഷ്ടപ്പെടുന്ന പ്രിയ വായനക്കാരാ, ഒരിക്കലെങ്കിലും നിങ്ങളുടെ വായനയുടെ താളുകളില്‍ ജയരാജ് കടന്നു വന്നാല്‍ അതൊരിക്കലും നഷ്ടമാകില്ല. നിങ്ങളുടെ ചിന്തകളെയെടുത്തുപറക്കും കുതിരയാണത് . ഉറപ്പ്.

മഹാകവിയിലേക്കൊരു ( പി. കുഞ്ഞിരാമന്‍ നായര്‍ ) തീര്‍ത്ഥയാത്ര











                                                                                               ശ്രീനാരായണന്‍ മുത്തേടം

ക്വ സൂര്യപ്രഭവോ വംശ:
ക്വ ചാല്പ വിഷയ മതി:
തിതീര്‍ ഷൂര്‍ ദുസ്തരം
മോഹാദുഡുപേനാസ്മി സാഗരം
( സൂര്യനില്‍ നിന്നുളവായ വംശമെവിടെ, അല്പം വല്ലതും മനസ്സിലാക്കിയ ( എന്‍റെ ) ബുദ്ധിയെവിടെ, ഞാന്‍ മോഹവശാല്‍ കടക്കാന്‍ പണിയുള്ള കടലിനെ പൊങ്ങുതടിയിലേറി കടക്കുവാന്‍ നോക്കുകയാണ് )
രഘുവംശ മഹാകാവ്യമെഴുതുമ്പോള്‍ രണ്ടാം ശ്ലോകമായി കവി കാളിദാസന്റെ വാക്കുകള്‍ ഇവിടെ പ്രയോഗിച്ചത് എത്രത്തോളം ശരിയെന്നറിയില്ലെങ്കിലും മലയാള കവിതാ സാഗരത്തില്‍ നീന്തി തുടിച്ച അല്ല സാഗരം തന്നെയായ ആ മഹാനുഭാവനെ പറ്റി പറയാന്‍ തുടങ്ങുന്ന എന്നെ എങ്ങിനെ പറയാനാണ്. അതെ മലയാള കവിതാ സാമ്രാജ്യത്തിന്റെ കിരീടം വെച്ച ചക്രവര്‍ത്തി തന്നെയായിരുന്നു മഹാകവി കുഞ്ഞിരാമന്‍ നായര്‍ .
1905 മലയാള സാഹിത്യത്തിലെ ശുക്രനക്ഷത്രം പിറന്നു. ആകാശ താരകങ്ങള്‍ കൂടുതല്‍ മിഴിതുറന്നു ആ പവിത്ര ജനനം നോക്കിക്കണ്ടു. കൂടെ പിറന്ന ദാരിദ്ര്യത്തെ കവി ഒരിക്കലും തട്ടിയകറ്റാന്‍ ശ്രമിച്ചതായറിയില്ല, എന്തെന്നാല്‍ സമ്പന്നമായിരുന്നു ആ ഹൃദയം എത്ര എടുത്താലും വീണ്ടും വീണ്ടും കവിഞ്ഞൊഴുകുന്ന കവിതയുടെ അക്ഷയപാത്രം. കൂടെപിറപ്പായ ദാരിദ്ര്യവും ജീവിതയാത്രയില്‍ വഴുതിവീണ പടുകുഴികളും സമ്മാനിച്ച സര്‍ഗ്ഗ വസന്തത്തിന്റെ നിലക്കാത്ത സുഗന്ധം തന്റെ മരണം വരെയും പ്രസരിപ്പിച്ച അത്ഭുത പ്രതിഭ.
സമുദായം കല്പ്പിച്ച സകല സദാചാര വേലികളെയും ലംഘിക്കുകയും, തന്റെ നിത്യ കാമുകിയെ തേടി തോന്നിയ വഴികളിലൂടെ സഞ്ചരിച്ച ഒരു അരാജകവാദി തികച്ചും ഒരു താന്തോന്നി.
കവിയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ: " ഏതാണ് ആ ലക്‌ഷ്യം? - പൂര്‍ണ്ണാ നന്ദ കവിത, നിത്യ കാവ്യാനുഭൂതി, പുഴയും കടലും പോലെ ജീവിതവും കവിതയും ഒന്നായലിഞ്ഞു അന്തരാത്മാവില്‍ നിന്നും തിളച്ചു പൊന്തുന്ന മധുര കാവ്യാനുഭൂതി"
" ആകാശം പറഞ്ഞു : ഭ്രാന്തന്‍
ഭൂമി പറഞ്ഞു : വിഡ്‌ഢി
ആയിരിക്കാം എന്ത് സഹിച്ചും എനിക്കവനെ കാണണം സാക്ഷാല്‍ കവിയെ. എല്ലാം പോയാലും എനിക്കവളെ കണ്ടുപിടിക്കണം സാക്ഷാല്‍ കവിതയെ"
കവിതയെ തന്റെ നിത്യ കാമുകിയെ തേടിയലഞ്ഞ ഒരു അവദൂത ജന്മം. ദാരിദ്ര്യവും ജീവിത ദുരിതങ്ങളും പരാജയങ്ങളും ആ യാത്രയില്‍ അദ്ദേഹത്തിനു കൂട്ടായി. മലയാളത്തിന്റെ മഹാ ഭാഗ്യം തെളിഞ്ഞു. ഒരു മഹാകവിയുടെ സാന്നിധ്യം മലയാളത്തെ ധന്യമാക്കി.
കളിയച്ഛന്‍
---------------------
"സ്മേര മനോഹര വേഷങ്ങള്‍ കച്ചുപോയ്
ഘോരഗുരുഷാപകാമില ബാധയാല്‍ "
ഒറ്റപാലം സാഹിത്യ പരിഷത്തില്‍ പി. വായിച്ച കവിത കളിയച്ഛന്‍ . കവിത പാരായണമല്ല നടന്നത് ഒരു ചാക്യാർകൂത്ത് തന്നെയായിരുന്നെന്ന് സദസ്യർ. മഹാകവി വള്ളത്തോളിന്റെ സാനിധ്യത്തിൽ ആ കാൽത്തൊട്ടു അനുഗ്രഹം വാങ്ങി വായിച്ച കവിത. ചൊല്ലിയറങ്ങിയതും മാതൃഭൂമി പത്രാധിപർ എൻ. വി. കൃഷണ വാരിയർ മുന്നില്നിന്നും കൈനീട്ടിയത്രേ ആ കവിതക്കുവേണ്ടി.
അന്തരാത്മാവിന്റെ നിഗൂഢതകളിൽ വെച്ച് ഈട്ടം കൂടിയ ഒരു വ്യക്തി ദു:ഖമാണ് കളിയച്ഛനിലെ സ്ഥായീഭാവമെന്ന് എം.പി. ശങ്കുണ്ണിനായർ . പിതാവിനോടും, ഗുരുനാഥനോടും തിരുത്താനാവാത്ത തെറ്റുചെയ്തു എന്ന് വിശ്വസിക്കുന്ന കവിയുടെ ആത്മനൊമ്പരം, മറ്റൊരു ശ്രീകൃഷണ വിലാസം അതായിരുന്നു കളിയച്ഛന്‍ .
വിശുദ്ധമായ കാല്പനികതയുടെ തെളിഞ്ഞ നീരുറവകളാണ് കുഞ്ഞിരാമൻ നായര്‍ കവിതകൾ. ആ കാല്പനിക പ്രതിഭക്കുമുന്നിൽ മലയാളത്തിലെ കാല്പനികച്ചക്രവർത്തി ചങ്ങമ്പുഴപോലും പലപ്പോഴും നിറം മങ്ങിപോകുന്നതായി തോന്നിപോകും.
തന്റെ നിത്യകന്യകയായ നിത്യകാമുകി കവിതയെ തേടിയുള്ള യാത്ര നിളാ മണൽപരപ്പുകൾ മഹാകവിയുടെ പാദസ്പർശം കൊണ്ട് പവിത്രമായി.
ബിംബാവലിയുടെ ഒടുങ്ങാത്ത ഘോഷയാത്രയാണ് പി.യുടെ കവിത. പൂഴിയും, പു ൽക്കൊടിയും, നിലാവും, നാലുകെട്ടും, ആ ഘോഷയാത്രയിലെ അംഗങ്ങളാകുന്നു . കൈവിട്ടുപോയ ശൈശവത്തെയും, ധിക്കരിച്ചുപേക്ഷിച്ച തറവാടിനെയും കുറിച്ച് നിരവധി ഈരടികൾ. മരണത്തിലും, ഇരുട്ടിലും പെട്ടുഴലുന്ന മനുഷ്യാത്മാവിന്റെ മോചനത്തിന് വേണ്ടിയുള്ള രോദനം അതായിരുന്നു പി.യുടെ കവിതകൾ. രഥോത്സവം, നിറപറ, പടവാൾ, ശംഖനാദം, അനന്തൻകാട്ടിൽ , കളിയച്ഛന്‍ , മൻകുടത്തിന്റെ വില, താമരത്തോണി, തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. ഇതിൽ താമരത്തോണി കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്ക് അർഹമായി . താമരത്തോണിയിലെ ആദ്യകവിത "ദീപം" മനുഷ്യന്റെ ജീവിതയാത്രയെ ചുരുക്കം ചില വരികളിൽ വരച്ചുകാട്ടുമ്പോൾ അതിനു സാക്ഷിയാകുന്ന പ്രകാശം "ദീപം" നിറ ദൈവ സാന്നിധ്യത്തെ കാണിക്കുന്നു. പിറവിമുതൽ മരണം വരെയുള്ള ഓരോ സാഹചര്യങ്ങളിലും ഉള്ള ദീപസാന്നിധ്യം ആ അഭൌമ ശക്തിയുടെ സാന്നിധ്യത്തെ ബിംബവത്ക്കരിക്കുന്നു.
നഗ്നകേരളം ഇന്നത്തെ കേരളത്തിന്റെ സംസ്കാരികപചയത്തിന്റെ പൂർണ്ണചിത്രം വരയ്ക്കുന്നു. മോക്കാളെയുടെ പ്രേത ബാധ ഇന്നുമൊഴിയാത്ത കേരളം. കേരളത്തേക്കാൾ ഞങ്ങള്ക്കിഷ്ടം നരകമാണ് എന്ന് പറഞ്ഞു കേഴുന്ന ദേവൻമാർ കവിതയെ കാല്പനികതയിലും യഥാതഥമാക്കുന്നു.
കവിത മാത്രമല്ല സംഗീതം പൊഴിക്കുന്നത് ഗദ്യവും സംഗീതസാന്ദ്രമാണെന്ന് " കവിയുടെ കാല്പാടുകൾ "
" നാലുപാടും നീലമേലാപ്പു കെട്ടിയ അനന്തചാക്രവാളം, മേഘമാലകൾക്ക് എത്തിപിടിക്കാൻ കഴിയാത്ത അഗാധ നീലിമ"
" സമ്മാനം കിട്ടിയ പട്ടുസാൽവ , വിലപ്പെട്ട കസവുമുണ്ടുകൾ, സ്വർണമാലകൾ, സുവര്‍ണ്ണ മുദ്രകൾ, വെള്ളിത്താലങ്ങൾ, വെള്ളിവിളക്കുകൾ, സ്റ്റീൽ പാത്രങ്ങൾ , എല്ലാം ഇരുളടഞ്ഞ വാടകവീടിന്റെ മാറാല മൂടിയ മുറിയിൽ തളര്‍ന്നു കിടക്കുന്നു. അവതമ്മിൽ സ്വകാര്യം പറഞ്ഞു ഈ കവിക്ക്‌നമ്മളോട് ഒരു മമതയുമില്ല. ഇനിയെത്രനാൾ ഇവിടെ കഴിയേണ്ടിവരും! ആര് കണ്ടു?
വെള്ളിത്താമ്പാളം പറഞ്ഞു ഇനി വളരെനാൾ വേണ്ടിവരില്ല
ആ വാക്ക് ഫലിച്ചു ചില നാളുകൾക്കകം അവരെല്ലാം കാണാതെ പറയാതെ ഓരോ വഴിക്കുപോയി. "
( കവിയുടെ കാൽപ്പാടുകളിൽ നിന്ന്)
ഗദ്യസംഗീതത്തിന്റെ മാസ്മരിക പ്രഭാവം ഇങ്ങനെ ഈ ഗ്രന്ഥത്തിലെ ഓരോ പദത്തിലും, ഓരോ പദ സംയോഗത്തിലും വീണാപാണിയായ വാണിയുടെ സംഗീത സുരഭിലമായ ഗംഗയായൊഴുകുന്നു
മേഘരൂപൻ ആറ്റൂർ കണ്ട മേഘരൂപൻ മലയാളത്തിലെ നിരൂപകവൃന്ദം മുഴുവൻ തൂമ്പയും,കത്തിയുമായി അപ്പാടെ കിളച്ചു മറിച്ചിട്ടും കണ്ടെത്താനാകാത്ത ആ കാവ്യപ്രതിഭ, ആ സപര്യ, കുരുടന്മാർ ആനയെ കണ്ടപോലെ. അതെ ശരിക്കും മേഘരൂപൻ. കാളിദാസന്റെ മേഘസന്ദേശത്തിലെ മേഘരൂപനോ. അല്ലായിരുന്നു അതിലും മേലെ കവിതയുടെ അനന്ത വിഹായസ്സിൽ പാറിപറന്ന ആ സുവർണ മേഘത്തിനു വര്‍ണ്ണം മാത്രമല്ല സൗരഭ്യവും ഉണ്ടായിരുന്നു. ആര്‍ക്കും പിടികൊടുക്കാത്ത ആ കാല്പനിക വൈഭവം. മലയാള കവിതയിലെ മഹാപ്രഭു. സർവംഗ പരിത്യാഗിയായ ഋഷിവരൻ ശ്രീരാമ പാദങ്ങൾ അഹല്ല്യക്കെപ്രകാരമാണോ മോക്ഷം നൽകിയത് അങ്ങിനെ ഒരു മോക്ഷപ്രാപ്തിക്കായി മനസ്സുകൊണ്ട് ആ പാദപത്മങ്ങളിൽ സർവാഗം അവനീസ്പർശമായി സമര്‍പ്പിക്കുന്നു.

പെപിതാ സേത്ത്


                                                                                          രതി നാരായണന്‍

ചലച്ചിത്ര നിര്‍മ്മാതാവുമായ പെപിതാ സേത്തിന് ഇന്ത്യയോടുള്ള അഭിനിവേശം തുടങ്ങുന്നത് ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തില്‍ അംഗമായിരുന്ന മുത്തച്ഛന്‍ ഇന്ത്യയെക്കുറിച്ചെഴുതിയ ഡയറിക്കുറിപ്പുകള്‍ വായിക്കുന്നതോടെയാണ് .അങ്ങനെ അവര്‍ 1970ല്‍ 27-ാം വയസ്സില്‍ കൊല്‍ക്കത്തയിലെത്തി,പിന്നീട് ആനകളോടുള്ള കമ്പം,കേരളത്തിന്റെ ഗ്രാമഭംഗി,നാടന്‍ കലകള്‍,ഇതെല്ലാം അവരെ കേരളത്തോടും,കേരളത്തിലെ ക്ഷേത്രങ്ങളോടും കൂടുതല്‍ അടുപ്പിച്ചു. അങ്ങനെ കേരളത്തിലെത്തി, തെയ്യത്തെക്കുറിച്ച് നിരവധിഗവേഷങ്ങള്‍ നടത്തി,1994ല്‍ ‘The Spirit Land എന്ന പുസ്തകം എഴുതി.തെയ്യത്തെക്കുറിച്ച് ആ‍ധികാരികമായ വസ്തുതകള്‍ അടങ്ങിയ ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്.ഗുരുവായൂരിലെത്തിയ ശേഷം അവര്‍ ആദ്യം എടുത്ത ഗുരുവായൂര്‍ കേശവന്റെ ചിത്രമാണ് ഇന്നും ക്ഷേത്രത്തിനു മുമ്പില്‍ ഭക്തരെ സ്വാഗതം ചെയ്യുന്നത് . ഭഗവാന്റെ അവതാമായി കണ്ട്,ഭക്തര്‍ കണ്ട് ആരാധിച്ചിരുന്നു ഗുരുവായൂര്‍ കേശവന്‍ 1976 ല്‍ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞപ്പോള്‍ ജനങ്ങള്‍ പൊട്ടിക്കരഞ്ഞതു
215 വര്‍ണ്ണചിത്രങ്ങള്‍ അടങ്ങിയ ഹെവന്‍ ഓണ്‍ എര്‍ത്ത് എന്ന പുസ്തകം ക്ഷേതത്തെക്കുറിച്ച് രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ വളരെ ആധികാരികം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒന്നാണ്. വര്‍ഷങ്ങളായി കേരളത്തില്‍ ജീവിക്കുന്ന പെപിതയ്ക്ക് കഴിഞ്ഞ വര്‍ഷം ഭാരത സര്‍ക്കാര്‍ പദ്മശ്രീ നല്‍കി ആദരിച്ചു.
തൃശ്ശൂരിലെ ഒരു വാടകവീട്ടില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന,കേരളത്തിലെ ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനകലകളെയും കുറിച്ച് പഠിക്കാനും എഴുതാനും ജീവിതം ഉഴിഞ്ഞുവെച്ച പെപിതാ സേത്ത് എന്ന അനുഗ്രഹീതയായ ഈ ഗുരുവായൂരപ്പ ഭക്തയ്ക്ക് ഭഗവദ് കടാക്ഷങ്ങള്‍ ,അനുഗ്രഹങ്ങള്‍ ഇനിയുമിനിയുമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.!!

അനീസ്‌ സലിം


                                                                                                       സബി സിയാദ്

"എഴുത്തുകാരനാകുക എന്നതൊരു നിയോഗമാണ് അതിനു തയാറെടുപ്പ് ആവശ്യമില്ല"അതിനൊരു ഉദാഹരണമാണ് അനീസ്‌ സലിം എന്ന മലയാളിയായ ആംഗലേയ സാഹിത്യകാരന്‍.
മലയാളികളായ പല ആംഗലേയ എഴുത്തുകാരും നമുക്കിടയില്‍ ഉണ്ടെങ്കിലും അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തപ്പെട്ടിരിക്കുന്നു ഇദ്ദേഹം കാരണം അവരില്‍ മിക്കവരും കേരളത്തിനു പുറത്ത് ഇംഗ്ലീഷ് കൈകാര്യം ചെയ്തു വളര്‍ന്നവര്‍ ആയിരുന്നു എന്നതാണ്.ഇവിടെയാണ്‌ ഇദ്ദേഹം വ്യത്യസ്തന്‍ ആകുന്നത്.
മലയാളം മീഡിയം വിദ്യാലയത്തില്‍ ഒതുങ്ങിയ പ്രാഥമികവിദ്യാഭ്യാസംമാത്രംകൈമുതലായുള്ള ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുതിരുന്ന ആംഗലേയ കഥകള്‍ പബ്ലിഷ് ചെയ്യാന്‍ വമ്പന്‍ പബ്ലിഷിംഗ് കമ്പനികള്‍ തയ്യാറാവുന്നു എന്നത് തന്നെ
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മലയാള പുസ്തകങ്ങള്‍തന്നെയായിരുന്നു പ്രിയം. എം.ടി.യും ബഷീറും ഏറെ സ്വാധീനിച്ചു എന്ന് പറയുമ്പോഴും എഴുതാന്‍ ഇംഗ്ലീഷ് ആയിരുന്നു താന്‍ തിരഞ്ഞെടുത്തത്. പതിനാറാമത്തെ വയസ്സില്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിട പറഞ്ഞു . വീട്ടിലെ പുസ്തകക്കൂട്ടത്തില്‍ ചടഞ്ഞിരുന്ന് എഴുത്തിലും വായനയിലും മുഴുകുകയെന്നതായിരുന്നു ലക്ഷ്യം.
അദ്ദേഹം അതേക്കുറിച്ച് ഇങ്ങനെ പറയുന്നു: 'വിദ്യാഭ്യാസം എന്നെ മുഷിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. പക്ഷേ, പഠിത്തം അവസാനിപ്പിച്ചതോടെ ഞാന്‍ പുസ്തകങ്ങളെ ഏറെ സ്‌നേഹിക്കാന്‍ തുടങ്ങി.'
വായിച്ചാല്‍ മാത്രം ഒരെഴുത്തുകാരന്‍ ആകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട അദ്ദേഹം അനുഭവങ്ങള്‍ക്ക് വേണ്ടി രാജ്യമൊട്ടാകെ ചുറ്റിക്കറങ്ങി. കോപ്പി എഡിറ്റിങ്, ഗോസ്റ്റ് റൈറ്റിങ് എന്നിവയടക്കം പലതരം പണികള്‍ ചെയ്തു നടന്ന കാലം.
പുസ്തക പ്രസാധനവും അത്ര എളുപ്പമായിരുന്നില്ല.പല പ്രസാധകര്‍ക്കും ആദ്യം അയച്ച അപേക്ഷകള്‍ പലതും നിരസിക്കപ്പെട്ടു .അതില്‍ നിരാശനാവാതെ അദ്ദേഹം ഒരേ സമയം തന്‍റെ മൂന്ന് നോവലുകള്‍ക്ക് പ്രസാധകരെ അന്വേഷിക്കാന്‍ തുടങ്ങിയത് എത്തി നിന്നത് കനിഷ്‌ക ഗുപ്ത എന്ന യുവ സാഹിത്യ എജെന്റിലാണ് .


അന്നേവരെ ഒരു പുസ്തക പ്രസിദ്ധീകരണക്കരാറും ഏര്‍പ്പാടാക്കാന്‍ കഴിയാതിരുന്ന കനിഷ്‌ക ഗുപ്തയ്ക്ക് ഒരു മാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മൂന്നു പുസ്തകങ്ങള്‍ക്കും പ്രസാധകരെ കണ്ടെത്താന്‍ കഴിഞ്ഞു!
അനീസിന്റെ ആദ്യ നോവലായ 'ദ വിക്ക്‌സ് മാന്‍ഗോ ട്രീ' 2012-ല്‍ ഹാര്‍പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യയിലെ സാധാരണക്കാരുടെ കഥ ജീവിതത്തെ അവലംബിചായിരുന്നു അതിന്റെഉള്ളടക്കം.
2013 ല്‍ രണ്ടാമത്തെ നോവല്‍ 'വാനിറ്റി ബാഗ്'പികഡോര്‍ പ്രസിദ്ധീകരിച്ചു. ഒരു ബോംബ് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഒരു മഹാനഗരത്തിനുള്ളിലെ ചെറിയ പാകിസ്താന്റെ ചിത്രം ഈ പുസ്തകം വരച്ചിടുന്നു.
മൂന്നാമത്തെ നോവല്‍ 'ടെയില്‍സ് ഫ്രം എ വെന്റിങ് മെഷീന്‍' പബ്ലിഷ് ചെയ്തത് ഹാര്‍പര്‍ കോളിന്‍സ്. ഇത് ഒരു വിമാനത്താവളത്തില്‍ ചായ വില്കുന്ന ഹസീന മന്‍സൂര്‍ എന്ന ഇരുപതുകാരി പെണ്‍കുട്ടിയുടെ കഥ ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്നു.
2014 ല്‍ The Blind Lady’s Descendants ട്രാന്‍ക്വീബാര്‍ പ്രസിദ്ധീകരിച്ചു. ഒരു ഇന്ത്യന്‍മുസ്ലിം കുടുംബത്തിലെ അമീര്‍ഹംസ എന്ന യുവാവിന്റെ ആത്മഹത്യാ കുറിപ്പിന്റെ രൂപത്തിലാണ് ഇതിന്റെ ആഖ്യാനം.
2013ലെ മികച്ച നോവലിനുള്ള 'ദ് ഹിന്ദു' പുരാകാരം 'വാനിറ്റി ബാഗ്' എന്ന കൃതിക്ക് ഇദ്ദേഹത്തിന് ലഭിച്ചു .
ഹാസ്യത്തിലൂടെ അതീവസുന്ദരമായി ഓരോ ഓരോകഥകളും അനീസിന്റെ തൂലികയില്‍ നിന്നടരുമ്പോള്‍ വായനക്കാരന്‍അത്ഭുതപ്പെടും എന്നത് സത്യമാണ്.കാരണം എഴുത്തുകാരന്‍ ആകുക എന്നതൊരു നിയോഗമാണ് എന്നതിന്റെ ഉദാഹരണം ഇതാണ്.ഇദ്ദേശം ഫേസ്ബുക്കിലും ആക്റ്റീവ് ആണ്.
കടുത്ത അന്തര്‍മുഖനായ അനീസിന് പുസ്തക പ്രകാശന ചടങ്ങുകളിലും വായനാ യോഗങ്ങളിലും ഒട്ടും താത്പര്യമില്ല. എന്നാല്‍, താന്‍ എഴുതുന്നത് വായിക്കാന്‍ കാത്തിരിക്കുന്ന ഒരു ആരാധക വൃന്ദത്തെക്കുറിച്ച് അനീസ് ബോധവാനാണ്.
തിരുവനന്തപുരം ജില്ലയിലെ വർക്കലയില്‍ ജനിച്ച അനീസ്‌ ഇപ്പോൾ എറണാകുളത്തുള്ള ഒരു പരസ്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഭാര്യ ഷമീന. മകന്‍ അമര്‍ .
അനീസ്‌ സലിമിന്റെ എഫ് .ബീ .ലിങ്ക്

Tuesday, January 13, 2015

അക്ഷരങ്ങളിലെ അഗ്നിനാളം – ശ്രീ രാം മോഹന്‍ പാലിയാത്











                                                                             
                                                                                                                രാംകുമാര്‍ മേനോന്‍

സമകാലീന കാലഘട്ടത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് സാഹിത്യ ലോകത്ത് കാലഘട്ടം ആവശ്യപെടുന്ന നല്ല ഇടപെടലുകള്‍ നടത്തുന്ന വിരലില്‍ എണ്ണാവുന്ന എഴുത്തുകാരില്‍ ആശയപരമായ വ്യത്യസ്ഥതയും രചനാ ശൈലിയിലെ വൈവിദ്ധ്യവുംകൊണ്ട് ഏറെ ശ്രദ്ധിക്കപെടുന്ന എഴുത്തുകാരനാണ് ശ്രീ രാം മോഹന്‍ പാലിയാത് . ഭാഷാപോഷിണി, സമകാലീക മലയാളം , മാതൃഭൂമി തുടങ്ങീയ പ്രസിദ്ധീകരണങ്ങളില്‍ വന്ന ചില രചനകളാണ് ആണ് അദ്ദേഹത്തെ സാഹിത്യ ആസ്വാദകരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തീവ്രമായസാമൂഹികപ്രതിബദ്ധത ഉള്ള ബ്ലോഗര്‍ എന്ന നിലയിലും ‘മുഖപുസ്തകത്തില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ട്. .അവതരണ രീതിയില്ലുള്ള പുതുമ അദ്ദേഹത്തെ വേറിട്ട്‌ നിര്ത്തുന്നതിന്നു ഒരു ഉദാഹരണമാണ് നാല് പഴത്തൊലികള്‍ എന്ന കവിതയിലെ ചില വരികള്‍.
“പുഴുങ്ങാനിട്ട മുട്ടകള്‍
ചൂടിന്റെ ആദ്യതരംഗങ്ങളേറ്റപ്പോള്‍
ഒരു നിമിഷം കൊതിച്ചു പോയ്
അമ്മയുടെ
അടിവയറിന്റെ
സ്നേഹമാണെന്ന്.
കടുകുവറുത്തതിലേയ്ക്ക് വീഴുമ്മുമ്പ്
മുളപ്പിച്ച ചെറുപയര്‍
വള്ളിക്കൈകള്‍ നീട്ടി
പടര്ന്നു കയറുന്നത്
ഒരു നിമിഷം
സ്വപ്നം കണ്ടു.”
– എന്നെഴുതുമ്പോള്‍ വായനക്കാരില്‍ സൃഷ്ട്ടിക്കുന്ന നൊമ്പരം വാക്കുകള്ക്കും അതീതം.
രാഷ്ട്രീയ , മതപരമായ കഴ്ച്ചപാടുകളിലും അദ്ധേഹത്തിന്റെ സമീപനം യാഥാര്‍ഥ്യത്തോട് ഏറെ ചേര്ന്നു നില്‍ക്കുന്നതായി, ' "ആണുങ്ങളും പര്‍ദ്ദയിടുന്നുണ്ട്" (മാതൃഭൂമി നവ 27,2010) എന്ന ലേഖനത്തില്‍ കാണാം. “കാലാവസ്ഥയുടെ കളിയാണ് അറെബ്യയിലെ ആണിനേയും പെണ്ണിനേയും ഒരു പോലെ പര്‍ദ്ദയുടുപ്പിച്ചത്.പക്ഷെ ആ ഭൂമിശാസ്ത്രം മതശാസനകളിലും ചരിത്രത്തിലും അന്യായമായി ഇടപെട്ടു എന്നും പറയാം” എന്ന് എഴുതുമ്പോള്‍ ചെറു ചൂടിലും ഷര്ട്ട് ഊരുന്ന മലയാളി അറിയാതെ തലയാട്ടും! അവിടെയാണ് എഴുത്തുകാരന്റെ നീരിക്ഷണം അർത്ഥവത്താകുന്നത് .
“യേശു, മാര്ക്സ് , നാരായണഗുരു, ഗള്ഫ് മലയാളി” എന്ന മറ്റൊരു ലേഖനത്തില്‍ കാണുന്ന ആക്ഷേപഹാസ്യം രാം മോഹന്റെ ഭാഷയിലുള്ള വൈവിധ്യത്തിന് മറ്റൊരു ഉദാഹരണമായി കാണാം. “മലയാളികള്ക്ക് ഗള്‍ഫ്‌ പോലെയാണ്ഗുജറാത്തികള്ക്ക് ആഫ്രിക്ക.ആഫ്രിക്കയില്‍ നിന്ന് തിരിച്ചു വന്ന ഗാന്ധിജിയും അംബാനിയും രണ്ടു കാലഘട്ടങ്ങളില്‍ ഇന്ത്യയെ രണ്ടുരീതിയില്‍ മാറ്റി മറിച്ചു. വിവിധ കാരണങ്ങളാല്‍ ഒട്ടേറെ ഗള്‍ഫ്‌ മലയാളികള്‍ തിരിച്ചു വന്നു തുടങ്ങിയിരിക്കുന്നു. അതിലുപരിയായി ഗള്ഫി്ല്‍ വന്‍ വിജയങ്ങള്‍ രചിച്ച ഒട്ടേറെപ്പേര്‍ നാട്ടിലും വന്‍തോതില്‍ തന്നെ അവരുടെ ബിസിനസ് സാമ്രാജ്യങ്ങള്ക്ക് അടിത്തറയിടുന്നു. ഗാന്ധിജിയും അംബാനിയും ഇന്ത്യയെത്തന്നെ മാറ്റിമറിച്ചപോലെ തിരിച്ചുവരുന്ന ഗള്ഫ് മലയാളികള്‍ ഇന്ത്യയെ വീണ്ടും മാറ്റിമറിച്ചില്ലെങ്കിലും കേരളത്തെയെങ്കിലും പോസീറ്റീവായി മാറ്റുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.”
ഒരു വായനക്കാരൻറ പക്ഷത്തു നിന്ന് സ്വന്തം രചനകളെ നിരീക്ഷിക്കുക കൂടി ചെയ്യുന്നതുകൊണ്ട് ഈ സമീപനത്തിലൂടെ, ഭൂമിയില്‍ നിലയുറപ്പിച്ചു എഴുതുന്ന മുന്‍ പ്രവാസിയായ അദ്ദേഹം, ചില കവിതകളില്‍ വായനക്കാരനെ വേറൊരു തലത്തില്‍ ചിന്തിപ്പിക്കുവാനും മടി കാണിക്കുന്നില്ല –
“എന്താ ഇങ്ങനെ നോക്കുന്നെ?”
“നിങ്ങൾക്ക് എന്റെ അമ്മയുടെ ഛായയുണ്ട്”
“മോന്റെ പേരെന്താ?“
“ഈഡിപ്പസ്”
– ഒരു ഞെട്ടലോടുകൂടി നാം ഇന്നിന്റെ വേദന തിരിച്ചറിയുന്നു .
"മറ്റുള്ളവരെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍" എന്ന ലേഖനത്തില്‍ രസകരമായ ഒരു സംഭവം, 'മുഖപുസ്തക'ത്തിലെ ചില സംവാദങ്ങളുടെ അപ്രസക്തിയാണ് ഈ ലേഖകനെയുംഓര്‍മ്മിപ്പിക്കുന്നത്.
" അമേരിക്കയുടെ ഒരു വലിയ വിമാനവാഹിനിക്കപ്പല്‍ ഏതോ കടലിലൂടെ പൊയ് ക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് റഡാറില്‍ ഒരു വെളിച്ചം കണ്ടുപിടിയ്ക്കപ്പെട്ടു. ഉടനെ കപ്പലില്‍ നിന്ന് സന്ദേശം പോയി - ഒരു കപ്പല്‍ വരുന്നുണ്ട്, വഴി മാറിക്കോളൂ.
വെളിച്ചം വഴി മാറുന്നില്ല. വീണ്ടും സന്ദേശം പോയി - യുദ്ധക്കപ്പലാണ് വരുന്നത്, വേഗം വഴി മാറിക്കോളൂ. എന്നിട്ടും വെളിച്ചത്തിന് കുലുക്കമില്ല. വീണ്ടും സന്ദേശമയച്ചു - അമേരിക്കയുടെ കപ്പലാണ്, വേഗം വഴി മാറുന്നതാണ് നല്ലത്. വെളിച്ചം അനങ്ങുന്നില്ല. ഒടുവില്‍ അന്ത്യശാസനം പോയി - അമേരിക്കയുടെ ഏറ്റവും നൂതന സജ്ജീകരണങ്ങളുള്ള ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണ് നിങ്ങള്‍ക്കു നേരെ വരുന്നത്, വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം. ഇനിയൊരു സന്ദേശം അയക്കുകയില്ല. ഉടനെ മറുപടി വന്നു - ഇതൊരു ലൈറ്റ് ഹൌസാണ്. നിങ്ങള്‍ വഴി മാറുന്നതാണ് നല്ലത്. വഴി മാറിയില്ലെങ്കിലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ തന്നെ സഹിച്ചോളണം."
കൊച്ചിയില്‍ താമസിക്കുന്ന രാം മോഹന്‍ പാലിയത്ത് ഇപ്പോള്‍ 10 Degree North Communications എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്നു.
ഭാര്യ : ലക്ഷ്മി
മകള്‍ : രചന
http://rammohanpaliyath.blogspot.in/ ,http://boolokam.com/archives/tag/rammohan-paliyath,,https://twitter.com/rampaliyath
അദ്ദേഹത്തിൻറ രചനകളെ പരിചയപ്പെടുവാൻ ഈ ലിങ്കുകൾ നിങ്ങളെ സഹായിക്കും